UPDATES

ട്രെന്‍ഡിങ്ങ്

സുപ്രീം കോടതിയിലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ അവസാന വാക്കുകള്‍

ജനാധിപത്യപരമായ സ്വാതന്ത്ര്യം ധീരന്മാര്‍ക്ക് ഉള്ളതാണ്‌ ഏകാധിപതികള്‍ സ്വാതന്ത്ര്യം അനുവദിച്ചാല്‍ പോലും ഭീരുക്കള്‍ക്കും വിധേയന്മാര്‍ക്കും അത് ലഭിക്കില്ല

ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ഇന്നലെ സുപ്രിംകോടതിയില്‍ നിന്നും പടിയിറങ്ങി. വിരമിക്കല്‍ ചടങ്ങില്‍ അദ്ദേഹം മൂന്നിടങ്ങളില്‍ നടത്തിയ പ്രതികരണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ബാലഗോപാല്‍ ബി നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇന്നത്തെ ഫേസ്ബുക്ക് ഡയറി ആ പോസ്റ്റാണ്.

“എനിക്ക് നിങ്ങളോട് ഉള്ള മറുപടി.. ഈ കൂപ്പ് കൈ
******************************************

സുപ്രീം കോടതിയിലെ അവസാന പ്രവര്‍ത്തി ദിവസം തുറന്ന കോടതിയില്‍ ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ അവസാന വാക്കുകള്‍ ആണിവ.

രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ ഇന്ന് (വെള്ളിയാഴ്ച) സുപ്രീം കോടതിയില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷത വഹിക്കുന്ന ആറാം നമ്പര്‍ കോടതിയില്‍ ആയിരുന്നു. കര്‍ണാടകത്തിലെ രാഷ്ട്രീയം അനിശ്ചിതത്വത്തെ കുറിച്ച് ആറാം നമ്പര്‍ കോടതിയില്‍ വാദം പുരോഗമിക്കുമ്പോള്‍ മറ്റൊരു ചരിത്രത്തിന് ചീഫ് കോടതി സാക്ഷ്യം വഹിക്കുക ആയിരുന്നു.

ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ വിടവാങ്ങല്‍ ദിവസം. കീഴ്‌വഴക്കം അനുസരിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഒപ്പം ഒന്നാം നമ്പര്‍ കോടതിയില്‍ ആയിരുന്നു ജസ്റ്റിസ് ജ. ചെലമേശ്വര്‍ ഇന്ന്. ഇരുവര്‍ക്കും പുറമെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും.

തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അന്‍പതോളം കേസ്സുകള്‍ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് കോടതിയില്‍ ഇന്ന് ആകെ ലിസ്റ്റ് ചെയ്തിരുന്നത് 11 കേസ്സുകള്‍. പ്രധാനപ്പെട്ട കേസ്സുകള്‍ ഒന്നും ഇല്ലായിരുന്നു. 11 കേസ്സുകളില്‍, ഭൂരിഭാഗവും വൈവാഹിക തര്‍ക്കവും ആയി ബന്ധപ്പെട്ട കേസുകളുടെ ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍. ഇതില്‍ ഒന്ന് കേരളത്തില്‍ നിന്നുള്ള ഹര്‍ജി.

10.35ന് ബെഞ്ച് ഇരുന്നു. 20 മിനുട്ട് കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി. മിക്ക കേസുകളിലും ജസ്റ്റിസ് ചെലമേശ്വറിനോട് കൂടി ആശയവിനിമയം നടത്തിയ ശേഷം ആണ് ചീഫ് ജസ്റ്റിസ് ഉത്തരവ് പറഞ്ഞത്. 11 കേസുകളുടെയും നടപടികള്‍ പൂര്‍ത്തിയായതോടെ ഔദ്യോഗികം ആയ നന്ദി പ്രകാശിപ്പിക്കലിന് സമയം ആയി.

ആദ്യം അഭിഭാഷകര്‍ക്ക് വേണ്ടി പ്രശാന്ത് ഭൂഷണ്‍. ഭാവി തലമുറ ജസ്റ്റിസ് ചെലമേശ്വര്‍ രാജ്യത്തിനും, രാജ്യത്തെ ജനാധിപത്യത്തിനും വേണ്ടി നല്‍കിയ സംഭാവനകള്‍ ഓര്‍ക്കും എന്ന അഭിപ്രായത്തോടെ പ്രശാന്ത് ഭൂഷണ്‍ നിറുത്തി. തുടര്‍ന്ന് അഭിഭാഷകര്‍ ആയ ഗോപാല്‍ ശങ്കര നാരായണന്റെയും രാജീവ് ദത്തയുടെയും ഹ്രസ്വമായ പ്രസംഗം. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുതിര്‍ന്ന ഭാരവാഹികള്‍ ആരും കോടതിയില്‍ ഉണ്ടായിരുന്നില്ല.

പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ ജസ്റ്റിസ് ചെലമേശ്വര്‍ എണീറ്റു.

എനിക്ക് നിങ്ങളോട് ഉള്ള മറുപടി……… ഈ കൂപ്പ് കൈ.

കൈകൂപ്പി കൊണ്ട് ജസ്റ്റിസ് ചെലമേശ്വര്‍ കോടതി മുറിയുടെ പുറത്തേക്ക്. ഒപ്പം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും. അതെ ആര്‍ഭാടങ്ങള്‍ ഇല്ലാതെ, തിരക്കുകള്‍ ഇല്ലാതെ ജസ്റ്റിസ് ചെലമേശ്വര്‍ കോടതിയുടെ പടി ഇറങ്ങി.

***************************

‘അങ്ങയുടെ ഛായാചിത്രം ഈ കോടതി മുറിയില്‍ വൈകാതെ വരും’

ഇന്ത്യന്‍ ജുഡീഷ്യറിയിലെ പൊട്ടിതെറികളുടെ പ്രഭവ കേന്ദ്രം ആയ രണ്ടാം നമ്പര്‍ കോടതിയില്‍ ഇന്നലെ ആയിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങല്‍ ചടങ്ങ്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ആയിരുന്നു ജസ്റ്റിസ് ചെലമേശ്വറിന് ഒപ്പം ബെഞ്ചില്‍ ഉണ്ടായിരുന്നത്. അവസാനത്തെ കേസിലെ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങി. ഇന്നാണ് ജസ്റ്റിസ് ചെലമേശ്വറിന് ഒപ്പം ഇരിക്കുന്ന അവസാന ദിനം. തുടര്‍ന്ന് ഉള്ള വാക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ ജസ്റ്റിസ് കൗളിനെ ജസ്റ്റിസ് ചെലമേശ്വര്‍ അനുവദിച്ചില്ല. അത്രയ്ക്ക് വികാരപരമായി ഇരുവരും.

ജസ്റ്റിസ് ചെലമേശ്വറിനോട് ഉള്ള നന്ദി രേഖപ്പെടുത്താന്‍ സീനിയര്‍ അഭിഭാഷകനും മുന്‍ നിയമമന്ത്രിയും ആയ ശാന്തി ഭൂഷണ്‍ ഇന്നലെ വളരെ നേരത്തെ തന്നെ രണ്ടാം നമ്പര്‍ കോടതിയില്‍ എത്തിയിരുന്നു. ജസ്റ്റിസ് കൗളിന്റെ വൈകാരികമായ വാക്കുകള്‍ക്ക് ശേഷം ശാന്തി ഭൂഷണ്‍ തുടങ്ങി. ജസ്റ്റിസ് എച്ച് ആര്‍ ഖന്ന രണ്ടാം നമ്പര്‍ കോടതിയില്‍ ഇരുന്നാണ് കേസ്സുകള്‍ കേട്ടിരുന്നത്. ജസ്റ്റിസ് ഖന്ന വിരമിച്ചതും ഈ മുറിയില്‍ നിന്നാണ്. ജസ്റ്റിസ് ഖന്നയുടെ ഛായാചിത്രം ഈ മുറിയില്‍ ഉണ്ട്. വൈകാതെ അങ്ങയുടെ ഛായാചിത്രവും ഈ കോടതി മുറിയില്‍ എത്തും. ശാന്തി ഭൂഷണ് ശേഷം സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി രണ്ട് വാക്കുകളില്‍ ഒതുങ്ങി.

In the last 6 years and 10 months if I have been angry and unreasonable, it was not intentional and not because I had anything personal against anyone. It is only because of the lack of preparation or such reasons. I apologise if I hurt anyone’s feelings.

*************************
‘ഏകാധിപതികള്‍ സ്വാതന്ത്ര്യം അനുവദിച്ചാല്‍ പോലും ഭീരുക്കള്‍ക്കും വിധേയന്മാര്‍ക്കും അത് ലഭിക്കില്ല’

സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ യാത്ര അയപ്പ് ചടങ്ങ് വേണ്ട എന്ന് വ്യക്തമാക്കിയിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍ എന്നാല്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയിലെ ലോയേഴ്‌സ് കളക്റ്റീവ് നടത്തിയ ചടങ്ങില്‍ പങ്കെടുത്തു. ആ ചടങ്ങില്‍ ജസ്റ്റിസ് ചെലമേശ്വര്‍ നടത്തിയ പ്രസംഗത്തിലെ പ്രധാന ഭാഗം ഇങ്ങനെ

‘ജീവിതത്തിലെ ഒരു അധ്യായം ഇന്ന് അവസാനിച്ചു. കഴിഞ്ഞ 40 വര്‍ഷം ആയി ഭരണഘടനയെ സംബന്ധിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ജനാധിപത്യപരമായ സ്വാതന്ത്ര്യം ധീരന്മാര്‍ക്ക് ഉള്ളത് ആണെന്നാണ് തോന്നിയിട്ടുള്ളത്. ഏകാധിപതികള്‍ സ്വാതന്ത്ര്യം അനുവദിച്ചാല്‍ പോലും ഭീരുക്കള്‍ക്കും വിധേയന്മാര്‍ക്കും അത് ലഭിക്കില്ല. പലരും എന്നോട് ചോദിക്കാറുണ്ട് ജഡ്ജിമാര്‍ വാര്‍ത്ത സമ്മേളനം നടത്തിയത് എന്തിന് വേണ്ടി ആണ്? എന്നാല്‍ ജഡ്ജിമാര്‍ വാര്‍ത്തസമ്മേളനം നടത്തുന്നത് തെറ്റ് ആണെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ? എനിക്ക് എതിരെ വ്യക്തിപരമായ ആക്രമണം ഉണ്ടാകും എന്ന് വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ അറിയാമായിരുന്നു. അനുഭവസമ്പത്ത് ഇല്ലാത്തവന്‍ അല്ല ഞാന്‍. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും. വ്യവസ്ഥാപിതം ആയ സ്ഥാപനങ്ങള്‍ ആ ചോദ്യങ്ങള്‍ ലാഘവത്തോടെ കാണില്ല. ചില മുന്‍ ജഡ്ജിമാര്‍ വിളിച്ച് അവര്‍ എന്നെ ആരാധിക്കുന്നതായി പറയുമ്പോള്‍ ഞാന്‍ അവരോട് തുറന്ന് സംസാരിക്കണം എന്ന് ആവശ്യപ്പെടും. തെറ്റ് നടക്കുന്നു എന്ന് അറിഞ്ഞാല്‍, നിങ്ങള്‍ അതിനെ ചോദ്യം ചെയ്യണം’.

ജസ്റ്റിസ് ചെലമേശ്വറിന്റെ പ്രസംഗം അവസാനിച്ചപ്പോള്‍ ഹാളില്‍ ഉണ്ടായിരുന്ന അഭിഭാഷകര്‍ ഹര്‍ഷാരവത്തോടെ എണീറ്റ് നിന്ന് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു.

********************

ഈ മൂന്ന് സന്ദര്‍ഭങ്ങളിലും ഞാന്‍ ഇല്ലായിരുന്നു. പക്ഷേ ഓരോ സന്ദര്‍ഭത്തെ കുറിച്ചും അവിടെ സന്നിഹിതര്‍ ആയിരുന്ന ചുരുങ്ങിയത് നാലോ അഞ്ചോ പേരില്‍ നിന്ന് വിവരം എടുത്ത ശേഷം ആണ് ഈ പോസ്റ്റ് തയ്യാര്‍ ആക്കിയത്. ഇന്ന് തന്നെ ഇത് എഴുതിയില്ലെങ്കില്‍ അത് ഒരു കടമായി കിടക്കും.

കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം എനിക്ക് സമ്മാനിച്ച നഷ്ട്ടം ആണ് ഈ ചരിത്ര സന്ദര്‍ഭങ്ങളിലെ സാന്നിധ്യം.

ഒരു വാക്ക് കൂടി പറഞ്ഞോട്ടെ. സുപ്രീം കോടതി ജഡ്ജി ആയി ചുമതല ഏറ്റെടുത്ത ആദ്യ കുറെ മാസങ്ങള്‍ ജസ്റ്റിസ് ചെലമേശ്വറും കുടുംബവും താമസിച്ചിരുന്നത് കേരള ഹൗസില്‍ ആയിരുന്നു. അന്ന് ആണ് ജസ്റ്റിസ് ചെലമേശ്വറിനെ ആദ്യമായി പരിചയപ്പെടുന്നത്”.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍