UPDATES

സിനിമ

താരമാടമ്പികളെ മാറ്റിനിര്‍ത്താന്‍ നമ്മള്‍ തയ്യാറാണോ എന്നതാണ് ചോദ്യം: ഡോ.ബിജു ചോദിക്കുന്നു

ഈ സംഘടനയുടെ പ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ ചില രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ്. ഭാവിയിലെങ്കിലും സിനിമയുടെ ഗ്ലാമർ നോക്കിയല്ല മറിച്ച് രാഷ്ട്രീയ സാമൂഹ്യ ബോധ്യമുള്ള കലാകാരന്മാരെ മാത്രമേ ജനപ്രതിനിധികൾ ആക്കാനായി തിരഞ്ഞെടുക്കാവൂ എന്ന ഒരു മിനിമം രാഷ്ട്രീയ ബോധം എങ്കിലും ഇവിടുത്തെ പ്രധാന രാഷ്ട്രീയപാർട്ടികൾക്ക് ഉണ്ടാകുമോ.?!

അമ്മ എന്ന താരസംഘടനയുടെ പുരുഷാധിപത്യ ബോധവും, സ്ത്രീ വിരുദ്ധതയുടെ ആഴവും കേരളം ലൈവ് സ്ട്രീമിൽ കണ്ടു കൊണ്ടിരിക്കയാണ്. അമ്മയിലെ പ്രധാന താരങ്ങളെയെല്ലാം ‘താരങ്ങൾ’ എന്ന സ്‌പെഷ്യൽ പ്രിവിലേജ് പട്ടം ചാർത്തി കൊടുത്തതിൽ മലയാളി സമൂഹത്തിന് വലിയ പങ്കുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളുടെ സർക്കാരുകൾ, മാധ്യമങ്ങൾ, കച്ചവട സ്ഥാപനങ്ങൾ വിശിഷ്യാ പൊതുജനം അങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ളവരുടെ ആശിർവാദത്തോട് കൂടിയാണ് അവർ ഒരു സംഘടന ഉണ്ടാക്കുകയും തികച്ചും ജനാധിപത്യ – മനുഷ്യത്വ വിരുദ്ധമായി ആ സെറ്റ് അപ്പിനെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നത്. കേവലം താരരാജാക്കന്മാരുടെ മേൽ കുതിര കയറിയത് കൊണ്ട് അവസാനിക്കുന്ന പ്രശ്‌നം ഇല്ല ഇത്. സംവിധായകൻ ബിജു ദാമോദരന്റെ ഫെയ്സ്ബൂക് കുറിപ്പിലേക്ക് …

ഇത്രമേൽ സ്ത്രീവിരുദ്ധ, സാമൂഹ്യ വിരുദ്ധ, അസാംസ്കാരിക സംഘടനയിൽ ഇപ്പോഴും അംഗമായിരിക്കുകയും ഒരു അഭിപ്രായം പോലും പറയാനാകാതെ ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന എല്ലാ വയറ്റു പിഴപ്പു നടന്മാരെയും നടികളെയും ഓർത്ത് സഹതാപം മാത്രം..ഈ സംഘടനയുടെ പ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ ചില രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്..ഭാവിയിലെങ്കിലും സിനിമയുടെ ഗ്ലാമർ നോക്കിയല്ല മറിച്ച് രാഷ്ട്രീയ സാമൂഹ്യ ബോധ്യമുള്ള കലാകാരന്മാരെ മാത്രമേ ജനപ്രതിനിധികൾ ആക്കാനായി തിരഞ്ഞെടുക്കാവൂ എന്ന ഒരു മിനിമം രാഷ്ട്രീയ ബോധം എങ്കിലും ഇവിടുത്തെ പ്രധാന രാഷ്ട്രീയപാർട്ടികൾക്ക് ഉണ്ടാകുമോ.?!

ഈ സാമൂഹ്യ വിരുദ്ധ സംഘടനയിലെ പ്രധാനികളെ “താരങ്ങൾ” എന്ന അനാവശ്യ ഗ്ളാമറിന്റെ എഴുന്നള്ളിപ്പിൽ സർക്കാർ പരസ്യങ്ങളിൽ അഭിനയിപ്പിക്കുന്നതും സർക്കാർ ചടങ്ങുകളിൽ വിശിഷ്ട അതിഥികളായി ക്ഷണിക്കുന്നതും ഒഴിവാക്കാനുള്ള സാംസ്കാരിക ബോധം സർക്കാർ പ്രകടിപ്പിക്കുമോ! താരങ്ങൾ മാത്രമാണ് സിനിമ എന്ന പരിതാപകരമായ സിനിമാ ബോധത്തിൽ നിന്നും ഉണർന്ന് താരങ്ങളുടെ വീട്ടു വിശേഷങ്ങളും അപദാനങ്ങളും പാടുന്ന സ്ഥിരം സിനിമാ കലാപരിപാടിയിൽ നിന്നും വഴി മാറി നടക്കാൻ പത്ര ദൃശ്യ മാധ്യമങ്ങൾക്ക് സാമാന്യ ബോധം ഉണ്ടാകുമോ? !

സാംസ്കാരിക പരിപാടികളിലും എന്തിന് പുരോഗമന പ്രസ്ഥാനങ്ങൾ ഭരിക്കുന്ന കോളജുകളിൽ പോലും യൂണിയൻ ഉദ്ഘാടനടത്തിന് യാതൊരു പൊതുബോധമോ സാമൂഹിക ബോധമോ തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും സിനിമാ താരങ്ങൾ തന്നെ വേണം എന്ന കടും പിടുത്തം ഒഴിവാക്കി സാംസ്കാരികമായ നിലപാടുള്ള സമൂഹത്തിലെ മറ്റ് മേഖലകളിലെ ആളുകളെ വിളിക്കാൻ തയ്യാറുകുമോ ! ഫാൻസ് അസോസിയേഷൻ എന്ന പേരിൽ വിവരക്കേടും സൈബർ ആക്രമണങ്ങളും നടത്തുന്ന കോമാളി അക്രമ സംഘങ്ങളെ നിലയ്ക്ക് നിർത്താൻ നിയമ സംവിധാനങ്ങൾ ഉണ്ടാകുമോ? !

സ്ത്രീവിരുദ്ധമായ, വംശീയമായ, അശ്ലീലങ്ങൾ നിറഞ്ഞ സിനിമകൾ നിർമിക്കുന്ന സംവിധായകരെയും താരങ്ങളെയും ഒറ്റപ്പെടുത്താൻ കേരള സമൂഹം തയ്യാറാകുമോ..അത്തരം സാമൂഹ്യ വിരുദ്ധമായ സിനിമകൾ ഗംഭീര വിജയം നേടിക്കൊടുക്കുന്ന മലയാളിയുടെ നിലവിലുള്ള സാമൂഹ്യ ബോധത്തിൽ മാറ്റം ഉണ്ടാകുമോ! ആണധികാരത്തിന്റെ, അസാംസ്കാരികതയുടെ, സാമൂഹ്യവിരുദ്ധതയുടെ, വംശീയവിരുദ്ധതയുടെ കൂത്തരങ്ങായ സിനിമയിൽ അതിനെതിരെ പ്രതികരിക്കുന്ന ചുരുക്കം ചില സ്ത്രീകൾക്ക് പിന്തുണ നൽകി ചേർന്ന് നിൽക്കാൻ ഭൂരിപക്ഷ മലയാളിക്ക് സാധിക്കുമോ! ഭൂരിപക്ഷം താരങ്ങളും ആവറേജ് നടന്മാരും നടികളും മാത്രമാണെന്നും അതിനപ്പുറം സാംസ്കാരികമോ സാമൂഹ്യമോ രാഷ്ട്രീയമോ ആയ ബോധം ഇല്ലാത്തവർ ആണെന്നുമുള്ള യാഥാർഥ്യം ഉൾക്കൊള്ളാൻ നമുക്കാവുമോ?…കൊണ്ടാടുന്ന താരങ്ങളും സംവിധായകരും ഒന്നുമില്ലെങ്കിലും ഇല്ലാതായാലും സിനിമയ്ക്ക് പ്രത്യേകിച്ച്‌ ഒന്നും സംഭിവിക്കാനില്ല എന്നും ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമകൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും എന്ന വസ്തുത മനസിലാക്കി ഈ അമിത താര ആരാധന ഒഴിവാക്കാനുള്ള സാമാന്യ ബോധം ഓരോ മലയാളിക്കും, മാധ്യമങ്ങൾക്കും സർക്കാരിനും ഉണ്ടാകുമോ.?!

അങ്ങനെയൊന്നും ഉണ്ടായില്ലെങ്കിൽ ഇതേപോലെയുള്ള സാമൂഹ്യവിരുദ്ധ സംഘടനകൾ ഒരു പുരോഗമന സമൂഹത്തിന് നേരെ നോക്കി പല്ലിളിച്ചു കൊണ്ട് ഇനിയും അഹങ്കാരപൂർവ്വം ഇത്തരം നിലപാടുകൾ ആവർത്തിക്കും. അവർക്കറിയാം അവർക്ക് അർഹിക്കുന്നതിനെക്കാൾ അധികം ആരാധന അന്ധമായി നൽകുന്ന ഒരു സമൂഹം അവർക്ക് ചുറ്റും ഉണ്ടെന്ന്..അവർ എന്ത് ചെയ്താലും അവർക്ക് സ്വീകാര്യത നൽകാൻ സർക്കാരും രാഷ്ട്രീയ പാർട്ടികളും അധികാരികളും ഫാൻസ് വെട്ടുക്കിളി കൂട്ടവും എന്നും ചുറ്റും ഉണ്ടാകും എന്ന്. ഈ ധാരണ പൊളിക്കാൻ ഒരു പുരോഗമന സമൂഹത്തിന് ആയില്ലെങ്കിൽ അത്‌ ആ സമൂഹത്തിന്റെ അപചയം ആണ്. അങ്ങനെ ഒരു അപചയത്തിൽ പെട്ട സമൂഹത്തിൽ നിൽക്കുന്നത് കൊണ്ടാണ് സാമൂഹ്യവിരുദ്ധതയും സ്ത്രീ വിരുദ്ധതയും അരാഷ്ട്രീയതയും, കോമാളിത്തരവും മാത്രം പ്രകടിപ്പിച്ചു പോരുന്ന പലരെയും നമുക്ക് “കലാകാരന്മാർ” എന്ന് വിളിക്കേണ്ടി വരുന്നത്. അതുകൊണ്ട് മാത്രമാണ് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളായി അവർ നമ്മുടെ ജനപ്രതിനിധികൾ ആയി മാറുന്നത്. സർക്കാരിന്റെ പരസ്യങ്ങളിൽ വന്ന് നമ്മെ നേർവഴിക്ക് നടക്കാൻ ഉപദേശിക്കുന്നത്..സർക്കാർ പരിപാടികളിലും സാംസ്കാരിക ചടങ്ങുകളിലും വന്ന് ഗുണദോഷങ്ങൾ വിളമ്പുന്നത്..ആ സ്വീകാര്യത ആണ് അവർക്ക് എന്ത് വൃത്തികേട് നടത്തുന്നവർക്കും അനുകൂലമായി പരസ്യമായി കുട പിടിക്കാൻ ധൈര്യം നൽകുന്നത്…ആ ധൈര്യം ഇല്ലാതാക്കാൻ പുരോഗമന കേരളത്തിന് ആകുമോ എന്ന ചോദ്യത്തിന് തൽക്കാലം ഇല്ല എന്നത് തന്നെയാകും ഉത്തരം.

പൃഥ്വിരാജ്, നിങ്ങളുടെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു

‘അവള്‍ക്കൊപ്പം’ ഞങ്ങള്‍ക്ക് വെറുമൊരു ഹാഷ്ടാഗ് അല്ല, അവളെ ചേര്‍ത്ത് നിര്‍ത്തല്‍ തന്നെയാണ്-സംവിധായിക വിധു വിന്‍സെന്റ്

ഇവരാണ് സൂപ്പര്‍സ്റ്റാറുകള്‍; ഈ ഐക്യദാര്‍ഢ്യത്തിന് ബിഗ് സല്യൂട്ട്

മമ്മൂട്ടി, താങ്കളൊരു പീലാത്തോസ് ആകരുതായിരുന്നു

ജനപ്രിയ നായകനു വേണ്ടി ജനപ്രിയ നായകനാല്‍ എഴുതപ്പെട്ട ഒരു തിരക്കഥ!

പോണ്‍ സ്റ്റാറുകളായി സ്വയം അവരോധിക്കുന്ന കൌമാരക്കാരെ, താര സംഘടനയുടെ വാതില്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു

പെട്ടേനെ…! അമ്മയും ഗണേഷും

അമ്മയെ ഇനി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്നു വിളിക്കാലോ, അല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍