UPDATES

സയന്‍സ്/ടെക്നോളജി

ഫേസ്ബുക്ക് ഒരു രാഷ്ട്രമാണ്; അതിനെ ഭയപ്പെടേണ്ടിയിരിക്കുന്നു

എന്തായിരിക്കണം ഉപഭോക്താക്കള്‍ കാണേണ്ട ഉള്ളടക്കമെന്നുള്ള അവസാന തീരുമാനം അവരുടെ ഫേസ്ബുക്കിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയാവും എടുക്കുക

ലയനിഡ് ബെര്‍ഷെഡ്സ്കി

യു‌എസ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന നിശിതമായ വിമര്‍ശനങ്ങളോടുള്ള പ്രതികരണമെന്നോണം ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്ത പ്രസ്താവന ഭീതിജനകവും ദോഷകരവുമായ ഒരു രേഖയാണെന്ന് പറയേണ്ടി വരും. “ബന്ധങ്ങള്‍ സ്ഥാപിക്കാനും കൊണ്ടു നടക്കാനുമുള്ള മനുഷ്യരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍” വേണ്ടി അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപം കൊണ്ട ഫേസ്ബുക്ക് അതിര്‍ത്തികള്‍ ഭേദിച്ചു കൊണ്ട്, അധികാര പരിധികളിലൊതുങ്ങാത്ത ഒരു രാഷ്ട്രം പോലെയായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ ആ പ്രഖ്യാപനം കാണിക്കുന്നത്. സ്വകാര്യ കൈവശമുള്ള അല്‍ഗോരിതങ്ങളെ സോഷ്യല്‍ എഞ്ചിനീയറിങ്ങിനായി ആശ്രയിക്കുന്ന ചെറിയൊരു സംവിധാനം തെരഞ്ഞെടുക്കപ്പെടാത്ത ഒരു ഗവണ്‍മെന്‍റ് എന്ന പോലെ ആ രാഷ്ട്രത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

2012ല്‍ കമ്പനിയുടെ IPO (Initial Public Offering) പ്രസ്താവനയുടെ കൂടെ ചേര്‍ത്തിരുന്ന ഒരു കത്തിലൂടെ സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിന്‍റെ ഭാവിയിലെ നിക്ഷേപകരെ അഭിസംബോധന ചെയ്തിരുന്നു. അന്ന് കമ്പനിയുടെ സ്ഥാപനോദ്ദേശ്യത്തെ ഇങ്ങനെയാണ് അദ്ദേഹം വിവരിച്ചത്:

“തങ്ങളുടെ അടുത്ത സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ മാത്രമാണെങ്കില്‍ കൂടെ, നമ്മള്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കു വയ്ക്കുന്നതിലൂടെ തുറന്ന ഒരു സംസ്കാരം രൂപപ്പെടുന്നു. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും നന്നായി മനസ്സിലാക്കാനും ഇതു സഹായിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ ദൃഢതരമായ ബന്ധങ്ങളുണ്ടാകാനും വ്യത്യസ്ഥങ്ങളായ വീക്ഷണങ്ങളെ അടുത്തറിയാനും ഇതുകൊണ്ടു കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നതിലൂടെ വിവരങ്ങള്‍ ഉപയോഗിക്കുകയും പങ്കു വയ്ക്കുകയും ചെയ്യുന്ന രീതികളെ പരിഷ്ക്കരിക്കാമെന്ന് ഞങ്ങള്‍ കരുതുന്നു. ലോകത്തെ വിവരങ്ങളുടെ ആന്തരിക ഘടന സാമൂഹ്യമായ ഗ്രാഫ് പോലെ ആയിരിക്കണമെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്- ഇന്നു വരെ വിവര കൈമാറ്റങ്ങള്‍ സമൂഹ വ്യവസ്ഥിതിയില്‍ മുകളില്‍ നിന്നു താഴേയ്ക്ക് മാത്രമായിരുന്നു. അതില്‍ നിന്നു മാറി, താഴെ നിന്നു മുകളിലേയ്ക്കും സമാന്തരമായും ഉള്ള നെറ്റ്വര്‍ക്കുകള്‍ ആകണം അവ. തങ്ങള്‍ എന്താണ് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് എന്നതിന്‍റെ നിയന്ത്രണം ആളുകള്‍ക്കു നല്‍കുന്നത് ഈ പരിഷ്ക്കരണത്തിന്‍റെ അടിസ്ഥാന തത്ത്വമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.”

മേല്‍പ്പറഞ്ഞ വിശ്വാസങ്ങള്‍ എന്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെങ്കിലും അവയില്‍ മിക്കതും കാലം ചെന്നതോടെ പരാജയപ്പെട്ടിരിക്കുന്നു. കൂടുതല്‍ ശക്തമായ മനുഷ്യബന്ധങ്ങളുണ്ടാക്കുന്നതിനു പകരം ഫേസ്ബുക്ക് പരത്തിയ ഉത്കണ്ഠകളും ആസക്തികളും പോര്‍ച്ചുഗല്‍ മുതല്‍ ഓസ്ട്രേലിയ വരെ ഗവേഷണവിഷയമായി. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സംതൃപ്തി കുറയുന്നതായി പോലും ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരാഴ്ച ഫേസ്ബുക്കില്‍ നിന്ന് വിട്ടുനിന്ന ഉപഭോക്താക്കളെയും ഫേസ്ബുക്ക് ഉപയോഗം തുടര്‍ന്ന ആളുകളെയും ഉള്‍പ്പെടുത്തി 2015ല്‍ ഡെന്‍മാര്‍ക്കില്‍ നടന്ന ഒരു പരീക്ഷണത്തില്‍ കണ്ടത് സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ തുടര്‍ന്ന ആളുകള്‍ അങ്ങനെയല്ലാത്തവരേക്കാള്‍ 55 ശതമാനം കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുന്നവരാണ് എന്നാണ്. ഈ ആകുലതകളുടെ ഒരു കാരണം സ്വന്തം ജീവിതം തിളക്കമാര്‍ന്നതായി ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തുന്ന സഹജീവികളോടുള്ള അസൂയയാണ്. അര്‍ത്ഥപൂര്‍ണ്ണമായ പരസ്പര വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ സന്തോഷവും സൌഖ്യവും വര്‍ദ്ധിക്കുന്നുള്ളൂ എന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്- അടുപ്പമുള്ളവരോട് മെസ്സേജുകളിലൂടെ നടത്തുന്ന ദീര്‍ഘസംഭാഷണം ഇതിന് ഒരുദാഹരണമാണ്.

പുതിയ പ്രഖ്യാപനത്തില്‍ മാതാപിതാക്കളുടെ ഗ്രൂപ്പുകളാണ് തന്‍റെ കമ്പനി ചെയ്യുന്ന ഒരു നല്ല കാര്യമായി സുക്കര്‍ബര്‍ഗ് എടുത്തു കാണിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തു നടന്ന പഠനങ്ങള്‍ കാണിക്കുന്നത് പുതിയതായി അമ്മയായ പലരും തങ്ങള്‍ നല്ല രക്ഷിതാക്കളാണ് എന്നു സ്വയം കരുതി ആ തോന്നലിനുള്ള അംഗീകാരം ഫേസ്ബുക്കിലൂടെ തേടുന്നു എന്നതാണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ആ ഉറപ്പ് വേണ്ടപോലെ കിട്ടാതെ വരുന്നത് വിഷാദരോഗ ലക്ഷണങ്ങള്‍ക്കു കാരണമാകുന്നു എന്നും ആ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

വിവരങ്ങളുടെ പ്രചരണം ‘rewire’ ചെയ്യപ്പെട്ടതോടെ ഉപഭോക്താക്കളെ ആശയസംഹിതകളുടെ തടവറകളിലാക്കാനും മുന്‍വിധികളെ ശരി വയ്ക്കുന്ന ഉള്ളടക്കങ്ങള്‍ മാത്രം കൊടുക്കാനും എളുപ്പമായി. യൂസറിന്‍റെ ന്യൂസ് ഫീഡ് രൂപപ്പെടുത്തുന്ന അല്‍ഗോരിതമാണ് സുപ്രധാനമായത്. അതിലൂടെ ഇത്തരം ‘അറകള്‍’ സൃഷ്ടിക്കാന്‍ ഫേസ്ബുക്കിന് എളുപ്പം കഴിഞ്ഞു. ഓരോരുത്തരും പോസ്റ്റുകളോട് ഇടപെടുന്നതനുസരിച്ചും ഓരോ പോസ്റ്റുകള്‍ക്കും കിട്ടുന്ന ലൈക്കും കമന്‍റുകളുമനുസരിച്ചുമാണ് ന്യൂസ് ഫീഡില്‍ എന്തൊക്കെ കാണണം എന്ന മുന്‍ഗണന അല്‍ഗോരിതം കണക്കാക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ കൂടുതല്‍ ഇടപഴകുന്ന വ്യക്തികളുടെ പോസ്റ്റുകളില്‍ നിന്ന് ഏറ്റവും വൈകാരിക പ്രതികരണങ്ങള്‍ സൃഷ്ടിച്ചവയെയാണ് അവ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് യുക്തിപൂര്‍വ്വമായ സംവാദങ്ങളെക്കാള്‍ വൈകാരിക സംവാദങ്ങള്‍ കൂടുതല്‍ പേരിലെത്തുന്നു.

തന്‍റെ പുതിയ പ്രഖ്യാപനത്തില്‍ സുക്കര്‍ബര്‍ഗ് ഊറ്റം കൊള്ളുന്നത് ഇങ്ങനെയാണ്: “അടുത്ത കാലത്ത് ലോകമെങ്ങും നടന്ന പ്രചാരണങ്ങളില്‍- ഇന്ത്യയും ഇന്തോനേഷ്യയും മുതല്‍ യൂറോപ്പിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും വരെ- ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ സജീവമായി ഫോളോ ചെയ്യപ്പെടുന്നവര്‍ വിജയിക്കുന്നതായാണ് കാണുന്നത്.” നെതര്‍ലാന്‍ഡിലെ ലിബറല്‍ പ്രധാന മന്ത്രിയായ മാര്‍ക്ക് രറ്റിന്‍റെ പേജിന് 17,527 ലൈക്കുകളാണുള്ളത്; തീപ്പൊരി നാഷണലിസ്റ്റായ ഹീത്ത് വില്‍ഡേഴ്സിന് 174,188 ലൈക്കുകളും. ഫ്രാന്‍സില്‍ റാഷണലിസ്റ്റായ ഇമ്മാനുവല്‍ മാക്രോണിന് ഫേസ്ബുക്കില്‍ 165,850 ലൈക്കുകള്‍ കിട്ടിയപ്പോള്‍ വലതു പക്ഷത്തെ മറീന്‍ ലി പെനിന് 12 ലക്ഷം ലൈക്കുകള്‍ അവകാശപ്പെടാനുണ്ട്. അവരെയൊക്കെ ജയിക്കാന്‍ സഹായിക്കുന്നു എന്ന അവകാശവാദം ലിബറലായ സുക്കര്‍ബര്‍ഗിന് അഭിമാനിക്കാവുന്ന ഒന്നല്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്ലാറ്റ്ഫോമിലെ അല്‍ഗോരിതത്തിന്‍റെ ഇടപെടലുകള്‍ ജനപിന്തുണ അവകാശപ്പെടുന്നവര്‍ക്ക് ശക്തമായ ഒരായുധമായിരിക്കുന്നു.

പറഞ്ഞതിലെ തെറ്റു തിരുത്താനോ ഫേസ്ബുക്കില്‍ ആളുകള്‍ എന്തു കാണണം എന്നതില്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കാനോ സുക്കര്‍ബര്‍ഗ് ഒരുക്കമല്ല. പകരം ഫേസ്ബുക്ക് എന്നത് ആശയവിനിമയത്തിനുള്ള ഒരു സാങ്കേതിക വിദ്യ എന്നതിലുപരി ഒരു രാഷ്ട്രമോ രാഷ്ട്രീയ അതിര്‍ത്തികള്‍ക്കതീതമായ പ്രവിശ്യയോ ആണെന്ന മട്ടിലാണ് പുതിയ പ്രസ്താവന. വിവിധ ഗ്രൂപ്പുകളെ “അര്‍ത്ഥപൂര്‍ണ്ണ”മായവയെന്നും, ഒരുപക്ഷേ അല്ലാത്തവയെന്നും, ഫേസ്ബുക്ക് തരംതിരിക്കുന്നതെങ്ങനെ എന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. ഫേസ്ബുക്കിനു പുറത്തു വിവിധ ഗ്രൂപ്പുകളില്‍ നിലനില്‍ക്കുന്ന ആളുകള്‍ക്ക് പരസ്പരമുള്ള ആശയവിനിമയം സാദ്ധ്യമാക്കുന്നതിനു പകരം ഫേസ്ബുക്കിലെ ബന്ധങ്ങളെ ജീവിതത്തിലേയ്ക്ക് നീട്ടാനാണ് സുക്കര്‍ബര്‍ഗ് ശ്രമിക്കുന്നത്. കിടമല്‍സരം ഒഴിവാക്കാന്‍ പറ്റിയ മാര്‍ഗ്ഗമാണത്.

നഗ്നത, അക്രമം, നിന്ദ്യമായ ഉള്ളടക്കം തുടങ്ങിയവയുള്ള  പോസ്റ്റുകളെ ഫ്ലാഗ് ചെയ്യുന്ന തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളുടെ ടീമെന്ന് ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു. ഇങ്ങനെ ഫ്ലാഗ് ചെയ്യുന്ന പോസ്റ്റുകളില്‍ അന്തിമ തീരുമാനമെടുക്കുന്നത് ടീമംഗങ്ങള്‍ ആകും. ഇതുവരെയുള്ള അനുഭവത്തില്‍ നിന്നു നോക്കിയാല്‍ അങ്ങനെയൊരു ഉത്തരവാദിത്വത്തിന്‍റെ സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ എടുക്കപ്പെടുന്ന തീരുമാനങ്ങള്‍ക്ക് റബ്ബര്‍ സ്റ്റാമ്പെന്ന പോലെ അംഗീകാരം കൊടുക്കാനുള്ള പ്രവണതയാണ് നമ്മള്‍ മനുഷ്യര്‍ക്കുള്ളത്. ഈ രീതിയില്‍ ഉള്ള ന്യൂനതകള്‍ സക്കര്‍ബര്‍ഗും സമ്മതിക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഫില്‍റ്ററുകള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും അദ്ദേഹം ചിന്തിക്കുന്നു.

“നഗ്നതയുടെ കാര്യത്തില്‍ നിങ്ങള്‍ വയ്ക്കുന്ന അതിര്‍വരമ്പെന്താണ്? അക്രമത്തിന്‍റെ പരിധി? ഗ്രാഫിക് ഉള്ളടക്കത്തിന്‍റെയും ദൈവനിന്ദയുടെയുമൊക്കെയോ? നിങ്ങള്‍ തീരുമാനിക്കുന്നതാവും വ്യക്തിപരമായി നിങ്ങളുടെ സെറ്റിങ്.  ഞങ്ങള്‍ ഇടയ്ക്കിടെ ഈ ഫില്‍റ്ററുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമാരായും. അപ്പോള്‍ ഇതെങ്ങനെ സെറ്റ് ചെയ്യണം എന്ന് തിരഞ്ഞു ബുദ്ധിമുട്ടേണ്ടി വരില്ല. അങ്ങനെ സ്വയം തീരുമാനിക്കാത്തവര്‍ക്കായുള്ള സെറ്റിങ്സ് ആ പ്രദേശത്തെ ഭൂരിഭാഗം ആളുകളുടെയും താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാവും. അതെപ്പോള്‍ വേണമെങ്കിലും മാറ്റാനുമാകും.”

ശരിക്കും സംഭവിക്കാന്‍ പോകുന്നതെന്താണെന്നു വച്ചാല്‍, സെറ്റിങ്സ് മാറ്റാനുള്ള മടി കൊണ്ട് മിക്കവരും ‘ഭൂരിഭാഗത്തിന്‍റെ’ വഴിയേ പോകും. അവരുടെ നിലപാടുകളെ തകിടം മറിക്കുന്ന എന്തെങ്കിലും കാണാനുള്ള സാദ്ധ്യതകള്‍ അതോടെ വീണ്ടും കുറയും. ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നവരുടെ സ്ഥിതിയും വളരെയൊന്നും വ്യത്യസ്ഥമാവില്ല: എന്താണ് ഒഴിവാക്കപ്പെടുന്നത് എന്ന് അവര്‍ ഒരിക്കലും അറിയാന്‍ പോകുന്നില്ല. കാരണം ഫേസ്ബുക്ക് അല്‍ഗോരിതം ഒരു ബ്ലാക്ക് ബോക്സ് പോലെ സങ്കീര്‍ണവും ഗൂഢവുമാണ്.

കൂടുതല്‍ നിയന്ത്രണങ്ങളും മേല്‍നോട്ടവും ആവശ്യമുള്ള, കൂടുതല്‍ നല്ല സാമൂഹിക വ്യവഹാരങ്ങളിലേയ്ക്ക് കൊണ്ടുപോകേണ്ട ഒരു ആഗോള സമൂഹമായാണ് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിനെ കണക്കാക്കുന്നത്. കുറച്ചൊക്കെ ജനാധിപത്യവും “ഹിതപരിശോധന”യുമൊക്കെ അനുവദിക്കാന്‍ അദ്ദേഹം തയ്യാറാണ്. എന്നാല്‍ എന്തായിരിക്കണം ഉപഭോക്താക്കള്‍ കാണേണ്ട ഉള്ളടക്കമെന്നുള്ള അവസാന തീരുമാനം അവരുടെ ഫേസ്ബുക്കിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയാവും എടുക്കുക. അന്തിമമായി ഇത്തരം സോഷ്യല്‍ എഞ്ചിനിയറിങ് ആളുകളുടെ മനോനിലയെയും പെരുമാറ്റത്തെയും ബാധിക്കുന്നു. നല്ല കാര്യങ്ങളില്‍ പങ്കെടുക്കാനും വാണിജ്യ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും പ്രേരിപ്പിക്കുന്നതോടൊപ്പം ഈ സോഷ്യല്‍ എഞ്ചിനിയറിങ് നമ്മുടെയൊക്കെ ജീവിതത്തില്‍ ദോഷകരമായ രീതികളില്‍ പടരാനും ഇടയുണ്ട്.

സിലിക്കണ്‍ വാലിയിലെ വീരനായകന്മാരില്‍ നിന്ന് വിനയം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ ആളുകള്‍ എങ്ങനെ ഫേസ്ബുക്ക് ഉപയോഗിക്കണമെന്ന് തീരുമാനിക്കാന്‍ ശ്രമിക്കുന്നതിലൂടെ ക്രൂരനായ ഒരു സത്വത്തെയാവും താന്‍ സൃഷ്ടിക്കുന്നതെന്ന് സുക്കര്‍ബര്‍ഗ് മനസിലാക്കണം. അദ്ദേഹത്തിന്‍റെ കമ്പനി നല്‍കുന്ന മറ്റു സേവനങ്ങളായ മെസഞ്ചറും വാട്സാപ്പും വേറെ ഇടപെടലുകളില്ലാതെ ആളുകളെ ആശയവിനിമയത്തിനു സഹായിക്കുന്നവയാണ്. സുക്കര്‍ബര്‍ഗിന്‍റെ പ്രസ്താവനയിലെ അത്ര വിവാദപരമല്ലാത്ത ഒരുദാഹരണം ലളിതമായ ഈ സംവിധാനത്തോടു ബന്ധപ്പെട്ടതാണ്. “കെനിയയിലെ മുഴുവന്‍ ഗ്രാമങ്ങളും അവരുടെ ജനപ്രതിനിധികളടക്കം വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഉണ്ട്,” ഫേസ്ബുക്ക് CEO എഴുതുന്നു. അങ്ങനെ നോക്കിയാല്‍ എന്‍റെ കുട്ടിയുടെ കൂടെ പഠിക്കുന്നവരും അതുപോലെ വാട്സാപ്പ് ഗ്രൂപ്പുകളിലുണ്ട്, അതൊരു നല്ല കാര്യവുമാണ്.

മറ്റുള്ളവരോടൊത്ത് പഠിക്കാനും ജോലിയെടുക്കാനും മറ്റു കാര്യങ്ങള്‍ ചെയ്യാനുമൊക്കെ സഹായിക്കുന്ന സംവിധാനങ്ങളോട് ആളുകള്‍ക്ക് നന്ദിയുണ്ട്. പക്ഷേ അവരെ ആട്ടിത്തെളിക്കാന്‍ ശ്രമിച്ചാലുള്ള പ്രതികരണങ്ങള്‍ വ്യത്യസ്ഥമാകും. “Virtual identity suicide” (തങ്ങളുടെ അക്കൌണ്ടുകള്‍ അവസാനിപ്പിച്ച് സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്തുന്നവര്‍) അതിലൊന്നാണ്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഈ പ്രവണത പരാമര്‍ശിക്കപ്പെടുന്നില്ല. അതിന്‍റെ കാരണം കമ്പനി റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്കിന്‍റെ “സജീവ യൂസര്‍”മാരായ പലരും bots (സോഷ്യല്‍ മീഡിയയിലെ പോസ്റ്റിങ് പോലെയുള്ള പ്രവര്‍ത്തികള്‍  ആവര്‍ത്തിച്ചു ചെയ്യാനുള്ള പ്രോഗ്രാമുകള്‍) ആണ്. ഗൂഗിള്‍ സെര്‍ച്ച് വിന്‍ഡോയില്‍ “how to leave” എന്നു ടൈപ്പ് ചെയ്താല്‍ ആദ്യം വരുന്നത് “how to leave Facebook” എന്നായിരിക്കും.

(ബെര്‍ഷെഡ്സ്കി ബ്ലൂംബെര്‍ഗ് വ്യൂവിന്‍റെ കോളമിസ്റ്റാണ്. റഷ്യന്‍ ബിസിനസ്സ് ദിനപ്പത്രമായ Vedomosti യുടെ സ്ഥാപക എഡിറ്ററും ഒപീനിയന്‍ വെബ്സൈറ്റായ Slon.ru യുടെ സ്ഥാപകനുമാണ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍