UPDATES

ന്യൂസ് അപ്ഡേറ്റ്സ്

#ForabetterFB: പെറുക്കാന്‍ ഇനിയുമെത്ര അരികളുണ്ട് നിങ്ങളുടെ പക്കല്‍?

Avatar

(സ്ത്രീകള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഓണ്‍ലൈന്‍ അധിക്ഷേപങ്ങളും ഹിംസയും വിദ്വേഷ പ്രചരണവും വര്‍ദ്ധിചിരിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ ആരംഭിച്ച ഓണ്‍ലൈന്‍ കാമ്പയിനുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുന്നു)

അബ്ദുള്ള പുത്തിങ്ങ പറമ്പില്‍


കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും ചില ചങ്കരന്മാന്‍ പിന്നേയും തെങ്ങിന് മുകളില്‍ തന്നെ ഇരിക്കുന്നതിനാല്‍ (ചിലര്‍ ബാലിശമായ വ്യക്തി താല്പര്യങ്ങളുടെ പുറത്തുമാത്രം) ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

1) ഫേസ്ബുക്കിന് (അതിന്റെ അല്‍ഗോരിതം, അതില്‍ ജോലി ചെയ്യുന്ന ആളുകള്‍, അതിന്റെ ഭരണ/പോളിസി കാര്യങ്ങള്‍ തീരുമാനിക്കുന്ന ആളുകള്‍, അതിന്റെ വിവിധ ടൂളുകള്‍ ഉപയോഗിക്കുന്ന എന്‍ഡ് യൂസര്‍മാര്‍ എല്ലാവരും ഉള്‍പ്പെടുന്നതാണത്) സ്ത്രീവിരുദ്ധ സ്വഭാവമുണ്ടെന്ന് പറയുമ്പോള്‍, ആ സ്വാഭാവമാണ് പ്രീതയുടേയും അവരെ സപ്പോര്‍ട്ട് ചെയ്തവരുടേയും ഐഡി പൂട്ടിക്കാന്‍ കാരണമായതെന്ന് പറയുമ്പോള്‍, പ്രീതക്കെതിരേയുള്ള ഹേറ്റ് പേജ് നിലനിര്‍ത്താന്‍ കാരണമായത് എന്ന് പറയുമ്പോള്‍; അതെങ്ങിനെ ശരിയാവും, സ്ത്രീ ഐഡി മാത്രമല്ലോ പൂട്ടിയത്, a, b, c എന്നിവരൊന്നും സ്ത്രീകളല്ലല്ലോ, അവരുടേയൊക്കെ ഐഡി പൂട്ടിയല്ലോ, അപ്പോ അതും സ്ത്രീ വിരുദ്ധതയാണോ എന്നൊക്കെ ചോദിക്കുന്ന എല്ലാവരുടേതും തീര്‍ത്തും നിഷ്‌കളങ്കമായ സംശയമാണെന്നു തന്നെ കരുതി ഒന്നുകൂടി പറയട്ടെ, ഫേസ്ബുക്കിന് സ്ത്രീ വിരുദ്ധതയുണ്ടെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഫേസ്ബുക്ക് ചെയ്യുന്ന (സമാനമായ) എല്ലാകാര്യങ്ങളും/അനീതികളും ആ സ്ത്രീവിരുദ്ധത കൊണ്ടാണെന്ന്, അതുകൊണ്ട് മാത്രമാണെന്ന് ആരാണ് പറഞ്ഞത്. ഫേസ്ബുക്കിന് സ്ത്രീ വിരുദ്ധ സ്വഭാവമുണ്ടെന്ന് പറഞ്ഞാല്‍ അത് സ്ത്രീവിരുദ്ധം മാത്രമാണ് എന്നല്ല, മറിച്ച് സമൂഹത്തിലുള്ള മറ്റെല്ലാത്തിനേയും പോലെ നല്ലതും ചീത്തതുമായ പല കാര്യങ്ങള്‍ക്കൊപ്പം അതിന് സ്ത്രീ വിരുദ്ധത കൂടിയുണ്ടെന്ന് മാത്രമാണ്.

 

ഒരുദാഹരണം പറയാം, കിസ്സ് ഓഫ് ലവ് പ്രതിഷേധം സദാചാര ഗുണ്ടായിസത്തിനും കുറേക്കൂടി വിശാലമായ അര്‍ഥത്തില്‍ വ്യക്തികളുടെ സ്വകാര്യമായ കാര്യങ്ങളില്‍ ഭരണകൂടങ്ങളും അതിന്റെ വിവിധങ്ങളായ ഉപകരണങ്ങളും ഇടപെടുന്നതിനെതിരായുമുള്ള പ്രതിഷേധമായിരുന്നു. സ്വാഭാവികമായ കാരണങ്ങളാല്‍ തന്നെ പുരോഗമന ചിന്താഗതിയുള്ള എല്ലാവരും അതിനെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ ആരെങ്കിലും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, തങ്ങള്‍ക്ക് നേരിട്ട മറ്റേതെങ്കിലും തരത്തിലുള്ള അനീതി (ജാതീയമായ വിവേചനങ്ങള്‍, ലിംഗപരമായ വിവേചനങ്ങള്‍ തുടങ്ങിയവ ഉദാഹരണമാക്കാം) ചൂണ്ടിക്കാണിച്ച്, തങ്ങള്‍ നേരിട്ട അനീതിയില്‍ സദാചാര ഗുണ്ടായിസം കാണാത്തതിനാല്‍/കാരണമാവാത്തതിനാല്‍ കിസ്സ് ഓഫ് ലവിന്റെ സദാചാര ഗുണ്ടായിസം എന്ന പ്രചരണം തെറ്റാണെന്നും അത്തരമൊരു ആരോപണം അടിസ്ഥാനരഹിതമാണെന്നും വാദിച്ചാല്‍ എങ്ങിനെയുണ്ടാവും. ആ വാദം എത്രമാത്രം യുക്തിരഹിതമാണോ അത്രതന്നെ യുക്തിരഹിതമാണ് സ്ത്രീകളല്ലാത്തവരുടെ ഐഡിയും പൂട്ടിയിട്ടുണ്ടല്ലോ, അപ്പൊഴെങ്ങനെ ഫേസ്ബുക്ക് സ്ത്രീവിരുദ്ധമാവും എന്ന് പറയുന്ന വാദവും.

2) ഫേസ്ബുക്ക് ഒരു സ്വകാര്യ കമ്പനിയാണെന്നും, അതെങ്ങനെ നടത്തണമെന്ന് ഫേസ്ബുക്ക് തീരുമാനിക്കുമെന്നും, അതിനെ തിരുത്താന്‍ തുനിയുന്നത് മണ്ടത്തരമാണെന്നും, അതിനകത്തുനിന്ന് എങ്ങനെ അതിനെ തിരുത്തുമെന്നും, നിങ്ങള്‍ക്ക് യോജിക്കാത്തതാണെങ്കില്‍ അതിനു പുറത്തു പോവുകയാണ് (പാകിസ്ഥാനില്‍ പൊക്കോളൂ എന്ന് കേക്കുന്നുണ്ടോ) ചെയ്യേണ്ടതെന്നും പിന്നെയും ചില നിഷ്‌കളങ്കര്‍ പറയുന്നു/ചോദിക്കുന്നു. ഏറ്റവും പ്രാഥമികമായിപോലും ഫേസ്ബുക്കല്ല, സ്വകാര്യമോ അല്ലാത്തതോ ആയ ഏത് സ്ഥാപനവും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാണ്. പൊതുവായി അംഗീകരിക്കപ്പെട്ടെ നിലവിലുള്ള മനുഷ്യാവകാശങ്ങളൊക്കെയും അംഗീകരിക്കാന്‍, അതു നടപ്പാകുന്നു എന്നുറപ്പുവരുത്താന്‍ നിയമപരമായി തന്നെ അവര്‍ ബാധ്യസ്ഥരാണ്.

മാത്രമല്ല, ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന, അവരുടെ ഇടപെടലുകളിലൂടെ മുന്നോട്ട് പോകുന്ന എതൊരു സ്ഥാപനത്തിനും അതിന്റെ ഉപഭോക്താക്കളുടെ ആവശ്യങ്ങളോട്, അവരുടെ പ്രാഥമികമായ അവകാശങ്ങളോട് മുഖം തിരിക്കാനാവില്ല. സാമാന്യയുക്തിയുള്ള ഏതൊരു സ്ഥാപനവും അതിന്റെ ഉപഭോക്താക്കളുടെ അത്തരം അവകാശങ്ങളോടും, ആവശ്യങ്ങളോടുപോലും അതവരുടെ സാമ്പത്തികമായ താല്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പോലും നേരിട്ട് യുദ്ധം പ്രഖ്യാപിക്കില്ല. വിട്ടുവീഴ്ച ചെയ്യുക എന്നത് (പൂര്‍ണ്ണമായ തിരുത്തലുകള്‍ ഉണ്ടാകുമെന്നല്ല) അവരുടെ ബലഹീനതയല്ല, മറിച്ച് അവരുടെ നിലനില്പിന്റെ തന്നെ പ്രാഥമികമായ പ്രശ്‌നമാണ്.

സമരം ചെയ്യാന്‍/കാമ്പയില്‍ നടത്താന്‍ ഫേസ്ബുക്കെന്താ ഗവണ്മെന്റ്/പൊതുമേഖലാ സ്ഥാപനമാണോ എന്നൊക്കെ ചോദിക്കുന്നവരോടാവട്ടെ ഇത്രപോലും പറയാനില്ല, കുറച്ചെങ്കിലും ചരിതമൊക്കെ അറിഞ്ഞുവെക്കുന്നത് അത്രമോശം കാര്യമൊന്നുമല്ലെന്ന് മാത്രം പറയുന്നു.

3) ക്യാമ്പയിന്‍റെ ആവശ്യങ്ങള്‍ മാറിവരുന്നുണ്ടെന്നും ഇപ്പോള്‍ പറയുന്നതൊക്കെയും ഞങ്ങള്‍ പറഞ്ഞതാണ്, അത് ഞങ്ങളുടെ ആശയമാണ് (ശരിക്കും?) എന്നും ചില നിഷ്‌കളങ്കര്‍ പറയുന്നു. പിന്നെന്താ പ്രശ്‌നം. അവരും നിങ്ങളും ഒന്നുതന്നെയാണ് പറയുന്നതെങ്കില്‍ നിങ്ങള്‍ക്കവരെ പിന്തുണക്കാമല്ലോ, അവരു പറയുന്നത്, അഥവാ നിങ്ങള്‍ പറഞ്ഞത് മോശം കാര്യമൊന്നുമല്ലല്ലോ. ഇനിയതല്ല എന്ത് പറയുന്നു എന്നതല്ല മറിച്ച് ആരുപറയുന്നു എന്നതാണ് പ്രശ്‌നമെങ്കിലും നിങ്ങളുടേതായ രീതിയില്‍ ഈ കാര്യങ്ങളൊക്കെ നിങ്ങള്‍ക്കും ചെയ്യാമല്ലോ/പറയാമല്ലോ. ഇനിയതുമല്ല, ഞങ്ങള്‍ക്കിതിനൊന്നും സമയമോ സൗകര്യമോ താല്പര്യമോ ഇല്ലായെന്നാണെങ്കില്‍ അതും മനസ്സിലാക്കം. പക്ഷേ അപ്പോഴും തികച്ചും ബാലിശമായി, നിലവാരം കുറഞ്ഞ വെറും പരദൂഷണം ലെവലില്‍ ഇത്തരം കാര്യങ്ങളെ/ആളുകളെ പരിഹസിക്കുന്നതെന്തിനാണ്/ഒറ്റപ്പെടുത്തുന്നതെന്തിനാണ്, അവരുടെ ഓരോ അരിയും പെറുക്കിയെടുത്ത് അതിന്റെ നിറം/മണം ഒക്കെ നോക്കുന്നതെന്തിനാണ്. 

കൂടുതല്‍ പറയണമെന്നുണ്ട്, സമയമനുവദിക്കാത്തതിനാല്‍ തല്‍ക്കാലം നിര്‍ത്തുന്നു. മുന്നോട്ട് വെക്കുന്ന ആശയം, അതിന്റെ പരമമായ ലക്ഷ്യം പുരോഗമനപരവും ന്യായവുമാണെന്നിരിക്കേ; ആര് പറയുന്നു എന്നതോ, പറയുന്ന രീതിയിലേ സാങ്കേതികമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളോ, വാക്യാര്‍ത്ഥത്തിലുള്ള വിജയ പരാജയങ്ങളുടെ ആശങ്കകളോ, അതുകൊണ്ട് ആര്‍ക്കെങ്കിലും സ്വകാര്യമായ ലാഭങ്ങള്‍ ഉണ്ടാകുമെന്നതോ എന്നെ ബാധിക്കുന്നതല്ലതന്നെ. ക്യാമ്പൈനെ നിരുപാധികം പിന്തുണക്കുന്നു.

(പാലക്കാട് സ്വദേശിയാണ് ലേഖകന്‍, ഇപ്പോള്‍ യു എ ഇയില്‍ ജോലിചെയ്യുന്നു)

 

ഈ വിഷയത്തില്‍ അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ വായിക്കാം

#ForabeterFB: ഞങ്ങള്‍ക്ക് പറയാനുള്ളത്

പൊതുബോധത്തിന്റെ ആളും അല്‍ഗോരിതവും

ക്യാമ്പയിന്റെ മറവില്‍ ഇന്‍റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെ ഒളിച്ചുകടത്തുന്നവരോട്

അല്‍ഗോരിതംകാരും ആക്റ്റിവിസ്റ്റുകളും അറിയുന്നതിന് 

ഫേസ്ബുക്കിനെ തിരുത്താന്‍ ഫേസ്ബുക്ക് കൊണ്ടുതന്നെ കഴിയുമോന്ന് ഞങ്ങളൊന്നു നോക്കട്ടെ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍