UPDATES

ട്രെന്‍ഡിങ്ങ്

സംഘികളെ ഇനിയും മണ്ടന്മാരെന്ന് വിളിക്കരുത്; സന്നിധാനം കേരളത്തിൻ്റെ ഗോധ്ര ആകാതിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്

സന്നിധാനത്ത് ചോര വീഴണമെന്ന സംഘികളുടെ ആഗ്രഹം മനസ്സിലാക്കാതെ പോലീസിനെയും ഇടതുപക്ഷത്തേയും പഴി പറയുന്നവർ ഒന്നു കണ്ണാടി നോക്കണം

യുദ്ധത്തിൽ ശത്രുവിനോടെതിരിടുമ്പോൾ ഏറ്റവും മിനിമം അയാൾക്കുള്ള ബുദ്ധിയെങ്കിലും ഉണ്ടായിരിക്കുക എന്നത് വിജയിക്കാനും (നല്ലൊരു പോരാട്ടം കാഴ്ച വയ്ക്കാനെങ്കിലും) ആവശ്യമാണ്. അതുകൊണ്ടു സ്വയമൊരു മണ്ടനാണെന്നു നടിക്കാൻ കഴിയുന്ന ശത്രുവിൻ്റെ മുൻപിൽ അടിപതറുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയശക്തി എന്ന നിലയ്ക്ക് സംഘപരിവാറിൻ്റെ സ്മാർട്ട്നെസ്സ് ഇതാണ്. സംഘികൾ ബുദ്ധിശൂന്യരാണെന്ന പുച്ഛം കലർന്ന പൊതുധാരണ സംഘിവിരുദ്ധർക്കിടയിൽ പ്രബലമാണ്. ശബരിമല വിഷയത്തിലും ഈ ധാരണ സംഘികളെ നല്ലപോലെ തുണച്ചു/ക്കുന്നു എന്നു വേണം കരുതാൻ.

സ്ത്രീകൾ ശബരിമലയിൽ കയറുന്നത് അനുവദിക്കണമെന്ന് അവർ ആദ്യം വാദിക്കുന്നു. തുടർന്ന് ചില സിൽബന്തികളെക്കൊണ്ട് പ്രസ്തുത ആവശ്യം മുൻനിർത്തി കേസ് നടത്തി വിജയിക്കുന്നു. അവർ നേരിട്ടതിൽ കക്ഷി ചേരുന്നേയില്ല എന്നതു ശ്രദ്ധിക്കണം. തുടർന്നു വിശ്വാസികളിൽ ഒരു അങ്കലാപ്പ് സൃഷ്ടിച്ച് അവരെ മുൻനിർത്തി അതേ വിധിക്കെതിരെ സമരം ചെയ്യുന്നു. ഇതു മണ്ടന്മാർക്കു സാധിക്കുന്ന കാര്യമാണെന്നു ഞാൻ കരുതുന്നില്ല.

ശബരിമല വിഷയത്തിൽ സംഘ് തുടക്കത്തിലേ ചെയ്ത ഏറ്റവും സ്മാർട്ട് ആയ കാര്യം മുന്നിൽ നിർത്തി അമ്പെയ്യാൻ ഒരു ശിഖണ്ഡിയെ കണ്ടെത്തി എന്നതാണ്. ആ ശിഖണ്ഡിയാണ് പട്രിയാർക്കി അഥവാ പുരുഷമേധാവിത്വ വ്യവസ്ഥ. ആ കെണിയിൽ കേരളത്തിലെ പബ്ളിക് സ്ഫിയറിലെ പ്രബല ശബ്ദങ്ങളിൽ പെടുന്ന സ്വതന്ത്ര ബുദ്ധിജീവികൾ, ഫെമിനിസ്റ്റുകൾ, ഫേസ്ബുക്കിലെ രാഷ്ട്രീയ കവിതയെഴുത്തുകാർ തുടങ്ങിയവരൊക്കെ കമഴ്ന്നടിച്ചു വീണു. അതോടെ പട്രിയാർക്കൽ ആയ വിശ്വാസികളും ഭക്തന്മാരും ഉൾപ്പെടുന്ന സമൂഹവും പുരോഗമനവാദികളും തമ്മിലുള്ള യുദ്ധമെന്ന നിലയ്ക്ക് ഇതിനെ ചിത്രീകരിക്കാൻ അവർക്കു സാധിച്ചു. ഭൂരിപക്ഷം ആരാ? അതു വിശ്വാസികൾ. അപ്പോൾ ഭൂരിപക്ഷം ആർക്കൊപ്പമാണ്? അവർ സംഘികൾക്കൊപ്പം. ഇടതുപക്ഷത്തിൻ്റെ പ്രഖ്യാപിത നിലപാടെന്താണ്? സ്ത്രീപുരുഷ സമത്വം? അപ്പോൾ അവർ ആർക്കൊപ്പമാണ്? സംസ്കാരം തകർക്കാൻ വരുന്ന ന്യൂനപക്ഷമായ, പാശ്ചാത്യചിന്തയിൽ ആകൃഷ്ടരാണെന്നൊക്കെ ബ്രാൻ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്വന്തം സംസ്കാരത്തെ പുച്ഛിക്കുന്ന പുരോഗമനപക്ഷത്തൊപ്പം. ഈ ഒരു ഇക്വേഷൻ വളരെ പെട്ടെന്നു തന്നെ ഉണ്ടാക്കിയെടുക്കാൻ അവർക്കു സാധിച്ചു.

സത്യത്തിൽ, സന്നിധാനത്ത് അക്രമികളെ കയറ്റി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഈ സമയത്തുപോലും സംഘികൾ ആഗ്രഹിക്കുന്നത് സ്ത്രീകൾ അങ്ങോട്ടു കയറി വരണമെന്നാണ്. കാരണം അപ്പോൾ മാത്രമേ അവർക്കാവശ്യമായ സംഘർഷം അവിടെ സംജാതമാകൂ. അങ്ങനെയൊരു സംഘർഷമുണ്ടായാൽ, അതിൻ്റെ ഭാഗമായി പോലീസിൻ്റെ ലാത്തികൊണ്ട് ഒരു തുള്ളി രക്തം അവിടെ വീണാൽ അതിൻ്റെ പേരിൽ കേരളത്തിൽ അക്രമം അഴിച്ചു വിട്ടു അരാജകത്വം സൃഷ്ടിക്കുക എന്നതാണവരുടെ പദ്ധതി. അത്തരമൊരു അക്രമത്തെ അവർ ഇതിനോടകം ബ്രാൻ്റ് ചെയ്തു കഴിഞ്ഞു. അത് വിശ്വാസികളുടെ, ഭക്തരുടെ അക്രമമെന്ന പേരിലായിരിക്കും അരങ്ങേറുക. ഈ കലാപം മുഴുവൻ അവിടെ ഉണ്ടാക്കിയിട്ടും, അവരുടെ അജണ്ടകൾ പുറത്തുവന്നിട്ടും മാധ്യമങ്ങൾ അക്കൂട്ടത്തെ വിളിക്കുന്നത് അയ്യപ്പ ഭക്തന്മാർ എന്നാണെന്നത് ആ ബ്രാൻ്റിംഗ് വിജയിച്ചു എന്നതിൻ്റെ സൂചനയാണ്. ഭക്തന്മാരുടെ പ്രതിഷേധത്തെ അമർച്ച ചെയ്യുന്ന ഇടതുപക്ഷ ഗവണ്മെൻ്റ് പിന്നെ എങ്ങനെ ബ്രാൻ്റ് ചെയ്യപ്പെടുമെന്നതിൽ സംശയം വേണ്ടല്ലോ.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ ആയിരുന്നു ഗുജറാത്തിൽ മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തിൽ അരങ്ങേറിയത്. ഗോധ്രയിൽ കർസേവകർ കൊലചെയ്യപ്പെട്ട് 24 മണിക്കൂറിനകം ഗുജറാത്തിലെ നഗരങ്ങൾ കത്തി. സ്വാഭാവികമായ പ്രതികരണം എന്നായിരുന്നു മാധ്യമങ്ങൾ ഉൾപ്പെടെ പറഞ്ഞത്. എന്നാൽ 24 മണിക്കൂറിനകം നടന്ന സ്വാഭാവിക പ്രതികരണത്തിൽ ഒരേ കച്ചവട സമുച്ചയത്തിലെ, തെരുവിലെ മുസ്ലീങ്ങളുടെ കച്ചവടസ്ഥാപനങ്ങൾ മാത്രം കത്തിയെരിഞ്ഞു. അതായത്, മുസ്ലീങ്ങളുടെ കച്ചവട സ്ഥാപങ്ങളേതൊക്കെയാണെന്നു വളരെ മുൻപുതന്നെ കൃത്യമായി സ്കെച്ച് ചെയ്തു കലാപകാരികൾക്കു കിട്ടിയിരുന്നു. മുസ്ലീങ്ങളെ അഗ്നിക്കിരയാക്കാൻ ഗോധ്രയ്ക്ക് ദിവസങ്ങൾക്കു മുൻപു തന്നെ ഗ്യാസ് ഏജൻസികൾ ‘സ്വാഭാവികമായി’ കാലിയായിരുന്നു. കൊള്ളയടിക്കാനുള്ള വാഹനങ്ങൾ അതുപോലെ സജ്ജമായിരുന്നു. മുസ്ലീം കോളനികളെ കൃത്യമായി ലോക്കേറ്റ് ചെയ്ത് അക്രമം പ്ളാൻ ചെയ്തിരുന്നു.

പറഞ്ഞു വരുന്നതെന്തെന്നാൽ സംഘികൾ ഒന്നും സ്വാഭാവികമായി ചെയ്യുന്നില്ല. ഒന്നും ആകസ്മികമല്ല. ‘They don’t do random. They always have a target’ എന്ന ബോൺ സിനിമ ഡയലോഗ് ഇവരെ സംബന്ധിച്ചിടത്തോളം അച്ചട്ടാണ്. നമ്മൾ മനസ്സിലാക്കേണ്ടത് ഇവിടെ മുഖ്യശത്രു പട്രിയാർക്കി അല്ല എന്നതാണ്. പട്രിയാർക്കിയെ അവർ ഉപയോഗപ്പെടുത്തുന്നു എന്നതാണ് യാഥാർത്ഥ്യം. അവർ ഇവിടെ തകർക്കാൻ ശ്രമിക്കുന്നത് സ്ത്രീ സ്വാതന്ത്ര്യമല്ല, മറിച്ച്, കോൺഗ്രസിൻ്റെ കാര്യം അവർ സ്വയം തീരുമാനമാക്കിയ സ്ഥിതിക്ക്, ഇവിടത്തെ അവശേഷിക്കുന്ന ജനാധിപത്യശക്തിയായ ഇടതുപക്ഷത്തെയാണ്. അതിൽ പെടുന്നത് സിപിഎം മാത്രമല്ല. മതേതരത്വത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാ ആശയങ്ങളേയുമാണ്. പക്ഷേ, മനസ്സിലാക്കേണ്ട കാര്യം അതിൻ്റെ ഭൗതികരാഷ്ട്രീയ പ്രതിനിധാനം ഈ സംഘടനയാണ്. അത്തരമൊരു പൊളിറ്റിക്കൽ ഫോഴ്സ് ഇല്ലെങ്കിൽ ആശയത്തിന് ഭൗതികപരമായ നിലനില്പില്ല എന്നു മനസ്സിലാക്കണം.

അതുകൊണ്ട് അതിനെതിരെ ഇവിടുത്തെ സംഘടനയ്ക്ക് പുറത്തുള്ള സ്വതന്ത്രശബ്ദങ്ങളെക്കൂടി അവർക്ക് തിരിക്കാൻ നിന്നുകൊടുക്കരുത്. സന്നിധാനത്ത് കീഴടങ്ങിയ പോലീസ് ഒറ്റ രാത്രികൊണ്ട് ആയിരത്തിലധികം സംഘി തീവ്രവാദികളെ പിടിച്ച് അകത്തിട്ടതു നമ്മൾ  കണ്ടതാണ്. അതു ചെയ്യാൻ അങ്ങനെയൊരു രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണകൂടം ആവശ്യമുണ്ട്. അതുകൊണ്ട് സന്നിധാനത്ത് ചോര വീഴണമെന്ന സംഘികളുടെ ആഗ്രഹം മനസ്സിലാക്കാതെ പോലീസിനെയും ഇടതുപക്ഷത്തേയും പഴി പറയുന്നവർ സംഘികളെ മണ്ടൻമാരെന്നു പുച്ഛിക്കുന്നതിനു മുൻപ് ഒന്നു കണ്ണാടി നോക്കണം. സന്നിധാനം കേരളത്തിൻ്റെ ഗോധ്ര ആകാതെ ഇരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതോർത്താൽ നന്ന്. ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ നാൾവഴികളിലൂടെ ഒന്നൂടെ പോയി നോക്കിയിട്ടു വേണം ഗവണ്മെൻ്റ് എന്തു ചെയ്യണമെന്ന ഉപദേശം കൂടി നൽകാൻ എന്നൊരു അഭ്യർത്ഥന കൂടി.

(ഷഫീഖ് സല്‍മാന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

ആചാരസംരക്ഷണത്തിന് വന്നവരുടെ തനിനിറം നാട്ടുകാര്‍ കണ്ടല്ലോ? ബലിദാനിയെ കിട്ടാനുള്ള പരക്കം പാച്ചിലായിരുന്നു അത്

യുവതീപ്രവേശനം യാഥാര്‍ത്ഥ്യമാവാതെ വീണ്ടും ശബരിമല നടയടയ്ക്കുമ്പോള്‍

ശ്രീധരന്‍ പിള്ളയുടെ വിവാദ ശബരിമല പ്രസംഗം തൊഗാഡിയയെ ലക്ഷ്യം വച്ചതിനു പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍