UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗ്രാന്‍ഡ് മോസ്‌ക് പിടിച്ചെടുക്കുന്നു, ഇസ്താംബുളില്‍ സ്‌ഫോടനം നടക്കുന്നു

Avatar

1979 നവംബര്‍ 20
ആയുധധാരികള്‍ ഗ്രാന്‍ഡ് മോസ്‌ക് പിടിച്ചെടുക്കുന്നു

സൗദി അറേബ്യയിലെ അല്‍-മസ്ജിദ് അല്‍-ഹറം( ഗ്രാന്‍ഡ് മോസ്‌ക്) ദേവാലയം 1979 നവംബര്‍ 20 ന് ഒരു സംഘം ആയുധധാരികള്‍ പിടിച്ചെടുത്തു. സൗദി രാജവംശത്തെ കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമമായിരുന്നു ഈ നടപടി. ഹജ് തീര്‍ത്ഥാടനകാലത്താണ് തീവ്രവാദികള്‍ ദേവാലയം പിടിച്ചെടുത്തത്. പള്ളി പിടിച്ചെടുത്ത അക്രമികള്‍ പറഞതു, തങ്ങള്‍ ഈ പ്രവര്‍ത്തി ചെയ്തത് അവരുടെ നേതാവും ഇസ്ലാമിന്റെ വിമോചകനുമായ(മഹ്ദി) മുഹമ്മദ് അബ്ദുല്ല അല്‍-ഖത്വാനിയുടെ ആജ്ഞാനുസരണമാണെന്നാണ്. തീവ്രവാദികളെ നേരിടാന്‍ സുരക്ഷാഭടന്മാര്‍ തയ്യാറായതോടെ അവിടമൊരു കൊലക്കളമായി. ഇസ്ലാമികലോകത്തെ ഞെട്ടിക്കുന്ന സംഭവമായിരുന്നു ഇത്.

നജാദിലെ പ്രബല കുടുംബംഗമായ ജുഹയ്മന്‍ അല്‍-ഉതയ്ബിയുടെ നേതൃത്വത്തിലായിരുന്നു ആക്രമിസംഘം എത്തിയത്. ഉതയ്ബിയുടെ പിതാമഹന്‍ സൗദി ഭരണാധികാരിയായിരുന്ന ഇബ്ന്‍ സൗദുമായി പോരാട്ടത്തിലര്‍പ്പെട്ടിരുന്നു. പള്ളി പിടിച്ചെടുക്കാന്‍ ഉതയ്ബിയും സംഘവും തിരഞ്ഞെടുത്ത തീയതി ഇസ്ലാമിക കലണ്ടര്‍ പ്രകാരം 1400 ആം ആണ്ടിന്റെ പ്രഥമദിവസമായിരുന്നു. അന്നാണ് ഹാദിഥ് പ്രകാരം മഹ്ദി സ്വയം വെളിപ്പെടുമെന്ന് പറയുന്നത്.

2003 നവംബര്‍ 20
ഇസ്താംബുളില്‍ സ്‌ഫോടനം

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിനെ നടുക്കിക്കൊണ്ട് 2003 നവംബറില്‍ സ്‌ഫോടന പരമ്പരകള്‍ അരങ്ങേറി. നവംബര്‍ 15 ന് നാല് ട്രക്ക് സ്‌ഫോടനങ്ങള്‍ നടന്നതിനു പിന്നാലെ നവംബര്‍ 20 ന് രണ്ടുസ്‌ഫോടനങ്ങള്‍ കൂടി നടന്നു. ഈ സ്‌ഫോടനങ്ങളില്‍ 57 പേര്‍ കൊല്ലപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്താംബുളിലെ ഒരു സിനഗോഗില്‍ ആയിരുന്നു ആദ്യത്തെ സ്‌ഫോടനം. ഇതില്‍ 27 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഐബിഡിഎ-സി ഈ സ്‌ഫേടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

നവംബര്‍ ഇരുപതിന് നടന്ന സ്‌ഫോടനങ്ങള്‍ എച്ച്എസ്ബിസി ബാങ്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും ബ്രിട്ടീഷ് കോണ്‍സുലേറ്ററിലുമായിട്ടായിരുന്നു. 30 പേരാണ് ഈ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ലണ്ടനില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നതിനിടയിലാണ് നവംബര്‍ 20 ലെ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദികളായി കണ്ട് 74 പേരെ തുര്‍ക്കി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. സിറിയന്‍ സ്വദേശികളായ ലൊആജ് അല്‍-സാക, ഹമീദ് ഒബ്‌സി, തുര്‍ക്കി സ്വദശിയായ ഹരൂണ്‍ ഇല്‍ഹാന്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇറാഖിലെ അല്‍-ഖ്വയ്ദ നേതാവ് അബു മുസാബ് അല്‍-സര്‍ഖാവിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇവര്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍