UPDATES

ട്രെന്‍ഡിങ്ങ്

‘സുഖിച്ചോ’ എന്ന് നിങ്ങള്‍ക്ക് എങ്ങനെയറിയാം? ക്രിസ്ത്യൻ മനസ്സാക്ഷിയുടെ മുൻപിൽ നടുനിവർത്തി നിൽക്കാൻ ഈ വിഷയത്തിൽ ഇത്രയെങ്കിലും പറഞ്ഞേ മതിയാകൂ

ഏത് സാമ്രാജ്യത്വ സംവിധാനങ്ങളും അതിന്റെ നിലനിൽപ്പ് ഉറപ്പിക്കുന്നത് അനുസരണം എന്ന ശിക്ഷാബന്ധിയായ അച്ചടക്കനടപടിയിലും അത് അധികാരത്തിന് കീഴിലുള്ളവരിൽ ജനിപ്പിക്കുന്ന ഭീതിയിലുമാണ്

ലൈംഗികാതിക്രമണ പരാതിയിൽ ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും, പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശക്തി പ്രാപിച്ചു കൊണ്ടിരിക്കയാണ്. നിഷേധാത്മകമായ സമീപനം തുടരുന്ന സർക്കാരിനും, സഭകൾക്കും ഒരുപാട് കാലം ഈ അനീതിയുമായി മുന്‍പോട്ട് പോകാന്‍ സാധിക്കില്ല.

എറണാകുളം വഞ്ചി സ്ക്വയറിൽ കന്യാസ്ത്രീകളുടെ സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം ഫാദര്‍ ജിജോ കുര്യൻ എഴുതിയ ഫേസ്ബുക് കുറിപ്പ്.

ക്രിസ്ത്യൻ മനസ്സാക്ഷിയുടെ മുൻപിൽ നടുനിവർത്തി നിൽക്കാൻ ഈ വിഷയത്തിൽ ഇത്രയെങ്കിലും പറഞ്ഞേ മതിയാകൂ. ഇന്നലെ എറണാകുളം വഞ്ചി സ്ക്വയറിൽ പോയത് ജനാധിപത്യരാജ്യത്തെ പൗരൻ എന്ന നിലയിൽ ഇരയ്ക്കുവേണ്ടി സർക്കാറിൽ നിന്ന് നീതി തേടിയാണ്. എന്തുകൊണ്ട് നീതി തേടി നിങ്ങൾക്ക് സർക്കാറിൽ പോകേണ്ടിവന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ അവിടെ നിന്ന് തുടങ്ങണം സഭയെന്ന സ്ഥാപനത്തിന്റെ ഏറ്റുപറച്ചിലുകൾ. എന്തുകൊണ്ടാണ് ഈ സന്യാസിനികൾക്ക് “വിജാതിയ ന്യായാസന”ത്തെ (1 Cor 6:1) സമീപിക്കേണ്ടിവരുന്നത്?

കത്തോലിക്കാസഭയുടെ ന്യായാസനങ്ങൾ ശ്രേണീകരിക്കപ്പെട്ട പുരുഷമേധാവിത്വത്തിന്റേതാണ്. അവിടെ നീതിയും കരുണയും മുകളിൽ നിന്ന് ദാക്ഷിണ്യമായിട്ടാണ് കിട്ടേണ്ടത്. ഒരാൾ അന്യായം ആരോപിക്കുന്നത് ന്യായാസനത്തിന് എതിരായിട്ടാകുമ്പോൾ അവിടെ നിന്ന് അയാൾക്ക് എങ്ങനെ നീതി കിട്ടും! കിട്ടില്ലായെന്ന് ഈ വിഷയത്തിൽ തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇരയായ സന്യാസിനി ആദ്യം മുട്ടിയ വാതിലുകൾ ഒക്കെയും സഭയുടേതായിരുന്നു. എന്നാൽ ഓരോരോ സഭാന്യായങ്ങൾ പറഞ്ഞ് അവർക്ക് മുൻപിൽ നീതിയുടെ വാതിലുകൾ എല്ലാം അവര്‍ സമീപിച്ച ഓരോ അധികാരിയും കൊട്ടിയടക്കുകയായിരുന്നു. സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളാൻ പറ്റാത്ത കാനോനനിയമങ്ങളും സഭാഘടനയുമാണ് സഭയ്ക്കുള്ളത് എങ്കിൽ പിന്നെ അവയൊക്കെ എന്തിന്?

സഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ ഗൂഢമായി വെച്ച് സഭയുടെ ‘മാന്യത’ കാക്കാനാണ് സഭാസംവിധാനത്തിന്റെ ശ്രേണീഘടനയോട് ‘അനുസരണം’ വാഗ്ദാനം ചെയ്ത സമർപ്പിതരോട് സഭ എന്നും ആവശ്യപ്പെടാറ്. എന്തെങ്കിലും രീതിയിൽ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരോട് ഇങ്ങനെ പറയും: “നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അധികാരികളുടെ പക്കൽ പോയി പറയുക.” അധികാരികളുടെ പക്കൽ കാര്യങ്ങൾ എത്തിയാലുള്ള പ്രതികരണം എങ്ങനെയാണെന്ന് പറയാം. ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ വത്തിക്കാൻ സ്ഥാനപതിയ്ക്ക് ഒരു മാസം മുൻപ് അയച്ച മെയിൽ ആണ് ചിത്രത്തിൽ. ഇന്നുവരെ ഒരു വരി മറുപടി പോലും തരുകയോ എന്തെങ്കിലും ആക്ഷൻ എടുക്കുകയോ ചെയ്തിട്ടില്ല.

ഏത് സാമ്രാജ്യത്വ സംവിധാനങ്ങളും അതിന്റെ നിലനിൽപ്പ് ഉറപ്പിക്കുന്നത് അനുസരണം എന്ന ശിക്ഷാബന്ധിയായ അച്ചടക്കനടപടിയിലും അത് അധികാരത്തിന് കീഴിലുള്ളവരിൽ ജനിപ്പിക്കുന്ന ഭീതിയിലുമാണ്. അങ്ങനെ തന്നെയാണ് സഭയെന്ന സ്ഥാപനഘടനയും നിലനിൽക്കുന്നത്. ഇന്നലെ തന്നെ വഞ്ചി സ്ക്വയറിൽ പ്രതിഷേധിക്കാൻ വന്ന ചില സന്യാസിനികൾ ഉണ്ടായിരുന്നു. എന്നാൽ അവർ പരിസരങ്ങളില്‍ തങ്ങിനിന്ന് മടങ്ങുകയായിരുന്നു. കാരണം വേദിയിൽ കയറരുത് എന്ന് അവരോട് അവരുടെ അധികാരികൾ വിളിച്ച് താക്കീതു ചെയ്തു.

“അനുസരണം” എന്ന വ്രതം ഭയപ്പെടുത്താനുള്ള ഒരു മാർഗ്ഗമായി അധികാരമുള്ളവർ മാറ്റുകയാണ്. എന്നിട്ട് നിങ്ങള്‍ കുറഞ്ഞുവരുന്ന ദൈവവിളികളെക്കുറിച്ച് പ്രലപിക്കുന്നു. ഇനിയെങ്കിലും അധികാരികള്‍ ഓർക്കണം സഭയെന്നാൽ ബിഷപ്പും അച്ചനും കന്യാസ്ത്രിയുമൊന്നുമല്ല ‘ദൈവജന’മാണെന്ന് സമൂഹം മനസ്സിലാക്കിവരുന്ന കാലത്താണ് നമ്മൾ എന്ന്. “അനുസരണം” സന്യസ്തരും വൈദീകരും വാഗ്ദാനം ചെയ്തത് ‘ദൈവഹിത’ത്തോടാണെന്ന്; ദൈവഹിതം അറിഞ്ഞുപ്രവർത്തിക്കുന്ന അധികാരികൾ ആയിരിക്കുന്നിടത്തോളം കാലം നിങ്ങളോടും. കാര്യകാരണങ്ങൾ ഇല്ലാതെ ഒരു വിശ്വാസിയുടെയോ സന്യസ്തന്റേയോ സന്യസ്തയുടെയോ വൈദീകന്റെയോ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളാനുള്ള സ്വാതന്ത്ര്യം ഹനിക്കാൻ നിങ്ങളുടെ കയ്യിൽ ഏൽപ്പിച്ചുതന്ന ആയുധമല്ല അനുസരണം.

12 തവണ ‘സുഖിച്ച’ ക്രൂരമായ വര്‍ത്തമാനം ഇനിമേല്‍ ആരും പറയരുത് (‘സുഖിച്ചോ’ എന്ന് നിങ്ങള്‍ക്ക് എങ്ങനെയറിയാം?). വര്‍ഷങ്ങള്‍ നീണ്ട അപ്പന്‍റെ പീഡനം സഹിച്ചിട്ട്, അതിന്‍റെ ഷോക്ക് മനസ്സില്‍ കൊണ്ടുനടന്നിട്ട്, അവസാനം അമ്മയെ അറിയിച്ചിട്ട്, അമ്മ കണ്ണില്‍ചോരയില്ലാതെ അപ്പനെ ന്യായീകരിച്ചിട്ട്, പോലീസില്‍ പരാതിപ്പെടേണ്ടി വന്ന പെണ്‍കുട്ടിയുടെ മനസ്സു വായിക്കാനുള്ള ഹൃദയാര്‍ദ്രത ഉണ്ടായാല്‍ മതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍