UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്ക് ‘ഇയര്‍ ഇന്‍ റിവ്യൂ’ ക്രൂരമായൊരു ആഘോഷമാകുമ്പോള്‍

Avatar

ആന്‍ഡ്രിയ പീറ്റേഴ്‌സണ്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ അവധിക്കാലത്ത് പരിചിത ലോകത്തില്‍ നിന്നും വിടവാങ്ങാത്തവരിലൊരാളാണ് നിങ്ങളെങ്കില്‍ ഫെയ്‌സ് ബുക്ക് നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതത്തില്‍ സംഭവിച്ച പ്രധാനപ്പെട്ട നിമിഷങ്ങള്‍ കോര്‍ത്തിണക്കി സമ്മാനിച്ച ‘ഇയര്‍ ഇന്‍ റിവ്യൂ ‘ ഉപഹാരം തീര്‍ച്ചയായും കണ്ടിരിക്കാനിടയുണ്ട്.

ഫെയ്‌സ്ബുക്കിന്റെ സ്ഥിരം മാതൃകയില്‍ ആധാരച്ചുരുള്‍ പോലെ താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ഈ പുതുവത്സര സമാനം കാണുന്നത് അസഹ്യപ്പെടുത്തുന്നതാണെങ്കിലും പോസ്റ്റിന്റെ പുറം മോടി ആരേയും വശീകരിക്കുന്നതാണ്. എങ്കിലും, ഉദ്ദേശിച്ചത്ര ഫലം നല്‍കാനാവാതെ ചിലരില്‍ പ്രകോപനപരവും ക്രൂരവുമായ പ്രതിഫലനങ്ങളാണ് ഈ പോസ്റ്റുകള്‍ സൃഷ്ടിച്ചിട്ടുള്ളത്.

‘സുന്ദരമായ ഈ വര്‍ഷത്തില്‍ ഞങ്ങളുടെ ഭാഗമായതിനു നന്ദി ‘ എന്ന ടാഗ് ലൈനുമായാണ് ഈ പോസ്റ്റ് നിങ്ങളെ വരവേല്‍ക്കുക. പക്ഷെ എല്ലാവരുടെയും ജീവിതം ഒരേപോലെ സുന്ദര സുരഭിലമായിരുന്നുവെന്ന് കരുതുന്നത് മണ്ടത്തരമല്ലേ? ചിലരില്‍ ആഴത്തില്‍ വീണ മുറിവുകളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലായ് ഫേസ്ബുക്കിന്റെ വര്‍ഷാവലോകനം മാറിയിരിക്കയാണ്.

വെബ് ഡിസൈന്‍ കണ്‍സല്‍ട്ടന്റും എഴുത്തുകാരനുമായ എറിക് മേയര്‍ ആ ചിലരില്‍ ഒരാളാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അദ്ദേഹത്തിന്റെ ആറു വയസ്സുള്ള മകള്‍ ബ്രെയിന്‍ കാന്‍സറിനോട് പൊരുതി മരണപ്പെട്ടത്. കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുന്ന ഈ പോസ്റ്റിലൂടെ തന്റെ മകളുടെ വേദനിപ്പിക്കുന്ന ഓര്‍മ തികട്ടി വരാതിരിക്കാന്‍ മേയര്‍ അവയില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു.

പക്ഷെ ഈ ഉപഹാരത്തിന്റെ മഹിമയെ പുകഴ്ത്തിക്കൊണ്ട് മരിച്ച മകളുടെ ചിത്രത്തിന് ചുറ്റും മോടിപിടിപ്പിച്ച തോരണങ്ങള്‍ തൂക്കി ന്യൂസ് ഫീഡിലൂടെ ഫേസ്ബുക്ക് മേയറെ തേടി വന്നു. അറിഞ്ഞുകൊണ്ട് തന്റെ മുറിവില്‍ ഉപ്പു പുരട്ടാന്‍ ഫെയ്‌സ്ബുക്ക് ശ്രമിച്ചതല്ലെന്നു മനസ്സിലാകാന്‍ സാധിക്കുന്ന മേയര്‍ അനുകമ്പ ലവലേശം തൊട്ടു തീണ്ടാത്ത രൂപകല്‍പനയുടെ മേല്‍ പഴി ചാരുകയാണ്.

‘പാര്‍ട്ടികളിലും കടല്‍ക്കരയിലെ ഉല്ലാസങ്ങള്‍ക്കിടയിലും തെരുവോരങ്ങളിലുമിരിക്കുന്ന തന്റെ തിരുമുഖം മാലോകരെ കാണിക്കാന്‍ വെമ്പുന്ന കൗമാരക്കാരെ മാത്രം ഉദ്ദേശിച്ചുള്ള മാതൃകയുടെ കോഡിംഗാണ് ഈ ക്രൂരതയുടെ ഉത്തരവാദി.

പക്ഷെ ഉറ്റവരെ നഷ്ടപ്പെട്ടവരും, ആശുപത്രിക്കിടക്കയില്‍ ദിവസങ്ങളോ മാസങ്ങളോ ചിലവഴിച്ചവരും, വിവാഹമോചിതരായവരും, ജോലി നഷ്ടപ്പെട്ടവരും; ഇങ്ങനെ ജീവിതത്തിന്റെ നൂറായിരം ക്രൂരതകള്‍ക്കിടയിലൊന്നിനോ അതില്‍ കൂടുതലോ ഇരയായവര്‍ക്ക് വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ സമ്മാനപ്പൊതിയില്‍ പൊതിഞ്ഞു കാണുന്നത് സഹിക്കാനാവാത്തതാണ്.

ഉപഭോക്താവിനോട് സമ്മതം വാങ്ങാതെ ചിത്രങ്ങള്‍ മുന്‍കൂട്ടി തിരഞ്ഞെടുക്കുന്നതും, പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിന് ഒരു പ്രിവ്യു നല്‍കുന്നതും പോലുള്ള ചില രൂപകല്‍പ്പന തിരുത്തുകള്‍ മുന്നോട്ടു വെക്കാനും മേയര്‍ മനസ്സു കാണിച്ചു. “രൂപകല്‍പ്പന തീരുമാനങ്ങളെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങള്‍ക്ക് ഉടനടി ഉത്തരം നല്‍കാന്‍ ഫെയ്‌സ് ബുക്ക് തയ്യാറായിട്ടില്ല.” മേയര്‍ പറഞ്ഞു. 

ഫേസ്ബുക്കിന്റെ ‘വാര്‍ഷികാവലോകനം’ ഡിജിറ്റല്‍ ലോകത്തിന്റെ പരിമിതിയിലേക്കുള്ള ചൂണ്ടു പലകയാണ് : അല്‍ഗോരിതവും കോഡിങ്ങും വരച്ച വരയില്‍ നില്‍ക്കുന്ന കുരങ്ങുകളാണ്. തന്റെ കര്‍മ്മത്തിന്റെ പരിണിത ഫലം മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത പ്രോഗ്രാമറുടെ കൈയില്‍ ഇവ വന്നു ചേര്‍ന്നാല്‍ പൊതുജനത്തിന്റെ പ്രതികരണം പ്രവചനാതീതമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍