UPDATES

ബീഫ് രാഷ്ട്രീയം

നുണപ്രചരണം ഏറ്റെടുക്കുന്ന മലയാളി സംഘികളോടും ഉത്തരേന്ത്യന്‍ മലയാളികളോടും

ഇവിടെയിപ്പം ‘പാകിസ്‌ഥാനെ’യോർത്ത് ആരും തലപുണ്ണാക്കുന്നില്ല. ഞങ്ങൾ ഇങ്ങനെയൊക്കെയാണ്.

കഴിഞ്ഞയാഴ്ച ഒരു ടി വി ചർച്ചയിൽ ഞാൻ ശ്രീ കെ സുരേന്ദ്രനോട് അഭ്യർത്‌ഥിച്ചത് ഇതാണ്: എവിടുന്നോ കിട്ടിയ പശുക്കൊലയുടെ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ ഇടുകയും നാടുനീളെ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം അപകടത്തിലാക്കുന്നത് കേരളത്തിന് പുറത്തുള്ള മലയാളികളെയാണ്.

‘കൊലപാതകത്തിന് ശേഷം കണ്ണൂർ കമ്യൂണിസ്റ്റുകൾ ആഘോഷിക്കുന്നു’ എന്ന് പറഞ്ഞ് ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷൻ പിള്ളേര് ചെണ്ട കൊട്ടുന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമ്പോൾ മാനം പോകുന്നത് കേരളത്തിന് പുറത്തുള്ള മലയാളിയുടെയാണ്.

അമിത് ഷാ കണ്ണുരുട്ടിക്കാണിക്കുന്നുണ്ട്, വോട്ടിന്റെ എണ്ണം കാണിച്ച് ഞെളിയേണ്ട, സീറ്റെവിടെ എന്ന് അദ്ദേഹം ചോദിക്കും. നിങ്ങൾക്ക് ഫലം കാണിച്ചേ പറ്റൂ. നിങ്ങൾ അതിന്റെ പരിഭ്രമത്തിലാണ്. നിങ്ങൾക്ക് പറയാൻ ഒരു രാഷ്ട്രീയം കേരളത്തിൽ ഉണ്ട്; പക്ഷെ അത് നിങ്ങൾക്ക് വേണ്ട. പകരം പരിവാരം ഉത്തരേന്ത്യയിൽ പയറ്റിയ അതെ അടവുകൾ പയറ്റുന്നു. ആവട്ടെ. അതങ്ങനെ നടക്കട്ടെ.

പക്ഷെ എനിക്ക് പറയാനുള്ളത് ഈ പ്രചാരണത്തിന്റെ ഭാഗമായി കൂടിയിരിക്കുന്ന മറ്റുള്ളവരോടാണ്: കേരളത്തിലുള്ള നിങ്ങൾ നുണ പ്രചരിപ്പിക്കുമ്പോൾ അതിന്റെ പേരിൽ നിങ്ങൾക്കിവിടെ പ്രശ്നമുണ്ടാവാൻ വഴിയില്ല. നിങ്ങൾ സുരക്ഷിതരായിരിയ്ക്കും എങ്കിലും നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും പുറത്തുണ്ടെന്നു കരുതുന്നത് അവർക്കു ഗുണം ചെയ്യും.

കേരളത്തിന് പുറത്തിരുന്നു ഈ നുണപ്രചാരണം റിലേ ചെയ്യുന്ന മലയാളികൾ ഒന്നോർക്കുന്നത് അവർക്കും ഗുണകരമായിരിക്കും: അരക്കഴഞ്ച് വിവരമില്ലാത്തവന്റെയടുത്താണ് ഇതൊക്കെ ചെന്നെത്തുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും നിങ്ങൾ വിളിച്ച ‘കീ ജയ്’ ഒന്നും നോക്കിയിട്ടായിരിക്കില്ല പ്രയോഗം; അറിയാതെ പൊങ്ങുന്ന ‘അമ്മേ’ എന്ന ഒറ്റ വിളിയിൽ തീരും നിങ്ങളുടെ പണി. അതുകൊണ്ട് നിങ്ങൾ ഒരു മയത്തിലായാൽ, നാട്ടിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒന്ന് മയത്തിലാക്കാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും ഗുണകരമായേക്കും.

ഇവിടെയിപ്പം ‘പാകിസ്‌ഥാനെ’യോർത്ത് ആരും തലപുണ്ണാക്കുന്നില്ല. ഞങ്ങൾ ഇങ്ങനെയൊക്കെയാണ്.

ഇങ്ങനെയൊക്കെ ആയിരിക്കുകയും ചെയ്യും.

(കെ.ജെ ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍