UPDATES

ബ്ലോഗ്

എന്തുകൊണ്ടാണ് കനയ്യകുമാർ എന്ന സിപിഐ സ്ഥാനാർത്ഥി രാഷ്ട്രീയ ഇസ്‌ലാമിന്റെ ശത്രുവായി ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്?

മതേതരത്വം എന്ന ആശയത്തോട് സംഘപരിവാറിനോളം എതിർപ്പാണ് രാഷ്ട്രീയ ഇസ്‌ലാമിനും എന്നത് ഒരേ തൂവൽ പക്ഷികളുടെ ചിറകടിയാണ് കേൾപ്പിക്കുന്നത്.

എന്തുകൊണ്ടാണ് കനയ്യകുമാർ എന്ന, ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി വളരെ പെട്ടന്ന് രാഷ്ട്രീയ ഇസ്‌ലാമിന്റെ ശത്രുവായി ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത്? ഇന്ത്യ എന്ന രാജ്യം ഒരു മതേതര, ജനാധിപത്യ, ഭരണഘടനാ റിപ്പബ്ലിക് ആയി തുടരുമോ ഇല്ലയോ എന്ന നിർണായക പ്രതിസന്ധിയുടെ മുന്നിൽ നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ ഇന്ത്യയിലേത് ബ്രാഹ്മിണിക് ഇടതുപക്ഷമാണെന്നും ഇടതുപക്ഷത്തിന് ഇസ്‌ലാമോഫോബിയയാണെന്നുമുള്ള പ്രചാരണം എങ്ങനെയാണ് മുന്നിലേക്ക് തള്ളിക്കയറ്റുന്നത്? അതൊട്ടും നിഷ്ക്കളങ്കമായ അജണ്ടയല്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം മോദി ഭരണം വേട്ടയാടിയ രാഷ്ട്രീയ പ്രവർത്തകരിൽ കനയ്യ കുമാറും ഉണ്ടായിരുന്നു. അയാളടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർക്കെതിരെ നടന്ന ഹിന്ദുത്വ ഭീകരതയുടെയും മോദി സർക്കാരിന്റെയും സംഘടിതാക്രമണം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതേതര, ഇടതുപക്ഷ സ്വാധീനം തകർക്കുന്നതിന്റെയും ക്ഷുദ്ര ദേശീയതയുടെ ഹിംസാത്മകമായ ആക്രമണത്തിന്റെയും ഭാഗമായിരുന്നു. ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും കനയ്യ കുമാറുമൊക്കെ ആ ആക്രമണത്തിൽ പല ഘട്ടങ്ങളിലായി ലക്‌ഷ്യം വെക്കപ്പെട്ടവരാണ്. ഇവർ മാത്രമല്ല. അങ്ങനെ പലരുമുണ്ട്. അതും വ്യക്തികൾ എന്ന നിലയിലല്ല, ഇടതുപക്ഷ പ്രവർത്തകർ എന്ന നിലയിലാണ്. ഇവരിൽ പലരും പല രാഷ്ട്രീയ അഭിപ്രായങ്ങൾ ഉള്ളവരാണ്. പൊതുവായി ഇടതുപക്ഷ, മാർക്സിസ്റ്റ് നിലപാടുകൾ കൈക്കൊള്ളുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചേർന്നാണ് ഇവർ പ്രവർത്തിച്ചത്. മതേതര, ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഫാഷിസ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണ് ഇവരെല്ലാവരും. വ്യക്തിപരമായുള്ള സൂക്ഷ്മ ഗുണദോഷങ്ങളൊന്നും അതിലൊട്ടും പ്രസക്തമല്ലതന്നെ.

അവിടെയാണ് ദേശവിരുദ്ധർ എന്ന് വിളിച്ച് ഇന്നോളം ആക്രമിക്കപ്പെട്ട ഉമർ ഖാലിദും കനയ്യ കുമാറുമൊക്കെയുള്ള ഈ പൊതുവിഭാഗത്തിൽ നിന്നും ഉമർ ഖാലിദ്, പൊടുന്നനെ ഭൂമിഹാറായ കനയ്യ തള്ളി മാറ്റിയ മുസ്‌ലിം മാത്രമായത്. ഉമർ ഖാലിദിന്റെയും കനയ്യ കുമാറിന്റെയും ഷെഹ്ല റഷീദിന്റെയും രാഷ്ട്രീയ സംഘടനകൾ വ്യത്യസ്തങ്ങളാണ്. ഇവരിൽ പലരും നാളെ ഏതൊക്കെ രാഷ്ട്രീയത്തിലേക്കാണ് പോവുകയെന്നതും നമ്മളിപ്പോൾ കണക്കുകൂട്ടേണ്ട ഒന്നല്ല. പക്ഷെ മോദിയുടെയും സംഘപരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തെ വിട്ടുവീഴ്ച്ചയില്ലാതെ പരസ്യമായി എതിർത്ത കനയ്യ അടക്കമുള്ള ഇടതുപക്ഷത്തെ ഈ നിർണായകമായ തെരഞ്ഞെടുപ്പിന്റെ മുന്നിൽ നിന്നുകൊണ്ട് ഇസ്‌ലാംവിരുദ്ധത ആരോപിക്കുന്നത് ഇസ്‌ലാമിക രാഷ്ട്രീയമെന്ന പിന്തിരിപ്പൻ ജീർണതയുടെ ഒഴിവാക്കാൻ കഴിയാത്ത സ്വഭാവമാണ്.

കഴിഞ്ഞ അഞ്ചുവർഷക്കാലം ദേശദ്രോഹികൾ എന്നുവിളിച്ച് ആക്രമിക്കപ്പെട്ട ഉമര്‍ ഖാലിദ് അടക്കമുള്ളവരെ രാഹുൽ ഗാന്ധി എവിടെയെങ്കിലും യോഗത്തിനു കൊണ്ടുപോയോ എന്നൊന്നും ചോദിക്കില്ല, കാരണം അവർക്കു വേണ്ടത് ഇടതുപക്ഷത്തിനെ ആക്രമിക്കലാണ്. അടിമുടി ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ Political Islam എന്ന മതജീർണതയുടെ വ്യാപാരികളെ കൂട്ടുപിടിച്ചുകൊണ്ടല്ല ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതക്കെതിരായ സമരമെന്ന് ഇടതുപക്ഷ തരംഗരാജിയുടെ ഏതു ഭാഗത്തുള്ളവരും പറയുന്നുണ്ടെന്ന് അവർക്കറിയാം. മതേതരത്വം എന്ന ആശയത്തെയും ഭരണഘടനാ മൂല്യത്തെയും അവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടം മത സ്വത്വവാദികളുടെ തോളിൽ കയ്യിട്ടു നടത്തേണ്ട ഒന്നല്ല. രാജ്യത്തെമ്പാടും ചെറുതും വലുതുമായ രീതിയിൽ കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും സമരങ്ങൾ നടന്നപ്പോഴെല്ലാം അതിനെ മതാടിസ്ഥാനത്തിൽ ധ്രുവീകരിക്കുക എന്ന ക്ഷുദ്രതയ്ക്കല്ലാതെ അതിലൊന്നിൽപ്പോലും അണിചേരാത്തവരാണ് ഇവർ. ആ സമരങ്ങളുടെ വർഗപരമായ ഉള്ളടക്കത്തെ തള്ളിപ്പറയുക മാത്രമാണ് അവർ ചെയ്തത്.

മതേതരത്വം എന്ന ആശയത്തോട് സംഘപരിവാറിനോളം എതിർപ്പാണ് രാഷ്ട്രീയ ഇസ്‌ലാമിനും എന്നത് ഒരേ തൂവൽ പക്ഷികളുടെ ചിറകടിയാണ് കേൾപ്പിക്കുന്നത്. കനയ്യകുമാർ മത്സരിക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ മതേതര വോട്ടുകൾ ഭിന്നിക്കുന്നത് എന്നൊക്കെയുള്ള വമ്പൻ നിരീക്ഷണങ്ങൾ നടത്തുന്നവർ ഉത്തർ പ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടു ഭിന്നിപ്പിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയത് മതേതര ഐക്യദാർഢ്യമായാണ് കാണുന്നത്. അപ്പോൾ കനയ്യകുമാറിന് എതിരെയുള്ള ഈ ബ്രാഹ്മിണിക്കൽ ഇടതുപക്ഷമെന്ന ഓരിയിടലിന് ഒരു ദിശയിലുള്ള ഉദ്ദേശമേയുള്ളു, കേരളത്തിലെ മുസ്‌ലിം വോട്ടുകളെ പരമാവധി വർഗീയവത്കരിച്ചുകൊണ്ട് കോൺഗ്രസിന് ഉറപ്പാക്കുക. രാജ്യത്ത് ദുർബലമായെങ്കിൽപ്പോലും ഇടതുപക്ഷം എന്ന ആശയം ഉണ്ടാകരുത് എന്നുറപ്പുവരുത്തുക.

മതേതര, ജനാധിപത്യ ഇന്ത്യക്കായാണ് ഈ പോരാട്ടം നടക്കുന്നത്. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരായാണ് ഈ പോരാട്ടം നടക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ, ക്ഷുദ്ര ദേശീയതയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനെതിരെയാണ് ഈ പോരാട്ടം. സ്ത്രീകളെ രണ്ടാംതരം പൗരകളായി കാണുന്ന, ദളിതരെ ആക്രമിക്കുന്ന ജാതിവ്യവസ്ഥയുടെ വൈതാളികന്മാർക്കെതിരെയാണ് പോരാട്ടം. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെയാണ്. തൊഴിലാളികൾക്കും കർഷകർക്കുമെതിരെ മൂലധന ഭീകരതയുമായി കൈകോർത്ത സങ്കുചിത ദേശീയ വാദത്തിനെതിരെയാണ് ഈ പോരാട്ടം. ഇതിലെവിടെയും ജനാധിപത്യവിരുദ്ധരും സ്ത്രീവിരുദ്ധരുമായ, സങ്കുചിത മത വർഗീയതയുടെ വ്യാപാരികളായ രാഷ്ട്രീയ ഇസ്‌ലാമിന് ഇടമില്ല. അതുകൊണ്ട് സംഘപരിവാറിനെ സുരക്ഷിതമാക്കിനിർത്തിക്കൊണ്ട് ഇടതുപക്ഷത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ടത് അവരുടെ ആവശ്യമാണ്. കാരണം സംഘപരിവാർ ഹിന്ദുക്കളെ ഏറ്റെടുക്കുന്ന അതേ രാഷ്ട്രീയയുക്തിയാണ് മുസ്ലീങ്ങൾക്കായി രാഷ്ട്രീയ ഇസ്‌ലാമിന്റേതും. അതിനപ്പുറമാണ് ഈ പോരാട്ടം.

രാഷ്ട്രീയ ഇസ്‌ലാമിന്റെയും പൗരോഹിത്യ ജീര്‍ണതയുടെയും സാക്ഷ്യപത്രം ഈ സമരത്തിനാവശ്യമില്ല. കഴിഞ്ഞ അഞ്ചുവർഷക്കാലം ഇന്ത്യയിലെ മതേതര രാഷ്ട്രീയവും, കർഷകരുടെയും തൊഴിലാളികളുടെയും വിശാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ സമരങ്ങളുമാണ് ദുർബലമെങ്കിലും സംഘപരിവാർ-കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരായ മുന്നേറ്റത്തെ സജീവമാക്കിനിർത്തിയത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പാദസേവയ്ക്കായി രൂപംകൊണ്ട, ജന്മമെടുത്ത ചരിത്രപരിസരം തന്നെ ലോകത്തെ പല രാജ്യങ്ങളിലെയും ഇടതുപക്ഷ മുന്നേറ്റങ്ങളെ തകർക്കുക എന്നതായിരുന്ന രാഷ്ട്രീയ ഇസ്‌ലാമിന്റെ കാഹളം വിളിക്കാർക്ക് ഇതിലൊന്നും ഒരു പങ്കുമുണ്ടായിരുന്നില്ല. (ബോംബെയിലെ മുതലാളിമാർക്ക് വേണ്ടി, കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകളെ തകർക്കാനുള്ള ഗുണ്ടാ സംഘമായിട്ടായിരുന്നു ശിവസേന രൂപം കൊണ്ടത് എന്ന വിവരം ജനിതകരേഖകളിലെ ഇടതുപക്ഷവിരുദ്ധതയുടെ പിരിയൻ ഗോവണികളുടെ സാമ്യം ദീപ്തമാക്കുന്നുണ്ട്). സംഘപരിവാർ ഭീകരതക്കെതിരെയുള്ള രാഷ്ട്രീയ ഐക്യത്തിന്റെ സമയത്ത് ഇടതുപക്ഷത്തിനെതിരെയുള്ള ആക്രമണത്തിന് വാങ്ങിയ അച്ചാരത്തിന്റെ കണക്ക് രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രഘോഷകർ ഒന്നുകൂടി പൂട്ടിവെക്കണം. കച്ചവടം മാനനഷ്ടമില്ലാതെ കുറച്ചുകാലം കൂടി നടന്നുപോയ്‌ക്കോട്ടെ.

(പ്രമോദിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍