UPDATES

ട്രെന്‍ഡിങ്ങ്

യാതനകളുടെ കടൽ നീന്തി വന്ന കുഞ്ഞായിരുന്നു അവന്‍: അഭിമന്യുവിനെ കുറിച്ച് സുനിൽ പി ഇളയിടത്തിന്റെ ഹൃദയസ്പൃക്കായ കുറിപ്പ്

മഹാരാജാസിന്റെ വരാന്തയിലൂടെ വെള്ള ഷർട്ടും ചുവന്ന കരയുള്ള വെളുത്ത മുണ്ടും ധരിച്ച്, ചിരിയോടെ പ്രസാദപൂർണ്ണം നടന്നു വരുന്ന അവന്റെ ചിത്രം ഞാൻ ഒരുപാടു നേരം നോക്കിയിരുന്നു. ഇങ്ങനെ തന്നെയാണ് മൂന്നു പതിറ്റാണ്ടു മുൻപ് ഞങ്ങൾ പലരും അതിലൂടെ നടന്നത്

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകനും, എഴുത്തുകാരനുമായ സുനിൽ പി ഇളയിടം. അഭിമന്യുവിന്റെ ചലനമറ്റ ശരീരം സാക്ഷിയാക്കി “നാൻ പെറ്റ മകനേ” എന്ന് വിളിച്ചു കൊണ്ട് അഭിമന്യുവിന്റെ അമ്മയുടെ കരച്ചിൽ കേരളം സമൂഹത്തിന്റെ ആകെ നൊമ്പരം ആയി മാറി കഴിഞ്ഞിരുന്നു. നാൻ പെറ്റ മകനേ, എൻ കിളിയേ എന്നെഴുതിയാണ് സുനിൽ പി ഇളയിടവും തന്റെ കുറിപ്പ് ആരംഭിച്ചത്.

“രണ്ടു ദിവസമായി തലയിൽ ഇരമ്പുന്നത്, മുള ചിന്തുന്നതു പോലെ, നെഞ്ചുകീറി വരുന്ന ഈ കരച്ചിലാണ്. ഇപ്പോഴും അത് അടങ്ങിയിട്ടില്ല. ഒരമ്മയുടെ കെട്ടടങ്ങാത്ത കരച്ചിൽ. ‘നാൻ പറ്റ മകനേ… എൻ തങ്കമേ.’ തിങ്കളാഴ്ച രാവിലെ ഒരു യാത്രയിലായിരുന്നു. പുറപ്പെടുന്നതിന് അൽപ്പം മുൻപാണ് മഹാരാജാസിലെ കൊലയെക്കുറിച്ച് അറിഞ്ഞത്. അഭിമന്യുവിനെ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കുത്തിക്കൊന്നു എന്ന്. കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. യാത്രയിൽ പിന്നെ വിവരങ്ങൾ കിട്ടുമായിരുന്നില്ല.ഉച്ചയ്ക്ക് മൊബൈലിൽ സിഗ്നൽ വന്നപ്പോൾ നോക്കി. അപ്പോഴേക്കും അതിൽ അഭിമന്യുവിന്റെ വിവരങ്ങൾ വന്നു നിറഞ്ഞിരുന്നു.” അദ്ദേഹം തന്റെ ഫെയ്സ്ബൂക് പോസ്റ്റിൽ കുറിച്ചു.

സുനിൽ പി ഇളയിടത്തിന്റെ ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം.

“നാൻ പെറ്റ മകനേ…
എൻ കിളിയേ…. ”

രണ്ടു ദിവസമായി തലയിൽ ഇരമ്പുന്നത്, മുള ചിന്തുന്നതു പോലെ, നെഞ്ചുകീറി വരുന്ന ഈ കരച്ചിലാണ്. ഇപ്പോഴും അത് അടങ്ങിയിട്ടില്ല.

ഒരമ്മയുടെ കെട്ടടങ്ങാത്ത കരച്ചിൽ…
“നാൻ പറ്റ മകനേ… എൻ തങ്കമേ….”

തിങ്കളാഴ്ച രാവിലെ ഒരു യാത്രയിലായിരുന്നു. പുറപ്പെടുന്നതിന് അൽപ്പം മുൻപാണ് മഹാരാജാസിലെ കൊലയെക്കുറിച്ച് അറിഞ്ഞത്. അഭിമന്യുവിനെ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കുത്തിക്കൊന്നു എന്ന്. കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. യാത്രയിൽ പിന്നെ വിവരങ്ങൾ കിട്ടുമായിരുന്നില്ല. ഉച്ചയ്ക്ക് മൊബൈലിൽ സിഗ്നൽ വന്നപ്പോൾ നോക്കി. അപ്പോഴേക്കും അതിൽ അഭിമന്യുവിന്റെ വിവരങ്ങൾ വന്നു നിറഞ്ഞിരുന്നു.

Also Read: സൈമണ്‍ ബ്രിട്ടോ/അഭിമുഖം: അഭിമന്യുവിന്റെ കൊലപാതകം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണ്

മഹാരാജാസിന്റെ വരാന്തയിലൂടെ വെള്ള ഷർട്ടും ചുവന്ന കരയുള്ള വെളുത്ത മുണ്ടും ധരിച്ച്, ചിരിയോടെ പ്രസാദപൂർണ്ണം നടന്നു വരുന്ന അവന്റെ ചിത്രം ഞാൻ ഒരുപാടു നേരം നോക്കിയിരുന്നു. ഇങ്ങനെ തന്നെയാണ് മൂന്നു പതിറ്റാണ്ടു മുൻപ് ഞങ്ങൾ പലരും അതിലൂടെ നടന്നത്. അഭിമന്യുവിന്റെ ചിത്രത്തിൽ എനിക്ക് എന്നെ കാണാമായിരുന്നു. ഞങ്ങൾ ഒരുപാടു പേരെ കാണാമായിരുന്നു. പക്ഷേ, വട്ടവടയിലെ, അഞ്ചു പേർ ഒരുമിച്ചു പാർക്കുന്ന, ഒരു ഇരുട്ടുമുറിയിൽ നിന്ന് മഹാരാജാസിലെ ക്ലാസ്മുറികളിലേക്ക്, ഏതെല്ലാമോ ചരക്കുവണ്ടികളുടെ മുകളിലിരുന്ന്, അവൻ താണ്ടിയ ജീവിതദൂരം ഇക്കാലമത്രയും കൊണ്ട് ഞാൻ സഞ്ചരിച്ച ദൂരത്തേക്കാൾ, ഞങ്ങൾ പലരും സഞ്ചരിച്ച ദൂരത്തേക്കാൾ, എത്രയോ വലുതാണ്. യാതനകളുടെ കടൽ നീന്തി വന്ന കുഞ്ഞായിരുന്നു അവൻ. നമ്മൾ എത്രയോ പേരുടെ ജീവിതത്തേക്കാൾ വിലയേറിയതായിരുന്നു ആ ജീവിതം. അതിനെയാണ് മതഭീകരവാദികൾ ഒറ്റ ക്കുത്തിനു് കൊന്നൊടുക്കിയത്.

പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട്, എസ്.ഡി.പി.ഐ… ഇങ്ങനെ പല പേരുകളിൽ വരുന്നത് ഒന്നു തന്നെയാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ മതഭീകരവാദം. പുറമേ മനുഷ്യാവകാശം മുതൽ പരിസ്ഥിതി പ്രവർത്തനം വരെ പല വേഷങ്ങളിലെത്തുന്ന മതഭീകരത. അതിനപ്പുറം യാതൊന്നും അതിലില്ല. ഹിന്ദുത്വത്തിന്റെ പിണിയാളുകളായി നിന്ന്, മതവിദ്വേഷം വിതച്ച്, മതനിരപേക്ഷതയെയും ഇടതുപക്ഷത്തെയും തകർക്കുക എന്നതിലുപരി യാതൊന്നും അവർ ചെയ്യുന്നുമില്ല. ഹിന്ദുത്വത്തോടല്ല; അവരുടെ പക മുഴുവൻ ഇടതുപക്ഷത്തോടും മാർക്സിസത്തോടുമാണ്. (നമ്മുടെ പല ഉത്തരാധുനിക ബുദ്ധിജീവികളെയും പോലെ.) അഭിമന്യുവിനെ അത്രമേൽ ആസൂത്രണത്തോടെ അവർ കൊന്നുകളഞ്ഞതും അതുകൊണ്ടാണ്.

അഭിമന്യു
ഒരു നിതാന്ത സമരത്തിന്റെ പേരാണ്.
നാം തുടരേണ്ട ഒരു വലിയ സമരത്തിന്റെ പേര്.

“ഒരു ദിനമെങ്കിലും പൊരുതി നിന്നോർ
അവരെത്ര നല്ലവർ
ഒരു നീണ്ട വർഷം പൊരുതി നിന്നോർ
അവരതിലേറെ നല്ലവർ
എന്നാൽ മറക്കായ്ക;
ജീവിതം മുഴുവൻ പൊരുതി നിന്നോർ
അവരത്രെ പോരിന്റെ സാരവും സത്തയും”

പ്രിയ സഖാവേ,
ലാൽസലാം!!

Read More: ഈ വീട് കണ്ടോ? ഇതായിരുന്നു അഭിമന്യുവിന്റെ വീട്…

Read More: അവന്‍ ചിരിച്ചുകൊണ്ടായിരുന്നു അവരോട് ചോദിച്ചത്, അവര്‍ പക്ഷേ, പിടിച്ചുവച്ചവനെ കുത്തിക്കൊന്നു…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍