UPDATES

സിനിമ

അയ്യപ്പനെയൊക്കെ മുന്‍കാല പ്രാബല്യത്തില്‍ ശിക്ഷിക്കാത്തത് ഭാഗ്യം; ആരുടെ ചലച്ചിത്രമേളയാണിത്‌?

ഹിംസയുടെ, അപരവിദ്വേഷനിർമിതിയുടെ, അസഹിഷ്ണുതയുടെ, യുദ്ധോത്സുകതയുടെ ഒരു കാലത്ത് ഒരു കലാമേളയും വെറും മേളയല്ല. പ്രത്യേകിച്ചും അതിന്റെ സംഘാടനം ഒരു ഇടതുപക്ഷ ഭരണകൂടത്തിന് ആകുമ്പോൾ

ആരുടെ ചലച്ചിത്ര മേളയാണിത്?

“നമ്മുടെ ചലച്ചിത്രമേള ഇപ്പോൾ രാഷ്ട്രീയം നിരോധിക്കപ്പെട്ട കോളേജുപോലെ ശാന്തമായിരിക്കുന്നു…” കൈരളിയുടെ ആളൊഴിഞ്ഞ പടവുകളിൽ ഇരിക്കെ ചങ്ങാതി പറഞ്ഞു.

ചുറ്റും നോക്കിയപ്പോൾ ശരിയാണ്. ഓരോ സിനിമയ്ക്കും ഡെലിഗേറ്റുകൾ മണിക്കൂറുകൾ വരിനിൽക്കുന്നു. സീറ്റുകൾ ഫുൾ ആകുമ്പോൾ വരിയിൽ ബാക്കിയാകുന്നവർ ആട്ടിയകറ്റപ്പെടുന്നു. പ്രതിഷേധിച്ചാൽ പോലീസെത്തി തൂക്കിയെടുത്തു കൊണ്ടുപോകുന്നു. സ്വാശ്രയകോളജിലേതിനേക്കാൾ അച്ചടക്കത്തോടെ വെയിലിൽ വരിനിൽക്കുന്ന ചലച്ചിത്രപ്രേമികൾ!

മുൻപൊക്കെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇങ്ങനെയേ ആയിരുന്നില്ല. സീറ്റുകൾ ഫുൾ ആയിക്കഴിഞ്ഞാണു ശരിക്കും ‘മേള’. സീറ്റു കിട്ടാത്തവർ എല്ലാം കൂടി തറയിൽ പത്രം വിരിച്ച് അതിലൊരു ഇരിപ്പാണ്. എത്രയെത്ര ലോകോത്തര സിനിമകൾ അങ്ങനെ കൈരളിയുടെയും കലാഭവന്റെയുമൊക്കെ തറയിലിരുന്നു എത്രയോ പേർ കണ്ടിരിക്കുന്നു. സ്വയം മറന്നു കയ്യടിച്ചിരിക്കുന്നു!

തിരുവനന്തപുരം നഗരത്തെ വെള്ളിയാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഒരു ഉത്സവപറമ്പാക്കിയിരുന്നു മുൻപൊക്കെ ചലച്ചിത്രമേള. സൗഹൃദങ്ങളുടെ, ചർച്ചകളുടെ, സംവാദങ്ങളുടെ, തർക്കങ്ങളുടെ ഉത്സവപ്പറമ്പ്. കവികൾ കൈരളിയുടെ പടവുകളിൽ ഇരുന്നു ഉറക്കെ കവിത ചൊല്ലിയിരുന്ന ഉത്സവം. ഫലസ്തീനും ക്യൂബയ്ക്കും വേണ്ടി പ്രകടനങ്ങൾ നടത്തിയിരുന്ന നിഷേധികളുടെ സമരോത്സവം. ഓപ്പൺഫോറങ്ങളിൽ തീപ്പൊരി പടർത്തിയിരുന്ന സംവാദങ്ങളുടെ ഉത്സവം.

മിസ്റ്റര്‍ കമല്‍, സുരഭിയോട് സാമാന്യ മര്യാദയെങ്കിലും കാണിക്കാമായിരുന്നു

മണിക്കൂറുകൾ ക്യൂവിൽ നിന്നിട്ടും തീയേറ്ററിൽ കടക്കാൻ കഴിയാതെ വന്നപ്പോൾ പ്രതിഷേധിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു എന്നാണ് ഇന്നത്തെ പത്രവാർത്ത. ‘മദ്യപിച്ചു ബഹളംവെച്ചു’ എന്നാണ് കുറ്റം. കസ്റ്റഡിയിൽ എടുക്കുകയോ താക്കീത് ചെയ്തു വിടുകയോ ഒന്നുമല്ല, അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമായിരിക്കും. ചിലപ്പോൾ ശിക്ഷിച്ചു ജയിലിൽ ഇടുമായിരിക്കും.

പ്രതിനിധികളായി രജിസ്റ്റർ ചെയ്ത് മേള കാണാൻ വന്ന മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. മേളയിൽ ഉച്ചത്തിൽ സംസാരിക്കുകയോ തർക്കിക്കുകയോ ചെയ്യുന്ന ആർക്കും (ബഹളമുണ്ടാക്കുക എന്ന് പോലീസ്ഭാഷ) ഇതായിരിക്കും അവസ്ഥ എന്നും ചലച്ചിത്രമേളയിൽ അച്ചടക്കം പരമപ്രധാനമാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.

ഈ വാർത്ത വായിച്ചപ്പോൾ ഞാൻ മുൻപൊക്കെ ചലച്ചിത്രമേളകളിൽ കൈരളിക്ക് മുന്നിൽ നടന്നിരുന്ന നൂറു നൂറു പ്രതിഷേധങ്ങൾ ഓർത്തു. ഈ പട്ടാള അച്ചടക്കം അന്ന് ഉണ്ടായിരുന്നെങ്കിൽ എത്രപേർ അറസ്റ്റിൽ ആവണമായിരുന്നു! എ അയ്യപ്പനൊക്കെ ഒരു ജീവപര്യന്തംതന്നെ കിട്ടിയേനെ!

സ്ഥിരമായി എത്തുന്ന പലരെയും ഇത്തവണ മേളയ്ക്ക് കണ്ടില്ല. അവർക്കൊന്നും പാസുകൾ കിട്ടിയില്ല. മെയിൽ ഐഡിയും പാസ്വേർഡും എ ടി എം കാർഡും ഓൺലൈൻ ബാങ്കിങ്ങുമായി രാവിലെ എട്ടുമണിക്കുതന്നെ കംപ്യുട്ടറിന് മുന്നിൽ ഇരിക്കാൻ കഴിഞ്ഞ യുവതലമുറയ്ക്ക് മാത്രമാണ് ഇത്തവണ ഡെലിഗേറ്റ് പാസ് കിട്ടിയത്. അതും വെറും രണ്ടു മണിക്കൂറിൽ ക്ളോസ് ചെയ്തു. പണ്ടൊക്കെ ഓൺലൈൻ നിരക്ഷരർക്കും നേരിട്ട് പണമടച്ചു പാസ് വാങ്ങാമായിരുന്നു. ഇപ്പോൾ നമ്മുടെ ചലച്ചിത്രമേള അവരെ നിഷ്കരുണം പുറത്താക്കിയിരിക്കുന്നു.

പ്രകാശ് രാജ് എന്ന ധീരനും ദി ഇന്‍സള്‍ട്ടിന്റെ രാഷ്ട്രീയവും

ആവിഷ്കാരസ്വാതന്ത്ര്യം ഇന്ത്യയിൽ മുൻപില്ലാത്ത വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്ത് ഒരു ഇടതുപക്ഷ സർക്കാർ കോടികൾ മുടക്കി നടത്തുന്ന ഒരു ചലച്ചിത്രമേള എന്ത് മുദ്രാവാക്യമാണ് മുന്നോട്ടുവെക്കുന്നത്? അത്തരമൊരു ചോദ്യം ആരും ചോദിച്ചുകണ്ടില്ല.

മേളയുടെ പോസ്റ്ററുകളിലൊക്കെ വലുതായി കാണുന്നത് 22 എന്നത് മാത്രമാണ്. വെറും എണ്ണത്തിന് അപ്പുറം ലോകത്തോട് ഒന്നും പറയാനില്ലാത്ത മേളയെന്നു സംഘാടകർ തന്നെ സമ്മതിച്ചുകഴിഞ്ഞതുപോലെ.

സിനിമകളുടെ തിരഞ്ഞെടുപ്പിൽപോലും ഈ തികഞ്ഞ അരാഷ്ട്രീയത ഉണ്ട്. അർദ്ധരാത്രിയിൽ പ്രേതസിനിമയായ ‘സാത്താനിക് സ്ലേവെസ്’ കാണിച്ചു കാണികളെ പേടിപ്പിക്കാൻ ശ്രമിക്കുന്ന സംഘാടകർ കേരളത്തിന്റെ ലോക ചലച്ചിത്രമേളയെ ഒരു ‘കോൺജെറിങ്’ അനുഭവത്തിനപ്പുറം മറ്റൊന്നുമാക്കാൻ ആഗ്രഹിക്കുന്നില്ല.

അങ്ങനെ, ആഗ്രഹിച്ചിരുന്നു എങ്കിൽ വിളിപ്പാടകലെ ഒരു സമാന്തര മേള നടക്കില്ലായിരുന്നു. ചലച്ചിത്രമേളയുടെ തൊട്ടരികെ, തഴയപ്പെട്ട സിനിമകളുടെ ഒരു സമാന്തര ചലച്ചിത്രമേള, പ്രതിഷേധം എന്ന നിലയിൽ നടക്കുന്നുണ്ട്. അവിടെ നൂറു രൂപ അടച്ച് ആർക്കും സിനിമ കാണാം. കണ്ട സിനിമയെപ്പറ്റി വെറും നിലത്തു പായ വിരിച്ചിരുന്നു ചർച്ച ചെയ്യുന്ന കുറേപ്പേരെ അവിടെ കണ്ടു.

മാധ്യമങ്ങൾ ഒന്നും ആ സമാന്തരമേളയെപ്പറ്റി ഒരക്ഷരംപോലും പറയുന്നില്ല. പക്ഷെ, ചലച്ചിത്രപ്രേമികൾ എങ്കിലും അറിയണം, അങ്ങനെയും ഒന്ന് നടക്കുന്നുണ്ട്. അതിനൊരു രാഷ്ട്രീയമുണ്ട്. അത് ഈ ചെത്തിമിനുക്കിയ ഔദ്യോഗികമേളയുടെ അരാഷ്ട്രീയതയേക്കാൾ കരുത്തുറ്റ രാഷ്ട്രീയമാണ്.

ഹിംസയുടെ, അപരവിദ്വേഷനിർമിതിയുടെ, അസഹിഷ്ണുതയുടെ, യുദ്ധോത്സുകതയുടെ ഒരു കാലത്ത് ഒരു കലാമേളയും വെറും മേളയല്ല. പ്രത്യേകിച്ചും അതിന്റെ സംഘാടനം ഒരു ഇടതുപക്ഷ ഭരണകൂടത്തിന് ആകുമ്പോൾ. കമലിനെയും ബീന പോളിനെയും എല്ലാം ഏൽപ്പിച്ചു മാറിനിൽക്കൽ അല്ല സർക്കാരിന്റെ ചുമതല.

മരണം, കാമം, പ്രണയം: തീന്‍ ഔര്‍ ആധായിലെ കെട്ടിടം പറയുന്ന ജീവിതം

പതിമൂന്നു വർഷത്തിന് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തിൽ എത്തിച്ച സുരഭിയെ പുറത്താക്കിയ മേളയാണ്. തെറ്റ് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താൻ തയാറാകാത്ത ധാർഷ്ട്യത്തിന്റെ മേളയാണ്. പക്ഷെ അപ്പോഴും അവിടെ ‘വിമൻ ഇൻ സിനിമ കളക്റ്റീവ്’ എന്ന ആഭിജാത സംഘടനയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അവിടെ രജിഷ വിജയനും പാർവതിക്കുമൊക്കെ ഇടമുണ്ട്. അതുകൊണ്ടുതന്നെ, സുരഭി അവഗണിക്കപ്പെട്ടത് അവിടൊരു ചർച്ചയേ ആകുന്നില്ല.

മാധ്യമങ്ങൾ പണ്ടൊക്കെ ചലച്ചിത്രമേളകൾ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. പത്രവാർത്തകൾ അധികവും തിരുവനന്തപുരം നഗരപരിധിയിൽ ആണ് വരുന്നത്. എങ്കിലും മാധ്യമപ്രവർത്തകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

ഏരീസ് തിയറ്ററിൽ മാധ്യമങ്ങൾക്കു മാത്രമായി പ്രധാനസിനിമകൾ മുഴുവൻ പ്രദർശിപ്പിക്കുന്നു. മറ്റാരുമില്ലാത്ത അടച്ചിട്ട തിയേറ്ററിൽ ഇരുന്നു സിനിമകണ്ടാണോ മാധ്യമപ്രവർത്തകർ ചലച്ചിത്രോത്സവം റിപ്പോർട്ട് ചെയ്യുന്നത് എന്നറിഞ്ഞുകൂടാ. മുൻപൊന്നും അങ്ങനെ ആയിരുന്നില്ല. ഓരോ സിനിമയുടെയും ആസ്വാദനവും പ്രതികരണവും ഓളവും എല്ലാം ജനങ്ങൾക്ക് ഒപ്പമിരുന്ന് സിനിമ കണ്ടുതന്നെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

അരാജകവാദി ഒരർത്ഥത്തിൽ മനുഷ്യത്വത്തെ പുനർനിർവചിക്കുന്നവനാണ്. അരാജകത്വത്തിന്റെ കലയാണ് ലോകമെങ്ങും സിനിമ. നമ്മുടെ ചിട്ടവട്ട ചിന്തകളെ പൊളിക്കുന്ന ഒരു കല.

അത് ആസ്വദിക്കാൻ എത്തുന്ന എല്ലാവരും കമലിനെപ്പോലെ അലക്കിത്തേച്ച വേഷവും ഭാഷയും ഉള്ളവർ ആകണമെന്നില്ല. ഉറക്കെ സംസാരിക്കുന്നവരും ചോദ്യം ചോദിക്കുന്നവരും മുദ്രാവാക്യം വിളിക്കുന്നവരുമൊക്കെ അവരിൽ ഉണ്ടാവും. അവരെയും കാണികളായെങ്കിലും പരിഗണിക്കണം. പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കരുത്.

ശാരദ, മോനിഷ, ശോഭന, മീര; ഇവര്‍ക്കൊപ്പമാണ് ഇനി സുരഭിയും; യോഗ്യന്മാര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും

നമ്മുടെ ഉന്നതകുലജാത നായികാ സങ്കൽപ്പങ്ങളെ ഉടയ്ക്കുന്ന സുരഭിയെപ്പോലെയൊക്കെ മലബാർ ഭാഷ പറയുന്ന, അത്ര വെളുത്ത നിറമില്ലാത്ത നടിമാരെക്കൂടി ഉൾക്കൊള്ളാൻ കേരളത്തിന്റെ മേളയ്ക്ക് കഴിയണം. ആ സനൽകുമാർ ശശിധരനെയൊക്കെ കേരളമെങ്കിലും ചവിട്ടി പുറത്താക്കരുത്.

കമലിന്റെയും ബീന പോളിന്റെയും മഹേഷ് പഞ്ചുവിന്റേയും ഗുഡ്‌ലിസ്റ്റിൽ ഇല്ല എന്ന കാരണത്താൽ ആരും മേളയ്ക്ക് പുറത്താകരുത്. ഒരു സിനിമയും അവഗണിക്കപ്പെടരുത്.

മലയാളത്തിന്റെ വാണിജ്യസിനിമപോലും ശക്തമായ മാനുഷികത സംസാരിച്ചു തുടങ്ങിയ ഇക്കാലത്ത് മാനുഷികതയില്ലാത്ത ധർഷ്ട്യത്തിന്റെ മേള ആവരുത് മലയാളത്തിന്റേത്.

അതോ, കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു വെറും കോൺജെറിങ് ഷോ ആയാൽ മതിയെന്ന് ഇടതുപക്ഷ സർക്കാരും തീരുമാനിച്ചുകഴിഞ്ഞോ?

അഭിനേത്രി എന്ന നിലയില്‍ എന്നെ കണ്ടിരുന്നോ? ഞാനാ ഓരത്ത് കൂടി നടന്നു പോയ ആളാണ്‌: സുരഭി/അഭിമുഖം

(അബ്ദുള്‍ റഷീദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍