UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പിന് മുന്നേ തല്ലിയൊടുങ്ങുമോ കോണ്‍ഗ്രസ്സ്?

Avatar

സന്ദീപ് വെള്ളാരംകുന്ന്‌

ചാരംമൂടിയ തീക്കനല്‍ എന്നു വേണമെങ്കില്‍ നെല്ലിയാമ്പതിയിലെ കരുണാ എസ്റ്റേറ്റിനെ വിശേഷിപ്പിക്കാം. ഇടക്കാലത്തു മാത്രം വാര്‍ത്തകളില്‍ നിറയുന്ന ഒന്നു കൂടിയാണ് കരുണ എസ്റ്റേറ്റ്. സര്‍ക്കാര്‍ ഭൂമിയല്ലെന്നു പറഞ്ഞ് സര്‍ക്കാരും കരുണയുടെ ഭൂമിയെ കൈയ്യൊഴിയുന്നു. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തെരഞ്ഞെടുപ്പിനു മുമ്പ് കരുണയുടെ ഭൂമിയില്‍ നിന്നു കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് കരുണ എസ്റ്റേറ്റ് വിഷയം വീണ്ടും വാര്‍ത്തയായത്. കരുണയുടെ ഭൂമിക്കു കരം സ്വീകരിക്കുന്നതില്‍ അപാകതയില്ലെന്ന റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നിലപാടിനെതിരേ കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഹരിത എംഎല്‍എയായ ടിഎന്‍ പ്രതാപനും രംഗത്തെത്തി.

കരുണയുടെ ഭൂമിക്കു കരമടയ്ക്കാന്‍ നല്‍കിയ ഉത്തരവു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സുധീരന്‍ രണ്ടു തവണ വകുപ്പു മന്ത്രിക്കു കത്തു നല്‍കിയെങ്കിലും അതിനു പുല്ലു വിലപോലും മന്ത്രി കൊടുത്തതുമില്ല. കരുണയ്ക്കു നല്‍കിയ അനുമതി പിന്‍വലിക്കില്ലെന്നും ഉത്തരവില്‍ ഭേദഗതി വരുത്തുമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പോബ്‌സിന്റെ കൈവശമുള്ള 840 ഏക്കറില്‍ വനഭൂമിയോ സര്‍ക്കാര്‍ ഭൂമിയോ ഇല്ലെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞു വച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൂടി കേട്ടതോടെ വിഎം സുധീരന്റെ ആദര്‍ശം സടകുടഞ്ഞെണീറ്റിരിക്കുകയാണ്. അനുസരിക്കാത്ത മന്ത്രിമാരെക്കൊണ്ട് അനുസരിപ്പിക്കുമെന്നും കരുണാ എസ്‌റ്റേറ്റിനു കരം അടയ്ക്കാന്‍ നല്‍കിയ അനുമതി പിന്‍വലിപ്പിക്കുമെന്നുമാണ് സുധീരന്റെ അന്ത്യ ശാസനം.

എന്നാല്‍ നാലുവര്‍ഷം സര്‍ക്കാരിന്റെ സോളാര്‍ ഉള്‍പ്പടെയുള്ള വിവാദങ്ങളെ കണ്ണും പൂട്ടി പിന്തുണച്ച സുധീരന്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ശന നടപടികളെടുക്കുമെന്ന വാദവുമായി ഇറങ്ങി പുറപ്പെട്ടത് എത്രത്തോളം ഗുണം ചെയ്യുമെന്നതു കണ്ടു തന്നെയറിയണം. കരുണ എസ്‌റ്റേറ്റു സംബന്ധമായ വിഷയത്തില്‍ സുധീരന്‍ നിലപാടു കടുപ്പിക്കുമ്പോഴും ഇതുകൊണ്ട് വിഷയത്തില്‍ ആത്യന്തികമായി എന്തു പ്രയോജനമാണ് ഉണ്ടാവുകയെന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം. കരുണ ഭൂമികേസില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം പത്തു വര്‍ഷം വൈകിപ്പിച്ച വനംവകുപ്പു തന്നെയാണ് ഭൂമി സര്‍ക്കാരിനു നഷ്ടപ്പെടാനുള്ള പ്രധാന കാരണക്കാര്‍. ഇതിനു പിന്നാലെ വനംവകുപ്പിന്റെ മൂന്നംഗ സംഘം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാകട്ടെ വനംവകുപ്പിന് കരുണയുടെ ഭൂമിയില്‍ യാതൊരു അവകാശവുമില്ലെന്നാണ്.

ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെയും പ്രതികരണം പുറത്തുവന്നിട്ടുള്ളതെന്നതും ശ്രദ്ധേയം. കരുണയുടേത് സര്‍ക്കാര്‍ ഭൂമിയല്ലെന്നും വനഭൂമിയല്ലെന്നും പറയുമ്പോള്‍ ഇതു പിന്നെ ആരുടെ ഭൂമിയാണ് എന്ന ചോദ്യത്തിനു മാത്രം ആരും മറുപടി പറയുന്നുമില്ല. കരുണയുടെ ഭൂമിക്കു കരം അടയ്ക്കാന്‍ അനുതി നല്‍കിയതു വിശദീകരിക്കാന്‍ കഴിയില്ലെന്നു ടിഎന്‍ പ്രതാപന്‍ എംഎല്‍എയും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ കരുണ എസ്റ്റേറ്റ് വിഷയത്തില്‍ കേവലം പ്രതിഛായ പോരാട്ടം മാത്രമാണ് നടക്കുന്നതെന്നും ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഒടുവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ കരുണ എസ്‌റ്റേറ്റിന്റെ കരം സ്വീകരിക്കുകയുള്ളൂ എന്ന ഭേദഗതിയിലേക്ക് സര്‍ക്കാരിന് എത്തേണ്ടി വരുകയും ചെയ്തിരിക്കുന്നു.

കരുണ വിഷയത്തില്‍ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ അടിച്ചത് ഭരണ പക്ഷത്തുനിന്നുള്ളവരാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.കരുണ വിഷയത്തില്‍ തുടക്കം മുതല്‍ ശക്തമായ നിലപാടെടുത്തിരുന്ന എ കെ ബാലനും ഇടതുപക്ഷവും വിഎം സുധീരന്റെ പോലെ പ്രത്യക്ഷമായ പോരിന് ഇറങ്ങിയില്ലായെന്നതും ശ്രദ്ധേയം. തെരഞ്ഞെടുപ്പുകാലത്ത് കരുണ എസ്റ്റേറ്റ് വിഷയം വീണ്ടും ഉയര്‍ന്നുവരുമ്പോള്‍ ഇതുകൊണ്ടു സംസ്ഥാനത്തിനു കാര്യമായ നേട്ടമുണ്ടായില്ലെങ്കിലും പ്രതിഛായാ നേട്ടമുണ്ടാക്കിയത് വിഎം സുധീരന്‍ തന്നെ. ഇതിന് അദ്ദേഹം എന്തുവില കൊടുക്കേണ്ടി വരുമെന്നു കാത്തിരുന്നു കാണാം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍