UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തെ പനികൊണ്ട് വിറപ്പിച്ച നാടല്ല, ഒരു ദുരന്തത്തെ വിവേകം കൊണ്ട്‌ പ്രതിരോധിച്ച നാടാണ് പേരാമ്പ്ര

പേരാമ്പ്രയില്‍ കല്യാണങ്ങള്‍ മാറ്റിവെക്കപ്പെട്ടു, മരണവീടുകളില്‍ ചടങ്ങുകള്‍ കുറച്ചു, ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു, കടകള്‍ അടഞ്ഞുകിടന്നു..

നിപ്പ വൈറസ് ആദ്യം റിപ്പോട്ട് ചെയ്ത പ്രദേശം കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്ക് ആണ്. പതിനെട്ടു പേരുടെ ജീവന്‍ എടുത്ത മഹാ വിപത്തിന്റെ ഭീതി ഒടുവില്‍ അവസാനിക്കുമ്പോള്‍ സാവധാനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് പേരാമ്പ്രക്കാര്‍. ഒരു ചെറിയ കാലഘട്ടം കൊണ്ട് പൊതു സമൂഹത്തില്‍ നിന്നും അനുഭവിച്ച തികതമായ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ കൂടി പേറിയായിരിക്കും പേരാമ്പ്ര സ്വദേശികള്‍ ഇനി ജീവിതം മുന്നോട്ടു കൊണ്ട് പോവുക. ഫെയ്ബുക് ഡയറിയില്‍ ഒരു പേരാമ്പ്രക്കാരന്റെ കുറിപ്പ്

വിഷ്ണു രാജ്

ഒരു പേരാമ്പ്രക്കാരനാണ് ഇതെഴുതുന്നത്.

കേരളത്തിലെ ഓരോ വീട്ടിലും ഫോണ്‍കോളുകളിലും പൊതുഇടങ്ങളിലും ഓഫീസുകളിലും എല്ലാവരുടെയും ‘കാലാവസ്ഥ’ ‘രാഷ്ട്രീയ’ ചര്‍ച്ചകളുടെ മടുപ്പിനെ മാറ്റി രസം കലര്‍ന്ന ഭീതിയോടെ അന്യോന്യം പറഞ്ഞ അതേ സ്ഥലം തന്നെ…കോഴിക്കോട്ടെ ഒരു മലയോരഗ്രാമം….

പയ്യോര്‍മലയും പരിസര പ്രദേശങ്ങളും കോഴിക്കോട്ടിനു പുറത്ത് അത്ര പരിചിതമല്ലെങ്കിലും മറ്റേതൊരു മലയോരഗ്രാമം പോലെ മനോഹരമായ ഒരു ഇടനാടന്‍ പ്രദേശമാണ് പേരാമ്പ്ര.

വേടന്‍മാരുടെ അമ്പുകള്‍ സൂക്ഷിക്കാനുണ്ടാക്കിയ പെരിയ(വലിയ) അറ, പെരിയ അമ്പറയാണ് പേരാമ്പ്രയായതെന്ന് ഐതിഹ്യം. ഭൂവുടമ, കര്‍ഷകതൊഴിലാളി സമര, സാംസ്‌കാരിക സദസ്സ്, പരിഷത് ചരടുകള്‍ ഈ നാട്ടിലും ജനങ്ങളെ ഒരുമിപ്പിച്ചു… ലോകത്തെവിടെയും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍, നരഹത്യകള്‍, വംശീയവിദ്വേഷങ്ങള്‍….അതിനൊക്കെയും മനുഷ്യമഹാകുലത്തിന്റെ ശബ്ദത്തിനോടൊത്ത് ഇന്നാട്ടിലെ കര്‍ഷകരും തൊണ്ടയനക്കി..ആഴ്ച ചന്തകളും നാണ്യവിളകളും കന്നുകാലി ചന്തയും അന്നും ഇന്നും പേരാമ്പ്രയുടെ പൊക്കിള്‍ക്കൊടിയാണ്. അന്നന്നേക്കുള്ളത് വേവിച്ചും തിളപ്പിച്ചുമെടുക്കുന്ന കൃഷിക്കാരും തൊഴിലാളികളും, കാലം വെച്ചുനീട്ടിയ വള്ളികളില്‍ പിടിച്ചുകേറി നഗരങ്ങളിലേക്ക് പടര്‍ന്ന പുതിയ തലമുറയും ഇവിടെ ജീവിക്കുന്നു.

അങ്ങനെ പൊടിച്ചും പടര്‍ന്നും കായ്ച്ചും ഉണങ്ങിയും വീണ്ടും തളിര്‍ത്തുമങ്ങനെ നടക്കുമ്പൊഴാണ് മുലപ്പാലിനെ ചെന്നിനായകം ചവര്‍പ്പിച്ചത്. രണ്ടു യുവാക്കളെ പനി പിടിച്ച് ചുഴറ്റിയെറിഞ്ഞത്.. കഥ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.. അനിയനേയും ചേട്ടനേയും കൊണ്ടുപോയ പനി ആ വീട്ടിലെ നാലുപേരെയും എടുത്താണ് പോയത്..

തങ്ങളുടെ രണ്ടുമക്കളെയും നഷ്ടപ്പെട്ട വാപ്പാക്കും ഉമ്മാക്കും വേണമെങ്കില്‍ അധികം ബുദ്ധിമുട്ടിക്കല്ലേയെന്ന് ഡോക്ടറോട് കാലുപിടിക്കാമായിരുന്നു.. അവരത് ചെയ്തില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സമ്മതം കൊടുത്തു. സാലിഹിന്റെ സ്രവം പരിശോധനയ്ക്കായി മണിപ്പാലിലേക്ക് അവര്‍തന്നെ കൊണ്ടുപോയി. മരണം പതിനേഴില്‍ ഒതുങ്ങിയതില്‍ ഒന്നാമതായി നന്ദി പറയേണ്ടത് ബേബി മെമ്മോറിയലിലെ ഡോ.അനൂപിനോടും ഡോ.ജയകൃഷ്ണനോടുമാണെങ്കില്‍ അതിനോടു ചേര്‍ത്ത് മറക്കാതെ നന്ദി പറയേണ്ടത് ആ കുടുംബത്തോടാണ്. ഇവര്‍ രണ്ടുകൂട്ടരാണ് പ്രതിരോധത്തിന്റെ വല തുന്നിത്തുടങ്ങിയത്.

ആരോഗ്യവകുപ്പും മന്ത്രിയും കേട്ടുകേള്‍വിയില്ലാത്തവിധം അങ്ങേയറ്റം പ്രൊഫഷണലിസത്തോടെ ദുരന്തമുഖത്തെ മാനേജ് ചെയ്തതോടെ വലിയ ഒരു വിപത്ത് ഒഴിഞ്ഞുമാറി..

ഇതെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനുഷ്യരെന്ന ജാതിയോട്, നമ്മുടെ മമതയും പ്രേമവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

സംഘങ്ങള്‍ കൂടുന്നതില്‍ നിന്നൊഴിഞ്ഞുമാറിയും സംഘബോധം വളര്‍ത്താമെന്നു കാട്ടിത്തന്ന അപരിമേയമായ ജീവിതാനുഭവം.

പേരാമ്പ്രയില്‍ കല്യാണങ്ങള്‍ മാറ്റിവെക്കപ്പെട്ടു, മരണവീടുകളില്‍ ചടങ്ങുകള്‍ കുറച്ചു, ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു, കടകള്‍ അടഞ്ഞുകിടന്നു.. സാമൂഹ്യഭ്രഷ്ടിന്റെ ചുവയും പേരാമ്പ്രക്കാര്‍ അറിഞ്ഞു.. സത്യാവസ്ഥ പുറംലോകത്തെയറിയിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രചരണത്തിനിറങ്ങി.. യഥാര്‍ത്ഥത്തില്‍ പേരാമ്പ്ര പഞ്ചായത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.. മരണം സംഭവിച്ചത് മുഴുവന്‍ സമീപപ്രദേശങ്ങളിലായിരുന്നു. എന്നിട്ടും പേരാമ്പ്രക്കാര്‍ ഒറ്റപ്പെട്ടു.. ആ പരിഭവം അവര്‍ മാറ്റിവെച്ചു.. ക്ഷമയോടെ പൊതുഇടങ്ങളില്‍നിന്നും വിട്ടുനിന്നു. മറ്റു നാട്ടുകാരെ ഭയപ്പെടുത്തേണ്ടെന്നുകരുതി പലരും ദൂരസ്ഥലങ്ങളിലേക്ക് പോയില്ല. പരിഭ്രാന്തി പരത്തുന്ന വാട്‌സാപ്പ് ഫോര്‍വേഡുകളില്‍ പലരും വീണുപോയെങ്കിലും, നല്ലൊരു ശതമാനം പേര്‍ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റുകളും ലൈവുകളുമായെത്തി. ഇഫ്താറുകള്‍ ഒഴിവാക്കി.. ടൗണ്‍ഹാളുകള്‍ അടച്ചിട്ടു.. വിവേകത്തോടെ ഈ നാട്ടുകാര്‍ പ്രവര്‍ത്തിച്ചു. അതുകൊണ്ടു കൂടിയാണ് നമുക്കിങ്ങനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്.. ഉത്തരവാദിത്തത്തോടെയുള്ള ഉത്കണ്ഠയാണ് ഇവിടുള്ളവര്‍ കാണിച്ചത്.

കേരളത്തെ പനികൊണ്ടുപേടിപ്പിച്ച നാടെന്നാവും പേരാമ്പ്രയെ നാളെ ആളുകള്‍ അറിയുക എന്ന് ആദ്യം വിഷമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംശയത്തിനിടയില്ലാത്തവണ്ണം ഉറപ്പിക്കുന്നു.. മഹാമാരിയായേക്കാമായിരുന്ന ഒരു ദുരന്തത്തെ, വിവേകം കൊണ്ടുമാത്രം പ്രതിരോധിച്ച ഒരു നാടായാണ് പേരാമ്പ്രയെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നത്.. അവര്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തു.. അവരുടെ കയ്യില്‍ സ്റ്റെതസ്‌കോപ്പില്ല.. ചെയ്യാന്‍ കഴിയുമായിരുന്നത് സ്റ്റെതസ്‌കോപ്പ് ഉള്ളവരെ ആത്മസംയമനത്തോടെ അനുസരിക്കുകയായിരുന്നു.. അതവര്‍ ചെയ്തു..

ഏറ്റവും മനോഹരമായി..

നാളെ മുതല്‍ പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം നീങ്ങുകയാണ്.. കുട്ടികള്‍ സ്‌കൂളില്‍ പോയിത്തുടങ്ങും.. നിരത്തുകള്‍ സജീവമാകും.. ചന്തകളില്‍ വിലപേശല്‍ തുടരും.. ബസുകളില്‍ പഴയതുപോലെ ആളുകള്‍ നിന്ന് യാത്ര ചെയ്യും..

അഭിമാനം, പേരാമ്പ്രക്കാരനായതില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍