UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

പൊതുബോധത്തിന്റെ ആളും അല്‍ഗോരിതവും

പ്രശസ്ത ചിത്രകാരനായ എം എഫ് ഹുസൈന്റെ ഒരു ചിത്രത്തിനെതിരെ ഹിന്ദുത്വ ശക്തികൾ വ്യാപകമായ ദുഷ്പ്രചരണം അഴിച്ചുവിടുകയും, അത് അക്രമാസക്തമാകുന്ന നിലയിൽ അദ്ദേഹം മാതൃദേശം വിട്ട് പലായനം ചെയ്യാൻ നിർബന്ധിതമാവുകയും ചെയ്യുന്നത് 2006- ലാണ്. അന്ന് മലയാളം സൈബർ ലോകം അതിന്റെ പ്രാരംഭദിശയിലാണ്. എന്നിട്ടും പ്രസ്തുത സംഭവത്തെ തുടർന്ന് ബ്ലോഗിൽ സജീവമായ ചർച്ചകൾ ഉണ്ടായി. എങ്കിലും ഈയിടെ പെരുമാൾ മുരുകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘപരിവാർ ഫാസിസത്തിനെതിരേ ഉയർന്നത് പോലെ ഒരു പ്രതിഷേധം അവിടുന്ന് രൂപപ്പെടുത്താൻ അന്ന് കഴിഞ്ഞില്ല. അതിന് കാരണം സൈബർ ലോകത്തിന്റെ ബാലാരിഷ്ടത മാത്രമായിരുന്നില്ല, മറിച്ച് അവിടത്തെ പുരോഗമനവാദികളും, സംഘിത്വ-ഫാസിസ്റ്റ് വിരുദ്ധരും ആയ ബുദ്ധിജീവികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നിട്ടും ചർച്ചകളുടെ മുഖ്യപരിഗണന പ്രശ്നത്തിന്റെ താരതമ്യേനെ അപ്രസക്തമായ ഉപപാഠങ്ങളിലേയ്ക്ക് വഴിതെറ്റിപ്പോയി എന്നതിലാണ്.

 

സംഘപരിവാരങ്ങൾ ഹുസൈൻ ചിത്രങ്ങളെ നാട് കടത്താൻ നിൽക്കുമ്പോള്‍ പ്രശ്നവൽക്കരിക്കപ്പെടേണ്ടത് ആ ചിത്രങ്ങളുടെ കലാമൂല്യമോ, പ്രകടനപരതയോ, വിവാദ വ്യവസായ താല്പര്യങ്ങളോ അല്ല, ആവിഷ്കരിക്കുവാനുള്ള സ്വാതന്ത്ര്യമാണ്. മേല്പറഞ്ഞ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതല്ലെന്നോ, ഇല്ലെന്നോ ആല്ല. ആരുടെ കലയെ സംബന്ധിച്ചും മേല്പറഞ്ഞ ആരോപണങ്ങൾ ഉണ്ടാകാം. കലയെ സംബന്ധിച്ചിടത്തോളം അവയൊക്കെ പ്രസക്തവും തന്നെ; പക്ഷേ നിലനില്ക്കുന്ന പ്രശ്നത്തിന്റെ പരിസരത്തിൽ ചർച്ചയുടെ പരിഗണനാക്രമം മുഖ്യവിഷയമാക്കേണ്ടിയിരുന്നത് അവയെ അല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തെ ആയിരുന്നു.

 

ഇത്രയും പറഞ്ഞത് കുറച്ചു നാളുകളായി സൈബർ ലോകം ചർച്ച ചെയ്യുന്ന പ്രീത ജിപി എന്ന സൈബർ വ്യക്തിത്വത്തിനെതിരേ നടന്ന വിദ്വേഷ പ്രചരണങ്ങളുടെയും, അവയ്ക്ക് എതിരേ ഉണ്ടായ ചെറുത്ത് നിൽപ്പുകളുടെ ധനാത്മകമായ ചരിത്രം പുരോഗമന പക്ഷത്തുനിന്ന് തന്നെയുള്ള വ്യക്തിഹത്യകളിലേക്കും ചെളിവാരി എറിയലിലേക്കും അധ:പതിക്കുന്ന സാഹചര്യത്തിന് ആമുഖമായാണ്. എന്നുവച്ചാൽ ഇവിടെയും പ്രശ്നം തെറ്റായ പരിഗണനാ ക്രമത്തിന്റെയാണെന്ന്.

 

പ്രശ്നം
അധികാരബന്ധിയായ കണക്കെടുപ്പിൽ ഇടതുപക്ഷം നിലവിൽ കേരളത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയാവം, എന്നാൽ സൈദ്ധാന്തികമായി അത് എന്നും പൊതുബോധത്തിന്റെ നിത്യ സാംസ്കാരിക പ്രതിപക്ഷമായി, തിരുത്തൽ ശക്തിയായി നിലനിൽക്കേണ്ടുന്ന ഒന്നാണ്. ആ ഇടതുപക്ഷത്തെ മുഖ്യകക്ഷിയായ സിപിഎമ്മിലെ പ്രമുഖനായ ഒരു നേതാവ് പൊതുബോധത്തിനൊപ്പം നിന്ന് സ്ത്രീവിരുദ്ധതയെ ആഘോഷിച്ച് കയ്യടി നേടുന്നത് ഉണ്ടാക്കിയ ഷോക്കിൽ നിന്നാണ് സൈബർ ലോകത്തെങ്കിലും ഒരു പ്രഖ്യാപിത ഇടത് സഹായാത്രികയായ പ്രീതയിൽ നിന്ന് അയാൾക്കെതിരെ ‘വിഡ്ഢിക്കൂശ്മാണ്ഢം’ എന്ന പ്രയോഗം ഉണ്ടായത്.

 

ഇതേ തുടർന്ന് വികാരം വൃണപ്പെട്ട ചിലർ തെറിവിളിയും വ്യക്തിഗത അപവാദ പ്രചരണങ്ങളുമായി രംഗത്തെത്തി. ‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്നതായിരുന്നു ന്യായം. അങ്ങനെയെങ്കിൽ അടിമുടി സ്ത്രീവിരുദ്ധവും, സൈബർ ലോകത്തെ പ്രചാരത്തെ അർത്ഥമാക്കുന്ന ‘വൈറൽ’ എന്ന പദത്തിന്റെ ‘വയറൽ’ എന്ന അശ്ലീല പാരഡി ചമയ്ക്കലും ഉൾപ്പെടെയുള്ള കൊടുക്കലുകൾക്ക് കൊല്ലത്തുനിന്ന് കിട്ടിയത് ആർക്കാണ്?

 

ഈ പ്രശ്നം ഒന്ന് അടങ്ങും മുമ്പാണ് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം അന്തരിച്ചത്. വാഴ്ത്ത് മൊഴികൾക്കൊപ്പം പരേതർക്കെതിരേ വിമർശനം പാടില്ല എന്ന പൊതുബോധത്തെ നിരസിച്ചുകൊണ്ടും പോസ്റ്റുകൾ ഉണ്ടായി. അതിൽ ഒന്ന് പ്രീതയുടേതും ആയിരുന്നു. അതിനെതിരെയും ഉണ്ടായി തെറിയും, ഹേറ്റ് പേജുകളും. പ്രശ്ചന്ന സംഘിത്തവും, പ്രത്യക്ഷ സംഘിത്തവും ഒത്തുചേർന്ന ഫാസിസ്റ്റ് പൊതുബോധത്തിന് മുമ്പിൽ ഫേസ്ബുക്ക് പലതവണ കീഴടങ്ങി. അവരുടെ ഐഡി പലതവണ പൂട്ടപ്പെട്ടു. തോൽവി സമ്മതിക്കുകയോ, മറ്റ്‌ വഴി തേടുകയോ ചെയ്യാതെ അവർ അവിടെനിന്ന് തന്നെ പൊരുതി പൂട്ടുകൾ തുറന്നു. അപ്പോഴേയ്ക്കും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലരും കൂടെ കൂടുകയും സമരം ഫേസ്ബുക്കിന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരേ ആവുകയും ചെയ്തു.

 

 

ആളോ, അൽഗോരിതമൊ
ഈ ഘട്ടം മുതലാണ് ചർച്ച ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ ആളോ, അല്‍ഗോരിതമോ എന്ന ചര്‍ച്ചയിലേയ്ക്ക് വഴിമാറുന്നത്. അൽഗോരിതത്തിന് എന്ത് സ്ത്രീവിരുദ്ധത എന്നതാണ് മുഖ്യ പ്രമേയം.

 

ഇവിടെ പ്രത്യക്ഷവും പരോക്ഷവും തമ്മിൽ ഉള്ളതിനേക്കാൾ വലിയ വ്യത്യാസമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, അതായത് നുറുപേർ, അല്ലെങ്കിൽ ആയിരം പേർ വിയോജിപ്പ്‌ പ്രകടിപ്പിച്ചാൽ ഒരു ഐഡി പൂട്ടും എന്നാണ്, അല്ലെങ്കിൽ അതിന്റെ ഐഡി തുടങ്ങുമ്പോൾ ഇല്ലാത്ത തിരിച്ചറിയൽ രേഖ പരിശോധന തുടങ്ങും എന്നാണെങ്കിൽ അതിന് പിന്നിൽ പൊതുബോധത്തിന്റെ ദാസ്യം സ്വീകരിക്കുന്നതാണ് ആ അൽഗോരിതത്തിന്റെ നിർമ്മാതാക്കളുടെ നയമെന്നാണ് മനസിലാക്കേണ്ടത്. ഇനി അതല്ല, ഭാഷയും, വാക്കുകളും ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസ്റ്റിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ പോന്നത്ര സമഗ്രമാണ് ആ അൽഗോരിതമെങ്കിൽ അതിന്റെ നിർമ്മാതാവ്/ താക്കളുടെ രാഷ്ട്രീയത്തെ തന്നെയാണ് അത് പരോക്ഷമായി പ്രതിനിധാനം ചെയ്യുന്നത്.

 

റിപ്പോർട്ടുകൾ വിശകലനം ചെയ്യുന്നത് ഫേസ്ബുക്ക് ഗ്ലോബല്‍ പോളിസി മാനെജ്മെന്റിന്റെ ഹെഡ് ആയ മോണിക്ക ബിക്കര്‍ട്ട് പറയുന്നത് പോലെ ആ വിഷയത്തെ കുറിച്ച് ആധികാരികമായി അറിയാവുന്ന ഒരു വിദഗ്ദ്ധന്‍ ആണ് പരിശോധിക്കുന്നത് എങ്കിൽ ഈ വിഷയത്തിൽ വാദി പ്രതിയാകുന്നതിന്റെ കാരണം ആ ‘വിദഗ്ദ്ധ”ന്റെ രാഷ്ട്രീയമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

 

ഭാഷ
പ്രശ്നത്തിന് കാരണം ഭാഷയാണോ എന്ന സന്ദേഹവും സൈബർ ലോകത്ത് ഉന്നയിച്ച് കേട്ടിരുന്നു. അതിന് ആക്കം കൂട്ടുന്നതായിരുന്നു മീഡിയ വണ്ണിൽ നടന്ന ചർച്ചയിൽ അവതാരകൻ പ്രശ്നവൽക്കരിച്ച സുധാകരൻ എന്ന വിഢിക്കൂശ്മാണ്ഢവും, സുധാകരന്റെ ആശയങ്ങളിലെ വിഡ്ഢിത്തവും തമ്മിലെ വിനിമയപരമായ അന്തരം. അത് പ്രീതയ്ക്ക് ബാധകമാണെങ്കിൽ ഫെമിനിസത്തെ അല്പവസ്ത്ര ധാരണവുമായും, അല്പവസ്ത്രം എന്ന ആപേക്ഷിക സദാചാര കല്പനയെ പൊതുബോധത്തിന്റെ അശ്ലീല ധാരണകളുമായും ഘടിപ്പിച്ച സഖാവ് സുധാകരൻറെ നാട്ടുവാമൊഴി വഴക്കങ്ങൾക്കും ബാധകമാണ്.

 

വാദാത്മകമായ ഒരു വിനിമയം ഇരുപക്ഷത്തെയും ഭാഷയെ നിരന്തരം നിർണ്ണയിച്ചുകൊണ്ടേയിരിക്കും. പ്രീതയ്ക്കെതിരേ ഉപയോഗിക്കപ്പെട്ട ഭാഷ അവർ തന്നെ പലപ്പോഴായി ഇട്ട സ്ക്രീൻ ഷോട്ടുകളിൽ നിന്ന് മനസിലാക്കാം. അതിന് മറുപടിയായി ഒരു ‘മയിര്” വന്നാൽ അതിനെയാണ് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയേണ്ടത്, അല്ലാതെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒരു പുരോഗമന രാഷ്ട്രീയധാരയെ പ്രതിനിധാനം ചെയ്തുകൊണ്ട് സ്ത്രീവിരുദ്ധത പ്രസംഗിക്കുന്ന ജനനായകന് കിട്ടിയ, കിട്ടാവുന്നതിൽ ഏറ്റവും മാന്യമായ ‘വിഡ്ഢി കൂശ്മാണ്ഢ’ പട്ടമല്ല.

 

പ്രീതയ്ക്ക് ഐക്യദാർഢ്യം പ്രഖാപിച്ചുകൊണ്ട് നടന്ന സൈബർ സമരത്തിന്റെ ഒരു ഘട്ടത്തിൽ അതിൽ മുഖ്യധാരയിൽ ഉള്ള ചിലരുടെ ഐഡികളും റിപ്പോർട്ട് ചെയ്യപ്പെടുകയും അതേത്തുടർന്ന് അവരോട് ഫേസ്ബുബുക്ക് തിരിച്ചറിയാൽ രേഖകൾ ചോദിക്കുകയും ചെയ്തതോടെയാണ് ചർച്ചകൾ പലവട്ടം ആവർത്തിച്ച അനോണിമിറ്റിയിലേയ്ക്ക് എത്തുന്നത്.

 

അനോണിമിറ്റി; മുഖമില്ലാത്ത ആൾകൂട്ടം
അനോണിമിറ്റി സ്വയം ഒരു മൂല്യമോ , മൂല്യച്യുതിയോ ആകുന്നില്ല. അത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിലാണ് അതിന്റെ മൂല്യം. സൈബർ ലോകത്തിന് മുമ്പ്, അച്ചടി മാധ്യമ രംഗത്തും അനോണികൾ ഉണ്ടായിരുന്നു. അവിടെയും അതിന്റെ മൂല്യം അത് എന്തിനായി ഉപയോഗിക്കപ്പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. സൈബർ ലോകത്ത് പൊതുബോധത്തിന് പുറത്ത് നില്ക്കുന്ന ആശയധാരകളെ നിശബ്ദമാക്കാൻ അനോണിമിറ്റി വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു, അത് ഇന്നും തുടരുന്നു. അനോണികൾ കൂട്ടമായി ഇറങ്ങി കൂവി തോല്പ്പിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും മറ്റൊരു അനോണിയെ ആയിട്ടുണ്ട് എന്നതാണ് ഇതിലെ വൈചിത്ര്യം. അതായത് അജ്ഞാതയായി/ തനായി നില്ക്കുന്ന വ്യക്തികൾക്ക് അപ്പുറം അവർ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ, രാഷ്ട്രീയം തന്നെയാണ് പ്രകോപനകാരണം എന്ന് വ്യക്തം.

 

പിതൃകേന്ദ്രീകൃതവും, ജാതീയവും, മത, ലൈംഗീക ന്യൂനപക്ഷ വിരുദ്ധവുമായ സാമൂഹ്യ, രാഷ്ടീയ അവബോധം അഥവാ കേരളീയ പൊതുബോധം, മറ്റൊരാര്‍ഥത്തില്‍ ദേശീയത തന്നെയും ഏതെങ്കിലും തലത്തിൽ ചോദ്യം ചെയ്യപ്പെടുമ്പോഴാണ്, അതായത്, മേൽപ്പറഞ്ഞതൊക്കെ ചേർന്ന് നിർമ്മിക്കപ്പെട്ട ദേശീയ പൊതുബോധത്തിന് പരിക്കേൽക്കുമ്പോഴാണ് ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടാകുന്നത്.

 

ആൾക്കൂട്ടങ്ങൾ അക്രമാസക്തമാകുന്നതിന് പിന്നിൽ ഇൻഡൊക്ട്രിനേഷൻ പോലെ പ്രവർത്തിക്കുന്ന മറ്റൊന്നാണ് വ്യക്തിപരമായ കർതൃത്വത്തിന്റെ തിരിച്ചറിയൽ അസാധ്യമാക്കുന്ന സംഘസാദ്ധ്യത; അത് വ്യക്തിയ്ക്ക് നല്കുന്ന മറ. കായികമായ അക്രമം പോലെ തെറി വിളിയും, വ്യക്തിഗത അധിക്ഷേപവും നിയമപരമായി കുറ്റകരമാണെന്ന് അറിയാവുന്നവർ അതിന്റെ കർതൃത്വത്തിൽ നിന്ന് ഒഴിഞ്ഞ് നിന്നുകൊണ്ട് സ്വന്തം ആക്രമണവാസനയെ തുറന്നു വിടാൻ സൈബർ ലോകത്ത് കണ്ടെത്തുന്ന സേഫ്റ്റിവാൽവാണ് അനോണിമിറ്റി ഇവിടെ.

 

 

അനോണിമിറ്റി എന്ന സ്വാതന്ത്ര്യം
എന്നാൽ ഒരു ഫാസിസ്റ്റ് സമൂഹത്തിൽ സ്വതന്ത്രവും, സുരക്ഷിതവുമായ സാംസ്കാരിക ഇടപെടലുകൾക്കായി അനോണിമിറ്റി എന്ന സാദ്ധ്യത ഉപയോഗപ്പെടുത്തുന്നത് മേല്പറഞ്ഞതുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ അനോണിമിറ്റി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിനാൽ അത് വേണ്ട എന്ന വാദത്തെ ബാലിശമായേ കാണാനാവു. വ്യാപകമായി ഉപയോഗിക്കാനാവില്ല എങ്കിലും അനോണിമിറ്റി അത് സാദ്ധ്യമാകുന്ന ഇടങ്ങളിൽ സ്വാതന്ത്ര്യത്തെ കൂടി പ്രതിനിധാനം ചെയ്യുന്നുണ്ട്. വേണ്ടത്ര സാംസ്കാരികവികാസം ആർജ്ജിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിൽ വ്യക്തിതലത്തിലും, സാമൂഹ്യമായും അത് വ്യാപകമായി തന്നെ ദുരുപയോഗം ചെയ്യപെട്ടേക്കാം. എന്നാൽ ദുരുപയോഗിക്കപ്പെടുന്നു എന്നതിനാൽ വേണ്ട എന്ന് വച്ചാൽ നഷ്ടമാകുന്നത് സ്വാതന്ത്ര്യം തരുന്ന ചലനാത്മകതയുടെ അംശങ്ങൾ ഉൾപ്പെടെയാണ്.

ഇവിടെയാണ് പ്രശ്നങ്ങളെ അതിന്റെ സമഗ്രതയിൽ വിശകലനം ചെയ്യേണ്ടത് അനിവാര്യമാകുന്നത്; പ്രശ്നാധിഷ്ഠിത സൂക്ഷ്മാഖ്യാനങ്ങൾ പരാജയപ്പെടുന്നതും ഇവിടെയാണ്. കല മാത്രമല്ല, നീതിയും അതിന്റെ സൂക്ഷ്മാംശങ്ങളിലാണ്. പക്ഷെ അത് കണ്ടെടുക്കാൻ സമഗ്രവും, ബൃഹത്തുമായ ഒരു രീതിശാസ്ത്രം വേണം എന്ന് മാത്രം. കൃത്യമായ മുൻ ഗണനാക്രമങ്ങളുടെ പ്രസക്തി ഇവിടെയാണ്.

ചെറുത്തുനില്‍പ്പിന്റെ മുന്‍ഗണനാ ക്രമം
ജനാധിപത്യസമൂഹം ഫാസിസ്റ്റായി പരിണമിക്കുന്നത് ഒരു സുപ്രഭാതത്തിലല്ല. തങ്ങള്‍ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആ നീണ്ട പ്രക്രിയയില്‍ ഒരിടത്ത് വച്ചും ആ സമൂഹം മനസിലാക്കുകയുമില്ല. അതുകൊണ്ട് തന്നെ ഉംബര്‍ട്ടോ എക്കോ തന്റെ ‘എറ്റേണല്‍ ഫാസിസം’ എന്ന ലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കും പോലെ പൊതുബോധത്തിന്റെ ഫാസിസ്റ്റ് വല്‍ക്കരണത്തെ ലക്ഷണങ്ങളില്‍ നിന്ന് വായിച്ചെടുക്കുകയും അവയ്ക്ക് അനുരൂപമായി ചെറുത്ത് നില്‍പ്പുകള്‍ക്ക് മുന്‍ഗണനാ ക്രമം രൂപപ്പെടുത്തുകയും ചെയ്യുകയുമാണ് പുരോഗമന പക്ഷത്ത് നില്‍ക്കുന്നവരുടെ ആദ്യ കടമ. അദ്ദേഹം പട്ടികപ്പെടുത്തുന്ന പതിനാലില്‍ ഒന്ന് disagreement ist reason എന്നതാണ്. വിയോജിപ്പുകള്‍ രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുന്നതോടെ ജനാധിപത്യത്തില്‍ നിന്ന് കൊഴിഞ്ഞുപോകുന്നത് പൊതുബോധത്തിന് ഒരു പ്രതിപക്ഷം എന്ന സാധ്യത ഒട്ടാകെയാകും.. വേറിട്ട വീക്ഷണങ്ങളും, ആവിഷ്‌കാരങ്ങളും സാംസ്‌കാരികേതര ഉപകരണങ്ങള്‍ കൊണ്ട് ആക്രമിക്കുകയും കീഴ്‌പെടുത്തുകയും ചെയ്യുക എന്ന ഈ ഫാസിസ്റ്റ് പ്രവണതയാണ് നാം ചര്‍ച്ച ചെയ്ത് വന്ന വിഷയത്തിന്റെ മുഖ്യ പ്രമേയം.

പ്രീത ജീ എന്ന വ്യക്തിയുടെ ഭാഷ, അവരിലും, അവരോട് പ്രത്യക്ഷമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന മറ്റ് വ്യക്തികളിലും ആരോപിക്കപ്പെടുന്ന വിവാദ തത്പരത, ഖ്യാതി, ഭ്രമം ഒക്കെയും ഇവിടെ പരാമര്‍ശം പോലും അര്‍ഹിക്കുന്ന വിഷയങ്ങളല്ല. സാങ്കേതികമായി ഈ റിപ്പോര്‍ട്ടിംഗിനും നടപടികള്‍ക്കും പിന്നില്‍ ആളായാലും അല്‍ഗോരിതമായാലും അവ പ്രതിഫലിപ്പിക്കുന്നത് പൊതുബോധത്തെയും അതിന്റെ വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയെയും ആണ് എന്നതുകൊണ്ട് ആ നിലയ്ക്ക് കാട് കയറുന്ന ചര്‍ച്ചകളും മുഖ്യ വിഷയത്തില്‍ നിന്ന് വഴിതെറ്റുക തന്നെയാണ്.അതുപോലെ ഫെയ്‌സ്ബുക്കിനെതിരായ സമരം വിജയിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് സാങ്കേതികതയെ മുന്‍ നിര്‍ത്തിയുള്ള ആശങ്കകള്‍. ഒരു സമരത്തെയും വിലയിരുത്തേണ്ടത് അത് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ ഉടനടി നേടാനായോ, ആവുമോ എന്ന വെട്ടൊന്ന് മുറി രണ്ട് യുക്തിവച്ചല്ല. ഒരോ സമരവും പൊതുബോധത്തിന്റെ ശ്രദ്ധയിലേയ്ക്ക് അതാതിന്റെ പ്രമേയങ്ങളെ മുന്നോട്ട് വയ്ക്കുന്നു. ശ്രദ്ധ ക്ഷണിക്കുകയും, ചര്‍ച്ചകള്‍ ഉല്പാദിപ്പിക്കുകയും,അതിലൂടെ അവിടെ ചില സാംസ്‌കാരികവും, രാഷ്ട്രീയവുമായ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് രാസത്വരകമാവുകയും ചെയ്യുന്നു . ഈ സമരത്തിന്റെയും പ്രസക്തി അതാണ്.

പിന്നെ അനോണിമിറ്റി. അതും ഇവിടെ പരിഗണിക്കപ്പെടെണ്ടത് അത് നല്‍കുന്ന സ്വാതന്ത്ര്യത്തിന് മുന്‍ ഗണന നല്‍കിക്കൊണ്ടാവണം. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിനാല്‍ പാരതന്ത്ര്യം തന്നെ അമൃതം എന്ന് വയ്ക്കാനാവില്ലല്ലോ. ഫാസിസം ആവശ്യപ്പെടുന്നത് അതാണ്; ഭരണകൂടത്തിനോടും, അത് നിര്‍മ്മിക്കുന്ന പൊതുബോധത്തിനോടുമുള്ള പൂര്‍ണ്ണമായ വിധേയത്വം. ആത്യന്തികമായി ഈ പ്രശ്‌നം മുന്നോട്ട് വയ്ക്കുന്ന ചോദ്യം അത് അംഗീകരിക്കണോ വേണ്ടയോ എന്നതാണ് . അതില്‍ നിന്ന് ചര്‍ച്ച വഴിമാറുമ്പോള്‍ വാസ്തവത്തില്‍ സംഭവിക്കുന്നത് ഫാസിസത്തിനെതിരെ കേന്ദ്രീകരിക്കേണ്ടിയിരുന്ന യുക്തികളുടെ വികേന്ദ്രീകരണമാണ്. ഫാസിസത്തിന്റെ ലക്ഷണങ്ങളെ നമ്മള്‍ വായിച്ചെടുക്കേണ്ടത് നമ്മുടെ മുന്നില്‍ നടക്കുന്ന ആനുകാലിക സംഭവങ്ങളില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ മാത്രമേ ഇവിടെനിന്ന് തന്നെ അതിനെതിരെയുള്ള പ്രതിഷേധങ്ങളെയും വളര്‍ത്തിക്കൊണ്ട് വരാനാവു എന്നാണ് മുമ്പ് വഴിതെറ്റി വെറും വിവാദമായി അവസാനിച്ച മറ്റ് പല ചര്‍ച്ചകളെയും പോലെ ഇതും ഓര്‍മ്മിപ്പിക്കുന്നത്.

 

ഈ വിഷയത്തില്‍ അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ക്യാമ്പയിന്റെ മറവില്‍ ഇന്‍റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെ ഒളിച്ചുകടത്തുന്നവരോട്

അല്‍ഗോരിതംകാരും ആക്റ്റിവിസ്റ്റുകളും അറിയുന്നതിന് 

ഫേസ്ബുക്കിനെ തിരുത്താന്‍ ഫേസ്ബുക്ക് കൊണ്ടുതന്നെ കഴിയുമോന്ന് ഞങ്ങളൊന്നു നോക്കട്ടെ

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍