UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്കിനെ തിരുത്താന്‍ ഫേസ്ബുക്ക് കൊണ്ടുതന്നെ കഴിയുമോന്ന് ഞങ്ങളൊന്നു നോക്കട്ടെ

മായ ലീല

‘എന്റെ ഉപ്പും ചോറും തിന്നിട്ട് നീ എനിക്കെതിരെ സമരം ചെയ്യുന്നോടാ നായേ’, കേട്ടിട്ടുണ്ടോ ഇങ്ങനൊരു ഡയലോഗ്? അല്ലെങ്കില്‍ ഏതാണ്ട് ഇതുപോലിരിക്കുന്ന ഒരെണ്ണം? ഉണ്ടാവും, ഉണ്ടാവണം. ഫ്യൂഡലിസം മുതലാളിത്തമായി മാറുന്നേനും മുന്നേ നടന്ന അവകാശസമരങ്ങള്‍ക്ക് നേരെ ഉയര്‍ന്നുകേട്ട ശബ്ദമാണത്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്തെങ്ങും. കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ അത് ഭൂവുടമയായ ജന്മിയ്ക്കെതിരെ അയാളുടെ തന്നെ ഭൂമിയില്‍ സമരം ചെയ്യല്‍ എന്ന ധിക്കാരം ആയിരുന്നു; ഫാക്ടറി തൊഴിലാളികള്‍ സമരം ചെയ്തപ്പോള്‍ അത് ഫാക്ടറി മുതലാളിയുടെ കാരുണ്യം പറ്റി ജോലി മേടിച്ചെടുത്തിട്ട്, അതേ മുതലാളിയുടെ നേര്‍ക്ക് തന്നെ സമരം ചെയ്യുന്ന ധാര്‍ഷ്ട്യം ആയിരുന്നു. ഇന്നും അത്തരത്തില്‍ ഒരു വാദം മലയാളി സോഷ്യല്‍ മീഡിയയില്‍ നിന്ന് കേള്‍ക്കുന്നുണ്ട്: “ഫെസ്ബുക്കിനെതിരെ ഫേസ്ബുക്കില്‍ തന്നെ സമരം ചെയ്യുന്നോ” എന്ന്!

 

സ്വകാര്യ കമ്പനികളില്‍ ചട്ടങ്ങളും നിയമങ്ങളും മുതലാളിമാരാണ് തീരുമാനിക്കുന്നതെങ്കിലും അവിടേയും അവകാശങ്ങള്‍ക്കായി സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. കല്യാണ്‍ മുതലാളി ജോലിക്കാരായ സ്ത്രീകള്‍ ഒന്ന് ഇരിക്കുക പോലും വേണ്ട എന്ന് സ്വന്തം സ്ഥാപനത്തില്‍ നിയമം ഉണ്ടാക്കിയപ്പോള്‍ അതിനെതിരേ സമരം ചെയ്ത തൊഴിലാളികളെ സോഷ്യല്‍ മീഡിയ നെഞ്ചിലേറ്റിയാണ് കൊണ്ടാടിയത്. ഇത് ഏറ്റവും ആനുകാലികമായ ഒരുദാഹരണം മാത്രം. കേരളത്തിന്റെ നവോത്ഥാന കാലത്തെ ചരിത്രം മുഴുവന്‍ ഇത്തരത്തില്‍ ഫ്യൂഡല്‍ മുതലാളിത്ത നിയമങ്ങളെ ചോദ്യം ചെയ്തും സമരം ചെയ്ത് തോല്‍പ്പിച്ചുമുള്ള ചരിത്രങ്ങളാണ്. അങ്ങനെ ഒരിടത്ത് നിന്നുകൊണ്ട് എങ്ങനെയാണ് മുതലാളിത്തത്തിന് വിടുപണി ചെയ്യാന്‍ കഴിയുന്നത്?

 

ഫേസ്ബുക്കിലെ നിയമങ്ങള്‍ അവകാശങ്ങളെ ഹനിക്കുന്നതാണെങ്കില്‍ അതിനെതിരേ സമരം ഫേസ്ബുക്കില്‍ തന്നെ ചെയ്യുന്നതിന് എന്താണ് തെറ്റ്?

പ്രീത ജിപി എന്ന സ്ത്രീയെപ്പറ്റി അങ്ങേയറ്റം അവഹേളനങ്ങള്‍ നിറഞ്ഞ ഒരു പേജിനെ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇഞ്ചിപ്പെണ്ണ് എന്ന പേരിലുള്ള മറ്റൊരു പ്രൊഫൈലിനോട് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത് അവരുടെ സ്വന്തം പേരും വിശദാംശങ്ങളും വെളിപ്പെടുത്താനാണ്. ഇഞ്ചിപ്പെണ്ണിനെതിരേ വധഭീഷണി വരെ ഉയര്‍ന്നു വന്നിട്ടുള്ള സാഹചര്യത്തില്‍ ആരാണ് ആ പേജ് നടത്തുന്നത് എന്ന് പോലും കണ്ടുപിടിക്കാന്‍ കഴിവില്ലാത്ത പോലീസ് ഫോഴ്സ് മുഴുവന്‍ കണ്ണുമിഴിച്ചു നില്‍ക്കുമ്പോള്‍ എന്തിനാണ് ഇഞ്ചിപ്പെണ്ണിന്റെ പേരും വിശദാംശങ്ങളും കൊടുത്തിട്ട്? അവരെ നേരിട്ട് പോയി ഉപദ്രവിക്കാനോ? അതോ അവരുടെ കുടുംബാംഗങ്ങളെ കണ്ടുപിടിച്ച് അവരെ ഉപദ്രവിക്കാനോ? ഒരു സ്ത്രീയ്ക്ക് അവരുടെ സ്വന്തം പേരുവെച്ചോ അല്ലാതെയോ എഴുതാനുള്ള സ്വാതന്ത്ര്യം ഫേസ്ബുക്ക് എന്തിനാണ് നിഷേധിക്കുന്നത്? അത് നിഷേധിച്ചാല്‍ അത് ജനാധിപത്യപരമല്ല എന്ന് വാദിച്ച് സമരം ചെയ്യാനുള്ള അവകാശത്തെ നാട്ടുകാരും ആക്റ്റിവിസ്റ്റുകളും ചേര്‍ന്ന് എന്തിനാണ് നിഷേധിക്കുന്നത്?

 

 

വധഭീഷണിയും, ഏറ്റവും മോശപ്പെട്ട രീതിയില്‍ അസഭ്യവും മറ്റും കുത്തിനിറച്ച ഒരു പേജ് ഫേസ്ബുക്കില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ച മൂന്നായി. ഇതുവരെ ഫേസ്ബുക്കിനോ കൊട്ടിഘോഷിച്ച സൈബര്‍ സെല്ലിനോ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. അതില്‍ അവഹേളിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട് താനും. വീണ്ടും അതിലിട്ട് അവഹേളിക്കപ്പെടാം എന്നല്ലാതെ ഇഞ്ചിപ്പെണ്ണിന്റെ പേരും വിവരവും കൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടാവാന്‍ പോവുന്നത്? പേജ് ഉണ്ടാക്കിയവനും നിലനിര്‍ത്തുന്നവനും അനോണിമസ് ആയി തുടരുമ്പോള്‍ അതിനെതിരേ പ്രതികരിക്കുന്നവരെ വിലക്കുകയും പേര് ചോദിക്കുകയും ചെയ്യുന്നത് എന്ത് ന്യായം? സുരക്ഷിതത്വം തരാനാണെങ്കില്‍ ഫെസ്ബുക്കിനുള്ളില്‍ പോലും യഥാര്‍ത്ഥ പേര് കൊടുത്തിരുന്ന പ്രീതയ്ക്കോ അരുന്ധതിയ്ക്കോ അത് കിട്ടിയോ? പേരിനെതിരെ ഉള്ള സമരങ്ങള്‍ ഇട്ടാവട്ട കേരളത്തിലെ ചില പെണ്ണുങ്ങള്‍ മാത്രം നടത്തുന്നതല്ല. എന്തിനാണ് ലീഗല്‍ പേര് ഫേസ്ബുക്ക് ചോദിക്കുന്നത് എന്നതിന് പല വ്യാഖ്യാനങ്ങള്‍ ഉണ്ട്. ഡേറ്റാ മൈനിംഗ് മുതല്‍ സൈറ്റിന്റെ ആധികാരികത നിലനിര്‍ത്താന്‍ ആണെന്ന് വരെ.

 

My name is only real enough to work at Facebook, not to use on the site – ഇവിടെ ഇവരെങ്ങനെയാണ് പ്രതിഷേധിച്ചത് എന്ന് നോക്കുക.

 

എന്തിനാണ് ഫേസ്ബുക്കിന് ആളുകളുടെ യഥാര്‍ത്ഥ പേരും വിവരവും? കൂട്ടുകാരെ ഉണ്ടാക്കാനും മറ്റും എനിക്ക് യക്ഷിയെന്നോ മറുതയെന്നോ ദൈവമെന്നൊ ഡിങ്കന്‍ എന്നോ അറിയപ്പെടാന്‍ ആണ് താത്പര്യം എങ്കില്‍ അതില്‍ ഫെസ്ബുക്കിനെന്ത് കാര്യം. സാമ്രാജ്യത്വവും ഫേസ്ബുക്കും ചേര്‍ന്ന് നെയ്യുന്ന നാടകങ്ങള്‍ക്ക് ഞാന്‍ എന്റെ ശരിയായ പേരും വിവരവും കൊടുത്തു ബലം നല്‍കുന്നതെന്തിന്? ഫേസ്ബുക്ക് ഇന്ന് വരെ ചെയ്തതും മാറ്റിമറിച്ചതുമായ വസ്തുതകളും തെളിവുകളും നിരത്തി നിങ്ങള്‍ എന്തൊക്കെ വാദങ്ങള്‍ ഉന്നയിച്ചാലും എന്റെ പേര് താത്പര്യമില്ലാത്ത ഒരിടത്ത്, നിയമപരമായ യാതൊരു ഇടപാടുകളും ഇല്ലാത്ത ഒരിടത്ത് കൊടുക്കണം എന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. പണമിടപാടുകള്‍ നടന്നെങ്കില്‍, ലീഗല്‍ ഇടപാടുകള്‍ നടന്നെങ്കില്‍ മാത്രം ശരിയായ പേരും വിവരവും മറ്റും മതിയാകും. കുറേ രാഷ്ട്രീയം പറയാനും ചര്‍ച്ചകള്‍ നടത്താനും ഉള്ള ഇടത്ത് എന്ത് പേര്, എന്ത് വിവരം!

 

ദിലീപന്‍ വേണുഗോപാലന്റെ അഭിപ്രായം നോക്കുക.

വല്യ കമ്പനികളിലും, ബില്‍ഡിങ്ങുകളിലും ഒക്കെ മോക്ക് ഡ്രില്‍ നടത്തില്ലേ? അവരുടെ സേഫ്റ്റി സിസ്റ്റംസ് ഒക്കെ വര്‍ക്കിങ്ങ് ആണെന്ന് ഉറപ്പുവരുത്താനൊക്കെ ആയിട്ട്? അതേപോലൊരു സംഗതി ആയിരുന്നു ഫേസ്ബുക്കിന്റെ മഴവില്‍ പ്രൊഫൈല്‍ പിക്ചര്‍ ആപ്പ് എന്നാണ്‌ ഞാന്‍ കരുതുന്നത്.

 

ഒരു പ്രൂ‍ഫ് ഓഫ് കണ്‍സപ്റ്റ് – ഒരു ശക്തിപ്രകടനം. ഒരു വിഷയത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാക്കാനും, അതിന്റെ വിസിബിലിറ്റി മാനിപ്പുലേറ്റ് ചെയ്ത് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള റിസള്‍ട്ട് ഉണ്ടാക്കാനും ഫേസ്ബുക്കിന് സാധിക്കും എന്ന് ആര്‍ക്കൊക്കെയോ തെളിവു കൊടുക്കാന് വേണ്ടി ഫേസ്ബുക്ക് നടത്തിയ ഒരു മോക്ക് ഡ്രില്‍ ആയിരുന്നു ആ മഴവില്ലുകള്‍.

 

എനിക്ക് ക‌മ്യൂണിറ്റിസ്റ്റാന്‍ഡേര്‍ഡിലെ മാറ്റങ്ങളേക്കാള്‍ ഒക്കെ പേടി തോന്നിയത് ഈ എക്സര്‍സൈസ് കണ്ടിട്ടായിരുന്നു. ഇവര്‍ തീരുമാനിച്ചാ‍ല്‍ ഒരു കലാപം നടത്തുന്നതോ, ഒരു തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതോ ഒക്കെ പൂ ഇറുക്കും പോലെ അയത്നലളിതമാ‍യ ചെയ്തികളായി മാറാന്‍ പോകുന്നു എന്നു തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്.

 

ഈ പ്രൊസസ് ഒപ്റ്റിമൈസ് ചെയ്യണമെങ്കില്‍, അവര്‍ക്ക് കൂടുതല്‍ അക്കൌണ്ടബിള്‍ ആയ ഡേറ്റാ വേണം. ഡിഫ്ലക്റ്റ് ചെയ്യാത്ത ഇന്ററാക്ഷന്‍സ് വേണം. അതുണ്ടെങ്കിലേ അവര്‍ക്ക് കൃത്യമായ ഇന്‍സൈറ്റ്സ് നിര്‍മിച്ചെടുക്കാനും മറ്റും കഴിയൂ‍.

 

ഡാറ്റ അക്കൌണ്ടബിള്‍ ആക്കുന്നതിന്റേയും, ഗ്രാസ് റൂട്ട് ലെവലില്‍ ഡിസ്കഷന്‍സ് നോര്‍മലൈസ് ചെയ്യപ്പെടുന്നതിന്റേയുമൊക്കെ ഇരകളാണ് പ്രീത, ഇഞ്ചിപ്പെണ്ണ് ഒക്കെ എന്നാണു തോന്നുന്നത്.

(https://plus.google.com/u/0/+DileepanVenugopalanAndAFewCharacters/posts/E8QNyoXsnFM)


ഇനി ഫേസ്ബുക്കിന്റെ കഥ പറഞ്ഞാല്‍, അവര്‍ക്ക് നേരിട്ട് അയച്ച മെയിലുകളില്‍ നിന്നും മറ്റും അവര്‍ക്ക് ഇതിനോട് പ്രതികൂലമായ നിലപാടുകള്‍ ഉള്ളതായാണ് കാണുന്നത്. ഒരാളുടെ സ്വകാര്യത സൂക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ് എന്ന നിലപാട് അവര്‍ക്ക് തന്നെ മനസ്സിലാകുന്നുണ്ട്. എന്നിട്ടും രാജാവിനേക്കാള്‍ വല്യ രാജഭക്തി എന്ന രീതിയിലാണ് ചില ആക്ടിവിസ്റ്റുകളുടെ നിലപാട്. പറ്റില്ല, ഫേസ്ബുക്ക് മുതലാളിയെ അനുസരിക്കാന്‍ വയ്യെങ്കില്‍ ഫേസ്ബുക്ക് വിട്ട് ബദലുകള്‍ അന്വേഷിക്കാന്‍ ആണ് തിട്ടൂരങ്ങള്‍. ബീഫ് തിന്നണമെങ്കില്‍ പാകിസ്ഥാനില്‍ പൊക്കോട്ടെ എന്ന് സംഘപരിവാറുകാര്‍ പറയുന്നത് പോലെ. അതെന്തു ന്യായമാണ്? സ്ത്രീകളായതുകൊണ്ട് ഞങ്ങള്‍ക്ക് ഇവിടെ നിലനില്‍ക്കണ്ടേ, ആരേയും ഭയക്കാതെ, ജീവനും സ്വത്തിനും രക്ഷ വേണമെങ്കില്‍ തൂലികാ നാമത്തില്‍ എഴുതിയാലേ മതിയാകൂ എന്ന് ഉറപ്പുള്ളപ്പോള്‍, ഞങ്ങളോട് എന്തിന് പ്രതിഷേധിക്കാന്‍ പോലും അര്‍ഹതയില്ല എന്ന് പറയണം?

 

 

പ്രീതാ ജിപി നേരിട്ട അനുഭവം തന്നെ എടുക്കുക. എല്ലാവരും യഥാര്‍ത്ഥ പേര് വിവരങ്ങള്‍ കൊടുത്താല്‍ ക്രൈം നിരക്ക് കുറയ്ക്കാം എന്നാണു വാദം. പേരും വിവരവും കൊച്ചിന്റെ പടവും വരെ കൊടുത്ത പ്രീതയ്ക്ക് നേരെ നടക്കുന്ന ക്രൈമുകള്‍ക്ക് എന്തെങ്കിലും കുറവുകള്‍ ഉണ്ടായോ? അതിനെതിരേ പ്രതികരിച്ച അരുന്ധതിയുടെ നേര്‍ക്ക് ഉണ്ടായ അതിക്രമങ്ങള്‍ക്ക് കുറവുണ്ടായോ?

പ്രീതയേയും അരുന്ധതിയേയുമൊക്കെ അവഹേളിക്കുന്ന പ്രൊഫൈലുകള്‍ മിക്കതും സ്വന്തം പേരും മുഖവും മക്കളുടെ ഫോട്ടോയും ഉള്‍പ്പെടെ ഉള്ളതാണ്. അതുകൊണ്ട് അതൊന്നും ക്രൈം അല്ലാതായോ? വളരെ വിചിത്രമായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍ ആക്റ്റിവിസ്റ്റുകളും തെറിവിളി നടത്തുന്ന പേജും ഒരുപോലെ ഈ വിഷയത്തില്‍ യോജിക്കുന്നു എന്നതാണ്. അതായത് ഫേസ്ബുക്ക് ഒരു സ്വകാര്യ കമ്പനി ആണെന്നും അതിനകത്ത് അവകാശ വാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ഇടമില്ല എന്നും! നല്ല യോജിപ്പ് അല്ലേ, പുരുഷാധിപത്യത്തിനും ഫ്യൂഡലിസത്തിനും!

സ്ത്രീകള്‍ക്കായുള്ള അവകാശങ്ങള്‍ മുഴുവന്‍ സമരം ചെയ്ത് തന്നെ നേടിയെടുത്തതാണ്. ഐടി കമ്പനികള്‍ മുതല്‍ കൃഷിഭൂമികള്‍ വരെ ആ സമരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. പിന്നെങ്ങനെ ഒരു സോഷ്യല്‍ മീഡിയ സൈറ്റ് മാത്രം വേറിട്ട്‌ നില്‍ക്കും. സ്ത്രീവിരുദ്ധതയും അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളും എവിടെ നടന്നാലും ആര് നടത്തിയാലും അതിനെതിരേ പ്രതികരിക്കാന്‍ ഉള്ള ആര്‍ജ്ജവവും രാഷ്ട്രീയ ബോധവും ഉണ്ടാവണം.

 

ഫേസ്ബുക്കില്‍ പേരും വിവരവും കൊടുത്താല്‍ അതിനു പുറത്തുള്ള ലോകത്ത് നമുക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ഫേസ്ബുക്കിന് ഉറപ്പിക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ അതൊക്കെ എന്തിന് അറിയണം. പ്രൈവസി സെറ്റിംഗ് മാറ്റിയാല്‍ പോലും ഹാക്ക് ചെയ്തും മറ്റുമൊക്കെ കയറി എല്ലാം ചോര്‍ത്താം എന്ന ടെക്നോളജി വികസനം ഉള്ളപ്പോള്‍ പിന്നെ എന്ത് സുരക്ഷിതത്വമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. നാട്ടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി തിന്ന് ജീവിക്കുന്ന ഒരു കോര്‍പ്പറേറ്റ് ജീവിയാണ് ഫേസ്ബുക്ക് എന്ന് ലോകമെമ്പാടും അറിയാവുന്നതും അതിനെതിരേ വിവിധ തുറകളില്‍ നിന്നും പ്രതിഷേധങ്ങളും ഉണ്ടാവുന്നുണ്ട്.

 

(Facebook wants to make sure it is not violating an agreement struck two years ago with a federal agency after getting caught using people’s faces and names on the site’s “Sponsored Stories” feed without permission. The updated policy clarifies that Facebook users automatically consent to having their likenesses used by Facebook — unless members say otherwise. It’s not much different from the old privacy policy, which said members could control how their names and personal data were used in ads on the site.

http://www.huffingtonpost.com/2013/09/06/facebook-privacy-policy-change_n_3880288.html?ir=India&adsSiteOverride=in

 

“Users are offered no choice whatsoever with regard to their appearance in “sponsored stories” or the sharing of location data,” wrote the authors, stating that “users do not receive adequate information” to help them make informed choices where choices are available.

The authors continue: “We argue that the collection or use of device information envisaged by the 2015 data use policy does not comply with the requirements of article 5(3) of the EU e-Privacy Directive, which requires free and informed prior consent before storing or accessing information on an individual’s device.”

http://www.theguardian.com/technology/2015/feb/23/facebooks-privacy-policy-breaches-european-law-report-finds

That includes some things you haven’t even done yet
Facebook has even begun studying messages that you type but end up deciding not to post. A recent study by a Facebook data analyst looked at habits of 3.9 million English-speaking Facebook users to analyze how different users “self-censor” on Facebook. They measured the frequency of “aborted” messages or status posts, i.e., posts that were deleted before they ever were published. They studied this because “[Facebook] loses value from the lack of content generation,” and they hoped to determine how to limit this kind of self-censorship in the future. While a Facebook spokesman told Slate that the network is not monitoring the actual substance of these messages, Facebook was able to determine when characters were typed, and whether they were posted within ten minutes of being typed.

 

Even if you leave the network, not all your information does
Your Facebook footprint doesn’t necessarily disappear if you deactivate your account. According to the site’s Statement of Rights and Responsibilities, if your videos or photos have been shared by other users, they will remain visible on the site after you deactivate your account, and are subject to that user’s privacy settings.

http://www.huffingtonpost.com/2014/07/21/facebook-terms-condition_n_5551965.html

 

“I think it’s problematic that Facebook wants to exchange user data between all of its various units, including WhatsApp and Instagram,” said Caspar. “I will coordinate with my various European colleagues to see what action may be needed.

http://www.bloomberg.com/news/articles/2015-01-28/facebook-s-privacy-policy-reviewed-by-hamburg-data-regulator-i5gttxog )

 

സ്ത്രീകളുടെ നെഞ്ച് നഗ്നതാ പോളിസി പ്രകാരം അശ്ലീലവും പുരുഷന്റെ നെഞ്ച് അതേ പോളിസി പ്രകാരം അശ്ലീലം അല്ലാതായിരിക്കുകയും ചെയ്യുന്ന ഭീമന്‍ സ്ത്രീവിരുദ്ധതയാണ് ഫേസ്ബുക്കില്‍ ഉള്ളത്. അതിനെതിരേയും സ്ത്രീകളും അമ്മമാരും സംഘടനകളും ഫെസ്ബുക്കിനോട് സമരം ചെയ്യുന്നുണ്ട്.

 https://www.facebook.com/hashtag/freethenipple?source=feed_text&story_id=895625547139728 

പ്രാദേശിക ഭാഷാ വിദഗ്ദ്ധരാണ് മലയാളമടക്കം അതാത് ഭാഷകളില്‍ വരുന്ന പരാതികള്‍ പരിശോധിക്കുന്നത് എന്ന് ഫേസ്ബുക്ക് പറയുന്നു. ഒരു സ്ത്രീയേയും അവരുടെ മകനെയും അങ്ങേയറ്റം വെറുപ്പ്‌ ഉളവാക്കുന്ന ഭാഷയില്‍ അവഹേളിക്കുന്നത് ഇതേ ഭാഷാ വിദഗ്ദ്ധര്‍ വായിച്ചിട്ട്, ‘സോറി, ഇതൊക്കെ ഞങ്ങടെ പോളിസിയ്ക്ക് അനുസരിച്ച് ഉള്ളതാണ്’ എന്ന് പറയുമ്പോള്‍, ശരി രാജാവേ എന്ന് തല കുനിച്ചു നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. ഞങ്ങള്‍ക്ക് കഴിയില്ല.

 

 

അവനവന്റെ മൂട്ടില്‍ തീ പിടിക്കുമ്പോള്‍ മാത്രമേ പ്രതികരിക്കുന്നതിന്റെ ആവശ്യം മനസ്സിലാക്കാന്‍ കഴിയൂ എന്ന രീതിയില്‍ അരാഷ്ട്രീയവത്കരിച്ചു പോയിട്ടുണ്ട് സമൂഹം മുഴുവന്‍. ഈ മരവിച്ച മനോഭാവം ആണ് കുറ്റവാളികള്‍ക്ക് പ്രചോദനവും. ഒരു സ്ത്രീയ്ക്ക് നേരേ എന്തെങ്കിലും ആപത്ത് വന്നാല്‍ അതവളുടെ കൈയ്യിലിരിപ്പ്‌ കൊണ്ടാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ നെട്ടോട്ടമോടുന്ന ഏതോ നൂറ്റാണ്ടിലാണ് കേരളം ഇന്നും ജീവിക്കുന്നത്. വാട്സ്ആപ്പില്‍ ഒരു പെണ്‍കുട്ടിയുടെ വീഡിയോ കറങ്ങി നടക്കുന്നു എന്ന് കേള്‍ക്കുന്നുണ്ട്. കിട്ടുന്നവര്‍ കിട്ടുന്നവര്‍ രസം കൈമാറാന്‍ അല്ലാതെ ഇത് തെറ്റാണ്, അവളുടെ സമ്മതമില്ലാതെ അവളുടെ പ്രൈവറ്റ് വീഡിയോ ഷെയര്‍ ചെയ്യാന്‍ പാടില്ല എന്ന് കരുതി അത് ഡിലീറ്റ് ചെയ്തിട്ടുണ്ടോ? ഉണ്ടോ?

 

നിങ്ങളാണ് ഷെയര്‍ ചെയ്യുന്നതും പെണ്‍കുട്ടികളുടെ ജീവിതം ബുദ്ധിമുട്ടിപ്പിക്കുന്നതും. നിങ്ങളാണ് പേജുകള്‍ ഉണ്ടാക്കുന്നതും അത് കണ്ട് രസിക്കുന്നതും, നിങ്ങളാണ് സ്ത്രീകളോട് ഒരേ സമയം ഒളിച്ചിരിക്കാനും അല്ല വെളിയില്‍ വരാനും പറയുന്നത്. എങ്കില്‍ ഇനി ഞങ്ങള്‍ പറയും, ഒളിച്ചിരിക്കാനും വെളിയില്‍ വരാനും ഉള്ള സ്വാതന്ത്ര്യം ഞങ്ങളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അതിനുള്ള അവകാശത്തിനായി പോരാടുക തന്നെ ചെയ്യും. എങ്ങും എത്തിയില്ല എങ്കിലും ഞങ്ങള്‍ക്ക് നിരാശയില്ല. സ്വന്തം അവകാശങ്ങള്‍ എന്താണെന്ന് ഞങ്ങള്‍ തിരിച്ചറിയുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്ന സമാധാനമുണ്ട്.

 

മുതലാളിമാര്‍ പറയുന്നത് കേട്ട് റാന്‍ മൂളി നില്‍ക്കാന്‍ ആയിരുന്നെങ്കില്‍ ഒരൊറ്റ വിപ്ലവം ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നോ? ഒരൊറ്റ അവകാശസമരം ഉണ്ടാകുമായിരുന്നോ? പോട്ടെ, ഏതെങ്കിലും യൂണിയനോ ഒരു ഇടതുപക്ഷ പാര്‍ട്ടിയോ ഉണ്ടാകുമായിരുന്നോ? അതെന്താ പുരുഷന്മാര്‍ക്ക് മാത്രമേ ഇതൊക്കെ പറ്റൂ? സ്ത്രീകള്‍ വിപ്ലവം നടത്തിയാല്‍ പറ്റില്ലാ? സ്വകാര്യ സ്ഥാപനങ്ങളില്‍ ഒന്നും അവകാശ സമരങ്ങള്‍ നടക്കുന്നില്ലേ? എന്തിന്, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോലും ഉണ്ട് അവകാശ സമരങ്ങള്‍. അപ്പോഴാണോ ഇത്രയും ബൃഹത്തായ സോഷ്യല്‍ മീഡിയയില്‍. ഇത് ഞങ്ങളുടേയും ഇടമാണ്. നിങ്ങളത് സമ്മതിച്ചാലും ഇല്ലെങ്കിലും അതേയെന്ന് ഞങ്ങള്‍ സ്ഥാപിച്ചുകൊണ്ടേയിരിക്കും.

 

സക്കര്‍ബര്‍ഗ് മുതലാളി പറയുന്നത് കേട്ട് നില്‍ക്കാമെങ്കില്‍ നിന്നാല്‍ മതി എന്ന് പറയുന്നതിന് ചരിത്രത്തില്‍ നിന്ന് മാറ്റൊലികള്‍ ഉണ്ട്.  ഇത് Tsar ഭരിക്കുന്ന റഷ്യയോ, സായിപ്പ് ഭരിച്ച ഇന്ത്യയോ അല്ല. സംഘി ഭരിക്കുന്ന ഭാരതത്തില്‍ അവകാശങ്ങള്‍ക്കായി നിങ്ങള്‍ക്ക് സമരം ചെയ്യാമെങ്കില്‍ ഞങ്ങള്‍ക്കും ചെയ്യാം. ആണും പെണ്ണും കൂടുന്ന ഇടങ്ങളിലെല്ലാം തുല്യതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി മുറവിളി കൂട്ടാം. നിങ്ങള്‍ മുതലാളിത്തത്തിന് വിടുപണി ചെയ്യുക. ഞങ്ങള്‍ അവകാശ സമരങ്ങള്‍ നടത്തട്ടെ. മുതലാളിത്തത്തിനെ തൂക്കാന്‍ അവര് തന്നെ കയര്‍ തരും എന്ന് പറഞ്ഞ വിപ്ലവകാരിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അതുപോലെ തന്നെ ഫേസ്ബുക്കിനെ തിരുത്താന്‍ ഫേസ്ബുക്ക് കൊണ്ട് തന്നെ കഴിയുമോ എന്ന് നോക്കട്ടെ. ചുമ്മാ നോക്കട്ടേന്ന്!

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)…..

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍