UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലിം സമൂഹത്തിലും ജാതിയുണ്ടോ എന്ന് ചോദിച്ചാല്‍ അതിങ്ങനെയാണ്

മുസ്ലിം സമൂഹത്തില്‍ ജാതിപരമായ വിവേചനങ്ങള്‍ ഉണ്ടോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിക്കുകയാണ്

കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാന്ദന്‍ പറഞ്ഞതിന്റെ 125 ാം വാര്‍ഷികം മലയാളികള്‍ ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്. കേരളത്തിലെ ജാതി മത ഭ്രാന്തും അസമത്വവും ജന്മിത്തവും സവര്‍ണ മേധാവിത്തവും കൊടി കുത്തി വാണിരുന്ന കാലത്താണ് സ്വാമി കേരളം സന്ദര്‍ശിച്ചത്. എന്നാല്‍ പീന്നീടുള്ള ഒന്നേകാല്‍ നൂറ്റാണ്ടിനുളളില്‍ കേരളം ഏറെ മാറിയെന്നാണ് നാം അഭിമാനിക്കുന്നത്. നവോത്ഥാന നായകരുടെയും പ്രസ്ഥാനങ്ങളുടെയും ദീര്‍ഘനാളത്തെ പോരാട്ടങ്ങളുടെ ഫലമായി കേരളം ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയമാവുകയും ജനങ്ങള്‍ വിദ്യാഭ്യാസ സാംസ്‌ക്കാരിക പുരോഗതി നേടുകയും ചെയ്തു എന്ന് വര്‍ഷങ്ങളായി നാം കരുതിപ്പോരുന്നു. മനുഷ്യരുടെ ജാതി മത ചിന്തകള്‍ ഒരു പരിധിയോളം മാറിപ്പോയി എന്ന വിശ്വാസത്തെ കടപുഴക്കുന്നതാണ് അടുത്തകാലത്തായി കേരളത്തില്‍ നടക്കുന്ന ദളിത് വിരുദ്ധ നടപടികളും ജാതിക്കൊലപാതകങ്ങളുമെന്ന് വ്യക്തമാണ്. ജാതി എങ്ങോട്ടും പോയിട്ടില്ല. അവസരം വരുമ്പോള്‍ പുറത്തുചാടാന്‍ തക്കം പാര്‍ത്ത് മലയാളികളുടെ മനസില്‍ത്തന്നെ അത് ഒളിച്ചിരിക്കയാണ്. നാം നേടി എന്നവകാശപ്പെട്ടിരുന്ന നവോത്ഥാന മൂല്യങ്ങളെ ഒരിക്കല്‍ കൂടി അവഹേളിച്ച സംഭവമാണ് പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ നടന്ന കെവിന്റെ ദുരഭിമാന കൊലപാതകം.

കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലം ക്രിസ്ത്യന്‍ മതത്തിനകത്തെ ജാതിചിന്തകളെ തുറന്നു കാണിച്ചിരിക്കയാണ്. ദളിതര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താലും അവരുടെ സമൂഹത്തിലെ ഐഡന്റിറ്റിക്കു മാറ്റം ഇല്ല എന്ന് കെവിന്റെ കൊലപാതകം തെളിയിക്കുന്നു. രാജ്യത്തെ മറ്റൊരു സെമറ്റിക് മാത്രം ആണ് ഇസ്ലാം. മുസ്ലിം സമൂഹത്തില്‍ ജാതിപരമായ വിവേചനങ്ങള്‍ ഉണ്ടോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിക്കുകയാണ്.

മുസ്ലിം സമൂഹത്തില്‍ ജാതിയുണ്ടോ എന്ന ചോദ്യത്തിന് അധ്യാപകന്‍ കൂടി ആയ മുഹമ്മദ് ഷമീമിന്റെ നിരീക്ഷണം.

ഇന്ത്യന്‍ സമൂഹത്തെ ആദിമകാലം മുതല്‍ക്കേ നിര്‍ണയിച്ച ഒരു ഘടകമാണ് ജാതീയത (casteism). അതാകട്ടെ, ഏറ്റവും മനുഷ്യവിരുദ്ധമായ ഒരാശയവുമാണ്. എല്ലാ സമൂഹങ്ങളിലും ജാതിയുണ്ട് എന്ന വാദം ജാതീയതയുടെ ക്രൂരമുഖത്തെ മറച്ചുപിടിക്കാന്‍ മാത്രമേ ഉതകൂ.

കാര്യം ശരിയാണ്. ഇന്ത്യന്‍ മുസ്ലിംകളില്‍ അശ്റഫികളുണ്ട്. അതായത്, മേല്‍ത്തട്ട് സമൂഹം. അവരില്‍ത്തന്നെ ശൈഖും സയ്യിദും മുഗളും പത്താനുമുണ്ട്. പിന്നെ അജ്ലഫികളുണ്ട്. അതില്‍ അശ്റഫികളുടെ തൊട്ട് താഴെ ഇന്ത്യയിലെ അപ്പര്‍കാസ്റ്റുകളില്‍ നിന്ന് മതം മാറിയവര്‍. അതിന്റെയും താഴെ ധോബി, ദുനിയ, ഗഡ്ഡി, ഫഖീര്‍ തുടങ്ങിയ ക്ലീന്‍ കാസ്റ്റുകളില്‍ നിന്ന് വന്നവര്‍. പിന്നെ ശ്രേണിയില്‍ ഏറ്റവും താഴെ നില്‍ക്കുന്ന ഭാംഗി പോലുള്ള പസ്മന്ദ മുസ്ലിംകള്‍.

വേരിനെച്ചൊല്ലിയുള്ള ഉല്‍ക്കര്‍ഷാപകര്‍ഷങ്ങളാണ് ഈ വേര്‍തിരിവിനെ ഇന്നും നിലനിര്‍ത്തിയത്. ആ വേര് ബോധം പക്ഷേ ഇസ്ലാമിന്റേതല്ല. ഇബ്നു സൗദാഅ് (കറുത്തവളുടെ മകന്‍) എന്ന് ഏതോ ഒരു പ്രകോപിത നിമിഷത്തില്‍ ബിലാലിനെ വിളിച്ചു പോയ, ചരിത്രം കണ്ട ഏറ്റവും വലിയ കലാപകാരികളിലൊരാളായ അബൂദര്‍റുല്‍ ഗിഫാരിയെ പ്രവാചകന്‍ അതിരൂക്ഷമായി ആക്ഷേപിച്ച ഒരു കഥയുണ്ടല്ലോ. ‘ഫീക ജാഹിലിയ്യ’ എന്നാണ് പ്രവാചകന്‍ അബൂദര്‍റിനോട് പറഞ്ഞത്. അബൂദര്‍റേ നിന്നിലിപ്പോഴുമുണ്ട്, ഉപേക്ഷിച്ചു പോരാന്‍ ഞാന്‍ കല്‍പിച്ചിരുന്ന വൃത്തികേടുകള്‍, ജാഹിലിയ്യത്ത്. ഇസ്ലാം മുന്നോട്ട് വെക്കുന്ന മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമായ ആശയങ്ങളെയും മാമൂലുകളെയും സമ്പ്രദായങ്ങളെയുമാണ് ജാഹിലിയ്യ എന്ന് പറയുക. ഇത്രയും മതിയായിരുന്നു ജാഹിലിയ്യ വ്യവസ്ഥയില്‍ കുലീനനായി പരിഗണിക്കപ്പെട്ടിരുന്ന അബൂദര്‍റിന് ബിലാലിന്റെ കാലില്‍ വീഴാന്‍. സഹോദരാ, നീ നിന്റെ കാലുകള്‍ കൊണ്ട് ഈ പാപിയായ അബൂദര്‍റിന്റെ നെഞ്ഞിലേക്കാഞ്ഞു ചവിട്ടൂ, ഞാന്‍ ശുദ്ധീകരിക്കപ്പെടട്ടെ എന്ന് അദ്ദേഹം വിലപിച്ചുകൊണ്ടിരുന്നു.

ഇതുപോലെ വേര് തീര്‍ത്തും പറിച്ചെറിയാന്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക്, പ്രത്യേകിച്ചും നോര്‍ത്ത് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കഴിഞ്ഞില്ല എന്നതില്‍ നേരുണ്ട്. പണ്ഡിതന്മാര്‍ അവരുടെ ഉപജീവനത്തിന് ‘കുലീനരെ’ ആശ്രയിക്കുന്ന ഒരു സമ്പ്രദായം പരമ്പരാഗതമായി തുടര്‍ന്നു പോരുന്നതാവാം ഒരുപക്ഷേ ഇതിന് ഒരു കാരണം. അതിനാല്‍ പലതും തുറന്ന് പറയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല.

ജാതിയെയും ജാതീയതയെയും നിര്‍മൂലനം ചെയ്യണം എന്ന പ്രഖ്യാപനത്തില്‍ അംബേദ്കര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത്. എല്ലാ സമൂഹങ്ങളിലും ജാതിയുണ്ട് എന്ന വാദം ഇന്ത്യയിലെ പരമ്പരാഗത സാമൂഹ്യക്രമത്തിലെ ഈ കൊടൂരത്തിന്റെ യഥാര്‍ത്ഥ ഭാവത്തെ മറച്ചുപിടിക്കാനേ ഉതകൂ.

അംബേദ്കര്‍ ഇതിനെ വിശദീകരിക്കുന്നതെങ്ങനെയെന്ന് നോക്കാം. മുസ്ലിം, സിഖ് സമൂഹങ്ങളിലെ ചില ജാതിപരിഗണനകളെ മുന്‍നിര്‍ത്തിയാണ് ജാതിവാദികള്‍ മേല്‍പ്പറഞ്ഞ പ്രകാരം വാദിക്കാറുള്ളത്. ബാബാ സാഹിബിന്റെ അഭിപ്രായത്തില്‍ ഒന്നാമതായും ഒരു മുസ്ലിമിന് അല്ലെങ്കില്‍ ഒരു സിഖുകാരന് അത് തന്നെ മതിയായ ഐഡന്റിറ്റിയാണ്. മുസ്ലിമാണെന്ന് പറഞ്ഞാല്‍ പിന്നെ അയാള്‍ ശീയ ആണോ സുന്നി ആണോ സയ്യിദാണോ ശൈഖാണോ പത്താനാണോ എന്നൊന്നും ആരും ചോദിക്കില്ല. അതുപോലെ സിഖ് ആണെന്ന് പറഞ്ഞാല്‍ ജാട്ടാണോ റോഡയാണോ മസ്ബിയാണോ
റമദാസിയാണോ എന്നത് പരിഗണനീയമായി വരുന്നേയില്ല. എന്നാല്‍ അങ്ങനെ ഹിന്ദുവാകാന്‍ ഒരാള്‍ക്ക് പറ്റില്ല. അയാളുടെ ഐഡന്റിറ്റി ഹിന്ദു എന്നതിലല്ല, മറിച്ച് ജാതിയിലാണ് ഉള്ളത്.

രണ്ടാമത് ജാതിനിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഒരു മുസ്ലിമും ഒരു സിഖുകാരനും ബഹിഷ്‌കൃതനോ ഭ്രഷ്ടനോ ആകില്ല. എന്നല്ല, അങ്ങനെ പാലിക്കാന്‍ ഒരു ജാതിനിയമം തന്നെ ഇല്ല. അതിനാല്‍ത്തന്നെ സമുദായഭ്രഷ്ട് എന്ന ഒരു സങ്കല്‍പം തന്നെ ഉണ്ടാവുന്നില്ല. മൂന്നാമതായി, ഈ സമൂഹങ്ങളില്‍ ജാതിക്ക് വിശുദ്ധിയില്ല. അവര്‍ക്കത് ഒരു ക്രമമോ അതിജീവനോപാധിയോ മാത്രമാണ്, മതസിദ്ധാന്തമല്ല.

കാര്യം വളരെ വ്യക്തമാണ്. ഇന്ത്യന്‍ മുസ്ലിംകളില്‍ നിലനില്‍ക്കുന്ന ജാതിബോധത്തിന്റെ വേര് മുസ്ലിം എന്ന സംസ്‌കാരത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും ഉല്‍ഭൂതമല്ല. പല ദൗര്‍ബ്ബല്യങ്ങളാലും ചരിത്രപരമായ സാഹചര്യങ്ങളാലും ഇസ്ലാം ആവശ്യപ്പെടുന്ന വിധത്തില്‍ ജാതിയെ പറിച്ചെറിയാന്‍ പൂര്‍ണമായും സാധിച്ചിട്ടില്ല എന്നത് സത്യമാണെങ്കില്‍പ്പോലും ആ ജാതി മുസ്ലിം സമൂഹത്തില്‍ ഒന്നിന്റെയും മാനദണ്ഡമല്ല. അങ്ങനെ നിശ്ചയിക്കാന്‍ തക്ക വണ്ണം ജാതിനിയമങ്ങളോ പവിത്രതാ സങ്കല്‍പങ്ങളോ ശുദ്ധാശുദ്ധ പരിഗണനകളോ ഒന്നും അവര്‍ക്കിടയിലില്ല താനും.

അതായത്, നിര്‍മൂലനം ചെയ്യപ്പെടേണ്ടതെങ്കിലും ജാതി ഒരളവോളം നിലനില്‍ക്കുന്നു.

എന്നാല്‍ ജാതീയത എന്നത് വേറെത്തന്നെയാണ്. അതുമായി ബന്ധപ്പെട്ട ശുദ്ധാശുദ്ധതകളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍