UPDATES

ട്രെന്‍ഡിങ്ങ്

ജനറല്‍ സീറ്റില്‍ സ്ത്രീകള്‍ ഇരിക്കരുത്; സ്ത്രീകളുടെ സീറ്റ് ഒഴിവില്ലാത്തതിനാല്‍ ടിക്കറ്റ് നിഷേധിച്ചു

ലേഡീസ് സീറ്റില്‍ അല്ലാത്ത സീറ്റില്‍ ഒന്നും സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റില്ലേ?

ജനറല്‍ സീറ്റില്‍ സ്ത്രീകള്‍ ഇരിക്കരുതെന്ന് യാത്രക്കാരിയോട് ട്രാവല്‍ ഏജന്‍സി. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അനശ്വര കൊരട്ടിസ്വരൂപത്തിനാണ് സ്വകാര്യ ബസ് ഏജന്‍സിയില്‍ നിന്നും ഇത്തരമൊരു അനുഭവം. അവസാന നിമിഷം ബസില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ച അനശ്വര സ്വകാര്യ ട്രാവല്‍ ഏജന്‍സിയെ സമീപിച്ച് കണ്ണൂരിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീകളുടെ സീറ്റൊന്നും ഒഴിവില്ലെന്നായിരുന്നു ഏജന്‍സിയില്‍ നിന്നും ലഭിച്ച മറുപടി. ജനറല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ആണുങ്ങളുടെ സീറ്റില്‍ ഇരുത്താന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞതായി അനശ്വര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. യാത്ര അത്യാവശ്യമായതുകൊണ്ട് ഏതെങ്കിലും സീറ്റ് തരാന്‍ പറഞ്ഞപ്പോള്‍ കോഴിക്കോട് വരേയ്ക്കും സ്ത്രീകളുടെ സീറ്റ് അനുവദിക്കുകയായിരുന്നു. ലേഡീസ് സീറ്റില്‍ അല്ലാത്ത സീറ്റില്‍ ഒന്നും സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റില്ലേയെന്ന് ചോദിക്കുന്ന അനശ്വരയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നത്തെ ഫേസ്ബുക്ക് ഡയറി.

“ഇന്നലെ രാത്രി കിട്ടിയ പുതിയ അറിവ്….
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എന്റെ യൂണിറ്റ് സെക്രട്ടറി ആയിരുന്ന ബാബു ഏട്ടന്റെ കല്യാണം കൂടണം. പിന്നെ എന്റെ തക്കുടു പെണ്‍കുട്ടിയെ നേരിട്ട് കാണണം എന്നീ ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്നലെ കണ്ണൂരിലേക്ക് പുറപ്പെട്ടത്. തത്കാല്‍ ടിക്കറ്റ് അവസാന നിമിഷം മൂഞ്ചിയത് കൊണ്ട് ബസിലാകാം യാത്ര എന്ന് തീരുമാനിച്ചു. ഓണ്‍ലൈന്‍ എടുക്കാന്‍ പറ്റാത്തത് കൊണ്ട് നേരിട്ട് ഏജന്‍സിയില്‍ എത്തി ടിക്കറ്റ് എടുക്കാന്‍ നോക്കുന്ന യുവതി.

യുവതി: ചേട്ടാ ഒരു കണ്ണൂര്‍ ടിക്കറ്റ്
ചേട്ടന്‍: ആര്‍ക്കാ?
യുവതി: എനിക്ക്
ചേട്ടന്‍: ഓ ലേഡീസ് സീറ്റ് ഒന്നും ഒഴിവില്ല ല്ലോ
യുവതി: ലേഡീസ് വേണ്ട. ജനറല്‍ മതി
ചേട്ടന്‍: അയ്യോ അത് പറ്റില്ല. ആണുങ്ങളുടെ സീറ്റില്‍ ഇരുത്താന്‍ പറ്റില്ല.
യുവതി: എനിക്ക് കുഴപ്പമില്ല
ചേട്ടന്‍: അങ്ങനെ ശരിയാവില്ല..സ്ത്രീകളുടെ സീറ്റിലേ തരാന്‍ പറ്റൂ
വേറെ വഴിയില്ലാത്ത_ തര്‍ക്കിക്കാന്‍ ആരോഗ്യം ബാക്കിയില്ലാത്ത യുവതി: എന്തെങ്കിലും ടിക്കറ്റ് താ ചേട്ടാ…
ചേട്ടന്‍: കോഴിക്കോട് വരെ ഒരു ടിക്കറ്റ് ഉണ്ട്. ലേഡീസ് സീറ്റില്‍ തരാം.
പണ്ടാരമടങ്ങാന്‍ എന്ന് മനസില്‍ പറഞ്ഞുകൊണ്ട് യുവതി: അതെങ്കില്‍ അത് താ
ചേട്ടന്‍: ബാക്കില്‍ നിന്ന് മൂന്നാമത്തെ സീറ്റ് എടുത്തോളൂ
യുവതി: ഓ മ്പ്രാ…..

ഇതൊക്കെ ഏത് നാട്ടിലെ നിയമമാണ് സുഹൃത്തുക്കളെ? ലേഡീസ് സീറ്റ് അല്ലാത്ത സീറ്റില്‍ ഒന്നും സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല എന്നത് ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങിനെയാണ് നടപ്പാക്കാന്‍ സാധിക്കുന്നത്? സംവരണം ഉള്ള സീറ്റുകള്‍ കഴിഞ്ഞുള്ളവ ജനറല്‍ അല്ലെ? അതോ സ്വകാര്യ ബസുകള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമല്ല എന്നുണ്ടോ?
എന്ന് കോഴിക്കോട് ഇറങ്ങി ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കണ്ണൂരില്‍ എത്തി വിശ്രമിക്കുന്ന യുവതി. ഒപ്പ്..”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍