UPDATES

ട്രെന്‍ഡിങ്ങ്

ഇത്തരം ‘പിതൃവാത്സല്യ’ക്കാരെ ‘ഒതുക്കിതീര്‍ക്കരുത്’, ‘ഒതുക്കി’യേക്കണം

പൊടിക്കുഞ്ഞുങ്ങളെ തൊട്ടാൽ ലൈംഗികസുഖം വരുന്നവരെ നിയമപരമായി നേരിടുക തന്നെയാണ്‌ വഴി; ന്യായീകരിക്കുന്നവര്‍ ഉണ്ട് എന്നത് ഭീതിജനകം

കുഞ്ഞുങ്ങൾക്ക് നേരെയുള്ള പീഡനം വീണ്ടും ചർച്ചാവിഷയമായി മാറുന്നു. ഓരോ തവണയും ആവർത്തിക്കപ്പെടുമ്പോൾ മാത്രം ഉണരുന്ന പൊതുസമൂഹവും നിയമ വ്യവസ്ഥയും ആണ് ഇവിടെ പ്രധാന പ്രതികൾ. എടപ്പാൾ തിയേറ്ററിൽ പീഡനത്തിനിരയായ പെൺകുട്ടി അതാസ്വദിച്ചിരിന്നിരിക്കാം എന്ന ന്യായം മുതൽ, ഒരച്ഛന്റെ സ്നേഹം എന്നു വരെ എഴുതുന്നവർ സോഷ്യൽ മീഡിയയിൽ ഉണ്ട് എന്നത് ഭീതിജനകമാണ്. ഈ വിഷയങ്ങളെയെല്ലാം അപഗ്രഥിച്ചു കൊണ്ട് ഡോക്ടർ ഷിംന അസിസ് തയ്യാറാക്കിയ കുറിപ്പാണ് ഇന്നത്തെ ഫേസ്ബുക്ക് ഡയറിയിൽ.

സിനിമ തിയറ്ററിനകത്ത്‌ അയാൾ ആ കുഞ്ഞിനോട്‌ ‘പിതൃവാൽസല്യം’ കാണിക്കുകയായിരുന്നു എന്ന വിശദീകരണം കേട്ടു.  നിസ്സഹായയായ ആ കുഞ്ഞ്‌ പ്രതികരിക്കാതെ ‘ആസ്വദിക്കുകയായിരുന്നു’ എന്ന ഭീതിജനകമായ ന്യായീകരണവും സോഷ്യൽ മീഡിയയിൽ വായിച്ചു. ചുറ്റുപാടുകളിൽ സമാനമനസ്‌കരുടെ ആധിക്യമുണ്ടെന്ന സത്യം ഉൾക്കൊണ്ടു കൊണ്ട് മക്കൾക്ക്‌ നല്ല സ്‌പർശവും ചീത്ത സ്‌പർശവും പറഞ്ഞ്‌ കൊടുക്കേണ്ട, ആ ബോധം മനസ്സിലുറപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പൊടിക്കുഞ്ഞുങ്ങളെ തൊട്ടാൽ ലൈംഗികസുഖം വരുന്നവരെ നിയമപരമായി നേരിടുക തന്നെയാണ്‌ വഴി. പലപ്പോഴും കുഞ്ഞിന്റെ ‘ഭാവിയെ’ കരുതി വീട്ടുകാർ തന്നെ നിയമവഴി തേടാത്തത്‌ ഇത്തരക്കാർക്കുള്ള ഏറ്റവും വലിയ തണലാണ്‌. കഴിഞ്ഞ ദിവസം ആശുപത്രിയിൽ കേസ്‌ വേണ്ടെന്ന്‌ പറഞ്ഞ സംഭവത്തിൽ പേരക്കുട്ടിയെ ഉപദ്രവിച്ചത്‌ അച്‌ഛന്റെ അച്‌ഛനാണ്‌. ആരെയാണ്‌ കുഞ്ഞുങ്ങളെ വിശ്വസിച്ച്‌ ഏൽപ്പിക്കുക?

ചെറുപ്രായത്തിൽ തന്നെ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം ഉപദ്രവങ്ങളെപ്പറ്റി പറഞ്ഞുകൊടുത്തേ മതിയാവൂ. കുഞ്ഞിന്റെ വായ, നെഞ്ച്, കാലുകൾക്കിടയിലെ മുൻവശവും പിൻവശവും എന്നിവ ഒരിക്കലും മറ്റാരും സ്‌പർശിച്ചു കൂടാ എന്ന അറിവ് എത്ര നേരത്തേ കുഞ്ഞിനുണ്ടാവുന്നോ, അത്രയും നല്ലതാണ്. തിരിച്ച്‌ മറ്റൊരു വ്യക്‌തിയുടെ ആ ഭാഗങ്ങളിൽ കുഞ്ഞിനെക്കൊണ്ട്‌ തൊടുവിക്കാനും പാടില്ല എന്നതും. ഇതോടൊപ്പം മാതാപിതാക്കൾക്കും, അവരുടെ സാന്നിധ്യത്തിൽ ഡോക്‌ടർക്കും ഇവിടങ്ങളിൽ സ്‌പർശിക്കാം എന്ന്‌ പറയാറുണ്ട്. പക്ഷേ, അപ്പോഴും അത്‌ മുതലെടുത്തുകൊണ്ട്‌ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവും ഡോക്‌ടറുമില്ലേ എന്ന ചോദ്യവുമുണ്ട്‌. അവരെക്കുറിച്ച്‌ കുഞ്ഞിന്‌ എന്ത് പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കും? അവരെ കുഞ്ഞ്‌ അന്ധമായി വിശ്വസിക്കില്ലേ? ഒരിക്കലും കുഞ്ഞിനോട്‌ ‘ആരെയും വിശ്വസിക്കരുത്‌’ എന്ന്‌ പറഞ്ഞ്‌ കൊടുക്കാനാവില്ല. കുഞ്ഞിന്‌ വിശ്വസിക്കാവുന്ന വിശ്വസ്‌തതയുള്ള വ്യക്‌തികൾ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം, അവർക്ക്‌ മനസ്സിൽ അരക്ഷിതാവസ്‌ഥ തോന്നുമെന്നത്‌ തീർച്ചയാണ്‌. പീഡന താൽപര്യവുമായി നടക്കുന്ന വ്യക്‌തി കുഞ്ഞിന്‌ നൽകുന്ന ഉപദേശം പലപ്പോഴും അയാളുടെ അഭിലാഷം നിറവേറ്റാനുള്ളതുമായിരിക്കും. എന്താണ്‌ നമുക്ക്‌ ചെയ്യാനാകുക?

വീട്ടിൽ നിന്ന്‌ കൃത്യമായ അറിവ് നൽകലും, അതിനോടൊപ്പം ചെറിയ ക്ലാസുകളിൽ തന്നെ പാഠ്യപദ്ധതിയിൽ നല്ല സ്‌പർശവും ചീത്ത സ്‌പർശവും നിർബന്ധമായും ഉൾപ്പെടുത്തുകയും വേണം. ദൃശ്യശ്രാവ്യമാധ്യമങ്ങളും പത്രമാസികകളും തുടർച്ചയായി ഇത്തരം ബോധവൽക്കരണവിഷയങ്ങൾ കൈകാര്യം ചെയ്യണം. ഇത്തരത്തിൽ ഒന്നിലേറെ സ്രോതസുകളിൽ നിന്ന്‌ വിവരം ലഭിച്ചാൽ കുഞ്ഞുങ്ങൾക്ക്‌ ശരിതെറ്റുകൾ തിരിച്ചറിയാനും ഈ പടുകുഴിയിലേക്ക് എന്നെന്നേക്കുമായി വീണുപോകുന്നതിനു മുൻപ് അതിൽ നിന്നും രക്ഷപ്പെടാനും സാധിക്കും. അവർക്ക്‌ രക്ഷ നേടാനായി വിളിക്കാനുള്ള 1098 എന്ന ചൈൽഡ്‌ലൈൻ നമ്പർ അവർക്ക്‌ സുപരിചിതമാക്കി കൊടുക്കും വിധം പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കണം.

കുട്ടികളെ പീഡിപ്പിക്കുന്നവരെ കൊടുംകുറ്റവാളികളെന്നാണ്‌ വിളിക്കേണ്ടത്‌. തലോടേണ്ട കൈ തെമ്മാടിത്തരം കാണിക്കുമ്പോൾ പരമാവധി വേഗത്തിൽ തന്നെ കടുത്ത ശിക്ഷ ലഭിക്കുന്നു എന്നുറപ്പ് വരുത്തേണ്ടതുണ്ട്. പക്ഷേ, അത്ര സുതാര്യതയും കണിശതയും നമ്മുടെ നിയമവ്യവസ്‌ഥ എന്ന്‌ നേടുമെന്നറിയില്ല.

നമുക്കും ചിലത്‌ ചെയ്യാനാകും. എത്ര ചെറിയ കുഞ്ഞായാലും സ്വന്തം ശരീരവും പേഴ്‌സണൽ സ്‌പേസും അവർക്ക്‌ പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്ന പ്രായം തൊട്ട്‌ പറഞ്ഞ്‌ കൊടുക്കുക. കുഞ്ഞുങ്ങളെ പിറന്ന പടി നടത്തുന്ന പരിപാടി എത്ര ചെറിയ പ്രായമായാലും ചെയ്യാതിരിക്കുക. അഹിതമായി വല്ലതും സംഭവിച്ചാൽ വീട്ടിൽ വന്ന്‌ പറയാൻ അവരെ ശീലിപ്പിക്കുക. തുടർച്ചയായി വിശേഷങ്ങൾ തിരക്കിയും അടുപ്പം കാണിച്ചും എന്തും ഏതും വീട്ടിൽ വന്ന്‌ പറയുന്ന ശീലം സ്വാഭാവികമായിത്തന്നെ വളർത്തുക. വല്ലതും വന്നുപോയാൽ ‘ഒതുക്കി തീർക്കുന്ന’ രീതി വേണ്ട. കുഞ്ഞിന്റെ സ്വകാര്യത സൂക്ഷിച്ചിരിക്കും. പരാതിയും നടപടിയുമുണ്ടാകണം. ഒത്തു തീർക്കരുത്‌, ഒതുക്കിയേക്കണം.

പിഞ്ചുമക്കളുടെ ശരീരത്തെ മാത്രമല്ല, മനസ്സിനെ കൂടിയാണിത്തരം സംഭവങ്ങൾ എന്നെന്നേക്കുമായി ബാധിക്കുന്നത്‌. ഒരായുഷ്‌കാലം മുഴുവൻ മനസ്സിൽ കട്ടിയുള്ള പാട്‌ വീഴും. വിരിയാനൊരുങ്ങുന്ന മൊട്ടുകളാണ്‌, ആണായാലും പെണ്ണായാലും, അവരെ തല്ലിക്കൊഴിക്കരുത്‌. ഓരോ തവണ ഇങ്ങനെ സംഭവിക്കുമ്പോഴും അത് നമ്മുടെ സമൂഹത്തിന്റെ കരണത്ത്‌ കൊള്ളുന്ന അടിയാണ്‌.

ഈ വിഷയം കുഞ്ഞുങ്ങൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാൻ സഹായിക്കുന്ന, ചൈൽഡ്‌ലൈനിന്റെ കോമൾ എന്ന വീഡിയോ പോസ്റ്റിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്. നിർബന്ധമായും അവർക്ക് കാണിച്ചു കൊടുക്കുക. കാലം വല്ലാത്തതാണ്‌. പൊന്നുമക്കളെ കാത്തേ മതിയാകൂ… നമ്മളും നിയമവും…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍