UPDATES

ട്രെന്‍ഡിങ്ങ്

കെ എസ് ഇ ബി യുടെ ആർത്തി വാദക്കാരോട് : ഈ നാൾവഴികൾ ഒന്ന് പരിശോധിക്കണം

വൈദ്യുതി ബോര്‍ഡ് ഏതെങ്കിലും തരത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് സ്വമേധയാ അല്ല. സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉള്‍പ്പെടെ അറിഞ്ഞും മനസ്സിലാക്കിയും തന്നെയാണ്. ആ തീരുമാനങ്ങളില്‍ യാതൊരു തെറ്റുമില്ലായിരുന്നുവെന്നുതന്നെയാണ് മനസ്സിലാകുന്നത്.

ഇടുക്കി ജലസംഭരണി തുറന്നുവിട്ടതിലെ നടപടിക്രമങ്ങളെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉയരും വരെ കാത്തിരിക്കാനായിരുന്നു കെഎസ്ഇബിയുടെ തീരുമാനമെന്നും ഇത് പരമാവധി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ദുര മൂലമായിരുന്നുവെന്നുമാണ് പലരും ആരോപിക്കുന്നത്. ഇത് തെറ്റാണ്. ജലസംഭരണിയില്‍ 2390ല്‍ ജലനിരപ്പ് എത്തിയപ്പോള്‍ മുതല്‍ അധികൃതര്‍ ജാഗ്രതയിലായിരുന്നു. വൈദ്യുതി ബോര്‍ഡ് അധികൃതരും ദുരന്ത നിവാരണ അതോറിട്ടിയും ജില്ലാ ഭരണകൂടവും കൈകോര്‍ത്താണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയത്. ഇക്കാര്യത്തില്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ എല്ലാ കാര്യങ്ങളും സമാന്തരമായി നീക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ അതിന്‍റെ നാള്‍വഴി ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.

ജൂലൈ 29ന് തുടങ്ങാം. അന്നാണ് ജലസംഭരണിയില്‍ ജലനിരപ്പ് 2394 അടിയിലെത്തിയത്. തിരുവനന്തപുരത്തു നിന്ന് ദുരന്തനിവാരണ അതോറിറ്റി വിശദമായ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതും അന്നാണ്. അത് ഇടുക്കിയിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്തുനിന്നും , ഇടുക്കി ജില്ലാ കേന്ദ്രത്തില്‍ നിന്നും വിവരങ്ങള്‍ സമാന്തരമായി വന്നുതുടങ്ങിയതോടെ ചില ആശയക്കുഴപ്പങ്ങള്‍ രൂപപ്പെട്ടു. ജലനിരപ്പ് 2395 അടി എത്തിയാല്‍ ജൂലൈ 31ന് ട്രയല്‍ റണ്ണിനായി സംഭരണി തുറക്കുമെന്ന വാര്‍ത്ത വരുന്നത് ഈ സമയത്താണ്. ഇതെവിടെനിന്നു വന്നെന്ന് നിശ്ചയമില്ലാതെ വന്നപ്പോള്‍ ആശയക്കുഴപ്പം ഒഴിവാക്കാനായി, അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ തന്നെ അറിയിച്ചു. മാത്രമല്ല ജില്ലയിലെ പിആര്‍ഡിയില്‍ നിന്ന് ഔദ്യോഗികമായി നല്‍കുന്ന വിവരം മാത്രമേ വാര്‍ത്തയായി നല്‍കാവൂ എന്ന നിര്‍ദ്ദേശവും വന്നു. അണക്കെട്ടു തുറക്കുന്ന കാര്യത്തില്‍ വൈദ്യുത ബോര്‍ഡ് നല്‍കുന്ന വിവരമനുസരിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കളക്ടറാണ്. അപ്പോഴും ഭരണകൂടം എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുക്കുന്നുണ്ടായിരുന്നു. എറണാകുളം ജില്ലാ ഭരണകൂടവുമായി ഇടുക്കി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടുകൊണ്ടിരുന്നതായിത്തന്നെയാണ് അറിയുന്നത്. കൃത്യമായ അവലോകനയോഗങ്ങളും നിരന്തരം കൂടിക്കൊണ്ടിരുന്നു.

ജൂലൈ 30ന് ജലനിരപ്പ് 2395 കടന്നപ്പോള്‍ കെഎസ്ഇബിയുടെ സിവില്‍- ഡാം സേഫ്റ്റി & ഡ്രിപ്പ് വിഭാഗം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ക്ക് കത്തു നല്‍കി. ഡാമിലെ ജലനിരപ്പും നീരൊഴുക്കും ബോര്‍ഡ് അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അത് വിലയിരുത്തി റെഡ് അലര്‍ട്ട് പ്രസ്തുത കാര്യാലയത്തില്‍ നിന്ന് ലഭ്യമാക്കുമെന്നും തുടര്‍ന്ന് നിശ്ചിതസമയത്തിനുശേഷം ഷട്ടറുകള്‍ ഉയര്‍ത്തുമെന്നും കത്തില്‍ പറയുന്നുണ്ട്. ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ അലര്‍ട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് കളക്ടറാണ്. എന്നാല്‍ അതിനു മുന്നേ, കെഎസ്ഇബിയുടെ കത്ത് കൈയ്യില്‍കിട്ടിയ ചില മാധ്യമങ്ങള്‍ ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത പുറത്തുവിട്ടു. പിന്നാലെയാണ് പിആര്‍ഡിയുടെ ഔദ്യോഗിക അറിയിപ്പു പുറത്തുവന്നത്. ഈ സമയംതന്നെ അദികൃതര്‍ ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂമും തുറന്ന് പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെയാക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും നീരൊഴുക്കിന്‍റെ തോതില്‍ കുറവു വന്നിരുന്നു.

ഓഗസ്റ്റ് ഒന്നിന് രാവിലെ ആറു മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 2395.8 അടിയാണ്. വേണ്ടിവന്നാല്‍ അണക്കെട്ട് ഘട്ടം ഘട്ടമായി തുറക്കുമെന്ന പ്രഖ്യാപനം മന്ത്രിസഭായോഗത്തിനു ശേഷമുണ്ടാകുന്നത് അപ്പോഴാണ്. ഈ സമയമായപ്പോഴേക്കും മാധ്യമങ്ങള്‍ അണക്കെട്ട് തള്ളിത്തുറക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ ട്രോളുകള്‍ പ്രവഹിച്ചുതുടങ്ങിയിരുന്നു.

ഓഗസ്റ്റ് രണ്ടിന് രാവിലെ ആറു മണിയായപ്പോള്‍ ജലസംഭരണിയിലെ നിരപ്പ് 2396.1 അടിയിലെത്തി. അതായത് 24 മണിക്കൂര്‍ കൊണ്ട് ഉയര്‍ന്നത് വെറും 0.3 അടി മാത്രം. 2403 അടി വരെ ജലം സംഭരിച്ചാല്‍ മതിയെന്നാണ് ഇടുക്കി സംഭരണിയുടെ നിര്‍മാണസമയത്തുള്ള തീരുമാനം. പക്ഷേ, 2408.5 വരെ വെള്ളം ശേഖരീക്കാനുള്ള ശേഷി അണക്കെട്ടിനുണ്ട്. അതായത് ഓറഞ്ച് അലര്‍ട്ട് തീരുമാനിക്കുമ്പോഴും പിന്നെയും 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 13.5 അടി കൂടി വെള്ളം ശേഖരിക്കാനുള്ള ശേഷി സംഭരണിക്കുണ്ടെന്നര്‍ഥം.

മൂലമറ്റം പവര്‍ ഹൗസിലെ ആറ് ജനറേറ്ററുകളില്‍ ഒരെണ്ണം എല്ലായ്പോഴും സ്റ്റാന്‍ഡ് ബൈ ആയിരിക്കും. ബാക്കി അ‍ഞ്ചെണ്ണവും പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ടര്‍ബൈന്‍ കറക്കാന്‍ 24.5 ക്യുമെക്സ് വെള്ളമാണ് വേണ്ടത്. ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളത്തിന്‍റെ ശക്തി കൂടുമെന്നതിനാല്‍ ഇതില്‍ ചെറിയ കുറവുണ്ടാകും. ഈ സമയത്തൊക്കെ അഞ്ച് ടര്‍ബൈനുകള്‍ കറക്കാന്‍ ഏതാണ്ട് 115 ക്യുമെക്സ് വെള്ളം വീതം ജലസംഭരണിയില്‍ നിന്നു കൊണ്ടുപോകുന്നുണ്ട്. അതില്‍ കൂടുതല്‍ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോഴാണ് ജലനിരപ്പ് ഉയരുന്നത്. ജലപ്രവാഹത്തിന്‍റെ ശക്തി കുറഞ്ഞതോടെയാണ് 2398ല്‍ ജലനിരപ്പ് എത്തിയാല്‍ ട്രയല്‍ റണ്‍ നടത്താമെന്ന പ്രഖ്യാപനം വരുന്നത്.

ഓഗസ്റ്റ് രണ്ടിന് രാവിലെ മൂന്നു മണിക്കൂറോളം നിരീക്ഷിച്ചപ്പോള്‍ ജലസംഭരണിയില്‍ യാതൊരു തരത്തിലുള്ള വര്‍ധനവും ഉണ്ടായിരുന്നില്ല. വൈദ്യുതി വകുപ്പിന് സാമ്പത്തിക നഷ്ടം ഉണ്ടായാല്‍ പോലും 2398ല്‍ ഷട്ടര്‍ തുറക്കാമെന്ന തീരുമാനമാണ് അപ്പോഴും കെഎസ്ഇബി കൈക്കൊണ്ടിരുന്നത്. അപ്പോള്‍ ജലനിരപ്പ് 2396ല്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്‍ക്കണം.

ഓഗസ്റ്റ് നാലോടെ മഴ കുറയുകയും ജലനിരപ്പില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകാതെ വരികയും ചെയ്തതോടെ മാധ്യമങ്ങള്‍ മലയിറങ്ങിത്തുടങ്ങി. ഓഗസ്റ്റ് ഏഴ് ചൊവ്വാഴ്ച രാത്രിയോടെ വൃഷ്ടിപ്രദേശങ്ങളില്‍, പക്ഷേ, കനത്ത മഴ തുടങ്ങി.

ജൂലൈ എട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് അണക്കെട്ടിലെ ജലനിരപ്പ് 2396.9 അടിയിലെത്തി. രണ്ടു മണിയായപ്പോള്‍ ജലനിരപ്പ് 2397.02 അടിയായി. അതോടെ ട്രയല്‍ റണ്ണിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ശക്തമായ മഴ പ്രവചിക്കപ്പെട്ടെങ്കിലും ഇതുവരെ അത്തരം സാഹചര്യങ്ങളില്‍ പെയ്തിരുന്നതിന്‍റെ പതിന്മടങ്ങ് ശക്തിയിലാണ് മഴ പെയ്തു തുടങ്ങിയത്. അണക്കെട്ടിലേക്കുള്ള വെള്ളത്തിന്‍റെ വരവ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാകുമെന്ന് മനസ്സിലാക്കിയ അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കി. ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടാലുടന്‍ ട്രയല്‍ റണ്ണിനായിപ്പോലും അണ തുറക്കാനാകില്ല. അതിനും കൃത്യമായ അറിയിപ്പും മുന്‍കരുതലും ആവശ്യമാണ്. ഇടമലയാറിലെ പിറ്റേന്നത്തെ ട്രയല്‍ റണ്‍ നേരത്തേയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത് അതിന്‍റെ ഭാഗമായാണ്.

ഇടമലയാര്‍ തുറക്കുന്ന സാഹചര്യത്തില്‍ 2398ല്‍ നിശ്ചയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളുവെന്ന പ്രഖ്യാപനം വരുന്നത് അന്ന് വൈകിട്ട് ആറു മണിക്കാണ്. കാരണം അവിടെ നിശ്ചിത പരിധിയിലെത്താന്‍ പിന്നെയും അഞ്ചിലേറെ അടി കൂടി ജലനിരപ്പ് ഉയരണം. ആ സമയം ഇടുക്കിയിലെ‍ ജലനിരപ്പ് 2397.20 അടി. ഏഴു മണിക്ക് ഇടുക്കിയിലെ ജലനിരപ്പ് 2397.28 അടി. അടുത്ത രണ്ടു മണിക്കൂര്‍കൊണ്ട് വീണ്ടും 0.18 അടി കൂടി ജലനിരപ്പ് ഉയര്‍ന്നു. രാത്രി ഒന്‍പതേ മുക്കാലോടെ ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ കളക്ടര്‍ പിറ്റേന്നത്തേക്ക് അവധി പ്രഖ്യാപിക്കുന്നു. അതില്‍ നിന്നുതന്നെ മഴയുടെ ശക്തി ഊഹിക്കാവുന്നതാണ്. രാത്രിയോടെ പലയിടത്തും മണ്ണിടിച്ചിലും പ്രശ്നങ്ങളും ഉണ്ടായിത്തുടങ്ങി. ഇതിനൊന്നും അണക്കെട്ടുമായല്ല, ബന്ധം മഴയുമായാണെന്നോര്‍ക്കണം.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ആ രാത്രി അതിശക്തമായിരുന്നു. ബുധനാഴ്ച രാത്രി 11ന് 2397.6 അടിയാണ് ജലനിരപ്പ്. പിറ്റേന്ന്, വ്യാഴാഴ്ച രാവിലെ ഏഴിന് അത് 2398.4 അടിയായിരുന്നു. അതായത് എട്ടു മണിക്കൂര്‍കൊണ്ട് 0.8 അടിയോളം വെള്ളം അണക്കെട്ടില്‍ ഉയര്‍ന്നു. അപ്പോഴും വൃഷ്ടിപ്രദേശങ്ങളില്‍ മഴ അതിശക്തമായിരുന്നു. അതായത് രാത്രിയിലാണ് 2398 എന്ന ട്രയല്‍ റണ്ണിനായി നിശ്ചയിച്ച പരിധിയില്‍ ജലനിരപ്പ് എത്തിയത്. രാത്രിയില്‍ എന്തായാലും അണ തുറന്നുവിടാനാകില്ലല്ലോ.

ഇതേതുടര്‍ന്ന് അന്ന്, വ്യാഴാഴ്ച രാവിലെ ആയപ്പോള്‍ ഇടുക്കി താലൂക്കിലും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അപ്പോഴേക്കും തിരുവനന്തപുരത്ത് നിന്ന് ആര്‍മി സംഘം ഉള്‍പ്പെടെ ഇടുക്കിയിലേക്ക് തിരിച്ചതില്‍ നിന്ന് അധികൃതര്‍ നടത്തിയ ആശയവിനമിയത്തിന്‍റെ തോത് അറിയാനാകും. പത്തു മണിക്ക് ജലനിരപ്പ് 2398.8ല്‍ എത്തുന്നു. മൂന്നു മണി്ക്കൂര്‍ കൊണ്ട് അരയടിയോളം ജലനിരപ്പ് ഉയര്‍ന്നുവെന്നര്‍ഥം. 60 ചതുരശ്ര കിലോമീറ്ററിലാണ് ഇതെന്നുകൂടി ഓര്‍ക്കണം. ഇടുക്കിയില്‍ ഈ സമയം വ്യാപകമായ ഉരുള്‍പൊട്ടലിന്‍റേയും മണ്ണിടിച്ചിലിന്‍റേയും പിടിയിലാണ്. ഇത‌ോടെ, അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാനുള്ള തീരുമാനം വരുന്നു. അന്നുച്ചയ്ക്ക് 12ന് ട്രയല്‍ റണ്ണിനായി തുറക്കാനാണ് തീരുമാനം. മന്ത്രിസഭായ യോഗത്തിലെ ചര്‍ച്ചക്കുകൂടി ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. പിന്നെയും നിശ്ചിത ശേഷിയിലേക്കെത്താന്‍ നാലടി കൂടി ബാക്കി കിടക്കുകയാണ്.

തലേന്ന്, ബുധനാഴ്ച ഉച്ചയ്ക്ക് 12ന് 2396.9 അടിയായിരുന്ന ജലനിരപ്പ് വ്യാഴാഴ്ച (09.08.2018) ഉച്ചയ്ക്ക് 12ന് 2398.98 അടിയാണ്. അതായത് 24 മണിക്കൂറുകൊണ്ട് ഉയര്‍ന്നത് രണ്ടടിയിലേറെ! അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്ന 12.30ന് ജലനിരപ്പ് 2399.04 അടിയായിരുന്നു.

ട്രയല്‍ റണ്‍ തുടങ്ങി. 24 മണിക്കൂര്‍ മുന്‍പേ മുന്നറിയിപ്പു കൊടുക്കുമെന്ന വാക്കുപോലും പാലിക്കാനാകാത്ത തരത്തിലായിരുന്നു കാര്യങ്ങള്‍. എങ്കിലും ആദ്യം ഒരു ഷട്ടര്‍ അല്‍പം തുറന്നും പിന്നീട് ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചുമാണ് വെള്ളമൊഴുക്കിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ അത്രയും വെള്ളം പുറത്തേക്കൊഴുക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അണ തുറന്നിട്ടും ജലനിരപ്പ് വര്‍ധിച്ചുകൊണ്ടേയിരുന്നു. തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് 750 ക്യുമെക്സിലേക്ക് വര്‍ധിപ്പിക്കുകയും അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്ന് ഏതാണ്ട് 24 മണിക്കൂര്‍ കഴിയുകയും ചെയ്തപ്പോഴാണ് ഇന്‍ഫ്ലോയേക്കാള്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ സാധിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത്.

വസ്തുത ഇതായിരിക്കെ ആരേയെങ്കിലും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. വൈദ്യുതി ബോര്‍ഡ് ഏതെങ്കിലും തരത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് സ്വമേധയാ അല്ല. സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉള്‍പ്പെടെ അറിഞ്ഞും മനസ്സിലാക്കിയും തന്നെയാണ്. ആ തീരുമാനങ്ങളില്‍ യാതൊരു തെറ്റുമില്ലായിരുന്നുവെന്നുതന്നെയാണ് മനസ്സിലാകുന്നത്.

ഇടുക്കി തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ മാത്രം ഇടമലയാറും തുറന്നാല്‍ മതിയെന്ന തീരുമാനം അധികൃതര്‍ കൈക്കൊണ്ടിരുന്നെങ്കില്‍ അതിലും തെറ്റുപറയാനാകില്ല. ഓഗസ്റ്റ് ഏഴു വരെയും ഇടുക്കി തുറക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യമില്ലാതെ അണക്കെട്ട് തുറന്നുവിട്ടാല്‍ ആവശ്യമില്ലാതെ അണ തുറന്ന് ജനങ്ങളെ ദുരിതത്തിലാക്കിയെന്ന ആരോപണമാകും ഉണ്ടാകുക. ഓഗസ്റ്റ് ഏഴിന് രാത്രി തുടങ്ങിയ അതി ശക്തമായ മഴയാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഇതേതുടര്‍ന്ന് ഇടമലയാറിലെ ട്രയല്‍ റണ്‍ നേരത്തേയാക്കിയും തികഞ്ഞ സമചിത്തതയോടെയും കൃത്യമായ ആസൂത്രണത്തോടെയും ഏകോപനത്തോടെയും കാര്യങ്ങള്‍ നീക്കുകയും ചെയ്ത ഉദ്യോഗസ്ഥരേയും സര്‍ക്കാരിനേയും അഭിനന്ദിക്കുകയാണ് വേണ്ടത്.

ടി സി രാജേഷ് ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍