UPDATES

എഡിറ്റര്‍

ഈ തെമ്മാടിത്തരമല്ല ദേശീയത; JNUവിലെ രാജിവെച്ച ABVP നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Avatar

എബിവിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് സംഘടനയുടെ ജെഎന്‍യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാള്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയ സുഹൃത്തുക്കളെ,

ഞങ്ങള്‍, പ്രദീപ് (ജോയിന്റ് സെക്രട്ടറി, എബിവിപി ജെഎന്‍യു യൂണിറ്റ്), രാഹുല്‍ യാദവ് (പ്രസിഡന്റ്, എസ്എസ്എസ് എബിവിപി യൂണിറ്റ്) അങ്കിത് ഹന്‍സ് (സെക്രട്ടറി, എസ്എസ്എസ് എബിവിപി യൂണിറ്റ്) എന്നിവര്‍ എബിവിപിയില്‍ നിന്നും രാജിവയ്ക്കുകയും തുടര്‍ന്നുള്ള സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയും ചെയ്യുന്നു. സംഘടനയുമായുള്ള ഞങ്ങളുടെ അഭിപ്രായ ഭിന്നത മൂലമാണ് രാജി. അതിനുള്ള കാരണങ്ങള്‍ താഴെ കൊടുക്കുന്നു:

1. ജെ എന്‍ യു സംഭവം
2. രോഹിത് വെമുല സംഭവത്തിന്റേയും മനുസ്മൃതിയുടേയും കാര്യത്തില്‍ ഏറെ കാലമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത.

ഫെബ്രുവരി ഒമ്പതിന് ക്യാമ്പസില്‍ ഉണ്ടായ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ദൗര്‍ഭാഗ്യകരവും ഹൃദയഭേദകവുമായിരുന്നു. ഇതിന് കാരണക്കാര്‍ ആരാണെങ്കിലും അവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടണം. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ മൊത്തത്തില്‍ കൈകാര്യം ചെയ്തി രീതി, പ്രൊഫസര്‍മാരെ അടിച്ചമര്‍ത്തിയതും, മാധ്യമപ്രവര്‍ത്തകരേയും കനയ്യ കുമാറിനെയും കോടതി പരിസരത്തിട്ട് ആക്രമിച്ചതും നീതീകരിക്കാന്‍ കഴിയില്ല. മാത്രവുമല്ല, പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യുന്നതും ഇടതുപക്ഷത്തെ ഒന്നാകെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതും രണ്ടാണെന്നാണ് ഞങ്ങള്‍ കരുതുന്നത്.

 #‎SHUTDOWNJNU  എന്നൊരു ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയിലാകെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് അവര്‍ #‎SHUTDOWNZEENEW എന്ന ഹാഷ് ടാഗാണ് പ്രചരിപ്പിക്കേണ്ടത് എന്നാണ്. ഈ ലോകോത്തര സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയ സീ ന്യൂസ് പക്ഷപാതത്തോടെ ഏതാനും ചിലയാളുകളുടെ ചെയ്തിയെ സാമാന്യവല്‍ക്കരിച്ച് അത് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മൊത്തം ചെയ്തിയായി ചിത്രീകരിക്കുകയാണ്. പുരോഗനമാത്മകമായ ഒരു ജനാധിപത്യ സ്ഥാപനമായി പരിഗണിക്കപ്പെടുന്ന ജെഎന്‍യുവില്‍ നിങ്ങള്‍ക്ക് സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരും മേലെ തട്ടിലുള്ളവരും തുല്യതയോടെ ഇടപഴകുന്നത് കാണാന്‍ കഴിയും.

വിദ്യാര്‍ത്ഥി സമൂഹത്തെ അടിച്ചമര്‍ത്തുന്ന ഒരു സര്‍ക്കാരിന്റെയും ഒ പി ശര്‍മയെ പോലുള്ള ജനപ്രതിനിധികളുടേയും വക്താക്കളായി തുടരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പട്യാല ഹൗസ് കോടതിയിലും ജെഎന്‍യു നോര്‍ത്ത് ഗേറ്റിനു മുമ്പിലും അഴിഞ്ഞാടിയ വലതുപക്ഷ ഫാഷിസ്റ്റ് ശക്തികളുടെ ചെയ്തികളെ ന്യായീകരിക്കുന്ന സര്‍ക്കാരിനെ ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. എല്ലാ ദിവസവും ഗേറ്റിനു മുമ്പില്‍ ഇന്ത്യന്‍ പതാകയുമേന്തി ചിലര്‍ കൂട്ടമായെത്തി ജെഎന്‍യു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനെത്തുന്നത് നാം കാണുന്നു. ഈ തെമ്മാടിത്തരമല്ല ദേശീയത. ഒരു രാജ്യത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയില്ല. ദേശീയതയും തെമ്മാടിത്തവും രണ്ടും രണ്ടാണ്.

ക്യാമ്പസുകളിലും രാജ്യത്ത് ഒരിടത്തും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളെ വച്ചുപൊറുപ്പിക്കാനാവില്ല. ജെഎന്‍യും വിദ്യാര്‍ത്ഥി യൂണിയനും ചില ഇടതു സംഘടനകളും പറയുന്നത് ക്യാമ്പസില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ്. എന്നാല്‍ മുന്‍ ഡി എസ് യു പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖംമൂടിയണിഞ്ഞ ചിലര്‍ ഇന്ത്യാ വിരുദ്ധ മു്ദ്രാവാക്യം വിളിക്കുന്നതിന് വ്യക്തമായ തെളിവായി വീഡിയോകള്‍ ഉണ്ടെന്ന് ഞങ്ങള്‍ പ്രത്യേകം എടുത്തു പറയുന്നു. ഇതിന് ഉത്തരവാദിയായവരെ നിയമപ്രകാരം ശിക്ഷിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഈ മൊത്തം സംഭവത്തിനിടെ ഉണ്ടായ, രാജ്യത്തുടനീളം ജെഎന്‍യു വിരുദ്ധ വികാരം ഉയര്‍ത്തിവിട്ട മാധ്യമ വിചാരണകളേയും ഞങ്ങള്‍ അപലപിക്കുന്നു. നമുക്ക് ഒരു വിലാസമുണ്ടാക്കിത്തന്ന ജെഎന്‍യുവിനെ രക്ഷിക്കാന്‍ നാമെല്ലാം ഒരുമിക്കേണ്ടതുണ്ട്. ഈ സ്ഥാപനത്തിന്റെ സല്‍പ്പേരും ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഭാവിയും സംരക്ഷിക്കാന്‍ പാര്‍ട്ടി വ്യത്യാസങ്ങള്‍ക്കതീതമായി നാം മുന്നോട്ടു വരണം. 80 ശതമാനത്തിലേറെ ജെന്‍എന്‍യു വിദ്യാര്‍ത്ഥികളും ഒരു പാര്‍ട്ടിയുമായും ബന്ധമില്ലാത്തവരാണെന്നതിനാല്‍ ജെഎന്‍യു സംസ്‌കാരത്തെ രക്ഷിക്കാന്‍ നമുക്ക് ഒന്നിക്കാം.

വന്ദേ മാതരം
ജയ് ഭീം, ജയ് ഭാരത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍