UPDATES

ട്രെന്‍ഡിങ്ങ്

കോര്‍പ്പറേറ്റ് ഭീമന് വേണ്ടി ജനങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍: തൂത്തുക്കുടിയില്‍ നടക്കുന്നത്

വേദാന്തയുടെ പ്രവര്‍ത്തനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി

ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്സസ് എന്ന കമ്പനിയുടെ കീഴിലുള്ള സ്ഥാപനത്തിനെതിരെയാണ് തൂത്തുക്കുടിയില്‍ നടക്കുന്ന സമരം. സമരത്തിന്റെ നൂറാം ദിവസമായ ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ഭീകരത ആണ്. സമര അനുകൂലികളായ 13 പേരെ ശത്രു രാജ്യത്തെ പട്ടാളക്കാരോടുള്ള മനോഭാവത്തില്‍ വെടിവെച്ചു കൊന്നിരിക്കുന്നു. വേദാന്ത എന്ന ഭീമന്‍ കമ്പനിയുടെ ചരിത്രത്തെ കുറിച്ച് യുഎഇയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വിഷ്ണു പത്മനാഭന്‍ എഴുതിയ കുറിപ്പാണ് ഇന്നത്തെ ഫെയ്‌സ്ബുക് ഡയറി.

‘ഇന്ത്യയില്‍ നടത്തുന്ന എല്ലാ വ്യവസായ സംരംഭങ്ങളും നിയമ വിരുദ്ധവും പരിസ്ഥിതി നിയമങ്ങളെ ലംഘിക്കുന്നതും തദ്ദേശീയരെ ദുരിതത്തിലാഴ്തുന്നതിനും കുപ്രസിദ്ധിയുള്ള കോര്‍പ്പറേറ്റ് ഭീമനാണ് ലണ്ടന്‍ ആസ്ഥാനമാക്കിയ അനില്‍ അഗര്‍വാള്‍ എന്ന ഇന്ത്യന്‍ വ്യവസായിയുടെ വേദാന്ത.

ഛത്തീസ്ഗഡില്‍, ഝാര്‍ഘണ്ടില്‍, ഒറീസയിലെ നിയം ഗിരിയില്‍, തൂത്തുക്കുടിയില്‍.. അങ്ങനെ വേദാന്തയുടെ നിയമ ലംഘനങ്ങളും പരിസ്ഥിതി നാശ പ്രവര്‍ത്തനങ്ങളും അതൊരു തുടര്‍ക്കഥയാണ്.

ഇന്ത്യയില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുടര്‍ന്ന് രണ്ടു രാജ്യങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനി കൂടിയാണ് വേദാന്ത. പക്ഷെ ഇന്ത്യയില്‍ എതു ഗവണ്‍മെന്റ് ആയാലും വേദാന്തയ്ക്ക് പരിപൂര്‍ണ സംരക്ഷണവും സഹകരണവും ഉണ്ട്.

വേദാന്തയുടെ തൂത്തുക്കുടിയിലെ കോപ്പര്‍ സ്‌മെല്‍ട്ടര്‍ കൊമ്പ്‌ലെക്‌സിനെതിരായ സമരത്തില്‍ ഇന്ന് പത്തിലേറെ പേര്‍ പോലീസ് നരവേട്ടയില്‍ കൊല്ലപ്പെട്ടു.

സ്റ്റെര്‍ലൈറ്റിനെതിരെയുള്ള തദ്ദേശീയരുടെ പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു ദശാബ്ദത്തിന്റെ ചരിത്രമുണ്ട്. ജനകീയ പ്രക്ഷോഭങ്ങളായും നിയമത്തിന്റെ വഴിയിലൂടെയും അധികാരികള്‍ക്ക് നിവേദനമായും ആ സമരം തദ്ദേശീയരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.

1992ല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സ്ഥാപിക്കാനിരുന്ന കോപ്പര്‍ സ്‌മെല്‍ട്ടര്‍ പ്ലാന്റ് തദ്ദേശീയരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്നത്തെ അവിടത്തെ ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്കു മാറ്റി സ്ഥാപിക്കുന്നത്. ആരംഭത്തില്‍ തന്നെ നിയമ വിരുദ്ധമായിട്ടാണ് ഈ സ്റ്റെര്‍ലൈറ്റ് അവിടെ സ്ഥാപിതമാകുന്നത്. തൂത്തുക്കുടി സംരക്ഷിത സമുദ്ര ജൈവ മേഖലയായ മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിന് സമീപമാണ് ഈ പ്ലാന്റ്. 21 കൊച്ച് ദ്വീപ സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്ക് സംരക്ഷിത ജൈവമേഖലയാണ്. കോപ്പര്‍ സ്‌മെല്‍ട്ടര്‍ പ്ലാന്റില്‍ നിന്ന് വരുന്ന സള്‍ഫര്‍ ഡയോക്‌സൈഡും ആഴ്‌സനിക്കും മറ്റ് രാസ സംയുക്തങ്ങളും മാന്നാര്‍ ഉള്‍ക്കടലിലെ സംരക്ഷിത ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെതുടര്‍ന്ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (TNPCB) നിശ്ചിത ഉപാധികളോടെയാണ് കമ്പനിക്ക് പ്രവര്‍ത്താനാനുമതി നല്‍കിയത്. വ്യവസ്ഥ പ്രകാരമുള്ള കരാറനുസരിച്ച് പ്ലാന്റ് ചുരുങ്ങിയത് മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 25 കിലോമീറ്റര്‍ നിന്ന് മാറിയായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. പക്ഷെ 1995ല്‍ തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉപാധികളെ ലംഘിച്ച് കൊണ്ട് മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍ നിന്നും 14 കിലോമീറ്റര്‍ മാത്രം അകലെ പ്ലാന്റ് സ്ഥാപിച്ചു. എല്ലായ്‌പ്പോഴും അധികാരത്തിന്റെ പിന്തുണ എല്ലാ നിയമങ്ങള്‍ക്കും അതീതമായി വേദാന്തയ്ക്കു ഒപ്പം നിലകൊണ്ടു.

കമ്പനിയുടെ മലിനീകരണ പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ മാന്നാര്‍ ഉള്‍ക്കടലിലെ ജൈവവൈവിധ്യം മാത്രമായിരുന്നില്ല തദ്ദേശീയരായ ജനങ്ങള്‍ കൂടി ഉള്‍പ്പെട്ടു. കമ്പനിയില്‍ നിന്ന് അപകടകരമാം വിധം പുറന്തള്ളുന്ന വിഷമയമായ മാലിന്യങ്ങളും അപകടകരമായ രാസ സംയുക്തങ്ങളും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെതുടര്‍ന്ന് തദ്ദേശവാസികളും മത്സ്യ ബന്ധന തൊഴിലാളികളും നടത്തിയ പ്രക്ഷോഭങ്ങള്‍ പ്ലാന്റ് പലതവണ പൂട്ടിക്കുകയുണ്ടായി. എന്നിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാര്യമായ നടപടികള്‍ എടുത്തില്ല. സുപ്രീംകോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള – Supreme Court Monitoring Committee on hazardous Waste – [SCMC]യുടെ നിരീക്ഷണത്തില്‍ അത്യന്തം ഭീതിതമായ രീതിയില്‍ ചപ്പു ചവറുകള്‍ കൂട്ടിയിടുന്നത് പോലെ ഒരു മൂലയില്‍ ഫോസ്ഫറസും ജിപ്‌സവും യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. ആഴ്‌സനിക് വേര്‍തിരിച്ചെടുക്കുന്ന രാസമാലിന്യങ്ങള്‍ ടണ്‍ കണക്കിന് മഴയിലും കാറ്റിലും തുറന്ന് കിടക്കുന്നു. അപകടകരമായ ഈ രാസമാലിന്യങ്ങള്‍ സമീപത്തെ ജലാശയത്തിലോ അന്തരീക്ഷത്തിലോ പരന്നാലുള്ള അനന്തര ഫലങ്ങള്‍ അത്യന്തം ഗുരുതരമാണ്.

1994ല്‍ ചട്ടങ്ങള്‍ ലംഘിച്ചാണെങ്കിലും 40,000 ടണ്‍ വാര്‍ഷിക ഉല്പാദന ശേഷിയുള്ള പ്ലാന്റിനായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി കൊടുത്തത്. പക്ഷെ അതുപോലും പാലിക്കാന്‍ കമ്പനി തയ്യാറായില്ല. അനുമതി കൂടാതെ തന്നെ വളരെ വേഗം ഉല്പാദന ശേഷി 70,000 ടണ്‍ ആക്കി ഉയര്‍ത്തുകയായിരുന്നു. ഇതൊന്നും രഹസ്യമായി സംഭവിച്ച കാര്യമല്ല. കമ്പനി അതിന്റെ ഓഹരിയുടമകളോട് അഭിമാനപൂര്‍വ്വം പരസ്യപ്പെടുത്തിയ കാര്യങ്ങളാണ്. പക്ഷെ എന്നിട്ടും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും എടുത്തില്ല. ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായുള്ള കരാറിന്റെയും സമുദ്ര സംരക്ഷണ നിയമത്തിന്റെയും ലംഘനമാണ് എന്നിട്ടും കമ്പനിക്ക് അതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നില്ല. 2004ല്‍ തമിഴ്‌നാട് പൊല്യൂഷന്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ യാതൊരു അറിയിപ്പുമില്ലാതെ വാര്‍ഷിക ഉത്പാദനം 1,70,000 ടണ്‍ ആക്കിയതായി കണ്ടെത്തുകയായിരുന്നു.

ഈ രണ്ടു ദശാബ്ദക്കാലം നിയമത്തിന്റെ, നീതിയുടെ വഴികളില്‍ പരിസ്ഥിതി വാദികളും തദ്ദേശീയരും അലഞ്ഞതിനു കണക്കുണ്ടാവില്ല. ഓരോ തവണയും കോടതിവിധികളും പ്രത്യേക പഠന കമ്മിറ്റികളും കമ്പനിയുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ താക്കീത് നല്‍കി അടച്ചിടാന്‍ വിധി പുറപ്പെടുവിച്ചപ്പോഴൊക്കെ തന്നെ അത് വെറും താല്‍ക്കാലികം മാത്രമാക്കി അധികാരവും സ്വാധീനവും ഉപയോഗിച്ച് അതിനെയെല്ലാം മറി കടക്കുകയായിരുന്നു വേദാന്ത ചെയ്തത്. ആരംഭത്തിലെ ഉത്പാദന ശേഷി പിന്നീട് അതിന്റെ പല മടങ്ങു വര്‍ദ്ധിപ്പിച്ചപ്പോഴടക്കം യാതൊരു നിയന്ത്രണവും അവര്‍ക്കു നേരിടേണ്ടി വന്നില്ല.

2013ല്‍ തൂത്തുക്കുടിയില്‍ ഉണ്ടായ വലിയൊരു ഗ്യാസ് ലീക്കിനെ തുടര്‍ന്ന് തദ്ദേശീയരായ ജനങ്ങളില്‍ വലിയ തോതില്‍ ആരോഗ്യ പ്രശ്‌നങ്ങളും സ്ത്രീകളില്‍ ഗര്‍ഭഛിദ്രം വരെ ഉണ്ടായതായി രേഖപ്പെടുത്തുന്നു. അതിനു ശേഷം തമിഴ്‌നാട് പൊല്യൂഷന്‍ ബോര്‍ഡ് സ്‌മെല്‍റ്റര്‍ പ്ലാന്റ് ക്‌ളോസ് ചെയ്യാന്‍ ഉത്തരവിട്ടെങ്കിലും അതും വെറും താല്‍ക്കാലികമാക്കി മാറ്റാന്‍ കമ്പനിയുടെ അധികാരത്തിനും സ്വാധീനത്തിനും സാധിച്ചു.

രണ്ടു പതിറ്റാണ്ട് കാലം നിയമത്തിന്റെ, നീതിയുടെ വഴിയിലൂടെ പ്രതിഷേധിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ അവസാന ശ്രമമാണ് ചോരയില്‍ അവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍