UPDATES

സയന്‍സ്/ടെക്നോളജി

എങ്ങനെ നമ്മുടെ വികാരങ്ങളെ ഫേസ്ബുക്കില്‍ നിന്നു മറച്ചുവെക്കാം

‘വികാരങ്ങള്‍ക്ക് മേലുള്ള ഫേസ്ബുക്കിന്റെ നിരീക്ഷണ’ത്തെ പരാജയപ്പെടുത്താനുള്ള Go Rando എന്ന എക്സ്റ്റന്‍ഷനുമായി ബെന്‍ ഗ്രോസര്‍ എന്ന അമേരിക്കന്‍ പ്രൊഫസര്‍

അബ്ബി ഒല്‍ഹൈസര്‍

ആദ്യം ഫേസ്ബുക്ക് നിങ്ങളോട് പോസ്റ്റുകള്‍ ‘ലൈക്ക്’ ചെയ്യാന്‍ പറഞ്ഞു. പിന്നെ പലവിധ വികാരങ്ങളുടെ ഒരു നിര തന്നെ തന്നു: അത്ഭുതം, പൊട്ടിച്ചിരി, സ്‌നേഹം, സങ്കടം പിന്നെ ദേഷ്യം. വെറുമൊരു ലൈക്കിനു പകരം ഇതിലേതെങ്കിലും തെരഞ്ഞെടുത്താല്‍ അവരുടെ പോസ്റ്റുകളെ പറ്റി നിങ്ങളെന്തു കരുതുവെന്ന കാര്യത്തില്‍ നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് കുറേക്കൂടെ വ്യക്തത കിട്ടും. പക്ഷേ പ്രതികരിക്കുംതോറും ഫേസ്ബുക്കിനും നിങ്ങളെ കുറിച്ചു കുറേ കാര്യങ്ങള്‍ മനസ്സിലാകും. അതുകൊണ്ടാണ് യൂസറെന്ന നിലയില്‍ നിങ്ങള്‍ക്ക് തോന്നുന്ന വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് വഴി നിങ്ങള്‍ ഫേസ്ബുക്കിനോട് പറയുന്നതെന്തൊക്കെയാണ് എന്നന്വേഷിക്കുവാന്‍ ആര്‍ട്ടിസ്റ്റും ഇല്ലിനോയ് സര്‍വ്വകലാശാലയിലെ പ്രൊഫസറുമായ ബെന്‍ ഗ്രോസര്‍ Go Rando എന്ന എക്‌സ്റ്റെന്‍ഷനുണ്ടാക്കിയത്. ‘സോഫ്റ്റ്്‌വെയറുകള്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെ പറ്റി പഠിക്കാനായി സോഫ്റ്റ്്‌വെയര്‍ എഴുതുന്നു’ എന്നാണ് ഗ്രോസര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സത്യം പറയാമല്ലോ, അത് ആദ്യമായി ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ എനിക്ക് ഫേസ്ബുക്കിനെ പറ്റി ചെറിയ ഭയം തോന്നി.

ഇങ്ങനെയാണത് പ്രവര്‍ത്തിക്കുന്നത്: നിങ്ങളുടെ ന്യൂസ്ഫീഡില്‍ നിന്നുള്ള പോസ്റ്റുകളില്‍ ഓരോ തവണ ‘ലൈക്ക്’ ചെയ്യുമ്പോഴും Go Rando എക്‌സ്റ്റെന്‍ഷന്‍ അത് പിടിച്ചെടുത്ത് ഫേസ്ബുക്കിലെ ആറ് റിയാക്ഷനുകളില്‍ ഏതെങ്കിലും ഒന്നാക്കി മാറ്റുന്നു. ആ പ്രതികരണമാണ് ഫേസ്ബുക്ക് കാണുക. നിങ്ങള്‍ ലൈക്കില്‍ ക്ലിക്ക് ചെയ്താല്‍ അത് ‘love’ ആകാം. മറ്റൊരു പോസ്റ്റില്‍ ചെയ്യുന്ന ലൈക്ക് ‘sad’ ആയി കാണിക്കാം.

Go Rando റണ്‍ ചെയ്തു കൊണ്ടിരിക്കേ ഞാന്‍ ഒരു സുഹൃത്തിന്റെ പോസ്റ്റ് ലൈക്ക് ചെയ്തു. അയാളുടെ സ്ഥാപനത്തിലെ ജോലി ഒഴിവുകളെ പറ്റിയുള്ള വിവരങ്ങളായിരുന്നു അത്. എന്റെ ലൈക്ക് ‘sad’ ആയാണ് പ്രത്യക്ഷപ്പെട്ടത്. എന്റെ വളരെയടുത്ത സുഹൃത്ത് ഇട്ട റൊമാന്റ്റിക് വാലന്റൈന്‍സ് ഡേ പോസ്റ്റിന് ഞാന്‍ കൊടുത്ത ലൈക്ക് ‘angry’ ആയി മാറി. ഭാഗ്യത്തിന് ഫേസ്ബുക്കിലെ ലൈക്ക് ബട്ടണ്‍ പോലെ തന്നെ Go Randoയും ലൈക്കുകള്‍ അണ്‍ലൈക്ക് ചെയ്യാനുള്ള അവസരം തരുന്നുണ്ട്. മാത്രമല്ല, നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെങ്കിലും ഇട്ടിരിക്കുന്ന പോസ്റ്റ് വൈകാരികമായി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെങ്കില്‍ അനുയോജ്യമായ പ്രതികരണം എക്‌സ്റ്റെന്‍ഷന്റെ ഇടപെടലില്ലാതെ സ്വയം തെരഞ്ഞെടുക്കാനുള്ള അവസരവും Go Rando തരുന്നുണ്ട്.

പക്ഷേ ഇങ്ങനെ സ്വയം തെരഞ്ഞെടുക്കുന്നത് പരമാവധി ഒഴിവാക്കിയാല്‍ Go Rando കൊണ്ടുള്ള ഗ്രോസറുടെ ഉദ്ദേശം കൂടുതല്‍ ഫലപ്രദമായി നടപ്പിലാകും. കാരണം യഥാര്‍ത്ഥത്തിലുള്ള പ്രതികരണങ്ങളെ മറച്ച് Go Rando ക്രമമില്ലാതെ തെരഞ്ഞെടുക്കുന്ന വികാരങ്ങളിലൂടെ ഫേസ്ബുക്കിന് ലഭ്യമാകുന്ന ഡാറ്റയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാകും. Go Rando കൊടുക്കുന്ന വികാരങ്ങള്‍ അല്ലാതെ ഓരോ പോസ്റ്റുകളെ കുറിച്ചുമുള്ള നിങ്ങളുടെ ശരിയായ തോന്നലുകള്‍ ഫേസ്ബുക്കിലേയ്ക്ക് എത്താതിരിക്കാന്‍ ഇതുമൂലം സാധിക്കുന്നു. എക്‌സ്റ്റെന്‍ഷന്റെ കൃത്യമായ ഉപയോഗത്തിലൂടെ നിങ്ങളുടേത് വൈകാരികമായി ‘സന്തുലിതമായ’ പ്രതികരണങ്ങളാണെന്ന് ഫേസ്ബുക്കിന് തോന്നിക്കോളുമെന്ന് ഗ്രോസര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

‘പലതരം വികാരങ്ങളിലൂടെ പ്രതികരിക്കാനുള്ള അവസരമൊരുക്കിത്തന്ന് ഫേസ്ബുക്ക് നടത്തുന്ന ഡേറ്റാ ശേഖരണം തകരാറിലാക്കാന്‍ ഇതിലൂടെ കഴിയുന്നു,’ അദ്ദേഹം പറഞ്ഞു. ‘റെക്കോഡ് ചെയ്യപ്പെടുന്ന ഡേറ്റയില്‍ നിന്ന് നമ്മുടെ ശരിയായ വികാരങ്ങള്‍ മറയ്ക്കാന്‍ സാധിക്കുന്നു. ഇനി എന്റെ വ്യക്തിത്വത്തെ വിശകലനം ചെയ്യാന്‍ പാകത്തില്‍ ഫേസ്ബുക്കിലെ വികാരപ്രകടനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി എടുക്കാന്‍ സാദ്ധ്യമല്ല. Go Rando ഉപയോഗപ്പെടുത്തിയാല്‍ കാലക്രമേണ ‘ഓ, ഇയാള്‍ക്ക് ഇതാണിഷ്ടം, മറ്റേത് ഇഷ്ടമല്ല’ എന്നിങ്ങനെയുള്ള തീര്‍പ്പുകള്‍ക്ക് പകരം ഞാന്‍ നിഷ്പക്ഷനാണെന്ന ചിത്രമാണ് തെളിയുക.’

‘വികാരങ്ങള്‍ക്ക് മേലുള്ള നിരീക്ഷണ’ത്തെയാണ് Go Rando പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ഗ്രോസര്‍ പറഞ്ഞു. ‘ഇതിനര്‍ത്ഥം ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് നമ്മുടെ വികാരങ്ങള്‍ മനസിലാക്കുക, അതിലൂടെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍, പ്രതീക്ഷകള്‍, ഭീതികള്‍ എന്നിവ മനസിലാക്കി വ്യക്തിത്വത്തെ കൂടുതല്‍ നന്നായി അറിയുക എന്നാണ്,’ അദ്ദേഹം വിശദീകരിച്ചു. ഈ വിവരങ്ങള്‍ ‘മെസേജ് ടാര്‍ഗറ്റിങ്, പ്രവചനാത്മകമായ വിശകലനങ്ങള്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം.’ന്യൂസ്ഫീഡ് പ്രതികരണങ്ങളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നില്ലെന്നും എന്നാല്‍ ഭാവിയില്‍ ഉപയോഗിച്ചേക്കാം എന്നും കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഈയാഴ്ച ഇക്കാര്യത്തെ കുറിച്ചറിയാനായി സമീപിച്ചപ്പോള്‍ ന്യൂസ്ഫീഡിലെ റിയാക്ഷനുകളുടെ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനെ പറ്റി പുതിയതായി ഒന്നും പറയാനില്ലെന്നാണ് ഫേസ്ബുക്ക് പ്രതികരിച്ചത്.

നമ്മുടെ വിചാരങ്ങള്‍ അറിയാന്‍ ഫേസ്ബുക്കിന് താല്‍പ്പര്യമുണ്ടെന്ന് നമുക്കറിയാം. നമ്മുടെ ന്യൂസ്ഫീഡില്‍ എന്തു കാണണമെന്ന് തീരുമാനിക്കുന്ന അല്‍ഗോരിതങ്ങള്‍ക്ക് പിന്നില്‍ നമ്മള്‍ ചെയ്യുന്ന ലൈക്കുകള്‍ ആണെന്നും അറിയാം. സ്ലേറ്റിന്റെ വില്‍ ഒറേമസ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് പോലെ ലൈക്ക് ബട്ടന്റെ ഉദ്ദേശ്യം തന്നെ ‘ഉപഭോക്താക്കളുടെ ന്യൂസ്ഫീഡുകള്‍ എങ്ങനെ ഫില്‍റ്റര്‍ ചെയ്യണമെന്ന പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാനാണ്. പരിശോധിക്കേണ്ട കാര്യമാണതെന്ന് ഗ്രോസര്‍ പറയുന്നു. ‘നമ്മുടെ വികാരങ്ങള്‍, അല്ലെങ്കില്‍ തോന്നലുകള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് ഭാവിയില്‍ ഫേസ്ബുക്കില്‍ നാമെന്ത് കാണും എന്ന കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു,’ അദ്ദേഹം പറഞ്ഞു. സൈറ്റിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരങ്ങളെ മാറ്റി മറിക്കുന്നത്് വഴി എല്ലാ വികാരങ്ങളും ഏറ്റക്കുറച്ചിലുകളില്ലാതെ ഏതാണ്ട് തുല്യമായാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതെന്നും ഒരേ തരത്തിലുള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് ഒരേ വികാരമല്ലെന്നും ഫേസ്ബുക്കിനോടു പറയുകയാണ്. ഉദാഹരണത്തിന്, ഒരു ദിവസം പ്രസിഡന്റ് ട്രംപിനെ വിമര്‍ശിക്കുന്ന വാര്‍ത്തയുടെ ലിങ്ക് ഉള്ള പോസ്റ്റ് ഇഷ്ടപ്പെട്ടേക്കാം. അടുത്ത ദിവസം സമാനമായ പോസ്റ്റ് നിങ്ങളെ ദേഷ്യം പിടിപ്പിച്ചുവെന്നാകും റിപ്പോര്‍ട്ട് ചെയ്യപ്പെടുക.

വികാരങ്ങളെ ഉപയോഗിച്ചുള്ള ഫേസ്ബുക്കിന്റെ കൌശലങ്ങളാണ് യൂസര്‍മാരുടെ പ്രതികരണങ്ങള്‍ പരിശോധിക്കുന്ന പ്രോജക്റ്റ് ചെയ്യാന്‍ ഗ്രോസറെ പ്രേരിപ്പിച്ചത്. തങ്ങളുടെ ഉപഭോക്താക്കളിലെ ഒരു ചെറു സംഘത്തില്‍ നടത്തിയ, വിവാദപരമായ പഠനത്തെ പറ്റി 2014ല്‍ ഫേസ്ബുക്ക് വെളിപ്പെടുത്തിയിരുന്നു. അവരുടെ ന്യൂസ്ഫീഡുകളില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളില്‍ ചില മാറ്റങ്ങള്‍ വരുത്തി: ചിലരുടേതില്‍ കൂടുതല്‍ പോസിറ്റീവായ പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് കൂടുതല്‍ നെഗറ്റീവായവ ലഭിച്ചു. ശേഷം ഇവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ചില വാക്കുകള്‍ പരിശോധിച്ച് അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ വിലയിരുത്തി. (നിങ്ങള്‍ക്ക് ആ പഠനത്തിന്റെ ഫലമറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍: പോസിറ്റീവ് പോസ്റ്റുകള്‍ കണ്ടവരുടെ സ്റ്റാറ്റസുകള്‍ കൂടുതല്‍ പോസിറ്റീവായിരുന്നു; നെഗറ്റീവ് പോസ്റ്റുകള്‍ കണ്ടവരുടേത് കൂടുതല്‍ നെഗറ്റീവും.)

നിങ്ങളുടെ ഓണ്‍ലൈന്‍ അനുഭവങ്ങളോട് ചില കൂട്ടിച്ചേര്‍ക്കലുകളും കുറയ്ക്കലുകളും നടത്തി എന്തിനാണ് ആ പ്രത്യേകതകള്‍ ലഭ്യമാക്കിയിരിക്കുന്നത് എന്നു നിങ്ങളെ കൊണ്ടുതന്നെ ചിന്തിപ്പിക്കുക ഇതാണ് ഗ്രോസറുടെ പ്രോജക്റ്റിന്റെ ലളിതമായ ആശയം. Facebook Demtericator എന്ന മറ്റൊരു എക്‌സ്റ്റെന്‍ഷനും അദ്ദേഹം ഉണ്ടാക്കിയിരുന്നു. ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ നിന്നും സുഹൃത്തുക്കളുടെ എണ്ണം, ലൈക്കിന്റെയും കമന്റുകളുടെയും എണ്ണം തുടങ്ങിയ സംഖ്യകളെ എടുത്ത് മാറ്റുന്നതിനാണ് ഇതുപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ ഒരു ലഹരിയായി മാറുന്നതില്‍ ഇത്തരം കണക്കുകള്‍ക്കുള്ള പങ്കിനെ പറ്റി ഗ്രോസര്‍ ഒരു ഗവേഷണ പ്രബന്ധം എഴുതിയിട്ടുണ്ട്. Go Randoയും ആ ഗണത്തില്‍ തന്നെ പെട്ടതാണ്: അല്‍പ്പം കുഴപ്പം പിടിച്ച തമാശയുണ്ടെങ്കിലും (സാമൂഹികതലത്തില്‍ ഇത്തിരി അപകടവും) ഫേസ്ബുക്കില്‍ നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും അതില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നതെന്നും ചിന്തിപ്പിക്കുന്ന വിധത്തിലാണ് ഈ ആപ്പിന്റെ സംവിധാനം. ‘ലൈക്ക് ചെയ്യുന്നത് ഒരു നിര്‍ബന്ധിത പ്രവര്‍ത്തിയായി മാറിയിരിക്കുകയാണ്. Go Rando നിങ്ങളെ കൊണ്ട് ചിന്തിപ്പിക്കും,’ ഗ്രോസര്‍ പറയുന്നു.

ഫേസ്ബുക്കില്‍ ചെയ്യുന്ന കാര്യങ്ങള്‍ വഴി കമ്പനിക്ക് നിങ്ങളെ കൂടുതല്‍ അറിയാനാകുന്നു. പക്ഷേ പരസ്യ നിര്‍മ്മാതാക്കള്‍, രാഷ്ട്രീയ പ്രചാരകര്‍, എന്തെങ്കിലും ആശയമോ ഉല്‍പ്പന്നമോ ഒരു പ്രത്യേക വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കാനാഗ്രഹിക്കുന്നവര്‍ എന്നിങ്ങനെ വന്‍തോതില്‍ ഡേറ്റ കൈവശപ്പെടുത്തുന്ന ആര്‍ക്കും അവര്‍ നിങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കുകയും ചെയ്യും. ഉപകാരപ്രദമായ അത്തരം വിവരങ്ങള്‍ക്കുള്ള പ്രതിഫലമെന്നോണം നിങ്ങള്‍ ഇഷ്ടപ്പെടുകയും ഷെയര്‍ ചെയ്യുകയുമൊക്കെ ചെയ്യുന്ന തരം പോസ്റ്റുകള്‍ നിറഞ്ഞ ന്യൂസ്ഫീഡ് സമ്മാനിക്കും. ആ ഫീഡ് നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന തരത്തില്‍ മാത്രം ലോകത്തെ കാണിച്ചു തരുന്ന, യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്ന ഒരു കുമിള പോലെയാകും പിന്നീട്. ഫേസ്ബുക്കിലെ പോസ്റ്റുകളോട് നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രതികരിച്ചു എന്നു തന്നെയാണ് Go Rando കാണിക്കുക. ആശയക്കുഴപ്പത്തിലാക്കുന്ന, ക്രമമില്ലാത്ത ഏതൊക്കെയോ വികാരങ്ങളാകും കാണിക്കുന്നതെങ്കില്‍ കൂടെ, ചുരുങ്ങിയ കാലത്തെ അതിന്റെ ഉപയോഗം കൊണ്ട് ഫേസ്ബുക്കില്‍ എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് ഞാന്‍ ഒന്നു ചിന്തിക്കാന്‍ തുടങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍