UPDATES

ട്രെന്‍ഡിങ്ങ്

ആചാരസംരക്ഷണത്തിന് വന്നവരുടെ തനിനിറം നാട്ടുകാര്‍ കണ്ടല്ലോ? ബലിദാനിയെ കിട്ടാനുള്ള പരക്കം പാച്ചിലായിരുന്നു അത്

പോലീസിന്റെ ലാത്തിപ്പിടി കൊണ്ടോ തോക്കിൻകുഴലിലൂടെയോ അല്ല നവോത്ഥാനം പണ്ട് സംഭവിച്ചത്; ഇനി സംഭവിക്കേണ്ടതും.

ചിത്തിര ആട്ട വിശേഷത്തിന്റെ രൂപത്തിൽ അയ്യപ്പനായി കൊണ്ടുകൊടുത്ത ട്രയൽ റൺ ഗംഭീര വിജയമാക്കിയ സംസ്‌ഥാന സർക്കാരിനും പോലീസിനും എന്റെ അഭിനന്ദനങ്ങൾ.

ഒരു സെക്കുലർ സർക്കാരിന് എന്താണ് ശബരിമല എന്ന ആരാധനാലയത്തിൽ കാര്യം? ഒരു കാര്യവുമില്ല. പൊതുവിലുള്ള നിയമസമാധാന പാലനം ഉറപ്പാക്കണം. അത് പോലീസ് ചെയ്തിട്ടുണ്ട്. പിടിച്ചുപറിയോ കൊലപാതകമോ കത്തിക്കുത്തോ മോഷണമോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരു ക്ഷേത്ര സന്നിധാനത്തിനു ചേരാത്ത വിധത്തിൽ ലാത്തിചാർജോ വെടിവയ്പ്പോ എന്തിനു പോലീസ് ബലപ്രയോഗമോ ഉണ്ടായില്ല.

പിന്നെ എന്താണ് ഉണ്ടായത്? എന്താണ് നാട്ടുകാർ കണ്ടത്?

ഒന്ന്: ആചാര സംരക്ഷണത്തിന് ബിജെപി-ആർഎസ്എസ് ശബരിമലയിലേക്കയച്ച നേതാവാരാണെന്നു നാട്ടുകാർ കണ്ടു. അദ്ദേഹം എങ്ങനെയാണ് പതിനെട്ടാം പടിയിലൂടെ ആരോ പറഞ്ഞതുപോലെ, “എലവേറ്ററിൽ നടക്കുന്നതുപോലെ നടന്ന്” ആചാരം സംരക്ഷിക്കുന്നത് എന്ന് കണ്ടു. അയാളുടെ ഗുണഗണങ്ങൾ കണ്ടു. (പോരെങ്കിൽ അയാളുടെ പേരിൽ കൊലക്കേസടക്കം എത്ര കേസുകൾ ഉണ്ടെന്ന് ആളുകൾ കണ്ടുപിടിച്ചു തുടങ്ങിയത് കണ്ടു.)

രണ്ട്: ആയിരത്തോളം അയ്യപ്പന്മാർ സാധാരണ വരാറുള്ള ആട്ടവിശേഷത്തിനു കൂടുതലായി വന്നവർ ആരാണെന്നു കണ്ടു. അവരെ ആരാണ് നിയന്ത്രിക്കുന്നത് എന്ന് കണ്ടു. ആര് പറഞ്ഞാലാണ് അവരടങ്ങുക എന്ന് കണ്ടു.

മൂന്ന്: ഒരു ഭക്തയെ ‘ഭക്തന്മാർ’ എങ്ങനെയാണ് നേരിടുക എന്ന് കണ്ടു. എവിടാണ് പോലീസ്, അവരെന്തെടുക്കുന്നു എന്ന് ചിലരെങ്കിലും ചോദിക്കുന്നത് കണ്ടു.

നാല്: സംസ്‌ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണം എന്ന് നുണ പറഞ്ഞ് ആളുകളെ വഴിയിറക്കിയ, പോലീസ് നരനായാട്ടിൽ അയ്യപ്പൻ കൊല്ലപ്പെട്ടു എന്ന് നുണ പറഞ്ഞു കലാപത്തിന് ആഹ്വാനം നൽകിയ, ശബരിമല അക്രമം സ്വന്തം അജണ്ടയാണെന്നു തുറന്നു പറഞ്ഞ, തന്ത്രിയെക്കൂട്ടി വീണ്ടും നുണ പറഞ്ഞ പിള്ള സാറിന്റെ സൗമ്യമുഖം ഒരിക്കൽക്കൂടി കണ്ടു.

അഞ്ച്: ഒരു ബലിദാനിയെക്കിട്ടാനായിട്ടുള്ള പരക്കം പാച്ചിൽ കണ്ടു. അത് കിട്ടാത്തതിലുള്ള പരാക്രമം കണ്ടു. പോലീസ് ‘അതിക്രമ’ത്തിന്റെ ഫോട്ടോ ഷൂട്ട് കണ്ടു; അതിന്റെ ആളെ പോലീസ് പിടികൂടുന്നത് കണ്ടു.

ആറ്: ഇതൊക്കെ നടക്കുമ്പോഴും ഭക്തന്മാരുടെ വികാരത്തിനൊപ്പം നിൽക്കുന്നവരുടെ അമ്പരപ്പിക്കുന്ന മൗനം കണ്ടു.

ഇതിൽക്കൂടുതൽ സർക്കാരിനുവേണ്ടി അയ്യപ്പനായിട്ട് ഒന്നും ചെയ്തുകൊടുക്കാനില്ല.

അല്ലാതെ അങ്ങോട്ടേക്ക് സ്ത്രീകളെ കൊണ്ടുപോകലോ, ആർഎസ്എസ് ആഗ്രഹിക്കുന്ന വിധത്തിൽ ഒരു ബലിദാനിയെ സൃഷ്ടിക്കലോ സർക്കാരിന്റെ പണിയല്ല. ഒരു ബലിദാനിക്ക് അവരെത്ര ആഗ്രഹിക്കുന്നുണ്ട് എന്നാലോചിക്കൂ. കോഴിക്കോട്ട് ഒരു അയ്യപ്പൻ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചപ്പോൾ അത് സർക്കാരിന്റെ തലയിലിട്ടു. ശിവദാസന്റെ മരണം സർക്കാരിന്റെയും പോലീസിന്റെയും തലയിലിട്ടു. അപ്പോൾപ്പിന്നെ സർക്കാരും പോലീസും എന്തിനധികം പോകണം? മുഖ്യമന്ത്രിയാണെങ്കിൽ ഇന്നലെക്കൂടി പറഞ്ഞിട്ടുണ്ട്; കോടതി മറിച്ചൊരു വിധി പറഞ്ഞാൽ അതും നടപ്പാക്കുമെന്ന്.

സർക്കാർ ശബരിമലയിൽ ഇത്രയൊക്കെ ചെയ്‌താൽ മതി. എല്ലാവരും ആദ്യം അംഗീകരിച്ച ഒരു കോടതിവിധി നടപ്പാക്കും എന്ന് പറഞ്ഞു, അതിന്റെ പിറകിലെ ആശയത്തെ സ്വാഗതം ചെയ്തു; അതു മുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യത്തെപ്പറ്റി നാട്ടുകാരോടു പറഞ്ഞു; അതിനായി പ്രചാരണം നടത്തുന്നു.

എന്നുവച്ചാൽ ഇടതു പക്ഷത്തെ സംബന്ധിച്ച് ഇതൊരു ആശയപ്രചരണം മാത്രമേ ആകേണ്ടതുള്ളൂ: സ്ത്രീ-പുരുഷ സമത്വം എന്ന വളരെ അടിസ്‌ഥാനപരമായ ആശയം. നവോത്‌ഥാനത്തിന്റെ അടുത്ത ഘട്ടം. ആ ആശയം മാത്രമാണ് സർക്കാർ, ഇടതുമുന്നണിയും പ്രചരിപ്പിക്കേണ്ടത്. അതെത്രത്തോളം ആവശ്യമാണ് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടത്.

ഇതു വരെ സർക്കാർ അതുതന്നെയാണ് ചെയ്തത്. വലിയ പോലീസ് സന്നാഹം ഒരുക്കി ഒരു യുവതിയെയെങ്കിലും കയറ്റിയേ അടങ്ങൂ എന്ന പിണറായി വിജയൻറെ വാശിയാണ് ഇവിടെവരെ കൊണ്ടെത്തിച്ചത് എന്ന പ്രചാരണത്തിന് ഇനി നിലനിൽപ്പില്ല. ഒരു യുവതിയെയും സർക്കാർ കൊണ്ടുപോയില്ല; ഒരു പ്രകോപനവും ഉണ്ടാക്കിയില്ല. പോലീസുകാരികളെപ്പോലും അമ്പതു കഴിഞ്ഞവരെയാണ് അങ്ങോട്ട് നിയോഗിച്ചത്. സർക്കാരിന്റെ ഉദ്ദേശശുദ്ധി ഇക്കാര്യത്തിൽ വ്യക്തമാണ്. ആട്ടവിശേഷം കഴിഞ്ഞു കണക്കെടുക്കുമ്പോൾ ആരുടെയൊക്കെ അജണ്ട എന്തൊക്കെയാണ് എന്ന കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായിട്ടുണ്ട്.

എന്നുവച്ചാൽ, പോലീസിന്റെ ലാത്തിപ്പിടി കൊണ്ടോ തോക്കിൻകുഴലിലൂടെയോ അല്ല നവോത്ഥാനം പണ്ട് സംഭവിച്ചത്; ഇനി സംഭവിക്കേണ്ടതും. മറിച്ച് അതിന്റെ ആവശ്യം മനുഷ്യർക്ക് ബോധ്യപ്പെടുന്ന വിധത്തിലുള്ള പ്രചാരണത്തിലേക്കാണ് ഇടതുപക്ഷം ഇനി നീങ്ങേണ്ടത്.

‘നവോത്ഥാനം’ ഒരു സംജ്ഞയായി മാത്രം പരിചയമുള്ള ഒന്നുരണ്ടു തലമുറകൾ ഇവിടെയുണ്ട്. ഭരണഘടന എന്നത് ഏതോ ഒരു കൈപ്പുസ്തകമായി മാത്രം അറിയാവുന്നവർ ഇവിടെയുണ്ട്; ആ ‘പണ്ടാരം’ കത്തിച്ചു കളയുന്ന കാലം വരുമെന്ന് പറയുമ്പോൾ കൈയടിക്കുന്നവരിൽ ജന്മിയുടെ ചവിട്ടടിയിൽ ചേറിൽ മുക്കിക്കൊല്ലപ്പെട്ടവരുടെ പിൻതലമുറകളുണ്ട്. രാജാവും പുരോഹിതനും അവരുടെ മുറജപങ്ങളും ചേർന്ന് ഹോമിച്ച ജീവിതങ്ങളിൽനിന്നും ഉയിർകൊണ്ട് ഇവിടെയവശേഷിച്ച പതിനായിരക്കണക്കിന് മനുഷ്യരുണ്ട്. സംബന്ധങ്ങളുടെയും അസംബന്ധങ്ങളുടെയും വിചിത്രനീതികളിൽ ശ്വാസംമുട്ടി മരിച്ചവരുടെ പിന്മുറക്കാർ എത്രവേണമെങ്കിലുമുണ്ട്.

അവരോടാണ്, അവരോടു മാത്രമാണ്, അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്തിമാരിൽ ആറാമനായ പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രസ്‌ഥാനവും മുന്നണിയും സംവദിക്കാൻ ശ്രമിക്കേണ്ടത്, അല്ലാതെ കുലസ്ത്രീകളോടും ഫക്-തൻമാരോടുമല്ല. ആ പണി തില്ലങ്കേരിമാർക്കു വിട്ടുകൊടുക്കുക. അവരായി, അവരുടെ പാടായി.

പിന്നെ,

പ്രളയം കൊണ്ട് ജീവിതം വഴിമുട്ടിനിൽക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഈ നാട്ടിലുണ്ട്. അവർക്ക് സർക്കാരല്ലാതെ മറ്റൊരാശ്രയമില്ലെന്നറിയണം. ആർത്തവചക്രമല്ല അവരുടെ പ്രശ്നം, ജീവിതം മുൻപോട്ടു കൊണ്ടുപോകാനുള്ള അവരുടെ ശ്രമങ്ങളിൽ ഒരു കൈത്താങ്ങാണ്. ഈശ്വരകടാക്ഷമല്ല, സർക്കാർ നടപടി ആഗ്രഹിച്ചിരിക്കുന്ന മനുഷ്യരുണ്ട്. അവർക്ക് നവോത്ഥാനത്തിന്റെ അടുത്ത അധ്യായം ഇറങ്ങുന്നതുവരെ കാത്തിരിക്കാനാവില്ല.

(കെജെ ജേക്കബിനെ ഫേസ്ബുക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാവാതെ വീണ്ടും ശബരിമല നടയടയ്ക്കുമ്പോള്‍

‘അടിച്ചു കൊല്ലെടാ അവളെ’ എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത് അശ്ലീലം തന്നെയാണ് : എസ് ശാരദക്കുട്ടി

സ്ത്രീകള്‍ക്കെതിരെ കൊലവിളിയുമായി പാഞ്ഞടുക്കുന്ന ഇക്കൂട്ടരോ വിശ്വാസ സംരക്ഷകര്‍?

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍