UPDATES

കേരളം

‘ഇനിയും മലിനജലം കുടിച്ചു ജീവിക്കാന്‍ ഞങ്ങള്‍ക്കാവില്ല’

വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യസ്‌നേഹത്തിന്റെ പേരില്‍ നാടും വീടും ഉപേക്ഷിച്ച് ഇറങ്ങിപ്പോയ രാമന്തളിക്കാരുടെ വാക്കുകളാണിത്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യസ്‌നേഹത്തിന്റെ പേരില്‍ നാടും വീടും ഉപേക്ഷിച്ച് ഇറങ്ങിപ്പോയ ഒരു ജനതയോട് ഇനി അതേ സ്‌നേഹത്തിന്റെ പേരില്‍ മാലിന്യം തിന്നു ജീവിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? രാമന്തളിയിലെ ജനങ്ങളുടേതാണ് ചോദ്യം.

രാമന്തളി ഇപ്പോഴൊരു സമര ഭൂമിയാണ്. കുടിക്കാന്‍ ശുദ്ധ ജലത്തിനുവേണ്ടിയാണ് ഈ സമരം. വീട്ടുമുറ്റത്തെ കിണറുകളില്‍ നിന്നും വെള്ളം കോരിക്കുടിക്കാന്‍ അവര്‍ക്കിപ്പോള്‍ കഴിയുന്നില്ല. കത്തിക്കാളുന്ന വെയിലില്‍ കുടിവെള്ളം തേടിയലയുമ്പോള്‍, ഇവരുടെ വീട്ടുമുറ്റത്തെ കിണറുകളില്‍ മാലിന്യം നിറഞ്ഞ് വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ ഉഴറുകയാണിവര്‍. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നുമുള്ള സകല മാലിന്യങ്ങളും നിറഞ്ഞ വെള്ളമാണ് സമീപ പ്രദേശത്തുള്ള നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മലിനമാക്കുന്നത്. നേവല്‍ അക്കാദമിയുടെ സേഫ്റ്റി ടാങ്ക് സ്ഥിതിചെയ്യുന്നിടത്തു നിന്നും നാല് കിലോമീറ്റര്‍മാത്രം അകലത്തില്‍ നിരവധി കിണറുകളാണുള്ളത്. രാമന്തളി ഹൈസ്‌കൂള്‍, അംഗനവാടി എന്നിങ്ങനെ കുട്ടികള്‍ പഠിച്ച് വളരുന്ന സ്ഥാപനങ്ങളും മലിന ജല ഭീതിയിലാണ്.

ഏഴിമലയായി ഖ്യാതികേട്ട നാട്ടില്‍ കണ്ണൂരിന്റെ സംസ്‌കാര പാരമ്പര്യമായ തെയ്യവും തിറയും, തറിയുമൊക്കെയായി ഒരു ജനത വളരെ ഐക്യത്തോടെ ജീവിക്കുന്നു. അതിന്റെ ഏറ്റവും പുതിയ തെളിവാണ് പഞ്ചായത്തിന്റെ 13ാം വാര്‍ഡുകാരെ മാത്രം ബാധിച്ച മാലിന്യ പ്രശ്‌നം ഒരു ജനകീയ സമരമായി രാമന്തളി ഏറ്റെടുത്തതും, പ്രായത്തിന്റെയും, വിശ്വാസത്തിന്റെയും, രാഷ്ട്രീയത്തിന്റെയും വേര്‍തിരിവുകളില്ലാതെ ഈ ജനത കുടിവെള്ളത്തിനായി സമരം ചെയ്യുന്നത്.

‘കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കിണറുകളില്‍ വെള്ളം സാധാരണ നിരപ്പിനേക്കാള്‍ അധികമായിരുന്നെങ്കിലും, അതിന്റെ തോത് ഇരട്ടിയിലധികം വര്‍ധിച്ച ഈ വര്‍ഷമാണ് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്” പഞ്ചായത്ത് പ്രസിഡന്റും, ജനകീയ സമരസമിതി ചെയര്‍മാനുമായ എം.വി ഗോവിന്ദന്‍ പറയുന്നു. കിണര്‍ വെള്ളത്തില്‍ നാറ്റവും, നിറത്തില്‍ ചെറിയ മാറ്റവും കണ്ടു തുടങ്ങിയപ്പോഴാണ് കിണര്‍ വെള്ളം പരിശോധിക്കാനായി സാംപിള്‍ അയച്ചത്. റിപ്പോര്‍ട്ടില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. മനുഷ്യ വിസര്‍ജ്യത്തില്‍ കണ്ടുവരുന്ന കോളിഫോം ഇ ബാക്ടീരിയയുടെ അളവ് അമ്പരപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരിയിലെ ആദ്യത്തെ ആഴ്ചയിലായിരുന്നു, പല കിണറുകളിലും വെള്ളം നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ 2-3 മീറ്റര്‍ വരെ ഉയര്‍ന്നതായി കണ്ടെത്തിയത്. 10 വരെ മാത്രം സാധാരണയായി കണ്ടുവരുന്ന ഈ ബാക്ടീരിയയുടെ സാന്നിധ്യം ഇവിടുത്തെ കിണറുകളില്‍ 1100+ ആയിരുന്നു. പ്രായഭേദമില്ലാതെ, കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ പ്ലക്കാര്‍ഡുകളുമായി സമരമുഖത്തുണ്ട്. കുടിവെള്ളത്തിനായി ഏതറ്റം വരെ പോകേണ്ടിവന്നാലും അവസാന വിജയത്തിനായി നാട്ടുകാര്‍ക്കൊപ്പം നില്‍ക്കും: പ്രസിഡന്റ് പറയുന്നു. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്പമെന്റ് മാനേജ്‌മെന്റ് കോഴിക്കോട് ഈ മാസം നടത്തിയ റിപ്പോര്‍ട്ടിലും ഇതേ കാര്യം ആവര്‍ത്തിക്കുന്നുണ്ട്. മലനീകരണ നിയന്ത്രണബോര്‍ഡിന്റെ പെര്‍മിഷന്‍ നേവല്‍ അക്കാദമിയുടെ ടാങ്കിന് ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നേവല്‍ അക്കാദമിയുടെ പ്ലാന്റില്‍ നിന്നുമാണ് പ്രശ്‌നം ആരംഭിക്കുന്നതെന്ന് കണ്ടെത്തതിയത്. നാട്ടുകാര്‍ പരാതിയുമായെത്തിയതോടെ ടാങ്കിനകത്ത് നാറ്റം കളയാനായി കെമിക്കല്‍ ഉപയോഗിച്ചിരിക്കണം. തൊട്ടടുത്ത ദിവസം രാമന്തളി പഞ്ചായത്തിലെ 13ാം വാര്‍ഡിലെ നിരവധി കിണറുകളിലെ വെള്ളം പാലുപോലെ വെളുത്ത നിറമായി കാണപ്പെട്ടു. ഇതോടെ നേവല്‍ അക്കാദമിയുടെ ടാങ്കില്‍ നിന്നുമാണ് ഈ മലിനജലം കിണറുകളിലെത്തുന്നതെന്ന് ഉറപ്പിച്ചു.

രാമന്തളി ഗ്രാമം കുടിവെള്ളത്തിനായുള്ള പോരാട്ടത്തിലാണ്

ഇതിനുശേഷം നിരവധി തവണ നേവല്‍ അക്കാദമി അധികൃതരുമായി സംസാരിച്ചിരുന്നെങ്കിലും ഈ ആരോപണം അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തകര്‍ ഈ അടുത്ത കാലത്ത് പരിശോധിച്ച സാംപിളുകള്‍ അനുസരിച്ച് വെള്ളം ഉപയോഗിക്കരുത് നിര്‍ദ്ദേശിക്കുകയാyiരുന്നു. ശക്തമായ മഴക്കാലത്ത് ടാങ്കില്‍ നിന്നും മാലിന്യമൊഴുകി അടുത്ത പുഴയിലെത്തിയ സംഭവങ്ങള്‍ക്ക് വരെ രാമന്തളി സാക്ഷിയായിട്ടുണ്ട്. 7000ത്തിലധികം പേര്‍ അംഗങ്ങളായ നേവല്‍ അക്കാദമിയില്‍ ഇത്രയും ആളുകള്‍ക്ക് ഉപയോഗിക്കാനും മാത്രം കപ്പാസിറ്റി ആ പ്ലാന്റിന് ഉണ്ടോ എന്നതും സംശയാസ്പദമായ കാര്യമാണ്. പല തവണകളിലായി രാമന്തളി കൂച്ചാല്‍ പുഴയില്‍ ഇത്തരം കക്കൂസ് മാലിന്യങ്ങള്‍ ഒഴുകിയെത്തിയതും, ശക്തമായ മഴക്കാലത്ത് പലയിടങ്ങളിലും വേസ്റ്റ് ഒലിച്ചിറങ്ങുന്നതായും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഏഴിമല നാവിക അക്കാദമിയുടെ പരിസര പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലത്തിന്റെ ക്വാളിറ്റി പരിശോധിച്ച് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് കണ്ണൂര്‍ ജില്ല കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍.


പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, സ്ഥലം എംഎല്‍എ സി കൃഷ്ണന്‍ കണ്‍വീണറുമായി വിവിധ സംഘടനകള്‍ ചേര്‍ന്ന് ജനകീയ സംരക്ഷണ സമിതി സമരവുമായി മുന്നോട്ട് പോകുന്നു. കാസര്‍ഗോഡ് എംപി പി കരുണാകരന്‍ കാര്യ ഗൗരവം കേന്ദ്ര തലത്തിലെത്തിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച് പോയിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്‌നം അവതരിപ്പിച്ചിട്ടുണ്ടെന്നും, രാമന്തളി പ്രസിഡന്റ് എംവി ഗോവിന്ദന്‍ പറയുന്നു.

ഫെബ്രുവരി മുതല്‍ ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ ഈ ഗ്രാമത്തില്‍ നടക്കുന്നുണ്ട്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി കണ്‍വന്‍ഷനും നേവല്‍ അക്കാദമി ഗേറ്റ് മാര്‍ച്ചും ഉപരോധവും നടത്തി. അക്കാദമിയുടെ രാമന്തളി, കണ്ണൂര്‍, പയ്യന്നൂര്‍ ഗേറ്റുകള്‍ രാവിലെ ആറു മണിയോടെ ഉപരോധിച്ചുകൊണ്ടായിരുന്നു സമരം നടത്തിയത്. സമരത്തിനിരുന്ന 46 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുടിക്കാന്‍ വെള്ളം ഇല്ല, മുഴുവന്‍ മാലിന്യങ്ങളാണ്. അതു ഞങ്ങളെങ്ങനെ കുടിക്കും. വെള്ളം കുടിക്കാതെ ജീവിക്കാന്‍ പറ്റുമോ? ഞങ്ങള്‍ക്കു ജീവിക്കാനും നല്ല വെള്ളം കുടിക്കാനും വേണ്ടിയാണ് ഈ സമരം, അതീന്നു പറഞ്ഞാലും പിന്മാറില്ല; സാവിത്രിയെന്ന എഴുപത് കടന്ന മുത്തശ്ശി ഉറച്ച ശബ്ദത്തില്‍ പറയുന്നു.

വേനല്‍ കത്തിക്കാളുമ്പോള്‍ കിണറുകളുപയോഗിക്കാനാകാതെ കടുത്ത ജലക്ഷാമം നേരിടുന്ന കടുംബങ്ങള്‍ക്കും, സ്‌കൂള്‍, അംഗനവാടി കെട്ടിടങ്ങള്‍ക്കുമായി റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പഞ്ചായത്തുമായി സഹകരിച്ച് വെള്ളം സൗജന്യമായി വിതരണം ചെയ്ത് വരികയാണ്. കിണര്‍ വെള്ളം മലിനമായോ എന്ന സംശയത്തില്‍ കിണറുകള്‍ ഉപയോഗിക്കാന്‍ മടിച്ചു നില്‍ക്കുന്നവരുമുണ്ട്. ജനകീയ സംരക്ഷണ സമിതിയെ കൂടാതെ നാട്ടുകാരുടെ ചെറിയ കൂട്ടായ്മയും സമരം നടത്തുന്നുണ്ട്. രാത്രി കാലങ്ങളില്‍ 8 മണിയോടെ ആരംഭിക്കുന്ന നാവിക അക്കാദമിയിലേക്കുള്ള കുടിവെള്ളം കൊണ്ടുപോകാറുള്ള വണ്ടിയുടെ യാത്ര തടഞ്ഞ് വെള്ളം മുഴുവന്‍ ഒഴുക്കി കളഞ്ഞുകൊണ്ടായിരുന്നു, അവരുടെ പ്രതിഷേധം. ഏതു വിധേനെയും തങ്ങളുടെ കുടിവെള്ളത്തിന് സംരക്ഷണം ലഭിക്കണമെന്നും അത് ലഭിക്കുവരെ എന്തുതന്നെ വന്നാലും സമരം തുടരുമെന്നുമാണ് ഓരോ രാമന്തളിക്കാരനും പറയുന്നത്.

അതേസമയം വീണ്ടുമൊരു കുടിയൊഴിപ്പിക്കലിന് കോപ്പ് കൂട്ടുകയാണോ ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് രാമന്തളിക്കാര്‍ സംശയിക്കുന്നുണ്ട്. സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി തന്നെ പരിഗണിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍