UPDATES

ട്രെന്‍ഡിങ്ങ്

എടീ എന്നു വിളിച്ചാല്‍ താന്‍ പോടോ എന്നവര്‍ പറഞ്ഞിരിക്കും; ആ സ്ത്രീകളെ നേരിടാന്‍ നിങ്ങളുടെ വഴുവഴുപ്പന്‍ പ്രയോഗങ്ങള്‍ പോര

മിണ്ടിയാല്‍ ചോറ് തട്ടിത്തെറിപ്പിക്കപ്പെടുമോ, തന്റെ കുടംബം പട്ടിണി കിടന്ന് മരിക്കേണ്ടി വരുമോ എന്നൊക്കെയുള്ള ഭയം ആ കാലഘട്ടത്തിലെ നടികളെയെല്ലാം പുരുഷമേധാവിത്വത്തിന്റെ കളിപ്പാവകളാക്കി മാറ്റി

എന്താണ് യഥാര്‍ത്ഥത്തില്‍ അമ്മ – ഡബ്ല്യുസിസി വിഷയം? ഇതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത് സമീപകാലത്ത് ഒരു നടിക്കെതിരെയെ ഉണ്ടായ ലൈംഗീകാതിക്രമത്തിലോ, അതില്‍ ഒരു നടന്‍ കുറ്റാരോപിതനായി അറസ്റ്റിലായതിലോ അല്ല. ഒരു കാലഘട്ടത്തിന് മേല്‍ മറ്റൊരു കാലഘട്ടം ആധിപത്യം സ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പരിണിതിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

മലയാള സിനിമയുടെ ആരംഭ കാലം മുതലേ (അല്ലങ്കില്‍ ലോകത്തിലെ മറ്റേത് ഭാഷയിലെയും) നടികള്‍ അഥവാ അഭിനേത്രികളായി രംഗത്ത് വന്നവരെല്ലാം ജീവിതം കരുപ്പിടിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ആ ലോകത്തേക്കെത്തിയത്. അവരില്‍ ഒട്ടുമുക്കാലും തകര്‍ന്നടിഞ്ഞ സാമ്പത്തിക പശ്ചാത്തലമുള്ള കുടംബങ്ങളില്‍ നിന്ന് ജീവസന്ധാരണത്തിനായി മാത്രം നാടക രംഗത്തേക്കും സിനിമ രംഗത്തേക്കും എത്തിച്ചേര്‍ന്നവര്‍ ആയിരുന്നു. മലയാളത്തിലെ ആദ്യ നായികയായ റോസി മുതല്‍ 50, 60, 70, ഏതാണ്ട് 80-കളുടെ അവസാനം വരെ സിനിമാരംഗത്ത് വെന്നിക്കൊടി പാറിച്ച് നിന്ന മലയാള നടിമാരെ എടുത്ത് നോക്കൂക.

ദാരിദ്ര്യത്തില്‍ മുക്തി നേടുക എന്നത് മാത്രമായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇവരില്‍ പലരും സാമാന്യ വിദ്യാഭ്യാസം പോലും നേടിയവരല്ലായിരുന്നു. അതിനായി പലരും തങ്ങളാഗ്രഹിക്കാതെ സിനിമയുടെ മായിക ലോകത്തിലേക്ക് എടുത്തെറിയപ്പെട്ടവരായിരുന്നു, ഉദാഹരണം: ജയലളിത.

60-കളിലെയും 70-കളിലും മലയാള സിനിമയിലെ അതിസുന്ദരിയായ ഒരു നടി തന്റെ ചെറുപ്പകാലത്തെ കുറിച്ച് പറഞ്ഞത്, താനും അമ്മയും സഹോദരങ്ങളും മുത്തച്ഛനൊപ്പം കോയമ്പത്തൂരിലും സേലത്തും വഴി വക്കില്‍ ടെന്റ് കെട്ടി താമസിച്ചിട്ടുണ്ടായിരുന്നു എന്നാണ്. ഈ നടി പിന്നെ കുറച്ച് കാലം 70-കളിലെ പ്രമുഖനും അതിസമ്പന്നനുമായ ഒരു നിര്‍മാതാവിന്റെ ഭാര്യയായി. ആ വ്യക്തി സിനിമ പിടിച്ചിരുന്നത് പോലും ഇവരെ അഭിനയിപ്പിക്കാനായിരുന്നവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പിന്നീട് അയാളുമായി പിരിഞ്ഞ് അവര്‍ ചെറുപ്പക്കാരനായ ഒരു നടനെ വിവാഹം ചെയ്തു. പിന്നീട് അയാളെയും ഉപേക്ഷിച്ചു.

60-കളിലെയും എഴുപതുകളിലെയും മറ്റൊരു പ്രമുഖ നടിയുടെ ജീവിത പശ്ചാത്തലവും ഇത് തന്നെയായിരുന്നു. ഒരു നായകന്റെ മാത്രം നായികമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ലോക റിക്കാര്‍ഡിട്ട അവര്‍ പിന്നീട് ആത്മഹത്യ ചെയ്യാന്‍ ആ നായകന്റെ വണ്ടിക്ക് മുന്നില്‍ ചാടുക പോലുമുണ്ടായി. 70-കളില്‍ ഒരു പ്രമുഖ മലയാള നടി ആത്മഹത്യ ചെയ്ത സംഭവുണ്ടായി. അവര്‍ സിനിമയിലെത്തിപ്പെട്ടത് തന്നെ അവരുടെ അമ്മ മദ്രാസില്‍ നടത്തിയിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന പെണ്‍വാണിഭ കേന്ദ്രത്തിലെ സന്ദര്‍ശകരായിരുന്ന ചില സിനിമക്കാരിലൂടെ ആയിരുന്നത്രെ. ഇതേ കാലഘട്ടത്തില്‍ തമഴില്‍ കിരീടം വയ്കാത്ത റാണിയായിരുന്ന മറ്റൊരു നടി അക്കാലത്തെ തമിഴ് സൂപ്പര്‍ താരത്തിന്റെ ഡ്രൈവറുടെ  കാമുകിയോ മറ്റോ ആയിരുന്നു. അയാള്‍ വഴിയാണ് ഇവര്‍ സിനിമയിലേക്കെത്തിയതെന്ന് പറയപ്പെടുന്നു. പിന്നീട് ഇവര്‍ ദക്ഷിണേന്ത്യയിലെ വലിയൊരു സമ്പന്നനായ വ്യവസായിയെ വിവാഹം ചെയ്തു. അക്കാലത്ത് സ്വന്തമായി വിമാനമുണ്ടായിരുന്ന വ്യക്തിയായിരുന്നു അയാള്‍. പഴയ കാലത്തെ പ്രമുഖ നടിയോട് പണ്ട് ഒരു അഭിമുഖകാരന്‍ ചോദിച്ചു, ഇത്ര തടിച്ച് മലര്‍ന്ന ചുണ്ടുകള്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി? അവര്‍ മറുപടിയായി പറഞ്ഞ ഉത്തരം ഇതായിരുന്നത്രെ; നന്നേ ചെറുപ്പത്തില്‍ ഞാന്‍ വിശന്ന് മണിക്കൂറുകളോളും നിര്‍ത്താതെ കരയുമായിരുന്നെന്ന് എന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് . ഒരു പക്ഷെ അങ്ങനെ എന്റെ ചുണ്ട് മലര്‍ന്ന് പോയതായിരിക്കും.

ഇവരുടെ നിസഹായവസ്ഥകള്‍, ഭീതികള്‍, മിണ്ടിയാല്‍ ചോറ് തട്ടിത്തെറിപ്പിക്കപ്പെടുമോ, തന്റെ കുടംബം പട്ടിണി കിടന്ന് മരിക്കേണ്ടി വരുമോ ഭയം ഇവയെല്ലാം ആ കാലഘട്ടത്തിലെ നടികളെയെല്ലാം പുരുഷമേധാവിത്വത്തിന്റെ കളിപ്പാവകളാക്കി മാറ്റി. ഒന്നും പറയാതെ, മിണ്ടാതെ, ജീവച്ഛവങ്ങളായി അവര്‍ അനുസരിക്കുക മാത്രം ചെയ്തു. ഈ സ്ത്രീകളാണ് സിനിമയുടെ പൊതുബോധത്തെ രൂപപ്പെടുത്തിയത്. ഒന്നുകില്‍ വഴങ്ങുക അല്ലെങ്കില്‍ പട്ടിണി കിടന്ന് ചാവുക. വേറെ തൊഴില്‍ അറിയില്ല. അത് നേടാനുള്ള വിദ്യാഭ്യാസവുമില്ല.

അടൂര്‍ ഭാസിയെ പറ്റി പരാതി പറഞ്ഞ കെപിഎസി ലളിതയോട് കെപി ഉമ്മര്‍ പറഞ്ഞ മറുപടി ആ കാലഘട്ടത്തെ പ്രതിബിംബിപ്പിക്കുന്നതാണ്. “അടൂര്‍ ഭാസിയെ പറ്റി പരാതി പറയാന്‍ നീ ആരാണ്. അയാളാണ് ഈ ഫീല്‍ഡ് ഭരിക്കുന്നത്. പ്രേംനസീര്‍ പോലും അയാള്‍ക്കെതിരെ പറയില്ല”, പിന്നെ മിണ്ടാതിരിക്കുകയല്ലാതെ എന്ത് ചെയ്യാന്‍. വിധു ബാലയെ പോലെ അറിവും വിദ്യാഭ്യാസവും ഉയര്‍ന്ന കുടംബ പശ്ചാത്തലവും ഉള്ള ചിലര്‍ മാത്രം വഴിമാറി നടന്നു. അവര്‍ക്ക് നേരെ പുരുഷ മേധാവിത്വത്തിന്റെ ബലിഷ്ഠ കരങ്ങള്‍ നീളാനും ഭയന്നു. ബാക്കിയുള്ളവരെല്ലാം വിധിയെ പഴിച്ച് നിഴല്‍പ്പുറ്റകളായി ജീവിതം തള്ളി നീക്കി. ആണുങ്ങള്‍ പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങിയിരിക്കുന്നര്‍ ക്യാമറക്കും മുന്നിലും പിന്നിലും നല്ല സ്ത്രീകളായി.

എന്നാല്‍ തൊണ്ണൂറുകളുടെ മധ്യത്തോടെ ഏതാണ്ട് സ്ഥിതിഗതികള്‍ മാറി വരാന്‍ തുടങ്ങി. നല്ല പശ്ചാത്തലത്തില്‍ നിന്ന് വന്നവര്‍, നല്ല വിദ്യാഭ്യാസം നേടിയവര്‍, ഉയര്‍ന്ന ചിന്തയും അവബോധവും ഉള്ളവര്‍. ഇങ്ങനെയുള്ള സ്ത്രീകള്‍ ഈ രംഗത്തേക്ക് വരാന്‍ തുടങ്ങിയതോടെ പഴയ സിംഹാസനങ്ങള്‍ക്ക് ഇളക്കം തട്ടിത്തുടങ്ങി. ഞങ്ങളുടെ ശരീരവും ചിന്തയും ബുദ്ധിയും പ്രതിഭയും ഞങ്ങളുടേതാണ്, അത് നിങ്ങള്‍ പറയുന്നിടത്ത് അഴിച്ച് വച്ച് തരാനുള്ളതല്ല എന്നവര്‍ പ്രഖ്യാപിച്ചു. we want to be succeeded in our terms എന്നവര്‍ തുറന്ന് പറഞ്ഞു. ഞങ്ങളുടെ തൊഴില്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ടേംസ് ഉണ്ട്. സാറിനും എട്ടനും മുതലാളിക്കും മുമ്പില്‍ അവര്‍ ആ ടേംസുമായി തലയുയര്‍ത്തിപ്പിടിച്ച് നിന്നു. പറ്റില്ലങ്കില്‍ നീ പണി നോക്കിപ്പോടീ എന്ന അവസ്ഥയില്‍ നിന്നും, താന്‍ തന്റെ പണി നോക്കി പോടോ എന്ന് പറഞ്ഞ് തുടങ്ങിയപ്പോഴാണ് അമ്മയും അമ്മൂമ്മയും അമ്മായി അമ്മയും ഇത്രയും നാളും ഇല്ലാത്ത പ്രസവ വേദനയുമായി ആര്‍ത്തലച്ച് മുറവിളിക്കാന്‍ തുടങ്ങിയത്.

എറണാകുളത്ത് ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തില്‍ പത്മപ്രിയയുടെയും പാര്‍വ്വതിയുടെയും വാക്കുകളില്‍ നിറഞ്ഞ ആത്മവിശ്വാസം, വ്യാപ്തി, ആഴം, അവര്‍ ഉപയോഗിക്കുന്ന തെളിവാര്‍ന്നതും മികവുറ്റതുമായ ഭാഷ, നിങ്ങളുടെ ഭീഷണി അങ്ങ് ചുരുട്ടി കക്ഷത്തില്‍ വച്ചേരെ എന്നു പറയാനുള്ള ധൈര്യം; ഇതാണ് അമ്മയും അമ്മേടെ നായരും നേരിടുന്ന പ്രശ്‌നം. ഇവര്‍ എങ്ങനെ ഞങ്ങളെക്കാള്‍ നന്നായി, ആഴത്തില്‍, ചീന്തിമൂര്‍ച്ച കൂട്ടിയ വാക്കുകളില്‍ സംസാരിക്കുന്നു, അതാണ് ഏട്ടനും ഇക്കയും ചേച്ചിയും ഒക്കെ നേരിടുന്ന വെല്ലുവിളി. ആ വെല്ലുവിളി കാലം സമ്മാനിച്ചതാണ്. അതിനെ നേരിടാന്‍ അതില്‍ നിന്ന് രക്ഷപെടാന്‍, ഇന്ന് സിദ്ധിഖും കെപിഎസി ലളിയും നടത്തിയ വഴുവഴുപ്പന്‍ സ്റ്റീരിയോ ടൈപ്പ് പ്രയോഗങ്ങള്‍ മതിയാകില്ല.

(ശ്രീകുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘മലയാള സിനിമ ഭരിക്കാന്‍ ആണുങ്ങളായ മമ്മൂക്കയും ലാലേട്ടനുമുണ്ട്; ആന്റി അവരെ തൊഴുതു നിന്നാല്‍ മതി’; ലിച്ചിയെ വിട്ട് അവര്‍ റിമയെ തേടി വന്നു

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍

കാസ്റ്റിംഗ് കൌച്ച്, അപ്രഖ്യാപിത വിലക്ക്… മലയാള സിനിമ പെണ്ണുങ്ങളോട് ചെയ്യുന്നത്

മലയാള സിനിമ പെണ്ണിനു നല്‍കുന്ന 10 പാഠങ്ങള്‍

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

ലഫ്. കേണല്‍ പദവിയെക്കാള്‍ വലുതാണ് ആര്‍ജ്ജവുമുളള വ്യക്തിത്വം; സൂപ്പര്‍താരങ്ങളെ പേരുചൊല്ലി വിളിക്കുന്നത് അപരാധമായി കാണുന്നവര്‍ക്ക് അത് മനസിലാകണമെന്നില്ല

ശ്രീകുമാര്‍ മനയില്‍

ശ്രീകുമാര്‍ മനയില്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍