UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ മുസ്ലീം രാഷ്ട്രീയ, മത നേതാക്കന്മാരുടെ ശ്രദ്ധയ്ക്ക്: ജസ്‌ലയുടെ കാര്യത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നത്

ഹാദിയയെപ്പോലെ ജസ്‌ലയുടെ പൗരാവകാശങ്ങൾക്കു വേണ്ടിയും ഭീതി കൂടാതെ ജീവിക്കാനുള്ള മനുഷ്യാവകാശത്തിന് വേണ്ടിയും നിങ്ങൾ ശക്തമായും വ്യക്തമായും നിലകൊള്ളണം.

ഈ പോസ്റ്റ് കേരളത്തിലെ മുസ്ലിം രാഷ്ട്രീയക്കാരോടും മതസംഘടനാ നേതാക്കളോടും മാത്രമുള്ള ഒരു അപ്പീൽ ആണ്.

ഈയിടെ നടന്ന ഫ്ലാഷ് മോബുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിങ്ങളാരും ഒന്നും പറഞ്ഞിട്ടില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്. നല്ലതോ ചീത്തയോ ആയി ഒന്നും. ഭീഷണിയോ സ്വഭാവഹത്യയോ ഒന്നും ഒരു പെൺകുട്ടിയുടെ നേർക്കും ഉണ്ടായതായി ഒരു സംഘടനയുടെയും നേതാവിന്റെയും നേർക്കുണ്ടായതായി ഞാൻ കണ്ടില്ല; നല്ലത്.

പക്ഷെ, അത് മതിയോ എന്ന് നിങ്ങൾ ആലോചിക്കണമെന്ന് എനിക്കഭിപ്രായമുണ്ട്. ഫേസ്ബുക്കിലെ വീഡിയോകളില്‍ നിറയെ കണ്ടാലറയ്ക്കുന്ന ഭാഷയിൽ മുസ്ലിം പെണ്‍കുട്ടികളെപ്പറ്റി കമന്റ് എഴുതി വെച്ചിരിക്കുന്നത് മുഴുവൻ മുസ്ലിം ആണുങ്ങളാണ്
(ഇവരൊക്കെ സമുദായത്തെ നാണം കെടുത്താനായി മുസ്ലിം ഫെയ്ക് ഐഡികളുണ്ടാക്കിയ മറ്റു മതസ്ഥരാണെന്നോ എന്നെനിക്കറിഞ്ഞുകൂടാ. അവയിൽ ചിലത് അങ്ങനെ ആവാനുള്ള സാധ്യത ഇല്ലെങ്കിലും മുഴുവൻ അങ്ങനെ അല്ലല്ലോ). സ്ത്രീവിരുദ്ധ-പുരുഷാധിപത്യ മസാല സിനിമകളെ വിമർശിച്ചുകൊണ്ടും സ്ത്രീവാദരാഷ്ട്രീയം പറഞ്ഞു കൊണ്ടും തെരുവിലിറങ്ങി നൃത്തം ചെയ്തവരിൽപ്പെട്ട ജസ്‌ല എന്ന പെൺകുട്ടിയുടെ വീട്ടുകാരെ പുലഭ്യം പറഞ്ഞും അവൾക്കു വധഭീഷണി മുഴക്കിയും നടത്തുന്ന പ്രകടനങ്ങളിലെ അന്ത:സയില്ലായ്മ അസഹ്യമാം വിധം അധമമാണ്. മുമ്പും ഒരുപാട് വിഷയങ്ങളുണ്ടെങ്കിലും ഇപ്പോൾ ജസ്‌ലയുടെ കാര്യം മാത്രമെടുത്ത്  ഉദാഹരിക്കുന്നതു നന്നാവുമെന്നു തോന്നുന്നു. ഇന്ന് വരെ ഇങ്ങനെ അപമാനിക്കപ്പെട്ട ഒരുപാട് മുസ്ലിം പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഏറ്റവും അവസാനത്തെ ഉദാഹരണമായതുകൊണ്ടു തന്നെയാണ് അവരെ ഉദാഹരണമായെടുക്കുന്നത്.

വര്‍ഗീയ ഹിന്ദു കുഴപ്പമില്ല, നേരിടേണ്ടത് സെക്കുലര്‍ വിമര്‍ശകരെ; പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വിചിത്ര നയങ്ങള്‍

ആ പെൺകുട്ടിക്കെതിരെ ഇവർ ചെയ്യുന്ന അക്രമങ്ങളുടെയും ക്രൂരതയുടെയും ഉത്തരവാദിത്തം സംഘടനാപരമായി നിങ്ങൾക്കാർക്കും ഇല്ല എന്നെനിക്കറിയാം. അതിനു നിങ്ങളെ പഴി പറയുന്നത് അന്യായവുമാവും.

ഇസ്‌ലാമിന്റെ പേരിൽ, കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പേരിലാണ് ഇവർ ക്രൂരവും മനുഷ്യത്വവിരുദ്ധവും വൃത്തികെട്ടതുമായ അപവാദപ്രചാരണങ്ങളും തെറിയഭിഷേകവും നടത്തുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം. മാന്യതയും മനുഷ്യത്വവും നിയമവ്യവസ്ഥിതിയോടുള്ള മതിപ്പും ഒരിഞ്ച് ഇല്ലാതെ, തങ്ങളുടെ വെറുപ്പും മാടമ്പിത്തവും പ്രകടിപ്പിക്കാൻ ഇവർക്ക് ആരും അനുവാദം കൊടുത്തിട്ടുണ്ടാവില്ല. പക്ഷെ, എല്ലാവരും മിണ്ടാതിരുന്നാൽ ഇത്തരം ആളുകളും അവരുടെ വാക്കുകളും മാത്രമാവും കേൾക്കാനുണ്ടാവുക. അത് ചെയ്യുന്ന ദ്രോഹം എത്രയാണെന്ന് നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ…

തന്തമാര്‍ക്ക് ഹാലിളകുമ്പോള്‍

നിയമവാഴ്ചക്കെതിരെയുള്ള ഒരു വല്ലാത്ത ആക്രമണം ഹിന്ദുത്വക്കാരിൽ നിന്നുണ്ടായി കൊണ്ടിരിക്കുന്ന സമയത്തു തന്നെ അവരെ മാത്രം സഹായിക്കുന്ന രീതിയിൽ രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെയും ഭരണഘടനയെയും ദുര്‍ബലപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യുന്ന ഇത്തരക്കാരോട് സമുദായത്തിന്റെയോ മതത്തിന്റെയോ പേരിൽ ഇത്തരം അക്രമങ്ങൾ നടത്തരുത് എന്ന് പറയേണ്ട ഉത്തരവാദിത്തം കൂടി മുസ്ലിം മത സംഘടനകൾക്കും മുസ്ലിംകളായ രാഷ്ട്രീയക്കാർക്കുമില്ലേ? അങ്ങനെ ആരും പറയാതിരുന്നാൽ ഇരകൾക്ക് അവരുണ്ടാക്കുന്ന ഭീതിക്കും ആശങ്കയ്ക്കും പൊതുമണ്ഡലത്തിൽ അവരുണ്ടാക്കുന്ന അപകടങ്ങൾക്കും ആര് മറുപടി പറയും?

എനിക്ക് തോന്നുന്നത് താഴെപ്പറയുന്ന കാര്യങ്ങൾ കൃത്യമായി ഇപ്പറഞ്ഞ സദാചാരഗുണ്ടകളോട് പറഞ്ഞേ പറ്റൂ എന്നാണ്:

1. ആളുകൾ നൃത്തം ചെയ്യുന്നതിനെപ്പറ്റിയും പാട്ടുപാടുന്നതിനെപ്പറ്റിയും പഠിക്കുന്നതിനെപ്പറ്റിയും പലർക്കും പല അഭിപ്രായമുണ്ടാകാം. അതൊന്നും ആരെയും ഭീഷണിപ്പെടുത്താൻ ആർക്കും ന്യായീകരണം നൽകുന്നില്ല. വധഭീഷണിയോ അക്രമഭീഷണിയോ നടത്തിയ എല്ലാവരും ഇന്ത്യയിലെ നിയമവ്യവസ്ഥിതിക്കും സ്വൈരജീവിതത്തിനും അപകടം ചെയ്യുന്നവരാണെന്നു ഭീഷണിക്കാരെയും പൊതുസമൂഹത്തെയും അറിയിക്കാൻ നിങ്ങള്‍ക്ക് കഴിയില്ലേ? നിങ്ങൾ അത് ചെയ്യേണ്ടതല്ലേ?

കാന്തപുരത്തെ നിലയ്ക്കുനിര്‍ത്താന്‍ കഴിയില്ലേ? ഈ ചോദ്യം നിങ്ങളോടാണ് സ്ത്രീകളെ!

2. ജസ്‌ലയുടെ കൂട്ടുകാരും വീട്ടുകാരും ക്രൂരമായ വ്യക്തിഹത്യകൾക്കും അസത്യപ്രചാരണത്തിനും പാത്രമാവുമ്പോൾ ഇതൊക്കെ എത്ര മാത്രം ഇസ്ലാമികവിരുദ്ധം കൂടിയാണ് എന്ന് എല്ലാവരോടും നിങ്ങൾ പറഞ്ഞാൽ ഇവരിൽ ഒരു ഭൂരിപക്ഷത്തേയും മിണ്ടാതെയാക്കാൻ കഴിയില്ലേ? ചെയ്യുന്ന തെറ്റിനെക്കുറിച്ച്, അതിന്റെ അധാര്‍മികതയെക്കുറിച്ച് മതത്തിന്റെ പട്ടാളക്കാരെന്നു ഭാവിച്ച് സാമൂഹ്യമാധ്യമങ്ങളിൽ കുറെ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള വ്യക്തികൾക്കു മനസ്സിലാക്കിക്കൊടുക്കാനെങ്കിലും ആവണ്ടേ സമുദായത്തിന്റെ കരുത്തരായ നേതാക്കൾക്ക്? അത്രയും ഇച്ഛാശക്തി വേണ്ടേ? ഇനി ഇങ്ങനെ അക്രമാസക്തമായി, സമുദായത്തിന്റെ ഓരങ്ങളിൽ നിൽക്കുന്നവരെ പിടിച്ചു കെട്ടാൻ ആവില്ലെന്നാണെങ്കിൽ സമുദായ നേതൃത്വം എന്ന പേരിനുതന്നെ വലിയ പരിമിതി ഉണ്ടെന്നു പറഞ്ഞാൽ എങ്ങനെ നിഷേധിക്കും?

3. ഇങ്ങനെ വാക്കുകൊണ്ട് ആസിഡ് ആക്രമണം നടത്താനും ഫോണിൽ വധഭീഷണി പുറപ്പെടുവിക്കാനുമുള്ള ധൈര്യം മുസ്ലിം ആണുങ്ങൾക്ക് എവിടുന്നു കിട്ടുന്നു എന്ന് നമ്മൾ പേടിക്കേണ്ടതല്ലേ? അതിൽ സമുദായത്തിന്റെ പ്രവർത്തനരീതികൾക്ക് എന്തെങ്കിലും പങ്കുണ്ടോ? അതെങ്ങനെ മാറ്റാം?

‘മാന്യന്മാരു’ടെ തെരുവിടങ്ങളില്‍ ഫ്ലാഷ് മോബ് അശ്ലീലമാകുമ്പോള്‍

കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയാണ് ഇ കെ സുന്നി വിഭാഗം. അവരും അവരുടെ യുവജനവിഭാഗവുമായ എസ് കെ എസ് എസ് എഫും പ്രാദേശികതയോട് ഒന്നുചേർന്ന് പോവുന്ന ഒരു മതസംസ്കാരം ഉണ്ടാക്കിയെടുക്കാനും സാമുദായിക സൗഹാർദ്ദത്തിന് വേണ്ടിയും ഏറ്റവുമധികം, ഏറ്റവും ഫലപ്രദവുമായി പ്രവർത്തിച്ച ഈ വിഭാഗത്തിന്റെ നേതാക്കൾക്ക് ക്രൂര സൈബർ ആക്രമങ്ങളുടെ അപകടങ്ങളെപ്പറ്റി സമുദായത്തെ ബോധവൽക്കരിക്കാൻ ആവില്ലേ? (സ്ത്രീ പ്രതിനിധ്യത്തിലും സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചുമുള്ള വിഷയങ്ങളിൽ ഇ കെ സുന്നി വിഭാഗത്തിന്റെ പല നിലപാടുകളോടും ഉള്ള ആഴത്തിലുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടു തന്നെ പറയാം; മതത്തിന്റെ ജൈവികമായ പല മാനങ്ങളെയും നിലനിർത്തുന്നതിൽ നിങ്ങളുടെ ശ്രദ്ധ പ്രതീക്ഷാര്‍ഹമാണെന്നു തന്നെയാണ് ഞാൻ വിചാരിക്കുന്നത്). പെരുമാറ്റത്തിന്റെയും നിലപാടിന്റെയും സൗമ്യതയിൽ പാണക്കാട് ശിഹാബ് തങ്ങളെപ്പോലെ അംഗീകരിക്കപ്പെട്ട മാതൃക നിങ്ങളുടെ നേതൃ സ്ഥാനത്തുണ്ടല്ലോ? ആ മാതൃകയിൽ നിന്നുള്ള പാഠങ്ങൾ സമുദായത്തിന് പകർന്നു കൊടുക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതല്ലേ?

സ്ത്രീകൾക്ക് പള്ളിയിൽ പോകാനും എഴുത്തു പഠിക്കാനും വേണ്ടി വലുതും ചെറുതുമായ സമരങ്ങൾ നടത്തി മുന്നോട്ടു വന്ന മുജാഹിദുകൾക്ക്, പൊതുഇടങ്ങളിലെ മുസ്ലിം സ്ത്രീ സാന്നിധ്യത്തെ പിന്തുണയ്ക്കാനും അതിനെതിരെ ഒച്ച വെക്കുന്നവരെ ഒറ്റപ്പെടുത്താനും എങ്കിലും കഴിയണ്ടേ? ആചാരങ്ങളുടെ നിഷ്കര്‍ഷകതകളെ വീണ്ടും വീണ്ടും ആവർത്തിക്കാനും അവയുടെ തോത് വർധിപ്പിക്കാനും മാത്രം ശ്രദ്ധിച്ചാൽ മതിയോ? മുസ്ലിം സമൂഹം നേരിടുന്ന ഈ ഗൗരക്ഷകരെ നേരിടാനുമുള്ള ധാർമിക ബാധ്യതയില്ലേ മതേതരജനാധിപത്യത്തിൽ താത്വികമായി വിശ്വസിക്കുന്ന നിങ്ങള്‍ക്ക്?

നിങ്ങളുടെ അശ്ലീലം നിറഞ്ഞ കവലപ്രസംഗങ്ങള്‍ക്ക് ഇനി അവളെ തടയാനാകില്ല; ഫ്‌ളാഷ്‌മോബ് വിരുദ്ധര്‍ക്ക് ചില മുന്നറിയിപ്പുകള്‍

സുന്നികളും മുജാഹിദുകളും ഏറ്റവും കൂടുതലായി ഉള്ള മുസ്ലിം ലീഗിന് ഒരു രാഷ്ട്രീയകക്ഷി എന്ന നിലയ്ക്ക് ജസ്ലക്കെതിരെയുള്ള ആക്രമണങ്ങളിലെ മനുഷ്യാവകാശനിഷേധത്തെയും പൗരാവകാശനിഷേധത്തെയും എങ്ങനെയാണ് കണ്ടില്ലെന്നു വെക്കാനാവുക? അവർ ജസ്‌ലയെ പിന്തുണച്ചു കൊണ്ട് പ്രസ്താവനകളുമായി മുന്നോട്ടു വരേണ്ട സമയമായില്ലേ? അവരുടെ മൗനം ബലം നൽകുന്നത് ഏതൊക്കെ lunatic ഫ്രിഞ്ചുകൾക്കാണെന്നു ഓർത്തു നോക്കൂ. മുസ്ലിം പെൺകുട്ടികളുടെ പഠനം ഉറപ്പാക്കാൻ വേണ്ടി അവർക്കായി അരനൂറ്റാണ്ട് മുമ്പേ സ്കോളർഷിപ് ഏർപ്പെടുത്തിയപ്പോൾ സി എച്ച്. മുഹമ്മദ്‌കോയയും ഒരു പാട് ഭർത്സനം കേട്ടിരിക്കും എന്നോർക്കുക.

കാന്തപുരം സുന്നി വിഭാഗത്തിന് മുസ്ലിം പെൺകുട്ടികൾ നൃത്തം ചെയ്യുന്ന കാര്യത്തിൽ (അതിനി ഒപ്പന ആണെങ്കിലും സിനിമാറ്റിക് ഡാൻസ് ആണെങ്കിലും) എന്തഭിപ്രായമാണെന്ന് എനിക്കറിയില്ല. പക്ഷെ ഇപ്പോൾ നടക്കുന്ന ക്യാമ്പയിനുകളോട്, അതിന്റെ രീതിയോട് അവർക്കു യോജിപ്പുണ്ടാവാൻ പ്രയാസമാണ്. ആ വിയോജിപ്പ് അവർ തുറന്നു പറയണം എന്നൊരു അപേക്ഷയുണ്ട്.

‘മദം’ പൊട്ടലുകളുടെ ‘കൂത്തിച്ചി’ വിളികളെ കുറിച്ച് ഒരു മലപ്പുറത്തുകാരി എഴുതുന്നു

എനിക്ക് രാഷ്ട്രീയമായി സകല വിയോജിപ്പുകളും ഉള്ള സംഘടനകളാണ് ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടും. മതരാഷ്ട്രവാദം അപകടകരമാണ് എന്നും ഭരണഘടനയെ തള്ളിക്കളയുന്ന മനോഭാവം അംഗീകരിക്കാനാവാത്തതാണെന്നും ഞാൻ വിചാരിക്കുന്നു. സമുദായങ്ങൾ തമ്മിലുള്ള ശത്രുതാവസ്ഥയ്ക്കും മുസ്ലിം സമുദായത്തിൽ അരക്ഷിതബോധം ഉണ്ടാക്കി സമുദായത്തിന്റെ നിര്‍മാണാത്മകത നശിപ്പിക്കുന്നതിനും നിങ്ങളും അനുബന്ധ സംഘടനകളും കാരണമാകുന്നു എന്നാണു എന്റെ വിമർശനം. പക്ഷെ ഈയിടെ ഹാദിയയുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും വിശ്വാസസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരത്തിൽ നിങ്ങളെടുത്ത നിലപാട് നിങ്ങളുടെ പ്രധാനപ്പെട്ട നയപരമായ മാറ്റമാണ് എന്ന് വിശ്വസിക്കാൻ ഞാൻ തയാറാണ്. ഒറ്റക്കാര്യം ഉണ്ട്: ജസ്‌ലയുടെ പൗരാവകാശങ്ങൾക്കു വേണ്ടിയും ഭീതി കൂടാതെ ജീവിക്കാനുള്ള മനുഷ്യാവകാശത്തിന് വേണ്ടിയും നിങ്ങൾ ശക്തമായും വ്യക്തമായും നിലകൊള്ളണം.

ജസ്‌ലയോ മറ്റു കുട്ടികളോ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങൾ ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ആഭ്യന്തരപ്രശ്നമല്ല. കേരളത്തിലെ മറ്റ് അധീശസമുദായങ്ങളായ നായന്മാരിലും ഈഴവരിലും ക്രിസ്ത്യാനികളിലും ഇങ്ങനത്തെ അതി പുരുഷന്മാർ എത്രയെങ്കിലും ഉണ്ട്. അത്, എല്ലാ സ്ത്രീകളും ലിംഗനീതിയിൽ വിശ്വസിക്കുന്നവരും ഏറ്റെടുക്കേണ്ടത് തന്നെ. അപ്പോൾ സമുദായ നേതാക്കന്മാരോട് ഇടപെടാൻ ആരെങ്കിലും പറയാറുണ്ടോ എന്നൊരു ചോദ്യം എനിക്ക് കേൾക്കാം. ഒന്നാമതായി, ഈഴവ ഫെമിനിസ്റ്റിനെ വായിൽകൊള്ളാത്ത ചീത്ത വിളിക്കുന്ന ഈഴവ പുരുഷാധിപത്യവാദി, നാരായണഗുരുവിനെ ക്വോട്ട് ചെയ്യാറില്ല. രണ്ടാമതായി, ഇനി ഉണ്ടെങ്കിൽ തന്നെ അതിന്റെ അധാര്‍മികതയിൽ എനിക്ക് ഉത്തരവാദിത്തമില്ല. ഒരു മുസ്ലിം എന്ന നിലയ്ക്ക്, ഈ സമുദായത്തിന്റെ ഭാഗം എന്ന നിലയ്ക്ക് മുസ്ലിം നേതാക്കളോട് ഇതൊക്കെ പറയേണ്ട ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നു ഞാൻ വിചാരിക്കുന്നു. ഇവിടെ ഇപ്പോൾ പറയുന്ന വിഷയം മുസ്ലിം സ്ത്രീകൾക്ക് മുസ്ലിം പുരുഷന്മാരിൽ നിന്ന് മുസ്ലിം ആയതുകൊണ്ട് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമായത് കൊണ്ടാണ്.

മുസ്ലിം പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബ്; പര്‍ദ്ദയിടാതെ നൃത്തം ചെയ്തിരുന്നെങ്കില്‍ ഇവരുടെ പ്രശ്‌നം അതാകുമായിരുന്നു

ആവർത്തിച്ചു പറയാനുള്ളത് മുസ്ലിം നേതാക്കളും സംഘടനകളും ഗുണ്ടായിസത്തിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി സമുദായത്തിൽ കുഴപ്പമുണ്ടാക്കുന്നവരെയും നിയമവാഴ്ചക്കെതിരെ സംസാരിക്കുന്നവരെയും അവരുടെ പ്രവർത്തികൾക്കെങ്കിലും ഉത്തരവാദിത്തമുള്ളവരാക്കണമെന്നാണ്. ജസ്‌ല ഇത്തരം അക്രമങ്ങളുടെ അവസാനത്തെ ഇരയാവട്ടെ. ഇനി ഇതുണ്ടാകരുത്. അതിനുള്ള ആർജ്ജവവും സാമൂഹ്യബോധവും രാഷ്ട്രീയ ഇച്ഛാശക്തിയും നിങ്ങൾക്കുണ്ട് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു; അതിനായി പ്രാർത്ഥിക്കുന്നു.

 

ഞങ്ങള്‍ ലെഗ്ഗിന്‍സുമിട്ടു നടക്കും താലിയിടില്ല, തട്ടമിടില്ല, ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’ / വീഡിയോ

(ആഷ്ലി ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എന്‍.പി ആഷ്‌ലി

എന്‍.പി ആഷ്‌ലി

ഡല്‍ഹി സെന്റ്‌. സ്റ്റീഫന്‍സ്‌ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍