UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖമില്ലാത്ത പെണ്‍കുട്ടികളുടെ പോസ്റ്ററായിക്കൊള്ളൂ; പക്ഷേ ചോര്‍ന്നൊലിച്ച് പോവുന്നതും കൂടി അറിയണം

Avatar

ലാ ജെസ്

ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി പല കോളേജ് യൂണിറ്റുകളില്‍ നിന്നും പുറത്തു വരുന്ന എസ്എഫ്ഐയുടെ, മുഖമില്ലാത്ത പെണ്‍കുട്ടികള്‍ പതിഞ്ഞ പോസ്റ്ററുകള്‍ സംഘടനയുടെ വിട്ടുവീഴ്ചാ മനോഭാവം എന്നതിലുപരി മറ്റൊരു വായനയ്ക്ക് നിദാനമാവുന്നുണ്ട്. മുമ്പൊരിക്കല്‍ ഒരു വിവാഹപരസ്യത്തിലെ പെണ്‍ പൂമ്പാറ്റയുടെ ചിത്രം സഖാക്കളെല്ലാം ആഘോഷിച്ചതുമാണ്. കേവലമൊരു ഫോട്ടോ ഒട്ടിച്ച് തിരുത്താവുന്നതിനപ്പുറമാണ് കാര്യങ്ങളുടെ കിടപ്പ്. ഇതിനെ അടിയുറച്ച മതവിശ്വാസവും അതിരുകളുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചുവടുവെയ്ക്കലുകളുടെ ചലനങ്ങളായി കണ്ട് അവഗണിക്കാനും കണ്ണടയ്ക്കാനും താത്കാലികമായി കഴിഞ്ഞേക്കാം. പക്ഷെ ചരിത്രം നോക്കിയാല്‍ കൈക്കുമ്പിളിലൂടെ ചോര്‍ന്നൊലിച്ച് പോയ പലതും ഇങ്ങനെ നഷ്ടപ്പെട്ടതു തന്നെയായിരുന്നു .

മലപ്പുറം പോലുള്ള പ്രദേശങ്ങളില്‍ സംഘടനയ്ക്ക് വേരോട്ടം ലഭിക്കാനും അതുവഴി സമൂഹത്തിന്റെ നാനാതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ചെറുതായെങ്കിലും താങ്ങിക്കൊണ്ടല്ലാതെ സാധ്യമല്ല എന്നൊരു പക്ഷമുണ്ടാവാം. പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ട്. നേരത്തെ പറഞ്ഞ പക്ഷം തന്നെ, മറിച്ചു ചിന്തിക്കുന്ന കൗശല പൂര്‍ണമായ ലിബറല്‍/തീവ്ര/ വലതുവശം.

കേരളത്തില്‍ ഇടതുപക്ഷത്തെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള നവോത്ഥാന വായന അപൂര്‍ണമാണ് കേരളത്തിനൊരു ബൗദ്ധിക വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ വലിയ അളവില്‍ പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം ചരിത്രവും സാമൂഹ്യവും മനസ്സിലാക്കിയിട്ടുള്ളവരുടെ ഇടയില്‍ നിസ്തര്‍ക്കമായ വസ്തുതയാണ്. ഇടതിന്റെ തോളില്‍ ചവിട്ടിക്കേറിയാണ് ഇന്നുള്ള മിക്കവാറും ചിന്തകരും സാംസ്‌കാരികനായകരും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും രാഷ്ട്രീയപ്രവര്‍ത്തകരും മഹാന്മാരായ അധ്യാപകരും സാമൂഹ്യ ശാസ്ത്രജ്ഞരും ഗവേഷകരും എഴുത്തുകാരും ധിഷണാശാലികളും ഒക്കെ വളര്‍ന്നു വന്നിട്ടുള്ളത്. ഇതിനെ വേണ്ട രീതിയില്‍ ഉള്‍ക്കൊണ്ടുള്ള ഒരു ചലനാത്മക പ്രവര്‍ത്തനം സംഘടന പക്ഷെ കാഴ്ച വെക്കുന്നുണ്ടോ എന്നത് സംശയകരമാണ്. എന്നിരുന്നാലും ഈയിടെയായി ക്യാംപസുകളില്‍ കാണുന്ന ഉണര്‍വ് ആശാവഹം തന്നെയാണ്.

ജമാഅത്തെ ഇസ്‌ലാമിയെയും മാധ്യമത്തെയും അവരുടെ പത്ര ടെലിവിഷന്‍ മാധ്യമങ്ങളെയും എടുത്തു നോക്കുക. മൗദൂദി സാഹിത്യം മാത്രം പഠിച്ചല്ല അവര്‍ വളര്‍ന്നു വന്നിട്ടുള്ളത്. സമയാസമയങ്ങളില്‍ വിദഗ്ധമായി ഇടതു പക്ഷത്തെ ചൂഷണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. കിട്ടാവുന്നതെല്ലാം വലിച്ചെടുത്തിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞു കൊണ്ടുള്ള വിട്ടുവീഴ്ചകള്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കേണ്ടതാണ്. മ’ദിന്‍ പോലുള്ള സ്ഥാപനങ്ങളിലും എസ്എഫ്ഐയെ ‘ഉപയോഗിക്കുന്ന’ രീതി മറിച്ചൊന്നാവാന്‍ തരമില്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ മാറുന്ന സാമൂഹ്യാവസ്ഥകളെ നന്നായി നിരീക്ഷിച്ചും വിശകലനം ചെയ്തും പഠിച്ചും തിരുത്തിയും വെള്ളം ചേര്‍ക്കാതെയും മുന്നോട്ട് പോകേണ്ടത്, നിലപാടുകളില്‍ കണിശത പുലര്‍ത്തേണ്ടത് ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ മാത്രമല്ല കേരളത്തിന്റെ പുരോഗമന, ബൗദ്ധിക, സാമൂഹ്യ പ്രസ്ഥാനമെന്ന നിലയിലും ശ്രദ്ധയൂന്നേണ്ട, പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറുമാണ് ലാ ജെസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍