UPDATES

ഓഫ് ബീറ്റ്

നിങ്ങള്‍ക്ക് 24 മണിക്കൂറും വെളിച്ചം കിട്ടാനാണ് ഇടുക്കി ജില്ല 150 ടിഎംസി വെള്ളവും ചുമന്ന് നില്‍ക്കുന്നത്

അടിമാലിയില്‍ ഉരുള്‍പൊട്ടിയും മുരിക്കാശ്ശേരിയില്‍ മണ്ണിടിഞ്ഞും ജീവനുകള്‍ നഷ്ടമായത് അണ തുറന്നതുമൂലമല്ല. അണക്കെട്ട് തുറന്നതുമൂലം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റപ്പെട്ടതിനേക്കാള്‍ പല മടങ്ങ് ആളുകള്‍ ഇടുക്കിയിലുള്‍പ്പെടെ പ്രകൃതി ക്ഷോഭത്താല്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.

പ്രവചനാതീതവും, അപ്രതീക്ഷിതവുമായ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഏതു മേഖലയിൽ നിന്നും വീഴ്ചകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തു തുടരുന്ന വെള്ളപൊക്കം, ഉരുൾപൊട്ടൽ, ജീവഹാനികൾ തുടങ്ങിയ എല്ലാ ദുരന്തങ്ങളെയും പ്രതിരോധിക്കാൻ സർക്കാർ ഇത് വരെ എടുത്ത നടപടികളും, മുൻകരുതലുകളും ഏറെക്കുറെ പ്രശംസനീയമാണ്, ഇനി വീഴ്ചകളോ, തെറ്റുകളോ പറ്റിയിട്ടുണ്ടെങ്കിൽ അത് ചർച്ചയാകേണ്ട സമയവും ഇതല്ല.

ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം ഉന്നയിക്കുന്ന ആരോപണങ്ങളിൽ വസ്തുത ഉണ്ടാകണം എന്നത് ആണ്. പ്രകൃതിക്ഷോഭങ്ങൾ , അണക്കെട്ട്, വൈദുതി മേഖല ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടു അഭിപ്രായങ്ങൾ ഉന്നയിക്കുമ്പോൾ കുറച്ചു കൂടി തയ്യാറെടുപ്പുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഇടുക്കി ജലസംഭരണിയുടെ അഞ്ചു ഷട്ടറുകൾ തുറന്നു വിട്ട ശേഷം വരുന്ന ഒരു പ്രധാന പരാതി ആണ് ‘ഡാം കുറേക്കൂടിനേരത്തേ തുറന്നുവിട്ടിരുന്നെങ്കില്‍ ഈ ദുരന്തമുണ്ടാകില്ലായിരുന്നുവെന്ന്’, ഈ ആരോപണത്തിലെ വസ്തുതാപരമായ തെറ്റുകളും, ആരോപിക്കുന്നവരുടെ അറിവില്ലായ്മയും ടി സി രാജേഷ് ചൂണ്ടി കാണിക്കുന്നു.

ഇടുക്കി ജലസംഭരണി കുറേക്കൂടിനേരത്തേ തുറന്നുവിട്ടിരുന്നെങ്കില്‍ ഈ ദുരന്തമുണ്ടാകില്ലായിരുന്നുവെന്ന് ഒട്ടേറെ പേര്‍ ആരോപിക്കുന്നു. എന്തു ദുരന്തത്തിന്‍റെ കാര്യമാണ് നിങ്ങളീ പറയുന്നത്? ഇടുക്കി ജല സംഭരണി തുറന്നുവിട്ടതുകൊണ്ട് എവിടെ എന്തു ദുരന്തമാണ് ഉണ്ടായത്? എന്താണ് നിങ്ങള്‍ അര്‍ഥമാക്കുന്ന ഈ ‘ദുരന്തം’? പെരിയാറില്‍ വെള്ളം പൊങ്ങിയതാണ് നിങ്ങള്‍ക്ക് ദുരന്തമെങ്കില്‍ നിങ്ങള്‍ യഥാര്‍ഥ ദുരന്തം കാണാത്തതിന്‍റെയും അറിയാത്തതിന്‍റേയും കുഴപ്പാണ് അതെന്നേ പറയാനാകൂ.

അണക്കെട്ടു തുറന്നുവിട്ടതുമൂലമുണ്ടായ വെള്ളപ്പാച്ചിലില്‍ ഒരു ജീവന്‍ പോലും നഷ്ടമായിട്ടില്ല. കുറേ സ്ഥലങ്ങളില്‍ വെള്ളം കയറി. കുറേ സ്ഥലങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. കുറച്ച് പേര്‍ക്ക് വസ്തുവകകള്‍ നഷ്ടമായിട്ടുമുണ്ട്. പക്ഷേ, അത്തരക്കാര്‍ക്കെല്ലാം കൃത്യമായ മുന്നറിയിപ്പു നല്‍കിയിട്ടു തന്നെയാണ് അണ തുറന്നത്. അതുകൊണ്ടാണ് ഒരു ജീവന്‍പോലും നഷ്ടമാകാതെ ഈ പ്രശ്നഘട്ടത്തെ തരണം ചെയ്തത്. അങ്ങിനെയൊരു പ്രശ്നമുണ്ടാകാതിരിക്കാന്‍ രാപകലില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘനകളും പ്രയത്നിച്ചതൊന്നും നിങ്ങള്‍ കണ്ടില്ല. എന്നിട്ടാണ് നിങ്ങള്‍ ദുരന്തം എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

അടിമാലിയില്‍ ഉരുള്‍പൊട്ടിയും മുരിക്കാശ്ശേരിയില്‍ മണ്ണിടിഞ്ഞും ജീവനുകള്‍ നഷ്ടമായത് അണ തുറന്നതുമൂലമല്ല. അണക്കെട്ട് തുറന്നതുമൂലം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റപ്പെട്ടതിനേക്കാള്‍ പല മടങ്ങ് ആളുകള്‍ ഇടുക്കിയിലുള്‍പ്പെടെ പ്രകൃതി ക്ഷോഭത്താല്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. പ്രകൃതിക്ഷോഭത്തില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് ഒരു മടക്കത്തിന് ഇനിയും എത്രനാളെടുക്കുമെന്നുപോലുമറിയില്ല. അപ്പോഴാണ് നിങ്ങള്‍ ഇല്ലാത്ത എന്തോ ദുരന്തത്തിന്‍റെ പേരു പറഞ്ഞ് ചിലരെ ഭര്‍ത്സിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരെ പട്ടി ​എന്നുപോലും ഒരു സ്ത്രീ വിശേഷിപ്പിച്ചിരിക്കുന്നത് കണ്ടു.

നേര്യമംഗലത്തിനു താഴെയുള്ളവരാണ് ‘ദുരന്തം ദുരന്തം’ എന്നു പറഞ്ഞു കേഴുന്ന ദുരന്തങ്ങള്‍. നിങ്ങള്‍ക്ക് 24 മണിക്കൂറും വെളിച്ചം കിട്ടാനാണ് ഇടുക്കി ജില്ല 150 ടിഎംസി വെള്ളവും ചുമന്ന് അവിടെ നില്‍ക്കുന്നത്. ആ അണക്കെട്ടുകളാണ് പണ്ടേ ഒലിച്ചുപോകേണ്ടിയിരുന്ന മലവെള്ളപ്പാച്ചിലുകളില്‍ നിന്നു നിങ്ങളെ രക്ഷിച്ചത്. നിങ്ങള്‍ കെട്ടിപ്പൊക്കിയ മണിമാളികകളത്രയും ഞങ്ങള്‍ ഇടുക്കിക്കാരുടെ കൂടി ഉയിരുകൊണ്ടുണ്ടാക്കിയതാണ്. അത് മറക്കരുത്. മലയോരത്ത് നൂറു കണക്കിനാളുകള്‍ യഥാര്‍ഥ പ്രകൃതി ദുരന്തത്തിനിരയായി ബുദ്ധിമുട്ടുമ്പോള്‍ അണക്കെട്ട് നേരത്തേ തുറന്ന് ദുരന്തം ഒഴിവാക്കിയില്ലെന്നും പറഞ്ഞ് ഇനി ഈ വഴിക്കെങ്ങാനും കണ്ടാല്‍ വിശദീകരിച്ചുകൊണ്ടു നില്‍ക്കില്ല, മുഖമടച്ച് ആട്ടും, അത്രേയുള്ളു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍