UPDATES

ട്രെന്‍ഡിങ്ങ്

‘ആ എഴുന്നൂറ് കോടി’: വാഴവെട്ടുന്ന ‘സംഘ’ ഗായകർ

യുഎഇക്കു മലയാളികളോടുള്ള പ്രത്യേക സ്നേഹമാണ് ഇപ്പോഴത്തെ സഹായത്തിനു കാരണമെന്നത് ഒരു വസ്തുത. ഒപ്പം, ലോകത്തിൽത്തന്നെ മറ്റു രാജ്യങ്ങളുടെ വികസനത്തിൽ സഹായിക്കുന്നതിൽ യുഎഇ വളരെ മുന്നിലാണെന്നതും വസ്തുതയാണ്.

യു എ ഇ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചയിൽ മലയാള മനോരമ ദൽഹി ലേഖകൻ ജോമി തോമസ് എഴുതിയ കുറിപ്പ്.

യു എ ഇ യുടെ സഹായ വാഗ്ദാനം കെട്ടുകഥയാക്കാനുള്ള ശ്രമം രണ്ടു ദിവസമായി ഉള്ളതാണ്. അതിനെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയപ്പോഴാണ്, ചിലരൊക്കൊണ്ടു ചിലതൊക്കെ പറയിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇന്നലെ ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടത്.

ഇന്ത്യയിലെ യുഎഇ സ്ഥാനപതിയുടെ വാക്കുകളാണ് ഇന്ത്യൻ എക്സ്പ്രസ് ഇന്നു മുഖ്യ വാർത്തയാക്കിയിട്ടുള്ളത്. സഹായം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എത്ര വേണമെന്നു തിട്ടപ്പെടുത്തുന്നതേയുള്ളു എന്നാണ് ആ വാർത്തയിൽ സ്ഥാനപതി പറയുന്നത്. (“The assessment of relief needed for the flood and aftermath is ongoing. Announcing any specific amount as financial aid, I don’t think it is final, since it is still ongoing,” Albanna said.)

അതിനെ, ട്വിറ്ററിൽ സംഘഗായകർ ആഘോഷിക്കുകയാണ്. കേരളത്തിന് യുഎഇ ഒന്നും തരാമെന്നു പറഞ്ഞില്ലെന്നും തരില്ലെന്നുമൊക്കെ. അങ്ങനെയല്ല യുഎഇ സ്ഥാനപതി പറയുന്നതെന്ന് വായിക്കാൻ മാത്രമല്ല ഗ്രഹിക്കാനും കെല്പുള്ളവർക്കു മനസിലാവും. അല്ലാത്തവർക്കു പറ്റില്ല. അവരോട് യുക്തിസഹമായി സംസാരിരിച്ചിട്ടു കാര്യമില്ല. അതു സമയം പാഴാക്കലാണ്.

യുഎഇ ഭരണാധികാരിയുടെ സഹായവാഗ്ദാനത്തിനു പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു എന്നത് ഒരു വസ്തുത. മറ്റൊന്ന്: ഇത്രയുമൊക്കെ കോലാഹലങ്ങൾ മാധ്യമങ്ങളിലൂടെ നടന്നിട്ടും കേന്ദ്ര സർക്കാർ ഇതുവരെയും ഒരു വാക്കുപോലും പറഞ്ഞിട്ടില്ല, യുഎഇയുടെ വാഗ്ദാനമില്ലെന്ന്. പറയുന്നതൊക്കെയും ഭരണകക്ഷിയുടെ സംഘടനാ നേതാക്കളാണ്.

വിദേശസഹായം വാങ്ങില്ലെന്നു നയമുണ്ടെന്നു വ്യാജം പറഞ്ഞ മന്ത്രി അൽഫോൻസ് കണ്ണന്താനം പോലും, ഗൾഫ് സഹായങ്ങൾ വാങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വെളിപാടു വന്നിട്ടെന്നപോലെ വാചാലനായി. വാഗ്ദാനമില്ലെന്ന വാദം അദ്ദേഹത്തിനുപോലുമില്ല.

ഇന്നലെ വിദേശകാര്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരോടു സംസാരിച്ചു. അവരും അനൗദ്യോഗികമായി പറഞ്ഞതിതാണ്: യുഎഇ സഹായവാഗ്ദാനം നൽകിയിരുന്നു. സഹായം സ്വീകരിക്കില്ലെന്ന് വിദേശ മന്ത്രാലയ വക്താവ് പരസ്യമായി പറഞ്ഞതിന്റെ കാരണം അതുകൂടിയാണ്. വാഗ്ദാനമില്ലെങ്കിൽ അത് കേന്ദ്ര സർക്കാർ ആദ്യം തന്നെ പറഞ്ഞ് വിവാദം ഒതുക്കിയേനെ.

യുഎഇക്കു മലയാളികളോടുള്ള പ്രത്യേക സ്നേഹമാണ് ഇപ്പോഴത്തെ സഹായത്തിനു കാരണമെന്നത് ഒരു വസ്തുത. ഒപ്പം, ലോകത്തിൽത്തന്നെ മറ്റു രാജ്യങ്ങളുടെ വികസനത്തിൽ സഹായിക്കുന്നതിൽ യുഎഇ വളരെ മുന്നിലാണെന്നതും വസ്തുതയാണ്. മറ്റു രാജ്യങ്ങളിലെ സാമ്പത്തിക–വ്യാപാര വികസനത്തിൽ സഹായിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഇസിഡി, ഒൗദ്യോഗിക വികസന സഹായം (ഒഡിഎ) സംബന്ധിച്ച് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നതിലെ ഒരു വാചകം മാത്രം പറയാം: The United Arab Emirates provided 1.31% of its GNI as ODA, the highest of all reporting countries.

മലയാളികളെയും യുഎഇയെയും ഒരുമിച്ച് ആക്ഷേപിക്കാൻ ഉൽസാഹിക്കുന്നവരെ എന്താണു വിളിക്കേണ്ടത്? ഒന്നും വിളിച്ചിട്ടു കാര്യമില്ല. വെയ്സ്റ്റാണ്.

Facebook Post : Jomy Thomas

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍