UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്ക് വിപ്ലവകാരികളുടെ ചുംബന വിപ്ലവം; ഒരു എതിര്‍ക്കുറിപ്പ്

പൊതുസ്ഥലത്തുവച്ച് കമിതാക്കള്‍ ഒന്നു ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇല്ല

ചുംബിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇല്ല

അപ്പോള്‍, ചുംബിക്കുന്നത് ആര്‍ക്കുവേണ്ടി? ചുംബിക്കുന്നവര്‍ക്കുവേണ്ടി. അവര്‍ക്കുവേണ്ടി മാത്രം.

വെറുതെ ആകാശത്തെ അതിനിടയ്ക്ക് പിടിച്ചിടണ്ട. അതവിടെത്തന്നെ നിന്നോട്ടെ. പിന്നെന്തിനാണ് ‘ ഉണ്ടിരുന്ന നായര്‍ക്ക് ഈ വിളി’യുണ്ടായത്.

ഉണ്ടുകഴിഞ്ഞതുകൊണ്ടുതന്നെ. പിന്നെ, പ്രതിഷേധവും. ആരോട്?

സദാചാര പോലീസുകാരോട്. അവര്‍ കോഴിക്കോട്ടെ ഒരു റെസ്‌റ്റോറന്റ് അടിച്ചു തകര്‍ത്തു.

നല്ലത്. പക്ഷെ, സംശയത്തിന്റെ പേരില്‍ ആളുകളെ സ്റ്റേഷനിലാക്കി ഇടിച്ചുകൊന്ന് കെട്ടിത്തൂക്കുന്ന യഥാര്‍ത്ഥ പോലീസുകാര്‍ക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടോ? എന്നെങ്കിലും?

ഓര്‍ക്കാന്‍ കഴിയുന്നില്ല. ഉറക്കം വരുന്നു. ഭക്ഷണം കൂടിപ്പോയി എന്നു തോന്നുന്നു.

തകര്‍ത്ത കട പണം പിരിച്ച് ശ്രമദാനത്തിലൂടെ കെട്ടിക്കൊടുത്തുകൂടെ? അതൊക്കെ മെനക്കേടാണ്. ഇതാകുമ്പോള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് മതി. നല്ല മീഡിയ കവറേജും കിട്ടും.

അടികിട്ടിയാലോ?

പോലീസ് സംരക്ഷിയ്ക്കണമല്ലോ. അതിനാണല്ലോ പോലീസ്?

വിപ്ലവം ഐ‌പി‌സി 294 ന്റെ ലംഘനമാകുമെന്നു പറഞ്ഞു കേള്‍ക്കുന്നു. മാത്രമല്ല, സമ്മേളനം പോലീസ് തന്നെ വിലക്കിയിട്ടുണ്ടല്ലോ?

വിലക്ക് ഞങ്ങള്‍ ലംഘിക്കും. ഞങ്ങള്‍ ചുംബിയ്ക്കും.സമൂഹത്തെ രക്ഷിക്കും. ജനാധിപത്യത്തെ സംരക്ഷിക്കും.

ആട്ടെ, ഇത്തരം ഫേസ്ബുക്ക് വിപ്ലവങ്ങള്‍ നേരത്തെ ഉണ്ടാക്കിയിട്ടുണ്ടോ?

ഉണ്ട്. അങ്ങ് ദില്ലിയില്‍.

ഇന്ത്യയില്‍ നിന്ന് അഴിമതി തുടച്ചുനീക്കാന്‍ ഒരൊറ്റ ലോക്പാല്‍ മതിയെന്ന് ‘ഉണ്ടിരുന്ന’ ഒരു ഗാന്ധിതൊപ്പിക്കാരന് ഒരുനാള്‍ തോന്നി. വിളി ഫേസ്ബുക്ക് കൂട്ടായ്മ കേട്ടു. അവര്‍ ഉണര്‍ന്നു. കടലായിരമ്പി. ദില്ലിവിറച്ചു. വിപ്ലവത്തിന്റെ തീജ്വാലയില്‍ നിന്ന് ചൂലുണ്ടായി. ചൂല് പ്രതീകവും പ്രവര്‍ത്തിയും ദിശയും പ്രേരണവുമായി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആത്മാവും പരമാത്മാവുമായി. ചൂലില്‍ നിന്ന് ഒരു നാള്‍, രാഷ്ട്രീയത്തിലെ സന്തോഷ് പണ്ഡിറ്റ് ഉണ്ടായി. ധാരാളം മസാല ചിത്രങ്ങളുണ്ടായി… ഇതൊക്കെ ചുംബന വിപ്ലവകാരികള്‍ അറിയുന്നുണ്ടോ ആവോ.

kiss എന്ന വാക്കിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്.
1) To touch with your lips,especially as a greating;
2) To press your mouth on to another person in a sexual way

ഇതിലേതാണ് ചുംബന വിപ്ലവകാരികള്‍ ഉദ്ദേശിക്കുന്നത്? ഫേസ് ബുക്ക് പോസ്റ്റനുസരിച്ചാണെങ്കില്‍, അതിന് ലൈംഗിക നിറവും ഗുണവും ഉണ്ടെന്നാണ് dictionary യുടെയും സാമാന്യ ബോധത്തിന്റെയും വിവക്ഷ. അങ്ങനെയാണെങ്കില്‍ ഇതേ ചുംബന വിപ്ലവം തന്നെയാണ് കോഴിക്കോട്ടെ റസ്റ്ററന്റില്‍ നടന്നത്.

ഏതു കാപ്പിക്കടയും ഒരു പൊതുസ്ഥലമാണ്. സ്വകാര്യവ്യക്തികള്‍ പൊതുസ്ഥലത്ത് കൂടുമ്പോള്‍ പൊതുവായി പ്രദര്‍ശിപ്പിച്ചുകൂടാത്ത അവരുടെ സ്വകാര്യത അവര്‍ സ്വകാര്യമായിത്തന്നെ സൂക്ഷിക്കും.അല്ലെങ്കില്‍ അതിനുള്ള നിയമാനുസൃതമായ ഇടം തേടണം. ഇതൊരു നാട്ടുനടപ്പാണ്. ആഹാരം കഴിച്ചശേഷം കുലുക്കുകുഴിയുമ്പോള്‍ അത് ശബ്ദമുണ്ടാക്കാതെ ചെയ്യാനും, കാര്‍ക്കിച്ചു തുപ്പി മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാനും സാമാന്യബോധമുള്ളവര്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് പൊതുനിരത്തില്‍, പ്രത്യേകിച്ചും ആള്‍ സഞ്ചാരമുള്ള സമയത്ത്, മലമൂത്ര വിസര്‍ജ്ജനം നടത്താത്തത്. അങ്ങനെ ചെയ്യുന്നവരും ഉണ്ട്. അവരെ നമ്മള്‍ എന്താണ് ചെയ്യുക? ( ചൂലെല്ലാം ആം ആദ്മി കൊണ്ടുപോയി)

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കഥയാണ്. ഇതേ കോഴിക്കോട്ടുവച്ച്. ശാക്തികരിയ്ക്കപ്പെട്ട ഒരു വനിത ഒരു ഐസ്ക്രീം പാര്‍ലര്‍ നടത്തിയിരുന്നു. കമിതാക്കള്‍ക്ക് ഐസ്ക്രീം നുകരാന്‍ പറ്റിയ സ്ഥലം. ഐസ്ക്രീം നുണഞ്ഞ് തരളിതരാകുമ്പോള്‍ അല്‍പം സ്വകാര്യത ആവശ്യമെങ്കില്‍ അതിന് സ്വകാര്യ ഇടമുണ്ട് (പൊതുമൈതാനമല്ല). ആ സ്വകാര്യത ക്യാമറയില്‍ പതിയുമെന്ന് കമിതാക്കള്‍ കരുതിയില്ല. ആ പെണ്‍കുട്ടികളെ ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്തശേഷം ശാക്തീകരിക്കപ്പെട്ട സ്ത്രീ നാട്ടിലെ പ്രമാണിമാര്‍ക്ക് കൊടുത്തു. പിന്നീടെന്നോ, ഐസ്ക്രീം പാര്‍ലര്‍ കേരള രാഷ്ട്രീയത്തിന്റെ ഉറക്കം കെടുത്തി.

കാപ്പിക്കടയില്‍ നല്ല ആഹാരം ന്യായമായ വിലയ്ക്ക് വൃത്തിയായ അന്തരീക്ഷത്തില്‍ കൊടുക്കുകയാണ് വേണ്ടത്. കാപ്പിയ്ക്കപ്പുറമുള്ള കച്ചവടത്തിന് വേറെ പേരുണ്ട്, വേറെ സ്ഥലമുണ്ട്.

‘ criminalization of affection and love is really bad’ എന്നാണ് സംഘാടകരില്‍ ഒരാള്‍ പറയുന്നത്.

ഒന്നിന്റെയും ക്രിമിനല്‍വല്‍ക്കരണം നന്നല്ല.

സംഘാടകരിലും സംഘടിയ്ക്കാന്‍ ആവേശം കാട്ടുന്നവരിലും എത്ര പേര്‍ സ്ത്രീധനം വാങ്ങിയിട്ടുണ്ട്? കൊടുത്തിട്ടുണ്ട്? വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുണ്ട്? എല്ലാം ക്രിമനല്‍ കുറ്റമാണ്.

എത്ര കാമുകന്മാര്‍/ഭര്‍ത്താക്കന്മാര്‍ പങ്കാളികളെ ശാരീരികവും മാനസികവും ലൈംഗികവുമായി പീഢിപ്പിക്കാത്തവരായുണ്ട്? സംഗതി ക്രിമിനല്‍ കുറ്റമാണ് കേട്ടോ.

എത്രപേര്‍ സ്വന്തം പങ്കാളിയോട് വിശ്വാസ വഞ്ചന കാട്ടിയിട്ടില്ല?എത്ര പേര്‍ പെണ്‍ഭ്രൂണഹത്യ നടത്തിയിട്ടില്ല?

എത്രപേര്‍ കുടിച്ചും വഴക്കടിച്ചും സ്വന്തം കുട്ടികളെ അരക്ഷിതരും വ്യക്തിത്വക്ഷതവും ബാധിച്ചവരാക്കി മാറ്റിയിട്ടുണ്ട്? എത്രപേര്‍ മാതാപിതാക്കളെ ശമ്പളം കൊടുക്കാതെയുള്ള വേലക്കാരാക്കി മാറ്റിയിട്ടില്ല? അനാഥരാക്കി വൃദ്ധസദനങ്ങളില്‍ തള്ളിയിട്ടില്ല?

കേരളത്തില്‍ എത്ര കുടുംബങ്ങളിലാണ് ഇതൊന്നും ഇല്ലാത്തത്?

അന്നൊന്നും ഫേസ്ബുക്ക് വിപ്ലവങ്ങള്‍ എന്തേ ഉണ്ടായില്ല?

ഒരുപക്ഷെ, പൊതുസ്ഥലത്തുവച്ചുള്ള ചുംബനം മാത്രമായിരിക്കണം ഫേസ്ബുക്ക് വിപ്ലവകാരികളെ ബാധിച്ചിട്ടുള്ളത്?

ഒരു മനുഷ്യനെ 51 വെട്ടുവെട്ടി കൊന്നിട്ട്, കൊല്ലിച്ചവരെ രക്ഷിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചതു നിങ്ങള്‍ കണ്ടില്ലേ?

ഒരു സ്ത്രീയുടെ സാരിത്തുമ്പില്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ കുരുങ്ങിക്കിടക്കുന്നതും, ജുഡീഷ്യറിയെപ്പോലും വിലയ്‌ക്കെടുക്കുന്നതും തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതും കണ്ടില്ലേ?

മൂന്നാര്‍ ഇടിച്ചുനിരത്തുന്നതും പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതും കണ്ടില്ലേ?

മണലൂറ്റിയ പുഴകള്‍ ചെളിക്കുണ്ടുകളായി മാറുന്നത് കാണുന്നില്ലേ?

എല്ലാ നിയമങ്ങളേയും കാറ്റില്‍ പറത്തി ആറന്മുളയില്‍ തോട്ടിന്‍ കരയില്‍ വിമാനമിറക്കാന്‍ പാടുപെടുന്നത് കാണുന്നില്ലേ?

മിച്ചമുള്ള കാടും പുഴയും തണ്ണീര്‍തടവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെതിരെ ജനങ്ങളെ തിരിച്ചുവിട്ട മാഫിയസംഘങ്ങളേയും അരമനകളേയും കുറിച്ച് കേട്ടിട്ടില്ലേ?

ആദിവാസികളുടെ നില്‍പ്പുസമരത്തെക്കുറിച്ച് കേട്ടിട്ടില്ലേ? 14 വര്‍ഷം മുമ്പ് കേരള മുഖ്യമന്ത്രി ഒപ്പിട്ടുനല്‍കിയ ഉറപ്പിലെ വ്യവസ്ഥകള്‍ പാലിയ്ക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നുമാസം കഴിഞ്ഞ ഈ സമരം.

ഫേസ്ബുക്ക് വിപ്ലവകാരികളേ, നിങ്ങളീ കേരളത്തില്‍ തന്നയല്ലേ ജീവിയ്ക്കുന്നത്? അതോ virtual space ല്‍ virtual reality യില്‍ virtual life നയിക്കുന്ന virtual entities മാത്രമാണോ നിങ്ങള്‍?

എങ്കില്‍ ഈ പ്രതിഷേധവും ചുംബനവും വിപ്ലവവും സാമൂഹികപ്രതിബദ്ധതയും virtual world ല്‍ തന്നെ നിര്‍ത്തിയാല്‍ പോരെ?

ശരാശരി മലയാളി യഥാര്‍ത്ഥ ലോകത്ത് ജീവിക്കുന്നവരാണ്. ഞങ്ങള്‍ക്ക് സദാചാര പോലീസുകാരെ കൈകാര്യം ചെയ്യാന്‍ നിയമമുണ്ട്. സദാചാര പോലീസുകാര്‍ നടത്തിയ ഒരു കൊലപാതകത്തിന് 9 പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ഈ ഒക്ടോബര്‍ 10 നാണ്.

സദാചാരപോലീസുകാര്‍ സ്വയം തിരുത്തലിന് നിര്‍ബന്ധിതരായിവരുന്ന (നിയമത്തെ പേടിച്ച്) ഈ കാലത്ത് അവര്‍ക്ക് വീര്യം പകരാന്‍ മാത്രമേ നിങ്ങളുടെ ഫേസ്ബുക്ക് വിപ്ലവത്തിനാകൂ. നിങ്ങളിതോര്‍ക്കണം. ഫേസ്ബുക്ക് കൂട്ടായ്മകളുടെ സ്വകാര്യമല്ലാത്ത ഏതെങ്കിലും നിമിഷത്തില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍