UPDATES

ട്രെന്‍ഡിങ്ങ്

ആ അൻപത് കമ്പിളി പുതപ്പുകൾ എന്റെ തല കുനിപ്പിക്കുന്നു

വന്നുപറ്റിയ നാടിൻറെ സങ്കടം കണ്ടാൽ അങ്ങനെ കെട്ടിച്ചുമന്ന് കൊണ്ടുവന്ന മുതലെല്ലാം സൗജന്യമായി കൊടുത്തിട്ടു പോകാനുള്ളത്രയും നൻമ ഏതായാലും എനിക്കില്ല.

കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ വെള്ളം ഭീഷണി ഉയര്‍ത്തുന്ന ചെറുതോണി പാലം സാഹസികമായി കടന്ന ദുരന്ത നിവാരണ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ബിഹാര്‍ സ്വദേശിയായ കനയ്യകുമാറും, ദുരിതം അനുഭവിക്കുന്നവർക്ക് 50 കമ്പിളി പുതപ്പ് സൗജന്യം ആയി നൽകിയ മധ്യപ്രദേശ് സ്വദേശി വിഷ്ണുവും മലയാളക്കരയുടെ നായകന്മാർ ആയി മാറുമ്പോൾ ചിന്തിക്കേണ്ടത് ഇനിയെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ വികലമായ മനോഭാവം മാറുമോ എന്നുള്ളതാണ്.

മാധ്യമ പ്രവർത്തകൻ സുജിത് ചന്ദ്രൻ എഴുതിയ ഹൃദയഹാരിയായ കുറിപ്പ്.

നഖങ്ങളിൽ സിമൻറ് കറയുള്ള ഈ ചെറുപ്പക്കാരൻ ഒരു ബസ് യാത്രക്കിടെ എൻറെയും നിങ്ങളുടെയും അരികിൽ വന്നിരുന്നിട്ടുണ്ട്, നമ്മളവൻറെ സാന്നിദ്ധ്യത്തിൽ അസ്വസ്ഥരായിട്ടുണ്ട്.വിലകുറഞ്ഞ ടിഷർട്ടും ജീൻസുമിട്ട് എച്ചിൽ ട്രോളിയും ഉന്തിവന്ന് ഇവൻ നമ്മുടെ ഹോട്ടൽമേശയുടെ പുറം തുടച്ചുതന്നിട്ടുണ്ട്, നമ്മളവനെ ഗൗനിച്ചിട്ടില്ല.

റയിൽവേ പ്ലാറ്റ്ഫോമിൽ കൂട്ടരോടൊപ്പമിരുന്ന് ഇവൻ മൊബൈൽ ഫോണിൽ ഒറിയ പാട്ടുകൾ ഉച്ചത്തിൽ വച്ചു കേൾക്കുന്നത് കണ്ടിട്ടുണ്ട്, നമ്മളാ ‘കള്ള ബംഗാളികളെ’ കടന്നുപോയിട്ടുണ്ട്.ട്രാഫിക് സിഗ്നലിൽ വണ്ടിനിർത്തിയിടുമ്പോൾ ചില്ലുവാതിലിൽ മുട്ടിവിളിച്ച് ഒരു കീ ചെയിനോ പ്ലാസ്റ്റിക് ദേശീയ പതാകയോ വാങ്ങുമോയെന്ന് ഇവൻ കെഞ്ചിയിട്ടുണ്ട്, നമ്മളവൻറെ മുഖത്ത് നോക്കിയിട്ടില്ല.

ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്പിളി വില്‍ക്കാനെത്തിയതായിരുന്നു മധ്യപ്രദേശുകാരൻ വിഷ്ണു എന്ന ‘ബംഗാളി’.  അവിടത്തെ ജീവനക്കാർ നാട്ടിലെ ദുരിതം അയാളോട് പറഞ്ഞു. വിൽക്കാൻ കൊണ്ടുവന്ന അമ്പത് കമ്പിളിപ്പുതപ്പുകളും അടുത്തുള്ള എൽപി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലുള്ളവർക്കു നൽകിയിട്ട് നമ്മൾ മുഖത്തു നോക്കിയിട്ടില്ലാത്ത വിഷ്ണു മടങ്ങി…

ജനറൽ കമ്പാർട്ട്മെൻറിലെ തിരക്കിന് മീതെ തൊട്ടിൽ കെട്ടി ഉറങ്ങുന്ന, വിശപ്പിന് വടാപാവ് മാത്രം തിന്നുന്ന, ഇടക്ക് പാൻ ചവച്ച് ജനാലയിലൂടെ തീവണ്ടി ജനാലയിലൂടെ നീട്ടിത്തുപ്പുന്ന ‘വൃത്തിയില്ലാത്ത’ പരദേശി കമ്പിളിക്കച്ചവടക്കാരെ യാത്രക്കിടെ കണ്ടിട്ടുണ്ട്. വന്നുപറ്റിയ നാടിൻറെ സങ്കടം കണ്ടാൽ അങ്ങനെ കെട്ടിച്ചുമന്ന് കൊണ്ടുവന്ന മുതലെല്ലാം സൗജന്യമായി കൊടുത്തിട്ടു പോകാനുള്ളത്രയും നൻമ ഏതായാലും എനിക്കില്ല. അതുകൊണ്ട് ഒരു ചെറിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയക്കുന്നു. അതെങ്കിലും ചെയ്തില്ലെങ്കിൽ ഇനിയും വിഷ്ണുവിനെ കാണുമ്പോൾ ഞാൻ കുറ്റബോധം കൊണ്ട് വല്ലാതെ കുനിഞ്ഞുപോകും.

താൽപ്പര്യമുള്ളവർക്ക് ഈ അക്കൗണ്ട് നമ്പറിലേക്ക് സംഭാവനകൾ നൽകാം.

Chief Minister’s Distress Relief Fund
A/c No : 67319948232
Bank : SBI City Branch, TVM
IFSC : SBIN0070028

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍