UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ ഇതൊക്കെയാണോ സര്‍വകലാശാല ഭരണം?

തന്റെ ജീവിതത്തിന്റെ വലിയൊരു കാലം ഗാന്ധി യൂണിവേഴ്സിറ്റിക്ക് വേണ്ടി ഉഴിഞ്ഞു വച്ച ഒരു അധ്യാപകനാണ് പ്രൊഫ. വി.സി ഹാരിസ്.

“ഗളഹസ്തം ചെയ്യുംപോൽ ഗളഹസ്തം!-അല്ലല്ലാ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?” എന്ന് ചങ്ങമ്പുഴ ചോദിച്ചിട്ടുണ്ട്. അതുപോലെ ഒരു ചൊറികുത്താണോ ഈ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നൊക്കെയുള്ള പുറത്താക്കല്‍ എന്ന് ഗാന്ധി യൂണിവേഴ്സിറ്റിയോട് ചോദിക്കേണ്ടി വരുന്നു. തന്റെ ജീവിതത്തിന്റെ വലിയൊരു കാലം ഗാന്ധി യൂണിവേഴ്സിറ്റിക്ക് വേണ്ടി ഉഴിഞ്ഞു വച്ച ഒരു അധ്യാപകനാണ് പ്രൊഫ. വി.സി ഹാരിസ്. അദ്ദേഹത്തെ നിസാരമായ ഒരു ആരോപണം – അനധ്യാപക ഉദ്യോഗസ്ഥരില്‍ ഒരാളോട് അപമര്യാദയായി പെരുമാറി എന്ന് – ഉന്നയിച്ച് യാതൊരു ക്രമപ്രകാരമുള്ള വിശദീകരണവും ചോദിക്കാതെ പുറത്താക്കുക എന്ന് പറയുന്നത് സാമാന്യനീതിയുടെ വലിയ നിഷേധമാണ്.

അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരനാണ്. വിദ്യാര്‍ത്ഥികളാണ് എന്നെ ഈ വിവരം അറിയിച്ചത്. അനധ്യാപക ജീവനക്കാരില്‍ ചിലര്‍ എന്നോട് പറഞ്ഞത്, അങ്ങോട്ട്‌ അധിക്ഷേപിക്കാന്‍ ചെന്നാല്‍ പോലും പോലും തിരിച്ചു ചിരി മാത്രം നല്‍ക്കുന്ന അധ്യാപകനാണ് ഹാരിസ്. അതുകൊണ്ട് അദ്ദേഹം എഞ്ചിനീയറോട് മോശമായി പെരുമാറി എന്നൊക്കെ പറയുന്നത് വിശ്വസിക്കാനാവില്ല എന്നാണ്.

Also Read: ഡോ. വി.സി ഹാരിസിനെ പുറത്താക്കിയതിനു പിന്നില്‍ പി.വി.സി ആകുന്നത് തടയലും ലക്‌ഷ്യം

അല്ലെങ്കില്‍ തന്നെ ഹാരിസിന്റെ പേരിലുള്ളത് എത്രയോ ചെറിയ ഒരു ആരോപണമാണ്. അത് തന്നെ നേരായി അന്വേഷിക്കുകയോ നിഗമനങ്ങളില്‍ എത്തുകയോ ചെയ്യാന്‍ തുനിഞ്ഞിട്ടില്ല. അദ്ദേഹത്തിന് പറയാനുള്ളത് കേട്ടിട്ടില്ല. ഇതൊക്കെയാണോ സര്‍വകലാശാല ഭരണം കേരളത്തില്‍ എന്ന് മനസ്സിലാവുന്നില്ല. ഹാരിസിനെതിരെ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ഈ അപക്വവും ദുരുപദിഷ്ടവുമായ നടപടി സിന്‍ഡിക്കേറ്റ് നിര്‍ത്തി വയ്ക്കേണ്ടതാണ്. അദ്ദേഹത്തെ ഡയറകടര്‍ സ്ഥാനത്തേക്ക് തിരിച്ചെടുക്കുന്നതിനും അനാവശ്യമായ ഔദ്യോഗിക പീഡനങ്ങളില്‍ സര്‍ഗ്ഗാത്മക ശക്തി ഉള്ള ഒരു അധ്യാപകനെ കുടുക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയും കേരളത്തിലെ പൊതുസമൂഹവും പ്രതികരിക്കേണ്ടതാണ്.

ഇതിന്റെ പിന്നിലെ ഗൂഡാലോചനയെ കുറിച്ചൊന്നും എനിക്കറിയില്ല. പക്ഷെ വൈസ് ചാന്‍സലറുടെതായി വന്ന പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തിടുക്കപ്പെട്ട് ഇത്തരം ഒരു നടപടി സ്വീകരിക്കുന്നതിനെ യാതൊരു വിധത്തിലും ന്യായീകരിക്കുന്നില്ല. യൂണിവേഴ്സിറ്റി എന്ന് പറഞ്ഞാല്‍ വി.സി യും സിന്‍ഡിക്കേറ്റും അവരുടെ കെട്ടിട നിര്‍മ്മാണ സന്നാഹങ്ങളും മാത്രമല്ല. വിദ്യാര്‍ത്ഥികളും അധ്യാപകരും അവരെ സഹായിക്കുന്ന ഭരണ നിര്‍വഹണ വിഭാഗവും ഗ്രന്ഥശാലയും ഗവേഷണവും പഠനവും ഒക്കെയാണ്. സമവായത്തോടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ബാധ്യതപ്പെട്ട സംവിധാനമാണ് സിന്‍ഡിക്കേറ്റ്. അതുകൊണ്ട് തന്നെ ഈ തെറ്റായ നീക്കത്തില്‍ നിന്ന് ഗാന്ധി സര്‍വകലാശാല പിന്മാറുമെന്നും ഹാരിസിനെ സമാധാനത്തോടെ തന്റെ ഔദ്യോഗിക – അധ്യയന കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുകയാണ്. അതിനുള്ള സമ്മര്‍ദ്ദം തീര്‍ച്ചയായും പൊതുസമൂഹത്തില്‍ നിന്ന് കൂടി ഉണ്ടാവേണ്ടതാണ്.

(ടി.ടി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ടി.ടി ശ്രീകുമാര്‍

ടി.ടി ശ്രീകുമാര്‍

സൈദ്ധാന്തികന്‍, ഹൈദരാബാദ് ഇഫ്ലുവില്‍ പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍