UPDATES

സിനിമ

2008ല്‍ സിചുവാൻ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 90,000ല്‍ അധികം പേര്‍; എന്നിട്ടും ഷാങ്ഹായി ചലചിത്ര മേള ചൈന നടത്തുക തന്നെ ചെയ്തു

ലോകത്ത് ഒരു സ്ഥലത്തും ദുരന്തങ്ങളെ അതിജീവിക്കുവാനും പുനർ നിർമാണത്തിനായി കലകളെ വിലക്കിയ ചരിത്രം നമുക്ക് കണ്ടെടുക്കാനാവില്ല . ഒരു പക്ഷെ ആ ചരിത്രവും നമുക്കായിരിക്കും സ്വന്തമാവുക .

പ്രകൃതി ദുരന്താനന്തര ചലച്ചിത്ര മേളകൾ അതിജീവനത്തിനായി സഹായകരമാകുന്ന തരത്തിൽ നടത്തിയിട്ടുള്ള രാജ്യങ്ങളുടെ ലഘു ചരിത്രം വിവരിച്ച് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ഡോക്ടർ ബിജു. ജപ്പാൻ, ചൈന, ഇന്തോനേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വലിയ പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം മേളകൾ നടത്തിയത് അക്കമിട്ടു നിരത്തി കൊണ്ടാണ് അദ്ദേഹം ഫെയ്സ്ബൂക് കുറിപ്പ് തയ്യാറാക്കിരിക്കുന്നത്. പ്രളയാനന്തരം സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം രൂക്ഷമായതിനെ തുടർന്ന് ഈ വർഷത്തെ ഐ എഫ് എഫ് കെ അടക്കം ഉള്ള കലാമേളകൾ നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവർ പ്രതിഷേധം അറിയിച്ചിരുന്നു.

ഒരു ദുരന്തത്തെ അതി ജീവിക്കാൻ എല്ലാത്തരം കലകളെയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല കലാപരമായ സാംസ്കാരികതയുടെ അവസാനം കൂടിയാണ് എന്നും നേരത്തെ ബിജു പറഞ്ഞിരുന്നു. “പ്രകൃതി ദുരന്താനന്തര ചലച്ചിത്ര മേളകൾ അതിജീവനത്തിനായി സഹായകരമാകുന്ന തരത്തിൽ നടത്തിയിട്ടുള്ള ഒട്ടേറെ ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉണ്ട്. ഇന്ത്യയിലും വിദേശത്തും. ദുരന്തങ്ങളുടെ പേര് പറഞ്ഞു ദുഃഖാചരണം പ്രഖ്യാപിക്കുക അല്ല ലോകമെമ്പാടും ചെയ്തിട്ടുള്ളത്.” ഡോക്ടർ ബിജു എഴുതുന്നു;

ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം

പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം പല രാജ്യങ്ങളിലെയും ചലച്ചിത്ര മേളകൾ നടന്നിരുന്നുവോ എന്ന കാര്യത്തിൽ ഒരു ലഘു ചിത്രം മുൻപ് നൽകിയിരുന്നു. അത്തരം സംഭവങ്ങൾ ഒന്നിച്ചു ചേർത്ത് ഒരു കുറിപ്പ് ആക്കണം എന്ന് പലരും ആവശ്യപ്പെടുന്നു. പ്രകൃതി ദുരന്താനന്തര ചലച്ചിത്ര മേളകൾ അതിജീവനത്തിനായി സഹായകരമാകുന്ന തരത്തിൽ നടത്തിയിട്ടുള്ള ഒട്ടേറെ ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉണ്ട്. ഇന്ത്യയിലും വിദേശത്തും. ദുരന്തങ്ങളുടെ പേര് പറഞ്ഞു ദുഃഖാചരണം പ്രഖ്യാപിക്കുക അല്ല ലോകമെമ്പാടും ചെയ്തിട്ടുള്ളത്. മറിച്ചു കലയെ ശക്തിപ്പെടുത്തി തങ്ങൾ തോറ്റു പോയ ഒരു ജനനത അല്ല എന്ന് ലോകത്തോട് വിളിച്ചു പറയുക ആണ് അവിടെയെല്ലാം ചെയ്തത്. പണം സമാഹരിച്ചു പാലങ്ങളും റോഡുകളും വീടുകളും മാത്രം പണിയുന്നതല്ല പുനർ നിർമാണം, അവിടെ കലയ്ക്ക് യാതൊരു സ്ഥാനവും ഇല്ല എന്ന് ചിന്തിക്കുന്നത് അതിനെപ്പറ്റിയുള്ള അബദ്ധ ധാരണ കൊണ്ടാണ്. പ്രകൃതി ദുരന്താനന്തര ചലച്ചിത്ര മേളകളുടെ ഒരു ലഘു ഡേറ്റാ ഇതാ. (ചിലത് മുൻ ലേഖനത്തിൽ പരാമർശിച്ചവ തന്നെയാണ് )

1. 2011 മാർച്ച് 11 ന് ജപ്പാൻെറ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായി. തൊഹോകു ഭൂകമ്പം ഏതാണ്ട് 16000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, 3000 ലധികം ആളുകൾ കാണാതായി, 360 ബില്യൺ യു എസ് ഡോളറിന്റ്റെ നഷ്ടം ഉണ്ടായി. അതിനെ തുടർന്നുള്ള ദിവസങ്ങളിൽ ആണ് ഫുക്കോഷിമ ആണവ ദുരന്തം ജപ്പാനിൽ ഉണ്ടാകുന്നത്. ജപ്പാനിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ ടോക്കിയോ ചലച്ചിത്ര മേളയുടെ ഇരുപതിനാലാമത്തെ വർഷം ആയിരുന്നു 2011. ടോക്കിയോ ചലച്ചിത്ര മേള ആ വർഷം ഒക്ടോബറിൽ നടക്കുക തന്നെ ചെയ്തു. ജപ്പാൻ മേള മാറ്റിവെച്ചില്ല. അതിജീവനത്തിന്റെ കരുത്ത് പ്രഖ്യാപിച്ചു ടോക്കിയോ മേള 2011 ഒക്ടോബർ 22 മുതൽ 30 വേറെ നടന്നു. ടോക്കിയോ ചലച്ചിത്ര മേളയുടെ എല്ലാ വേദികളിലും ഓരോ കളക്ഷൻ ബോക്സുകൾ ഡൊണേഷൻ നൽകാനായി സ്ഥാപിച്ചു. ടോക്കിയോ ചലച്ചിത്ര മേള പ്രകടിപ്പിച്ച ഏറ്റവും വലിയ മാനവികത അത് മാത്രമല്ല. ആ ഡൊണേഷനിൽ നിന്നും ലഭിച്ച തുക ജപ്പാന് മാത്രമായല്ല അവർ നൽകിയത് മറിച്ചു അതെ വർഷം ടോക്കിയോ മേള നടന്നു കൊണ്ടിരിക്കുമ്പോൾ ടർക്കിയിൽ ഒക്ടോബർ 23 ന് ഭൂകമ്പം ഉണ്ടായി. 700 ഓളം ആളുകളാണ് തുർക്കിയിൽ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. ടോക്കിയോ മേളയിൽ നിന്നും സമാഹരിച്ച ഡൊണേഷൻ ജപ്പാനോടൊപ്പം തുർക്കിക്കും നൽകിയാണ് സിനിമയുടെ മാനവികത ടോക്കിയോ ചലച്ചിത്ര മേള ഉയർത്തിക്കാട്ടിയത്.

2. 2011 ഒക്ടോബർ 23 ന് തുർക്കിയിൽ നടന്ന ഭൂകമ്പത്തിൽ 700 ഓളം പേര് കൊല്ലപ്പെട്ടു. പക്ഷെ ടർക്കിയിലെ പ്രധാനപ്പെട്ട രണ്ടു ചലച്ചിത്ര മേളകളും തൊട്ടടുത്ത വർഷം ഉപേക്ഷിച്ചില്ല. 2012 മാർച്ചിൽ ഇസ്താൻബുൾ ചലച്ചിത്ര മേളയും, ഒക്ടോബറിൽ അൻറ്റാല്യ ഗോൾഡൻ ഓറഞ്ചു ചലച്ചിത്ര മേളയും നടക്കുക ഉണ്ടായി.

3. ചൈനയിൽ 2008 മെയ് 12 ൽ സിചുവാൻ ഭൂകമ്പം ഉണ്ടാവുകയും തൊണ്ണൂറായിരത്തിൽ അധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ചൈനീസ് സർക്കാർ മാധ്യമ വാർത്തകൾ ഉൾപ്പെടെ എല്ലാത്തിനും സെൻസർഷിപ് ഏർപ്പെടുത്തി. ആ വർഷം ഷാങ്ഹായി ചലച്ചിത്ര മേളയുടെ പതിനൊന്നാമത് എഡിഷൻ ആയിരുന്നു. അത് പക്ഷെ ചൈനീസ് സർക്കാർ റദ്ദ് ചെയ്തില്ല. 2008 ജൂൺ 14 മുതൽ 22 വരെ ഷാങ്ഹായി മേള നടന്നു. രണ്ടു മിനിറ്റ് ദുഃഖാചരണത്തോടെ ആണ് മേള തുടങ്ങിയത്. ജൂറി ചെയർമാൻ വോങ് കാർ വായിയും പ്രശസ്ത ചൈനീസ് താരം ജാക്കി ചാനും മേളയിൽ പങ്കെടുക്കാൻ എത്തിയ വിദേശ പ്രതിനിധികളോട് ഒരു സംയുക്ത അഭ്യർത്ഥന നടത്തി . ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ട 5 മില്യൺ ചൈനീസ് ആളുകൾക്ക് സഹായം നൽകാനായി അവരവർക്ക് ആവുന്ന ഡൊണേഷൻ നൽകണം എന്ന്. ഫെസ്റ്റിവൽ ഡയറക്ടർ ഗെസ്റ്റുകളോട് ആ വർഷം ഡ്രസ്സ് കോഡ് മേളയിൽ ഉണ്ടാവുക ഇല്ല എന്നും പകരം പ്രതീക്ഷയുടെ പ്രതീകമായി ഒരു പച്ച റിബൺ ധരിക്കുവാനും ആവശ്യപ്പെട്ടു. ഇതോടൊപ്പം ഓർക്കാവുന്ന മറ്റൊന്നാണ് ആ വർഷം മെയ് മാസത്തിൽ കാൻ ചലച്ചിത്ര മേളയിൽ ചൈനയിലെ പ്രശസ്ത താരങ്ങളായ ജാക്കി ചാനും സിയി ഷാങ്ങും മേളയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ചു റെഡ് കാർപ്പറ്റ് വാക്കിങ്ങിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു ചിത്രം ഉയർത്തി പ്പിടിച്ചു സിചുവാൻ ഭൂകമ്പത്തിൽ ചൈനയെ സഹായിക്കാൻ ആവശ്യപ്പെട്ടു. ഏതാണ്ട് ഒരു മില്യൺ യു എസ് ഡോളർ ആണ് ഈ അഭ്യർത്ഥനയുടെ ഫലമായി സമാഹരിക്കപ്പെട്ടത്.

ചൈനയിൽ വീണ്ടും 2010 ഏപ്രിൽ 13 ന് യുഷു ഭൂകമ്പത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു . ആ വർഷവും ജൂൺ 12 മുതൽ 20 വരെ ഷാങ്ഹായി മേള ചൈനീസ് ഗവണ്മെന്റ്റ്‌ മുടക്കമില്ലാതെ നടത്തുക ഉണ്ടായി.

4. 2004 ഡിസംബർ 24 ന് ഇൻഡോനേഷ്യയിലെ ഭൂകമ്പത്തിൽ 3 ലക്ഷത്തിലധികം പേരാണ് മരണപ്പെട്ടത് . തൊട്ടടുത്ത വർഷം ഡിസംബർ 9 മുതൽ 18 വരെ മേള മുടങ്ങാതെ തന്നെ നടത്തുകയുണ്ടായി.

5. അമേരിക്കയിൽ 2005 ആഗസ്ത് മാസത്തിലെ ഹുരികെൻ കത്രീന കൊടുങ്കാറ്റിലും പ്രളയത്തിലും പെട്ട് രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച ഒരു സ്റ്റേറ്റ് ഫ്ലോറിഡ ആയിരുന്നു. 2006 ഏപ്രിൽ മാസത്തിൽ ഫ്ലോറിഡ ചലച്ചിത്ര മേളയുടെ പതിനഞ്ചാമത്തെ എഡിഷൻ യാതൊരു മുടക്കവും ഇല്ലാതെ നടത്തി. ഒട്ടേറെ ദുരിതാശ്വാസ ഫണ്ട് റെയിസിംഗ് പ്രവർത്തനങ്ങൾ മേളയോടൊപ്പം സംഘടിക്കപ്പെട്ടു

6. അമേരിക്കയിലെ റോഡ് ഐലൻഡ് സിറ്റിയിൽ 2010 മാർച് 28 മുതൽ ഏതാനും ദിവസം നിർത്താതെ പെയ്ത മഴയിൽ വലിയ പ്രളയം ഉണ്ടാവുകയും നിരവധി ആളുകൾക്ക് വീടുകൾ നഷ്ടമാകുകയും ചെയ്തു. ഈ പ്രദേശം എമർജൻസി ഡിസാസ്റ്റർ സോൺ ആയി പ്രഖ്യാപിക്കപ്പെട്ടു. നാല് മാസങ്ങൾക്ക് ശേഷം 2010 ആഗസ്റ്റ് മാസത്തിൽ റോഡ് ഐലൻഡ് ചലച്ചിത്ര മേളയുടെ പതിനാലാമത് എഡിഷൻ മാറ്റിവെക്കാതെ തന്നെ നടത്തപ്പെട്ടു

7. 2016 ഒക്ടോബർ 13 ന് വിയറ്റ്‌നാമിൽ ഉണ്ടായ പ്രളയത്തിൽ 27000 ലധികം പേർക്ക് വീട് നഷ്ടപ്പെട്ടു. പ്രളയ ദുരന്ത ബാധിതർക്ക് വേണ്ടുന്ന കൈത്താങ്ങുകൾ കൂടി ചേർത്ത് 2016 ഒക്ടോബർ 28 മുതൽ ഹാനോയി ചലച്ചിത്ര മേള മുടക്കമില്ലാതെ തന്നെ നടന്നു.

8. 2016 ഡിസംബറിലും 2017 ജനുവരിയിലും ആയി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയി ൽ ഉണ്ടായ പ്രളയത്തിൽ 200 ഓളം ആളുകൾ മരിച്ചു, 2000 ത്തിലധികം പേർക്ക് വീട് നഷ്ടപ്പെട്ടു, 100 മില്യൺ യു എസ് ഡോളറിന്റ്റെ നഷ്ടമാണ് കണക്കാക്കിയത്. ആ വർഷം സിംബാബ്‌വെ ചലച്ചിത്ര മേളയുടെ 18 ആമത്തെ എഡിഷൻ ആഗസ്റ്റ് മാസത്തിൽ മുടക്കമില്ലാതെ തന്നെ നടത്തപ്പെട്ടു .

ഇനി ഇന്ത്യയിലെ ചില ഉദാഹരണങ്ങൾ കൂടി ..

1. 2017 ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി വെസ്റ്റ് ബംഗാളിൽ ഉണ്ടായ പ്രളയത്തിൽ 100 ലധികം പേർ മരണപ്പെട്ടു. 311 റിലീഫ് ക്യാമ്പുകൾ തുറന്നു, 27 ലക്ഷം ആളുകളെ ആണ് പ്രളയം ദുരന്തത്തിൽ ആക്കിയത്. 140 ബില്യൺ ആണ് നഷ്ടം കണക്കാക്കിയത്. 2017 നവംബർ മാസത്തിൽ കൊൽക്കത്ത ചലച്ചിത്ര മേള മുടക്കമില്ലാതെ നടന്നു.

2. 2017 ആഗസ്റ്റിലെ മുംബൈ വെള്ളപ്പൊക്കത്തിൽ 50 ലധികം ആളുകൾ മരണപ്പെടുകയും അനേകം നാശ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. മുംബൈ ചലച്ചിത്ര മേള 2017 ഒക്ടോബറിൽ നടത്തപ്പെട്ടു …

ലോകത്ത് ഒരു സ്ഥലത്തും ദുരന്തങ്ങളെ അതിജീവിക്കുവാനും പുനർ നിർമാണത്തിനായി കലകളെ വിലക്കിയ ചരിത്രം നമുക്ക് കണ്ടെടുക്കാനാവില്ല. ഒരു പക്ഷെ ആ ചരിത്രവും നമുക്കായിരിക്കും സ്വന്തമാവുക. അതിന് ഇടയാകരുത്. ലോകത്ത് ആദ്യമായി ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയത് കേരളത്തിലാണ്. ആ ചരിത്രം സൃഷ്ടിക്കുന്നതിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് വലിയൊരു പങ്കുണ്ട്. ഇന്ന് ഒരു കമ്യൂണിസ്റ്റ് സർക്കാരിനാൽ ഭരിക്കപ്പെടുന്ന നമ്മൾ ഒരു പ്രളയത്തെ അതിജീവിക്കുവാനായി കലാ പ്രവർത്തനങ്ങൾ നിർത്തി വെക്കുന്നു, ചലച്ചിത്ര മേളയും കുട്ടികളുടെ യുവജനോത്സവവും നിർത്തലാക്കുന്നു എങ്കിൽ അത് ഒരു വലിയ തെറ്റാണ്.. ആ തെറ്റ് ഉണ്ടാകാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു..ഇടത് പക്ഷ സർക്കാരിൽ വിശ്വാസമുള്ളത് കൊണ്ട് തന്നെ നമ്മൾ ഒരു തോറ്റ ജനതയായി സ്വയം പ്രഖ്യാപിക്കുക ഇല്ല എന്ന് കരുതുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍