UPDATES

ട്രെന്‍ഡിങ്ങ്

പ്രണബ് വെറുമൊരു പേരല്ല; അത് 70-കള്‍ക്ക് ശേഷമുള്ള കോണ്‍ഗ്രസ് ചരിത്രമാണ്

കോണ്‍ഗ്രസും ഒരു പശുവും ചേർന്നാൽ ബിജെപിയായി എന്നു പറഞ്ഞത് അരുൺ ഷൂരിയാണ്. യഥാർത്ഥത്തിൽ കോണ്‍ഗ്രസില്‍ നിന്ന് നെഹ്രു പോയാൽ അത് ബിജെപിയായി എന്നതാണ് സത്യം. 

പ്രണബ് കുമാർ മുഖർജി. സ്വതന്ത്ര ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതി. സ്വാതന്ത്ര്യസമര സേനാനിയും എഐസിസി അംഗവുമായിരുന്ന കമദ കിങ്കർ മുഖർജിയുടെ മകനായി ജനനം. 1969-ലെ തെരഞ്ഞെടുപ്പിൽ പശ്ചിമ മിഡ്‌നാപുരിൽ വി.കെ കൃഷ്ണമേനോന്റെ ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക്. ആ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ തുടർന്നിങ്ങോട്ട് ഇന്ദിര ഗാന്ധിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും സഹചാരിയും.

1969ൽ രാജ്യസഭാംഗമായാണ് പാർലമെന്ററി രംഗത്തേക്കുള്ള പ്രവേശനം. 1973ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. പിന്നീട് ഇന്ദിര മന്ത്രിസഭയിൽ ധനമന്ത്രിയായ അദ്ദേഹം കേന്ദ്ര സർക്കാറിൽ മാത്രമല്ല, കോൺഗ്രസിന്റെ രാഷ്ട്രീയ നയരൂപവത്കരണത്തിന്റെയും മുഖ്യസൂത്രധാരനായി. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയുടെ കൂടെ ഉറച്ചു നിന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രി. 1980-1985 സമയത്ത് രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ്. ഇന്ദിരക്ക് ശേഷം രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് കരുതിയെങ്കിലും നടന്നത് കോണ്‍ഗ്രസില്‍  നിന്ന് തെറ്റിപ്പിരിഞ്ഞു രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ് എന്നൊരു പാർട്ടി രൂപീകരിക്കൽ. വീണ്ടും തിരിച്ചുവന്ന് രാജീവുമായി സന്ധി ചേർന്ന് നരസിംഹ റാവു കാലത്ത് ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ.

സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് കൊണ്ടുവന്നതിന് പിന്നിലെ ബുദ്ധി കേന്ദ്രം. 2004 ലെ ഒന്നാം യുപിഎയിലെ മന്ത്രിസ്ഥാനം മുതൽ 2012ൽ രാഷ്ട്രപതി കാന്‍ഡിഡേറ്റായി മത്സരിക്കാൻ സ്ഥാനം രാജി വയ്ക്കും വരെ മൻമോഹൻ മന്ത്രിസഭകളിലെ രണ്ടാമൻ. കോണ്‍ഗ്രസ് ഹൈക്കമാന്റിൽ നെഹ്റു കുടുംബം കഴിഞ്ഞാൽ ഏറ്റവും വലിയ കമാന്റിങ് പവർ. വിദേശകാര്യം, പ്രതിരോധം, ധനകാര്യം തുടങ്ങി സുപ്രധാന പദവികൾ വഹിച്ച പാർലമെന്ററി രാഷ്ട്രീയ ചരിത്രം. മകൻ പശ്ചിമ ബംഗാളിൽ നിന്നുള്ള കോണ്‍ഗ്രസ് എംഎൽഎ അഭിജിത് മുഖർജി – ഏകദേശം ഇത്രയുമാണ് പ്രണബ് മുഖർജി എന്ന കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ ചരിത്രത്തിന്‍റെ സംഗ്രഹം. എഐസിസി മെമ്പർ ആയിരുന്ന പിതാവിൽ തുടങ്ങി കോണ്‍ഗ്രസ് ടിക്കറ്റിൽ എംഎൽഎയാക്കിയ മകൻ വരെയുള്ള ‘പരിപൂർണ കോണ്‍ഗ്രസ്  ജീവിതം’.

പ്രണബ് മുഖർജി ‘രാഷ്ട്രത്തിന്റെ വീരപുത്രൻ’ എന്നു വിശേഷിപ്പിച്ച കെബി ഹെഡ്ഗേവാറും കൂട്ടാളികളും ഇറ്റലിയിൽ നിന്ന് മുസോളിനിയുടെ അനുഗ്രഹാശിസുകളോടെ 1925 മാർച്ചിൽ ഒരു വിജയദശമി ദിനത്തിൽ സ്ഥാപിച്ച് ആദ്യ സർസംഘചാലകായി അവരോധിക്കപ്പെട്ട ആ സംഘടനയാണ് ഇന്ന് രാജ്യത്ത് കെട്ടിത്തൂക്കിയും വെട്ടി അരിഞ്ഞും അടിച്ചു കൊന്നും കലാപങ്ങളായ കലാപങ്ങൾ നടത്തിയും വളർന്നു പന്തലിച്ചു സർവ്വനാശം വിതയ്ക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഭാരത സർക്കാർ മൂന്ന് തവണ ആർഎസ്എസിനെ നിരോധിക്കുകയുണ്ടായി. അതിലൊന്ന് പ്രണബ് മുഖർജിയുടെ പാർട്ടിയുടെ നേതാവും രാജ്യത്തിന്റെ രാഷ്ട്രപിതാവുമായ എംകെ ഗാന്ധിയുടെ വധത്തെ തുടർന്നാണ്. 2025 നൂറാം വാർഷികമാഘോഷിക്കാൻ പോകുന്ന ആ സംഘടന ഒരേയൊരു ലക്ഷ്യമാണ് ആഘോഷങ്ങൾക്കായി കാത്തുവച്ചിരിക്കുന്നത്. അത് ഇന്ത്യയെ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തോടെയാവുക എന്നുള്ളതാണ്.

അധികാരമെന്ന പ്രത്യയശാസ്ത്ര സംസ്ഥാപനത്തിനായി എങ്ങോട്ടും ഒടിയുന്നതും വളയുന്നതുമായ അയവാർന്ന ആൾക്കൂട്ടമാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്. രാഷ്ട്രീയപാർട്ടി എന്നതൊക്കെ പാർലിമെന്ററി വ്യവസ്ഥ അവർക്ക് പ്രദാനം ചെയ്ത ആഡംബരമാണ്. കോണ്‍ഗ്രസും ഒരു പശുവും ചേർന്നാൽ ബിജെപിയായി എന്നു പറഞ്ഞത് അരുൺ ഷൂരിയാണ്. യഥാർത്ഥത്തിൽ കോണ്‍ഗ്രസില്‍ നിന്ന് നെഹ്രു പോയാൽ അത് ബിജെപിയായി എന്നതാണ് സത്യം.

നിയമസഭ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഷർട്ട് ഊരി തെരുവിൽ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുതൽ ഇപ്പോൾ രാജ്യസഭ സീറ്റിന്റെ പേരിൽ സ്വന്തം നേതാക്കളുടെ കോലം കത്തിക്കുന്ന കെ എസ് യു വരെ ആ ഒരു അധികാര രാഷ്ട്രീയത്തിന്റെ കണ്ണിയുടെ ഭാഗമാവാനല്ലാതെ കമ്മിറ്റഡായ ഏതെങ്കിലും പൊളിറ്റിക്കൽ മൂവ്മെന്റിന്റെ ഭാഗമായതായി ആർക്കും അറിവുണ്ടാവില്ല. അതിന്റെ ആവശ്യവും അവർക്കില്ല. ദാണ്ടെ, കെ സുധാരകരനെ വിളിച്ചു കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് കുറേ യൂത്ത് കോണ്‍ഗ്രസുകാർ തിരുവനന്തപുരത്ത് ഫ്‌ളക്‌സ്‌ വെച്ചിരുന്നത്. അവരാ ഫ്ലക്സടിക്കുന്ന സമയത്ത് സുധാകരൻ ബിജെപിയുമായി വില പേശുകയായിരുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നയാൾ പറയുന്നു.

പ്രണബിനെ നാഗ്പൂരില്‍ എത്തിക്കുന്നതിന് പിന്നില്‍ ബോംബെ ക്ലബ്? ലക്ഷ്യം മോദി-ഷാ?

ദേശീയ പ്രസ്ഥാനത്തിന്റെ ഓർമ്മകൾ നിർമ്മാണം ചെയ്ത സാംസ്കാരിക മേൽക്കോയ്മയുടെ പുറത്ത് കെട്ടി പൊങ്ങിയ മൃദുലമോ തീവ്രമോ ആയ ഹിന്ദുത്വ സംസ്കാരികതയുടെ ദേശീയതാ ബോധവും പകരം വെക്കാൻ ഇടയില്ലാതിരുന്ന അധികാര സുരക്ഷിതത്വവുമാണ് ആ ആൾക്കൂട്ടത്തെ സ്വാതന്ത്ര്യാനന്തരം വർഷങ്ങളോളം കോണ്‍ഗ്രസ് എന്ന പേരിൽ പിടിച്ചു നിർത്തിയത്. നെഹ്റു ആ ഒഴുക്കിന്റെ ദിശയ്ക്ക് ഒരു രാഷ്ട്രീയ രൂപം നൽകിയിരുന്നു എന്ന് മാത്രം. നെഹ്രുവിന്റെ കാലശേഷം ആ ധാരയെ കൈവിട്ട ആ ആൾക്കൂട്ടത്തിന്റെ സ്വാഭാവിക സ്ഥാനം തന്നെയാണ് സാമ്പത്തികവും-സാമൂഹികവും-അധികാരപരവുമായ നയസമീപനങ്ങളിൽ ബിജെപി എന്നുള്ളത്. ഇന്നുമവർ കോണ്‍ഗ്രസ് തന്നെയാണ്. മറ്റൊരു പേരിൽ എന്നു മാത്രം. ഐഡിയോളജിക്കലി സംയോജിക്കപ്പെടാത്ത ആൾക്കൂട്ടം കേവലം താൽപ്പര്യങ്ങൾ മാത്രമാണ്.

ഒരുകാലത്ത് കോണ്‍ഗ്രസ്  പാർട്ടിയിലെ മധ്യ വലത് ലിബറൽ പക്ഷത്തിലെ പ്രധാനിയായിരുന്നു പ്രണബ് മുഖർജി. തന്റെ ജീവിതത്തിന്റെ മുക്കാൽ പങ്കും കോണ്‍ഗ്രസ് പാർട്ടിയിലൂടെ ഏതാണ്ട് സകലമാന സ്ഥാനങ്ങളും വഹിച്ചു രാജ്യത്തിന്റെ പ്രഥമ പൗര പദവിയിലെത്തിയ മനുഷ്യൻ. ആ മുഖർജിക്ക് ഇന്ന് വെറുക്കപ്പെടേണ്ട ആർഎസ്എസ് സ്ഥാപകൻ രാഷ്ട്രത്തിന്റെ പ്രിയപ്പെട്ട വീരപുത്രനാകുന്നു. പ്രണബ് എന്നത് വെറുമൊരു പേരല്ല. എഴുപത് മുതൽ ഇങ്ങോട്ടുള്ള കോണ്‍ഗ്രസ് പാർട്ടിയുടെ ചരിത്രം കൂടിയാണ്.

(ശ്രീകാന്ത് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് കെണിയില്‍? മൂന്നാം മുന്നണി മോഹം പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടോ?

പ്രണബിനെ പോലെ നാഗ്പൂരിലേക്ക് കച്ച മുറുക്കുന്ന കോണ്‍ഗ്രസ്സുകാര്‍ വായിച്ചറിയാന്‍

മകളുടെ വാക്കുകള്‍ അച്ചട്ടായി; പ്രസംഗിച്ചു മണിക്കൂറുകള്‍ക്കകം ആര്‍എസ്എസ് തൊപ്പിയിട്ട പ്രണബിന്റെ വ്യാജ ചിത്രങ്ങള്‍ പുറത്ത്

രാജ്മോഹൻ ഉണ്ണിത്താൻ പറയുന്ന രാഷ്ട്രീയം പോലും ആ പാർട്ടിക്കാർക്ക് മനസിലാകുന്നില്ലല്ലോ!

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍