UPDATES

ട്രെന്‍ഡിങ്ങ്

സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യം മനസ്സിലാവാൻ ആ പത്രസമ്മേളനങ്ങള്‍ കണ്ടാല്‍ മതി

നാലു പെണ്ണുങ്ങളെ കടിച്ചുകീറാൻ കയ്യിൽ കിട്ടിയ ആവേശമാണ് പത്രക്കാരുടെ സ്ഥായി

ചേഷ്ടകൾ, ഭാഷ, പ്രതികരണരീതി എന്നിവയാണ് അഭിപ്രായങ്ങളേക്കാളും ശക്തമായി അഭിപ്രായങ്ങളുടെ താത്പര്യത്തെ വെളിപ്പെടുത്തുക എന്ന് എമിലി ഡർഖൈം എഴുതിയത് എത്ര ശരിയാണെന്ന് ബോധ്യമാവാൻ WCC യുടെ ഒരു പത്രസമ്മേളനവും AMMA യുടെ ഒരു പത്രസമ്മേളനവും യൂട്യൂബിൽ പോയി കണ്ടാൽ മതി. മൂന്ന് ഘടകങ്ങൾ മാത്രം പരിശോധിക്കാം.

AMMA: ഭാഷ കൃത്രിമമായ മലയാളമാണ്. ഇടയ്ക്കിടെ അശ്ലീലം ചുവയ്ക്കുന്ന ചില ചിരികൾ കാണാം. പരമാവധി ഡിപ്ലോമാറ്റിക് ആയി സംസാരിക്കുന്നതിന്റെ അശ്ലീലം ഓരോ വാചകത്തിനുമുണ്ട്. പ്രകോപനത്തിന്റെ ഒരംശം ഏതെങ്കിലും ചോദ്യത്തിലുണ്ടായാൽ മതി, അതിൽ പിടിച്ച് ആണധികാരം ആളിക്കത്തുന്നു. ഗണേഷ് കുമാറും മുകേഷും എഴുന്നേറ്റുനിന്ന് ദിലീപിനായി വാദിച്ച പ്രസ് മീറ്റ് നോക്കുക, ഓരോ വാചകത്തിലും തുള്ളിത്തുളുമ്പുന്ന വൾഗർ പുരുഷന്റെ പ്രകടനം കാണാം. അനവധി വാചകങ്ങൾക്ക് അവരിൽ തന്നെ വ്യക്തതയില്ല. പറയാൻ ശ്രമിക്കുന്നവ തന്നെ പലർക്കും പറയാനറിയില്ല. ആകെ അറിയുന്നത് ‘ഞങ്ങൾ വലിയ സംഭവമാണ്’ എന്നാണ്. ലിംഗതുല്യത എന്ന ആധുനികപ്രമേയം അവരുടെ തൊലിയിൽ തൊട്ടിട്ടില്ല എന്ന് വ്യക്തമാണ്.

WCC: ഭാഷ അവരിൽ സ്വാഭാവികമായ ഇംഗ്ലീഷ് കലർന്ന മലയാളമാണ്. പറയുന്ന ഓരോ വാചകവും പൊളിറ്റിക്കലാണ്. കൃത്യതയില്ലാത്ത ഒറ്റ വാചകമില്ല. തങ്ങൾ വിമർശനമുന്നയിക്കുന്ന സംഘടനയോടു പോലും യുക്തിപരമായ വിമർശനമല്ലാതെ പരിഹാസമില്ല. ഡിപ്ലോമസിക്കു വേണ്ടിയുള്ള കളികളില്ല. മൂർച്ചയുള്ള നിലപാടുകൾ. ഒരാൾക്ക് എന്നല്ല, എല്ലാവർക്കും പറയുന്ന ഓരോന്നിലും ക്ലാരിറ്റിയുണ്ട്. ഏതു ചോദ്യവും ആരോടും ചോദിക്കാം. ഒരു ബന്ധനവുമില്ലാതെ, തുറന്ന ഭാഷയിൽ അവർ മറുപടി പറയുന്നു. സിനിമയിലെ തൊഴിലാളികൾ എന്നതാണ് സ്വയം അവർ അഭിമാനപൂർവ്വം അംഗീകരിക്കുന്ന അസ്തിത്വം, അതല്ലാതെ ‘ഞങ്ങൾ വലിയ സംഭവമാണ്’ എന്നല്ല. എന്താണ് ജെന്‍ഡർ സെൻസിറ്റിവിറ്റി എന്ന് ഓരോരുത്തർക്കും അറിയാം. പറയുന്നതിന്റെ ആഴവും ഊഷ്മാവും എല്ലാവർക്കും ഗൗരവത്തോടെ ബോധ്യമുണ്ട്.

AMMA : കേട്ടുകൊണ്ടിരിക്കുന്ന പത്രക്കാർ പൊതുവേ പഴയ ജന്മിയ്ക്ക് മുന്നിൽ വാഴക്കുല കട്ടതിനു പിടിക്കപ്പെട്ട അടിയാന്റെ ഭാവത്തിലാണ്. തലകുലുക്കുന്നു, അവർ ചിരിക്കുമ്പോൾ ഒപ്പം ഇളിക്കുന്നു. ഇടയിലെപ്പോഴെങ്കിലും അവരുടെ ഔദാര്യമനുസരിച്ച് ഒന്നോ രണ്ടോ ചോദ്യങ്ങൾ ചോദിക്കുന്നു. അവ തന്നെ പരമാവധി പല്ലും നഖവുമില്ലാതാക്കാൻ സൂക്ഷിക്കുന്നു. അതിൽ നിന്ന് വെറുതേ ചിരിച്ചു വേണമെങ്കിലും താരരാജാക്കൾക്ക് രക്ഷപ്പെടാം, പത്രപ്രവർത്തകനും കൂടെ ചിരിക്കും. ആകെ ഒരു അമ്മായിവീട്ടിലെ സൽക്കാരം ഫീൽ.

WCC: നാലു പെണ്ണുങ്ങളെ കടിച്ചുകീറാൻ കയ്യിൽ കിട്ടിയ ആവേശമാണ് പത്രക്കാരുടെ സ്ഥായി. ഒരാളെയും പറയുന്നവ മുഴുവനാക്കാൻ സമ്മതിക്കില്ല. ഇടയിൽ കയറും. വായിൽ തോന്നുന്നതെന്തും ചോദിക്കും. ആഗ്രഹിക്കുന്നത് ഗോസിപ്പാണ്. വേറെ ആരൊക്കെ എന്തൊക്കെ ചെയ്തു, പുതിയ എന്തെങ്കിലും വെളിപ്പെടുത്തലുണ്ടോ – ഇതിലാണ് അക്ഷമയോടെയുള്ള ചോദ്യങ്ങൾ. ചുറ്റും നിന്ന് കടിച്ചുകീറുന്ന വേട്ടനായ്ക്കളുടെ ഭാവം.

AMMA: താഴെക്കാണുന്ന കമന്റുകളിൽ താരരാജാക്കളുടെ ഫാൻസ് ഇടുന്ന ആരാധനാതോലാഞ്ചത്തിന്റെ കമന്റുകൾ. ലാലേട്ടൻ കീ, മമ്മൂക്ക കീ, പേട്ടൻ കീ, കാകോകീ. പറയുന്നതെന്തായാലും ഞങ്ങളുടെ താരങ്ങൾ ആണ്, അതാണ് കാര്യം. അവരെന്തു ചെയ്താലും ചെയ്തില്ലെങ്കിലും അതു ന്യായമായിരിക്കും എന്നാണ് കമന്റുകളുടെ അടിസ്ഥാനം. ആ തലതെറിച്ച പെണ്ണുങ്ങളുടെ അഹങ്കാരം പൊളിച്ചു കൊടുത്തു, തമർത്തു, കിടുക്കി, കീ കീ – ഇങ്ങനെ പോകുന്ന കമന്റ് ഘോഷയാത്ര.

WCC: പറയുന്നത് തൊഴിലിടത്തിലെ ലിംഗതുല്യനീതിയെക്കുറിച്ചും അതിക്രമത്തെക്കുറിച്ചുമാണ് എന്നു മനസ്സിലാക്കുക പോലുമില്ല. കുറേ പൂരത്തെറികൾ. അതിനിടയിൽ ‘ ഫെമിനിച്ചികൾ’ ‘പൊരിച്ച മീൻ വേണോ’, ‘ ഇവൾ ആരോടു ബന്ധപ്പെട്ടാ വന്നിരിക്കുന്നത്’, ‘ഇംഗ്ലീഷേ അറിയാവൂ’ എന്ന പരിഹാസം – ഇങ്ങനെ നീളുന്ന ബോഡി, സ്ലട്ട് ഷെയ്മിങ്ങ്. പ്രതികരിക്കുന്ന എല്ലാ പെണ്ണുങ്ങളും പിശകാണ് എന്ന പ്രഖ്യാപനം.

ഇത്രേം മതി, സാമാന്യബുദ്ധി നിങ്ങൾക്കുണ്ടെങ്കിൽ ന്യായാന്യായങ്ങൾ മനസ്സിലാവാൻ.

ശ്രീചിത്രന്റെ ഫേസ്ബുക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇതാണ് മോഹൻലാലിന്റെ യഥാർത്ഥ മുഖം: രേവതി

ഞങ്ങള്‍ മുറിവേറ്റവര്‍; എഎംഎംഎക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ്

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍