UPDATES

സിനിമാ വാര്‍ത്തകള്‍

വ്യാജ വാഹന രജിസ്ട്രേഷന്‍: ‘എന്റെ പിഴ, എന്റെ വലിയ പിഴ’യെന്ന് ഫഹദ് ഫാസില്‍

ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു; എത്ര രൂപ പിഴ അടയ്ക്കാനും ഒരുക്കമാണെന്ന് നടന്‍

പുതുച്ചേരിയില്‍ വ്യാജ വാഹന രജിസ്‌ട്രേഷന്‍ നടത്തിയ കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിന് തുടര്‍ന്നാണ് ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആള്‍ ജാമ്യത്തിലും 50,000 രൂപ ബോണ്ടിലും പിന്നീട് ഫഹദിനെ വിട്ടയയ്ക്കുകയായിരുന്നു. പൂര്‍ണമായി കുറ്റസമ്മതം നടത്തുന്ന നിലപാടാണ് അദ്ദേഹം ചോദ്യം ചെയ്യലില്‍ സ്വീകരിച്ചത്. തനിക്ക് അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം നോക്കുന്നത് മറ്റുള്ളവരാണെന്നുമാണ് ഫഹദ് പറയുന്നത്. എത്ര രൂപ പിഴ അടയ്ക്കാനും ഒരുക്കമാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു കേസിലാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. എന്നാല്‍, മറ്റൊരു വാഹനം കൂടി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതില്‍ കൂടി വൈകാതെ ക്രൈംബ്രാഞ്ച് അന്വേഷണമുണ്ടാകും. നിലവിലുള്ള കേസിനൊപ്പം തന്നെ ഈ കേസും ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വഞ്ചനാ കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഫഹദിനെതിരേ കേസെടുത്തത്. എന്നാല്‍, ഇതിന് പിന്നാലെ ഫഹദ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തയുടന്‍ വിട്ടയച്ചത്.

പുതുച്ചേരിയില്‍ ഇല്ലാത്ത ഒരു വിലാസത്തിലാണ് ഫഹദ് രണ്ട് കാറുകളും രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ആദ്യ കേസ് പുറത്തുവന്നപ്പോള്‍ തന്നെ പിഴയടക്കാന്‍ ഫഹദ് സന്നദ്ധത അറിയിക്കുകയും 17 ലക്ഷം രൂപ പിഴയടയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒന്നര കോടി രൂപയുടെ ബെന്‍സും ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ ചെയ്തത് കണ്ടെത്തിയത്.
കേസ് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി ഫഹദിനെ ഇന്ന് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ അമല പോള്‍, സുരേഷ് ഗോപി എന്നീ താരങ്ങളും പുതുച്ചേരി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നിയമ നടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ലക്ഷങ്ങള്‍ വെട്ടിക്കുന്നതിലെ ഉളുപ്പില്ലായ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍