UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ക്കും വേണ്ടാത്ത ആശയങ്ങള്‍ ഷോകേസില്‍ വയ്ക്കാം, കര്‍ണാടക തെരഞ്ഞെടുപ്പ് വെറും എന്റര്‍ടെയിനറോ?

സമൂഹത്തിന് ജനാധിപത്യത്തില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ 1992 ഡിസംബര്‍ 6ന് അവസാനിക്കേണ്ടതായിരുന്നു ബിജെപിയുടെ ചരിത്രം

കര്‍ണാടക തെരഞ്ഞെടുപ്പ് ഒരു ഗൗരവകരമായ തെരഞ്ഞെടുപ്പ് പ്രക്രിയ എന്ന നിലവാരത്തില്‍ നിന്നും കേവലമൊരു എന്റര്‍ടെയ്‌നര്‍ മാത്രമാണ് ഇന്ന്. ഒരു ത്രില്ലര്‍ കാണുന്ന ഉദ്വേഗത്തോടെയാണ് ഏവരും അതുനോക്കിക്കാണുന്നത്. ജനാധിപത്യ പ്രക്രിയ ഒരു ത്രില്ലര്‍ സിനിമയുടെ നിലവാരത്തിലേക്ക് തരം താഴുന്നതിന്റെ സാധ്യതകളും അതിന്റെ അപകടങ്ങളും പരിശോധിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ഷഫീഖ് സല്‍മാന്‍. ഷഫീഖ് സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നത്തെ ഫേസ്ബുക്ക് ഡയറി.

‘കര്‍ണാടക ഇലക്ഷന്‍ മറ്റൊരു എന്റര്‍ടെയിന്മെന്റ് ആയി മാറിയിരിക്കുന്നു. ഒരു ത്രില്ലര്‍ കാണുന്ന ഉദ്വേഗത്തോടെ നമ്മളതു കണ്ടുകൊണ്ടിരിക്കുന്നു. തമാശകള്‍, ട്രോളുകള്‍, കാര്‍ട്ടൂണുകള്‍, ചൂടന്‍ ന്യൂസ് റൂം ചര്‍ച്ചകള്‍, കവടി നിരത്തി പ്രവചനങ്ങള്‍, അനാലിസിസുകള്‍, ഒപ്പം ഒരു മേമ്പൊടിക് ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു വിഹ്വലതകളും.

ഈ ഒരു ഇക്കോചേമ്പറില്‍ നില്‍ക്കുമ്പോള്‍ എനിയ്ക്ക് അനുഭവപ്പെടുന്നത് ഇങ്ങനെയാണ്. അതിനു പുറത്തു ഇതൊന്നും ഒരു വിഷയമേയല്ല. കര്‍ണാടക ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് ബി ജെ പിയാണ്. പിന്നെ ബി ജെ പിയുടെ പിടിയില്‍ നിന്നും സ്വന്തം എം എല്‍ എ മാരെ എങ്ങനെ രക്ഷിക്കുമെന്നോര്‍ത്ത് തല കറങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസും. അങ്ങനെയുള്ളൊരു സമൂഹത്തിനു ഇതിലെന്തു താല്‍പര്യം. അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തില്‍ പണ്ടേ വലിയ വിശ്വാസമൊന്നുമില്ല. അങ്ങനെയെങ്കില്‍ 1992 ഡിസംബര്‍ 6ന് അവസാനിക്കേണ്ടതായിരുന്നു ബിജെപിയുടെ ചരിത്രം.

എന്തായാലും കുറച്ചു ദിവസം കൂടെ അങ്ങനെ പോകും. പിന്നെ, ഇതു വിട്ട്, ഇതു മറന്നു. അടുത്തതിലേയ്ക്ക്. സംഘിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇപ്പോള്‍ ഗ്യാരണ്ടി ഉള്ള ഒരു കാര്യം പ്രതിഷേധങ്ങളുടെ പരമാവധിയെക്കുറിച്ചുള്ള ധാരണയാണ്.

ഫാഷിസത്തെക്കുറിച്ചുള്ള ആര്‍തര്‍ റോസന്‍ബര്‍ഗിന്റെ വിഖ്യാതമായ പഠനത്തിലെ സുപ്രധാനമായ ഒരു വാദം, ബഹുഭൂരിപക്ഷം ജര്‍മ്മന്‍കാരും നാസികള്‍ക്ക് നല്‍കിയത് സക്രിയമായ പങ്കാളിത്തമായിരുന്നില്ല, മറിച്ച് ക്രിയാശൂന്യമായ (passive) പിന്തുണ ആയിരുന്നു എന്നതാണ്. തങ്ങളുടെ രാഷ്ട്രീയനിസ്സംഗത സൗകര്യപൂര്‍വ്വം തുടരാന്‍ വേണ്ടി അധികാരതാല്‍പര്യങ്ങള്‍ക്കു നേരെ, അതഴിച്ചുവിടുന്ന അനീതികള്‍ക്കു നേരെ കണ്ണടച്ചുകൊണ്ടും, അതിന്റെ സംസ്ഥാപനത്തില്‍ അക്രിയമായ പിന്തുണ നല്‍കിക്കൊണ്ടും, ഇരകളെ അവഗണിച്ചുകൊണ്ടും, ഫാഷിസത്തിനു വളരാന്‍ വളമിടുന്ന ഒരു കൂട്ടം മനുഷ്യരേയാണ്. അവരുടെ നിസ്സംഗതയുടെയും അവഗണനയുടേയും പാസീവ് പങ്കാളിത്തത്തിന്റേയും ഫലം, ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ നാശവും ഫാഷിസത്തിന്റെ ഉദയവും ആയിരിക്കും. താന്‍ കൂടി കാരണമാകുന്ന വംശഹത്യകളെക്കുറിച്ച് തലമുറകളോളം പേറേണ്ടി വരുന്ന കുറ്റബോധം (Guilt) ആയിരിക്കും, വൈകാരികവും ബൗദ്ധികവും രാഷ്ട്രീയപരവുമായ മരവിപ്പ് (Paralysis) അനുഭവിക്കുന്ന ഈ ഭൂരിപക്ഷത്തിന് വേണ്ടി ചരിത്രം ബാക്കിവയ്ക്കുക.

‘What did appal me was to see the vast majority of the French people turn chauvinist and to realise the depth of their racist attitude. Bost and Jacques Lanzmann … told me how the police treated the neighbourhood Algerians; there were searches, raids, and manhunts everyday; they beat them up, and overturned the vendors’ carts in the open-air market. No one made any protest, far from it…this hypocrisy, this indifference, this country, my own self, were no longer bearable to me. All those people in the streets, in open agreement or battered into a stupid submission – they were all murderers, all guilty. Myself as well.’ Force of Circumstance, Simone de Beauvoir.

അള്‍ജീരിയയില്‍ ഫ്രാന്‍സ് നടത്തിയ യുദ്ധങ്ങളോടൊപ്പം അള്‍ജീരിയക്കാര്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ഉലഞ്ഞുപോയ സിമോണ്‍ ദെ ബുവെ തന്റെ ജീവിത പങ്കാളിയായ സാര്‍ത്ര്, ക്രിട്ടിക്ക് ഓഫ് ഡയലക്റ്റിക്കല്‍ റീസണ്‍ എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ മുഴുകിയത് ആ സന്ദര്‍ഭത്തിന്റെ ഭീകരതയില്‍ നിന്നും അതു സൃഷ്ടിച്ച നിസ്സഹായതയില്‍ നിന്നും ഒളിച്ചോടാനോ അല്ലെങ്കില്‍ സ്വയം സമാധാനിപ്പിക്കാനോ ആയിരുന്നെന്ന് പറയുന്നുണ്ട്.

അതുകൊണ്ടു തന്നെ എന്റെ ചുറ്റും ഇപ്പോള്‍ നിറയുന്ന ഈ എഴുത്തുകള്‍ അര്‍ഥശൂന്യമായി തോന്നുന്നു. അതിന്റെ ആയുസ്സും അതിനു സഞ്ചരിക്കാവുന്ന ദൂരവും വളരെ പരിമിതമാണ്. അതുപോലുമില്ലെങ്കിലെന്ത് എന്നൊരു ചോദ്യം ഞാന്‍ നേരിടുമെന്നറിയാം. പക്ഷേ, ഒരുതരം നിസ്സഹായതയും നിസ്സംഗതയുമാണ് ചുറ്റിലും. അതിനെ ഭേദിക്കാന്‍ ഈ വാക്കുകളൊന്നും പോരാ. അതേറ്റെടുക്കാനുള്ള മനുഷ്യരെവിടെ എന്നാണ് ചോദ്യം. ആളുകളേറ്റെടുക്കാനില്ലാത്ത ആശയങ്ങള്‍ ഷോകേസില്‍ വയ്ക്കാന്‍ കൊള്ളാം. വേറെ ഗുണമൊന്നുമില്ല’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍