UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാ പരിധിയും വിട്ട് സൈബര്‍ ആക്രമണവും: കിസ് ഓഫ് ലൗവ് സംഘാടകര്‍ പ്രതികരിക്കുന്നു

Avatar

ശാരീരികാക്രമണത്തിനു പിന്നാലെ കിസ് ഓഫ് ലൗവ് പ്രവര്‍ത്തകര്‍ക്കതിരെ സൈബര്‍ ആക്രമണവും. ഫെയ്‌സ്ബുക്കിലെ കിസ് ഓഫ് ലൗവ് പേജും രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി എന്നിവരുള്‍പ്പടെയുള്ള കിസ് ഓഫ് ലൗവ് സംഘടാകരില്‍ പ്രമുഖരുടെ അകൗണ്ടുകളുമാണ് ഇന്ന് രാവിലെ തൊട്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. കിസ് ഓഫ് ലൌ സംഘാടകന്‍ രാഹുല്‍ പശുപാലന്‍ അഴിമുഖവുമായി സംസാരിക്കുന്നു. 

“സൈബര്‍ ലോകത്തു നിന്നും ഞങ്ങള്‍ക്കെതിരെ ശക്തമായ ഭീഷണി ആദ്യം മുതല്‍ക്കെ നിലനിന്നിരുന്നു. ബാന്‍ കിസ് ഓഫ് ലൗവ് എന്ന കൂട്ടായ്മയിലൂടെ നിരന്തരം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയായിരുന്നു. വ്യക്തിപരമായ അധിക്ഷേപക്ഷങ്ങളാണ് ഉയര്‍ന്നിരുന്നത്. എന്റെ ഭാര്യ രശ്മിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍പ്പോലും അശ്ലീലകരമായ രീതിയില്‍ ഇവര്‍ പ്രചരിപ്പിക്കുകയായിരുന്നു. സദാചാരതീവ്രവാദികളുടെ സോഷ്യല്‍ മീഡിയ കൈയേറ്റമായാണ് ഞങ്ങള്‍ ഇതിനെ കണ്ടിരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയെക്കുറിച്ച് കൃത്യമായി അറിയം. ഇപ്പോള്‍ നടന്നിരിക്കുന്ന സൈബര്‍ ക്രൈമിനെതിരെ നിയമസഹായം തേടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി കൊടുക്കാന്‍ ഒരുങ്ങുകയാ”ണെന്ന് കിസ് ഓഫ് ലൗവ് സംഘാടകന്‍ രാഹുല്‍ പശുപാലന്‍ പറഞ്ഞു.

“ചുംബനക്കൂട്ടായ്മ വലിയൊരു വിജയമായത് പലര്‍ക്കും സഹിച്ചിട്ടില്ല. അതിന്റെ ക്ഷീണം തീര്‍ക്കാനാണ് പുതിയ ആക്രമണം. കുറുവടികൊണ്ട് തല്ലി ഇല്ലാതാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ കണ്ടുപിടിച്ച പുതിയ മാര്‍ഗ്ഗമാണെന്നു തോന്നുന്നു ഫെയ്‌സബുക്ക് ഹാക്കിംഗ്. ജനങ്ങളുമായുള്ള ആശയവിനിമയത്തില്‍ നിന്ന് ഞങ്ങളെ തടയാനായിരിക്കും അവരുടെ ഉദ്ദേശ്യം. അവരുടെ ഈ പ്രവര്‍ത്തികളെല്ലാം ഞങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുന്നവരുടെ എണ്ണം കൂട്ടുകയേയുള്ളൂ.
ഇന്നലെ നടന്ന ചുംബന കൂട്ടായ്മ പൂര്‍ണതോതിലുള്ള സംതൃപ്തി ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഉദ്ദേശിച്ച കാര്യം ഉദ്ദേശിച്ച തരത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്നോട്ടുവച്ച ആശയം സമൂഹം ഏറ്റെടുത്തെന്നുതന്നെയാണ് വിശ്വാസം. അതിന്റെ പ്രതിഫലനങ്ങള്‍ തുടര്‍ന്നും ഇവിടെ കാണാനാകും. മാറ്റം തീര്‍ച്ചയായും പ്രതിഫലിക്കും. അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും”.

“ഇന്നലെ മറൈന്‍ ഡ്രൈവില്‍ പതിനായിരത്തോളം ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു. ഇവരില്‍ ചൂരലും കുറുവടികളുമായി രണ്ടായിരത്തോളം ശിവസേനക്കാരും ആയിരത്തോളം വരുന്ന മറ്റു സംഘടനാപ്രവര്‍ത്തകരുമുണ്ടായിരുന്നു. ആറായിരത്തോളം പേര്‍ ഇത് വീക്ഷിക്കാനെത്തിയ സാധാരണ ജനങ്ങളായിരിക്കാം. ബാക്കി ആയിരത്തോളം പേര്‍ ചുംബനകൂട്ടായ്മയ്ക്കായി എത്തിയതാണ്. ഈ കണക്കനുസരിച്ച് ന്യൂനപക്ഷമായ വര്‍ഗ്ഗീയസംഘടനകള്‍ക്ക് ഭൂരിപക്ഷത്തിനെ തല്ലിച്ചതക്കാന്‍ അവസരം സൃഷ്ടിക്കപ്പെട്ടെങ്കില്‍ അതിന്റെ പിന്നിലെ രാഷ്ട്രീയം കൂടി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ഇന്നലെ രാവിലെ മുതല്‍ ശിവസേനക്കാര്‍ സംഭവസ്ഥലത്ത് പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തുകയാണ്. അവരുടെ കൈയില്‍ ചൂരലുകളും മരക്കഷ്ണങ്ങളുമുണ്ടായിരുന്നു. ചുംബിക്കാന്‍ വരുന്നവരെ എല്ലാം തല്ലിയോടിക്കുമെന്ന് പരസ്യമായി അവര്‍ പറയുന്നുമുണ്ടായിരുന്നു. എന്നിട്ടും അവരെ അവിടെ നിന്ന് മാറ്റാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്? ഒരുപക്ഷേ പോലീസ് വിചാരിച്ചതിനെക്കാള്‍ വലിയ ആള്‍ക്കൂട്ടമാണ് ഇന്നലെ ഉണ്ടായത്. മൂവായിരത്തോളം അക്രമികളെ നേരിടാന്‍ വെറും മുന്നൂറ് പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വന്ന പിഴവായാണോ ഇതിനെ കാണേണ്ടത്? സ്ഥിതിഗതികള്‍ വഷളാകുമെന്ന് മുന്‍കൂട്ടി തന്നെ മനസ്സിലാകുമെന്നിരിക്കെ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് പൊലീസിന്റെ വീഴ്ച്ച തന്നെയാണ്. തല്ലുതുടങ്ങിയിട്ട് ഞങ്ങളിടപെടാം എന്ന സമീപമനമായിരുന്നു പൊലീസിന് ഉണ്ടായിരുന്നതെന്നുവേണം ഇന്നലെ നടന്ന കാര്യങ്ങളെല്ലാംകൂടി കൂട്ടിവച്ചു വായിച്ചാല്‍ മനസ്സിലാകുന്നത്”.

“ഞങ്ങളുടെ പ്രതിഷേധം പരാജയപ്പെട്ടു എന്നു വരുത്തിത്തീര്‍ക്കാന്‍ പ്രചരിപ്പിക്കുന്നത് വെറും മുപ്പതില്‍ത്താഴെ ആളുകള്‍മാത്രമാണ് ഇന്നലെ ചുംബനക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നൂള്ളൂ എന്നതാണ്. അത് തെറ്റാണ്. പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം തന്നെ 40 നടുത്താണ്. അറ്റസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഞാനടക്കം എല്ലാവരും കിസ് ഓഫ് ലൗവിന്റെ സംഘാടകരാണ്. അല്ലാതെ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ വന്നവരെയല്ല. ഞങ്ങളെ അറസ്റ്റ് ചെയ്തുനീക്കിയശേഷവും പ്രകടനങ്ങളും ബാനറുകളുമായി ആയിരക്കണക്കിന് പേരാണ് മറൈന്‍ ഡ്രൈവിലേക്ക് പോയത്. അവരെയാണ് ക്രൂരമായി തല്ലിയത്. സ്ത്രീകളെ തെരഞ്ഞെടുപിടിച്ചു ആക്രമിക്കാനായിരുന്നു ശിവസേനക്കാര്‍ ശ്രമിച്ചത്. ഇവരില്‍ പലര്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം തന്നെ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇത്തരത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിനുശേഷവും ഞങ്ങള്‍ പരാജയപ്പെട്ടില്ല എന്നു മനസ്സിലാക്കിയതോടെയാണ് സൈബര്‍ ക്രൈമിലൂടെ ഞങ്ങളെ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമം. എന്തുവന്നാലും പിന്തിരിയില്ല എന്ന വാശിയോടെ മുന്നേറുന്നൊരു സംഘശക്തിയാണ് ഞങ്ങളെന്നും ഞങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടെന്ന് സദാചാരതീവ്രവാദികള്‍ മനസ്സിലാക്കിയാല്‍ നന്ന്”.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍