UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ് ബുക്ക് പത്രം വരുന്നു: നമ്മുടെ മാധ്യമങ്ങള്‍ക്ക് ആശങ്കപ്പെടാന്‍ പലതുമുണ്ട്

Avatar

ടീം അഴിമുഖം

ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ഇപ്പോഴിത് അത്ര വലിയൊരു മോശം വാര്‍ത്തയായിരിക്കില്ല. പക്ഷേ അടുത്തുതന്നെ അതങ്ങനെയാകാന്‍ ഇടയുണ്ട്.

തങ്ങളുടെ ശതകോടിയിലേറെ വരുന്ന അംഗങ്ങളുടെ സ്വകാര്യ ‘വര്‍ത്തമാനപത്ര’മാകാന്‍ ഫെയ്സ്ബുക് ഒരുങ്ങുന്നു എന്നത് ഇപ്പോഴേ ചക്രശ്വാസം വലിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്കു കൂടുതല്‍ കുഴപ്പങ്ങള്‍ വരാനിരിക്കുന്നതിന്റെ മുന്നറിയിപ്പാണ്.

2013 സെപ്റ്റംബറില്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഞായറാഴ്ച പത്രത്തിന്റെ വില്‍പ്പന 5.7% കുറഞ്ഞു. 602,830-ല്‍ നിന്നും 568,365-ലേക്ക്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള പത്രവില്‍പ്പന ഏതാണ്ട് 7% കുറഞ്ഞു. മൊത്തമായെടുത്താല്‍ ഞായറാഴ്ചയിലെ ശരാശരി വിതരണം 3% കുറഞ്ഞു. 800,643-ല്‍ നിന്നും 776,806 ആയി താഴോട്ട് പോന്നു. മികച്ച പത്രപ്രവര്‍ത്തനത്തിന്റെ സാര്‍വ്വദേശീയ പ്രതീകങ്ങളിലൊന്നായ വാഷിംഗ്ടണ്‍ പോസ്റ്റ് അഴിമുഖത്തിന്റെ ഒരു വാര്‍ത്താപങ്കാളി കൂടിയാണ്.

ലോസ് ആഞ്ചലസ് ടൈംസിന്റെ ശരാശരി ഞായറാഴ്ച വില്‍പ്പന 2013 സെപ്തംബറില്‍ 6.5% കണ്ട് കുറഞ്ഞ് 733,101-ല്‍ നിന്നും 685,473-ലെത്തി. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള പത്രവില്‍പ്പന 7% ഇടിഞ്ഞു. മൊത്തം ഞായറാഴ്ച വില്‍പ്പന ശരാശരി അല്പം മാത്രം ഉയര്‍ന്നു. 963,751-ല്‍ നിന്നും 965,598-ലേക്ക്. ഇന്ത്യയിലെ മാധ്യമങ്ങളിലും അപായസൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഹിന്ദു പത്രം ഈ സാമ്പത്തികവര്‍ഷം 63 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മധുര, കൊയമ്പത്തൂര്‍ പോലുള്ള പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍പോലും പിടിച്ചുനില്‍ക്കാന്‍ ഹിന്ദു പത്രം കഷ്ടപ്പെടുകയാണ്.

വലിയ നവസാമൂഹ്യ ശൃംഖലയായ ഫെയ്സ്ബുക് അതിന്റെ മിക്ക ഉപയോക്താക്കള്‍ക്കും വാര്‍ത്തകള്‍ അറിയാനുള്ള ഒരു സുപ്രധാന സ്രോതസാണ്. ഡിജിറ്റല്‍ യുഗത്തില്‍ ആളുകളുടെ വിവരശേഖരണരീതികള്‍ എങ്ങനെയൊക്കെ മാറുന്നു എന്നതിന്റെ തെളിവുകൂടിയാണിത്.

ഫെയ്സ്ബുക്കിനെ “ലോകത്തെ എല്ലാവര്‍ക്കും ലഭ്യമായ, തീര്‍ത്തും വ്യക്തിഗതമായൊരു തികഞ്ഞ  വര്‍ത്തമാനപത്രം” ആക്കിമാറ്റുക എന്നതാണു ലക്ഷ്യമെന്ന് കമ്പനിയുടെ സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് ഈ നവംബറില്‍ ഒരു സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പത്രങ്ങള്‍ എല്ലാ വായനക്കാര്‍ക്കും ഒരേ വാര്‍ത്ത നല്‍കുമ്പോള്‍ ഫെയ്സ്ബുക്, ഓരോ വ്യക്തിക്കും ചേരുന്ന വിധത്തില്‍ ലോക വാര്‍ത്തകളും, ചുറ്റുവട്ട വാര്‍ത്തകളും, സുഹൃത്തുക്കളെയും കുടുംബത്തെയും കുറിച്ചുള്ള പുതിയ വിവരങ്ങളുമായി വാര്‍ത്തകളുടെ മിശ്രിതം നല്‍കുമെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്.

വര്‍ത്തമാനപത്രത്തില്‍ ഇതൊരു പുതിയ കാഴ്ച്ചപ്പാടാണ്. ചുരുങ്ങിയത് ഒരു സാധാരണ ദിനപത്രത്തിന് ചെയ്യാന്‍ കഴിയാത്തത്.

ഓരോ വ്യക്തിക്കും വേണ്ട വാര്‍ത്തകളെന്തായിരിക്കുമെന്ന എഡിറ്റോറിയല്‍ തീരുമാനങ്ങള്‍ ഫെയ്സ്ബുകില്‍ പത്രപ്രവര്‍ത്തകനല്ല, മറിച്ച് ഒരു അല്‍ഗോരിതമാണ് നിര്‍ണയിക്കുക.

ഇത് സാമ്പ്രദായിക മാധ്യമപ്രവര്‍ത്തക സമൂഹത്തെ ആശങ്കയിലാഴ്ത്തും. പക്ഷേ, ചില മാധ്യമ വിദഗ്ധര്‍ തന്നെ സമ്മതിക്കുമ്പോലെ ആളുകള്‍ക്ക് വേണ്ടത് കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ നല്കാന്‍ ഫെയ്സ്ബുകിനാവും. അത് കൂടുതല്‍ അടുപ്പമുള്ളതാണ്, പ്രസക്തമാണ്. അസാധാരണമാം  വിധം കാലികവും നിങ്ങളെക്കുറിച്ചുള്ളതുമാണ്. ഇത് ഏത് പത്രത്തിനും ചെയ്യാവുന്നതിലും അധികമാണ്. പത്രങ്ങള്‍ തങ്ങളുടെ പുരാതന വ്യാപാര മാതൃകകളെ പുണര്‍ന്നിരിക്കുമ്പോള്‍ ഫെയ്സ്ബുക് പോലുള്ള സ്ഥാപനങ്ങള്‍ വാര്‍ത്തകളെ കൂടുതല്‍ വ്യക്തിപരമാക്കുന്നു.

യുവവായനക്കാര്‍ അച്ചടിപത്രത്തിനെക്കാള്‍ ഡിജിറ്റല്‍, മൊബൈല്‍ വായനാശീലത്തിലേക്ക് മാറുകയാണ് എന്നതും ഈ പ്രവണത തുടരാന്‍ കാരണമാണ് എന്ന്‍ സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ജനപ്രിയതയെ കാശാക്കിമാറ്റാന്‍ ട്വിറ്റര്‍
ഒരു പാവപ്പെട്ടവന്‍റെ സ്വപ്നത്തിന്‍റെ വില 1140000000000 രൂപ!
‘ഇന്‍റര്‍നെറ്റ് നിഷ്പക്ഷത’യെ പറ്റി അഞ്ചു മിത്തുകള്‍
ഇനി ഫേസ്ബുക്കിനെ അണ്‍ലൈക് ചെയ്യേണ്ടി വരുമോ?
വാങ്ങി വാങ്ങി മുന്നേറാന്‍ ഫേസ്ബുക്കിനാവുമോ?

നിങ്ങളുടെ സുഹൃത്ത് എന്താണ് വായിക്കുന്നത് എന്നു പറയാനുള്ള എല്ലാ വിവരങ്ങളും ഫെയ്സ്ബുകിന്റെ കൈവശമുണ്ട്. അതുകൊണ്ടു നിങ്ങള്‍ക്ക് താത്പര്യമുള്ള  വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പ്യൂ ഗവേഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്  30% അമേരിക്കക്കാരും വാര്‍ത്തകള്‍ക്ക് ഫെയ്സ്ബുകിനെ ആശ്രയിക്കുന്നു. വാര്‍ത്താ വെബ്സൈറ്റുകള്‍ക്കുള്ള ഒരു വലിയ സ്രോതസ്സും ഫെയ്സ്ബുക്കാണ്. ഫെയ്സ്ബുകിനെയും മറ്റ് നവ സാമൂഹ്യ ശൃംഖലകളെയും കൂടുതലായി ആശ്രയിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മേല്‍ നവ സാമൂഹ്യ ശൃംഖലകള്‍ക്ക് അതിശക്തമായ സ്വാധീനം ഉണ്ടാകും എന്നും പറയാം.

കംപ്യൂട്ടര്‍ കോഡിങ്ങില്‍ ഫെയ്സ്ബുക് കേമന്‍മാരാണെങ്കിലും പത്രാധിപസമിതി തീരുമാനങ്ങളുടെ കാര്യത്തില്‍ അവര്‍ ഇനിയും മിടുക്ക് തെളിയിക്കേണ്ടിയിരിക്കുന്നു. ഫെയ്സ്ബുക്, ഗൂഗിള്‍ പോലുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ അല്‍ഗോരിതമിക് സമവാക്യങ്ങള്‍ അതീവരഹസ്യമാക്കി വെച്ചിരിക്കുകയാണ്. അതിലെ ചെറിയ മാറ്റങ്ങള്‍പോലും വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

പക്ഷേ പരമ്പരാഗത മാധ്യമങ്ങള്‍ ദുര്‍ബ്ബലമാകുന്നതോടെ മുന്‍കാലത്തെന്നപോലെ ജനങ്ങളെ വിവരങ്ങളറിയിക്കുന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തെ വ്യവസായമേഖല എങ്ങനെ പിന്തുണയ്ക്കും എന്നത് അവ്യക്തമായി തുടരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍