UPDATES

ട്രെന്‍ഡിങ്ങ്

വീടിനകത്ത് കുത്തിയിരുന്ന് മൊബൈലില്‍ സാഹിത്യം ചമയ്ക്കുന്ന പോലെയല്ല പുറത്തിറങ്ങി പണിയെടുക്കുന്ന ജേര്‍ണലിസ്റ്റ്

ഉരുൾ പൊട്ടലിൽ വിക്ടർ ഒലിച്ചു പോയ കാലത്ത് സാമൂഹ്യമാധ്യമങ്ങൾ ഇല്ലാതിരുന്നതു ഭാഗ്യം!

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ വെള്ളപ്പൊക്കം റിപ്പോർട്ടിങ്ങിനിടയിൽ മാതൃഭൂമി സംഘത്തിനുണ്ടായ ദുരന്തം മാധ്യമങ്ങളുടെ സെൻസേഷണലിസത്തിന്റെയും, കോർപറേറ്റ് മാധ്യമങ്ങൾക്കിടയിലുള്ള കിടമത്സരത്തിന്റെയും ബാക്കി പത്രമാണെന്ന ആരോപണം രൂക്ഷമായിരിക്കുകയാണ്. എന്നാൽ സ്പോട്ട് റിപ്പോട്ടിങ് എന്നത് അത്യന്തം ശ്രമകരമായ ഒരു ദൗത്യം ആണെന്ന വസ്തുത കണ്ടില്ലെന്നു നടിച്ചു കൂടാ. മാധ്യമപ്രവർത്തനമെന്നാൽ ശീതീകരിച്ച സ്റ്റുഡിയോവിൽ കോട്ടിട്ടിരിക്കുന്നതു മാത്രമാണെന്ന് കരുതുന്ന ലളിതബുദ്ധികളോട് മാധ്യമ പ്രവർത്തക രേണു രാമനാഥ് പറയുന്നു….

വെള്ളപ്പൊക്കം റിപ്പോർട്ടിങ്ങിനിടയിൽ മാതൃഭൂമി സംഘത്തിനുണ്ടായ ദുരന്തം മാധ്യമങ്ങളുടെ അനാവശ്യമത്സരം മൂലമാണ്, വേണ്ടത്ര സുരക്ഷാനടപടികൾ സ്വീകരിക്കാമായിരുന്നു, അതിസാഹസികത മൂലമാണ്, വെള്ളപ്പൊക്കം കാണിക്കാൻ വെള്ളത്തിൽ മുങ്ങിക്കിടക്കണോ തുടങ്ങിയ ബാലിശമായ ചോദ്യങ്ങൾ തലങ്ങും വെലങ്ങും പറക്കുകയാണല്ലോ. ചോദ്യകർത്താക്കളുടെ അറിവിലേക്കായി ഒന്നു പറയട്ടെ – സാഹസികത കാണിക്കുന്നവരായതു കൊണ്ടു മാത്രമാണു മാധ്യമപ്രവർത്തകരിൽ ഒരു 99 ശതമാനവും ഈ പണിക്കിറങ്ങിപ്പുറപ്പെടുന്നത്. അല്ലാത്തവർ ഒരു ആറു മാസത്തിനകം, മിക്കവാറും ട്രെയിനിങ് സമയം മുഴുവനാക്കാതെ തന്നെ, എല്ലാത്തരത്തിലും സുരക്ഷിതത്വം കൂടുതലുള്ള തൊഴിലുകളിലേക്ക് മാറിയിരിക്കും. വീടിനകത്ത് കുത്തിയിരുന്ന് മൊബൈൽ സ്ക്രീനിൽ സാഹിത്യം ചമയ്ക്കുന്നതു പോലെയല്ല സ്പോട്ട് റിപ്പോർട്ടിങ്. സാഹസികതയില്ലെങ്കിൽ ഈ തൊഴിൽ ഇല്ല എന്നതു തന്നെ.

മാധ്യമപ്രവർത്തനമെന്നാൽ ശീതീകരിച്ച സ്റ്റുഡിയോവിൽ കോട്ടിട്ടിരിക്കുന്നതു മാത്രമാണെന്ന് കരുതുന്ന ലളിത ബുദ്ധികൾക്ക് കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങുകയല്ല, വീഴുകയും ചെയ്യും എന്നത് മനസ്സിലാവില്ല. ഒരു വർഷക്കാലത്ത് ഹിന്ദുവിന്റെ കൊച്ചിയിലെ ഫോട്ടോഗ്രാഫർ മഹേഷ് ഹരിലാൽ, ടൗൺഹാളിന്റെ പരിസരത്തുള്ള ഒരു കുഴിയിൽ വീണു. ഏതാണ്ട് ആറടി ഉയരമുണ്ടായിരുന്നതു കൊണ്ടു മാത്രം മുങ്ങിച്ചാവാതെ രക്ഷപ്പെട്ടു. മുട്ടൊപ്പം വെള്ളത്തിൽ മറഞ്ഞുകിടന്നിരുന്ന ഓടയുടെ വിടവിലേക്കായിരുന്നു വീണത്.

തൃശൂർ എക്സ്പ്രസിലെ (ആയിരുന്നെന്നാണു ഓർമ്മ, അല്ലെങ്കിൽ തിരുത്തുമല്ലോ) ഫോട്ടോഗ്രാഫർ പ്രദീപ് പലപ്പോഴും നാട്ടിലിറങ്ങുന്ന പുലികളുടെ ഫോട്ടോ എടുക്കാൻ ചെന്ന് പുലിയുടെ മാന്തും കിട്ടി രക്ഷപ്പെട്ടു പോന്ന ജന്മമായിരുന്നു. പുലിമാന്തിപ്രദീപ് എന്ന് സഹപ്രവർത്തകർ വിളിക്കാറുണ്ട്.

ചെന്നൈയിൽ വെള്ളപ്പൊക്കവും കൊടുങ്കാറ്റുമുണ്ടായ സമയത്ത് റിപ്പോർട്ട് ചെയ്യാനിറങ്ങിയ ഇന്ത്യാ ടുഡേ ചാനൽ സംഘത്തിൽ എന്റെ ബന്ധു കൂടിയായ അക്ഷയാ നാഥ് ഉണ്ടായിരുന്നു. മുമ്പിലും പിന്നിലും മരങ്ങൾ വീണു വഴി മുടങ്ങി ഓ.ബി. വാനിനകത്ത് പത്തു മണിക്കൂറോളം കുടുങ്ങിപ്പോയ അക്ഷയ, മൊബൈൽ ഫോണിലൂടെ റിപ്പോർട്ടുകൾ അയച്ചു കൊണ്ടിരുന്നു. അവസാനം പുറത്തിറങ്ങി കിലോമീറ്ററുകൾ നടന്നാണ് സംഘം സുരക്ഷിതസ്ഥാനത്തെത്തിയത്.

ഇപ്പോൾ മാതൃഭൂമിയുടെ കോഴിക്കോട് ബ്യൂറോയിലുള്ള കെ. മധു പണ്ട് ജീവൻ ടിവിയുള്ളപ്പോൾ, തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം ലൈവ് ചെയ്യുന്നതിനിടയിൽ കനത്ത മഴയും ഇടിമിന്നലും വന്ന് പൂരംതന്നെ നിർത്തിവെക്കേണ്ടി വന്ന സമയത്ത് ഇടിമിന്നലേറ്റ് തെറിച്ചു വീണു. ഇതൊന്നും വലിയ സംഭവമായി മാധ്യമപ്രവർത്തകർ പറഞ്ഞു നടക്കാറില്ല. സുഹൃത്തുക്കളുടെ ഇടയിൽ പറയുന്ന കഥകൾ മാത്രം. ഇതെല്ലാം മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാണ്. ഇതിനൊന്നും ധൈര്യമില്ലാത്തവർ ഈ വഴിക്കു വരേണ്ട എന്നാണ് ജേര്‍ണലിസം ക്ലാസുകളിൽ ആദ്യം പഠിക്കുന്ന പാഠവും. ഉരുൾ പൊട്ടലിൽ വിക്ടർ ഒലിച്ചു പോയ കാലത്ത് സാമൂഹ്യമാധ്യമങ്ങൾ ഇല്ലാതിരുന്നതു ഭാഗ്യം!

ഈ തൊഴിൽമേഖലയ്ക്കകത്ത് അദൃശ്യമായൊരു പാരസ്പര്യമുണ്ട്. മുഴുവൻ സമയ മാധ്യമപ്രവർത്തനത്തിൽ നിന്നു വിട്ടു നിൽക്കുന്നവരെയും, നേരിട്ടു പരസ്പരം കണ്ടീട്ടില്ലാത്ത പുതുതലമുറ മാധ്യമപ്രവർത്തരെയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സാഹോദര്യം. ഈ പാരസ്പര്യം അറിയുന്നവർക്കേ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ ഒബിറ്റ് എഴുതേണ്ടി വരിക എന്നത് എന്താണെന്ന് മനസ്സിലാവൂ.

(രേണു രാമനാഥ് ഫേസ്ബുക്കില്‍ എഴുതിയത്)

കുട്ടനാട്ടിലെ വെള്ളപ്പൊക്കം, കൃഷി, കര്‍ഷകര്‍, കാര്‍ഷിക വകുപ്പ്; എവിടെയാണ് പാളിച്ചകള്‍?

തായ്‌ ഗുഹാമുഖത്തെ മുരളി തുമ്മാരുകുടിമാര്‍

രേണു രാമനാഥ്

രേണു രാമനാഥ്

ജേര്‍ണലിസ്റ്റ്, കലാ, സാംസ്കാരിക, നാടക പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍