UPDATES

ട്രെന്‍ഡിങ്ങ്

വെള്ളപ്പൊക്കമുണ്ടാകുമ്പോൾ വെള്ളത്തിൽക്കിടന്നും തീപിടുത്തമുണ്ടാകുമ്പോൾ അതിനിടയിൽ കടന്നും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ?

അപകടരംഗത്ത്, ദുരന്തമുഖത്ത്‌, പകർച്ചവ്യാധികൾ പടരുമ്പോൾ ഒക്കെ എങ്ങിനെയാണ് റിപ്പോർട് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഈ രംഗത്തുള്ള പ്രൊഫഷണൽ സംഘടനകൾ ആലോചിക്കണം. ലോകത്തു ലഭ്യമായ മികച്ച മാതൃകകൾ ഇവിടെയും ഉണ്ടാകണം

കോട്ടയം ജില്ലയിലെ കടത്തുരുത്തിയിൽ വള്ളം മറിഞ്ഞു മരിച്ച മാതൃഭൂമി ന്യൂസ് ടീമിലെ തലയോലപ്പറമ്പ് ലേഖകന്‍ സജിക്കു അഴിമുഖത്തിന്റെ ആദരാഞ്ജലികൾ. ക്രിട്ടിക്കൽ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങളിൽ നമ്മുടെ നാട്ടിൽ മാധ്യമപ്രവർത്തകർക്കു ലഭിക്കുന്ന പരിശീലനത്തെക്കുറിച്ച് വളരെയധികം ആശങ്ക ജനിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തെക്കുറിച്ച് അപകടരമായി റിപ്പോര്‍ട്ട് ചെയ്ത റിപോര്‍ട്ടര്‍മാരില്‍ ഒരാള്‍ക്ക് പോലും ലൈഫ് ജാക്കറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ പോലു ഉണ്ടായിരുന്നില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും ആണ്. പ്രസ്തുത വിഷയത്തിൽ കെ ജെ ജേക്കബിന്റെ കുറിപ്പ് വായിക്കാം.

മാതൃഭൂമി ന്യൂസ് ടീമിലെ ഒരാൾ വള്ളം മറിഞ്ഞു മരിച്ചു. മാതൃഭൂമി തലയോലപ്പറമ്പ് ലേഖകന്‍ സജി, തിരുവല്ല ബ്യൂറോയില്‍നിന്നുള്ള ഡ്രൈവര്‍ ബിപിന്‍ എന്നിവരെ ഇന്നലെയാണ് വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കാണാതായത്. വെള്ളം കയറിയ തുരുത്തുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സജിയുടെ മൃതദേഹം ലഭിച്ചു, ബിപിനുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അവരുടെ കർത്തവ്യ ബോധത്തിന് മുൻപിൽ, സജിയുടെ ജീവത്യാഗത്തിനു മുൻപിൽ ആദരവോടെ നിൽക്കുന്നു. ബിപിൻ തിരിച്ചുവരും എന്ന് ആഗ്രഹിക്കുന്നു.

ജോലിക്കിടയിൽ അപകടം സംഭവിക്കുകയും മരിക്കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തകർ വളരെയുണ്ട്. മുന്നറിയിപ്പുകളോ മുൻകരുതലുകളോ കണക്കാക്കാൻ പറ്റാത്ത അവസ്‌ഥകൾ വരുമ്പോൾ അത് ജോലിയുടെ ഭാഗമായി കരുതുന്നവർ. യുദ്ധരംഗത്തും കോൺഫ്ലിക്റ്റ് ഏരിയകളിലും കടന്നുചെല്ലുകയും ലോകത്തോട് കാര്യങ്ങൾ പറയുകയും ചെയ്യുകയും അതിനിടയിൽ ജീവൻ വെടിയേണ്ടിവരികയും ചെയ്ത പത്രപ്രവർത്തകർ മുതൽ അസ്വീകാര്യമായ കാര്യങ്ങൾ പറഞ്ഞതിന് ജീവൻ ബലികൊടുക്കേണ്ടി വന്നവർ വരെ. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ മുന്നോട്ടു കൊണ്ടുപോകാൻ ജീവത്യാഗം ചെയ്തവർ. ഭരണകൂടത്തോട് നിരന്തരം മല്ലടിക്കുന്നവർ, ജനാധിപത്യത്തിന്റെ കാവൽനായ്ക്കൾ.

അവരെ ഓർക്കേണ്ടതുണ്ട്.

എന്നാൽ, ക്രിട്ടിക്കൽ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങളിൽ നമ്മുടെ നാട്ടിൽ മാധ്യമപ്രവർത്തകർക്കു ലഭിക്കുന്ന പരിശീലനത്തെക്കുറിച്ച് വളരെയധികം ആശങ്കയുള്ള ആളാണ് ഞാൻ. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ വെള്ളത്തിൽക്കിടന്നും തീപിടുത്തമുണ്ടാകുമ്പോൾ അതിനിടയിൽ കടന്നും കെട്ടിടം തകർന്നുവീഴുമ്പോൾ അങ്ങോട്ടേയ്ക്ക് പാഞ്ഞുകയറിയുമൊന്നും ലോകത്തിലാരും റിപ്പോർട്ട് ചെയ്യുമെന്ന് തോന്നുന്നില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷെ നമ്മുടെ നാട്ടിൽ അത് കണ്ടിട്ടുണ്ട്. കോഴിക്കോട്ടെ മിഡായിത്തെരുവിൽ തീപിടുത്തമുണ്ടായപ്പോൾ നമ്മളത് കണ്ടതാണ്. നിപ്പ വന്നപ്പോൾ കോഴിക്കോടെയും സംസ്‌ഥാനത്തേയും പത്രപ്രവർത്തകർ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ജോലി ചെയ്തു, പക്ഷെ ഒരൊറ്റ അസംബന്ധ ചർച്ചകൊണ്ട് മുഴുവൻ പത്രക്കാരും പരിഹാസപാത്രങ്ങളായി.

പണ്ടേതോ സിനിമയിൽ ഒരു കൊലപാതക സീനിൽ വന്നുചാടുന്ന സുരേഷ് ഗോപിയുടെ പത്രപ്രവര്‍ത്തകവേഷം കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ നിന്നിട്ടുണ്ട് ഞാൻ. തടയാൻ ശ്രമിക്കുന്ന പോലീസുകാരനോട് അയാൾ എന്തൊക്കെയോ പറഞ്ഞു രംഗം കൊഴുപ്പിക്കുന്നുണ്ട്. കുറ്റാന്വേഷണം പോലീസുകാരന്റെ പണിയാണ്, ആ സീനിൽ അതിക്രമിച്ചു കയറാൻ പത്രക്കാരന് യാതൊരു അവകാശവുമില്ല എന്ന സാമാന്യ ബോധം സിനിമയിലെ പത്രക്കാരന് നിര്‍ബന്ധമില്ല, പക്ഷെ ജീവിതത്തിൽ ആവശ്യമാണ്.

അപകടരംഗത്ത്, ദുരന്തമുഖത്ത്‌, പകർച്ചവ്യാധികൾ പടരുമ്പോൾ ഒക്കെ എങ്ങിനെയാണ് റിപ്പോർട് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഈ രംഗത്തുള്ള പ്രൊഫഷണൽ സംഘടനകൾ ആലോചിക്കണം. ലോകത്തു ലഭ്യമായ മികച്ച മാതൃകകൾ ഇവിടെയും ഉണ്ടാകണം.

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

വായനക്കാരുടെ ഭീതി മനോരമയുടെ ആനന്ദം (കച്ചവടം)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍