UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈകി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പൂ നല്കി സ്വീകരിച്ചതെങ്ങനെ രാജ്യദ്രോഹമാകും? മലപ്പുറത്ത് സംഭവിച്ചത്

Avatar

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവര്‍കള്‍ക്ക്, ആം ആദ്മി സംസ്ഥാന സമിതി കൺവീനർ സി. ആർ. നീലകണ്ഠൻ എഴുതുന്ന തുറന്ന കത്ത്:

വിഷയം: 1) ആം ആദ്മി പ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക.  2) പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിടുന്ന ഐ.പി.സി 353 വകുപ്പ് ഭേദഗതി റദ്ദാക്കുക.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽപ്പെട്ട മൊറയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വൈകി വന്ന ജീവനക്കാർക്കു പൂ നൽകി സ്വീകരിച്ച മധു, ആസിഫ്, അഷ്‌കർ, ഫൈസൽ തുടങ്ങിയ ആം ആദ്മി പ്രവർത്തകർക്കെതിരെ കൊണ്ടോട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് കേസെടുത്തിരിക്കുകയാണ് (Cr. No.536/16). ഇക്കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 341, 506, 294, 353 R/w 34 വകുപ്പുകൾ അനുസരിച്ചു കേസെടുക്കേണ്ട കുറ്റമാണോ ഇതെന്നും താങ്കൾ വിലയിരുത്തണം എന്നും ആവശ്യപ്പെടുന്നു.

പ്രിയ മുഖ്യമന്ത്രി അറിയുക: ആം ആദ്മി പ്രവർത്തകർ ആ ഓഫീസിലെ ഒരു ജീവനക്കാരന്റെയും പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്നില്ല, മറിച്ചു ഇങ്ങനെയല്ല അവർ പ്രവർത്തിക്കേണ്ടതെന്നു സ്നേഹബുദ്ധ്യാ ബോധിപ്പിക്കുകയായിരുന്നു.

ജനങ്ങളോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചു മുഖ്യമന്ത്രി എന്ന നിലയിൽ നടത്തിയ അഭ്യര്‍ത്ഥന ചില ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു എന്നത് സത്യം. ഇക്കഴിഞ്ഞ ദിവസം ഇടതുപക്ഷ സർവീസ് സംഘടനകളുടെ യോഗത്തിലും അങ്ങ് ഇതാവർത്തിച്ചു. ആ പ്രസംഗത്തിൽ തന്നെ സൂചിപ്പിക്കുന്നതു പോലെ കൃത്യസമയത്ത് ഓഫീസിൽ എത്തുക എന്നത് ഏതുദ്യോഗസ്ഥന്റെയും പ്രാഥമിക കടമയാണല്ലോ. സ്ഥിരമായി വൈകി എത്തുന്ന നിരവധി പേര്‍ ഇന്ന് പല ഓഫീസുകളിലും ഉണ്ടെന്ന വസ്തുത ആർക്കും അറിയാത്തതല്ല. വൈകി വരുന്നത് നോക്കാൻ മേലുദ്യോഗസ്ഥർ ഉണ്ടല്ലോ എന്നാണ് മറുപടി എങ്കിൽ ആ ഉദ്യോഗസ്ഥനും വൈകിയാണ് വരുന്നതെങ്കിലോ എന്നു മറുചോദ്യവും ഉയർന്നു വരാം. ഓഫീസിൽ വൈകി വരുന്നവരെ അവരുടെ തെറ്റു ബോധ്യപ്പെടുത്താൻ പൊതു ജനങ്ങൾക്കും അവകാശമില്ലേ? അത്രയും ചെയ്ത പൊതുപ്രവർ ത്തകർക്കെതിരെ ഇത്തരം സമീപനമാണോ വേണ്ടത് എന്നും താങ്കൾ ചിന്തിക്കണമെന്നും അപേക്ഷിക്കുന്നു.  

ഇക്കാലമത്രയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലിരുന്ന വ്യക്തിയാണ് താങ്കള്‍. ഇപ്പോഴും സ്വന്തം സംഘടനക്കാരോട് കൃത്യമായി ജോലി ചെയ്യണമെന്നും അഴിമതി നടത്തരുതെന്നും ആവർത്തിക്കേണ്ടി വരുന്നു എന്നതിൽ നിന്നു തന്നെ അഴിമതി വിഷയത്തിൽ ഇതുവരെ ഇടതുപക്ഷം എടുത്ത നിലപാടുകളിൽ വിശ്വാസ്യതയില്ലെന്നു സ്വയം സമ്മതിക്കുക കൂടിയായിരുന്നു ഇതിലൂടെ ഉണ്ടായത് എന്ന വിമര്‍ശനം തള്ളിക്കളയാൻ കഴിയില്ല. ഇടതുപക്ഷ സംഘടനാനേതാക്കളും ഇതിൽ നിന്നും മുക്തരായിട്ടില്ലെന്നു ചുരുക്കം.

എല്ലാ പുതിയ മുഖ്യമന്ത്രിമാരും ഇങ്ങനെയൊക്കെ സാധാരണ പറയാറുണ്ട്. അതുപോലൊന്ന് എന്ന് കരുതി തള്ളിക്കളയണമോ? അങ്ങനെ ചെയ്യാന്‍ തോന്നുന്നില്ല. അത് താങ്കള്‍ വ്യത്യസ്തനാണെന്ന് കരുതുന്നത് കൊണ്ടല്ല. മറിച്ചു ഇന്ന് നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനത്തില്‍ നിന്നും ജനങ്ങള്‍ നേരിടുന്ന ദുരവസ്ഥക്ക് എന്തെങ്കിലും ചെറിയ മാറ്റം ഉണ്ടാകണമെന്ന ആഗ്രഹം മൂലമാണ്. അത്രയ്ക്കും ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. മാത്രവുമല്ല അഴിമതി, അവഗണന, കെടുകാര്യസ്ഥത മുതലായവയുടെ ദുരന്തഫലങ്ങൾ മനസ്സിലാക്കിയ ജനങ്ങൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ഉയർന്നു വന്ന പ്രസ്ഥാനവും ആം ആദ്മി പാർട്ടിയുടെ വിജയങ്ങളും കോൺഗ്രസ് നയിക്കുന്ന യു പി എയുടെ ദയനീയ പരാജയവും ഏറ്റവുമൊടുവിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ വിജയവും ഇവക്കെതിരായ ജനവികാരമാണെന്നു താങ്കളും മനസ്സിലാക്കിയിരിക്കും. അഴിമതി തടയണമെങ്കിൽ സിവിൽ സർവീസിന്റെ ശുദ്ധീകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രിക്കറിയാം. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പുതിയതല്ല. വൃദ്ധരും രോഗികളും തൊഴിലന്വേഷകരും വിദ്യാഭ്യാസപ്രവേശനത്തിനോ സഹായത്തിനോ  അപേക്ഷ നല്കിയവരുമൊക്കെ ഉണ്ടാകാം. അവർക്കാവശ്യമുള്ള സമയത്തിനകം സക്കാരിന്റെ സേവനം കിട്ടിയില്ലെങ്കിൽ മരണമടക്കമുള്ള ദുരന്തങ്ങൾ സംഭവിക്കാം.

ഒരു തരം ഹിംസകളും ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നു സമ്മതിക്കുമ്പോഴും വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച ആ സാധാരണക്കാരന്റെ മനോവികാരം ആർക്കും ബോധ്യമാകുന്നതാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സീറ്റിൽ ഉണ്ടെന്നു കണ്ടാൽ തന്നെ അവിടെ എത്തുന്ന പൊതുജനങ്ങൾക്ക് വലിയൊരു ആശ്വാസമാണിന്നു. സേവനാവകാശ നിയമമൊക്കെ ഉണ്ടെങ്കിലും അതൊന്നും സാധാരണക്കാർക്ക് ഇന്നും അനുഭവപ്പെട്ടിട്ടില്ല. കൃത്യമായും ആത്മാത്ഥതയോടെയും ജോലി ചെയ്യുന്ന ഒട്ടനവധി പേര് സർക്കാർ ഓഫീസുകളിൽ പണിയെടുക്കുന്നുണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല. എന്നാൽ ഒരൊറ്റ ഉദ്യോഗസ്ഥൻ വേണ്ട സമയത്തില്ലാതിരുന്നാൽ തന്നെ പലരുടെയും കാര്യങ്ങൾ നടക്കാതെ വരും.അതുകൊണ്ട് തന്നെ അങ്ങയുടെ ശ്രമങ്ങളെ പ്രതീക്ഷയോടെ തന്നെ കാണാൻ ശ്രമിക്കാം. ഈ സാഹചര്യത്തിൽ   ഈ വിഷയത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകൾ ഉടൻ തന്നെ റദ്ദാക്കണമെന്നും വിനയപുരസരം ആവശ്യപ്പെടുന്നു

മറ്റൊരു പ്രധാന വിഷയം കൂടി ഈ സാഹചര്യത്തിൽ സൂചിപ്പിക്കുന്നത് പ്രസക്തമാകുമെന്നു കരുതട്ടെ. സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുന്ന തെറ്റുകൾ തുറന്നുകാട്ടാനും തിരുത്താനും വേണ്ടി വിവരാവകാശ നിയമം പോലുള്ളവ ഉപയോഗിക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരെ നിയന്ത്രിക്കുന്നതിനും ജയിലിൽ അടക്കുന്നതിനും വേണ്ടി ഭേദഗതി ചെയ്യപ്പെട്ട ഒരു കരിനിയമമാണിവിടെയും പ്രയോഗിച്ചിരിക്കുന്നത്. അഴിമതിയുടെ നടത്തിപ്പുകാരായിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ട് വന്ന നിയമ ഭേദഗതിയാണ്  ഇത്. സർക്കാർ ഓഫീസിൽ ചെല്ലുന്ന ആർക്കെതിരെയും ഒരു ഉദ്യോഗസ്ഥന്റെ പരാതിയിന്മേൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 353ആം വകുപ്പ് പ്രയോഗിക്കുകയും ആ വകുപ്പ് ജാമ്യമില്ലാത്ത ഒന്നാക്കി മാറ്റുകയും ചെയ്തത് ആ സർക്കാരാണ്. സിവിൽ സർവീസിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കപ്പെടണമെങ്കിൽ, സുതാര്യത ഉറപ്പാക്കണമെങ്കിൽ, പൊതു സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് താങ്കൾക്കും അറിവുള്ള കാര്യമാണല്ലോ. പൊതുജനം ഭീതിയോടെ കയറിച്ചെല്ലേണ്ട ഒന്നാകരുത് സർക്കാർ ഓഫീസ്. വിവരാവകാശ നിയമത്തിനു ഈ പ്രക്രിയയിൽ ഉള്ള പങ്കും എടുത്ത് പറയേണ്ടതില്ല. അതുകൊണ്ട് തന്നെ  ഈ ജനവിരുദ്ധ ഭേദഗതി പിൻവലിച്ചു അങ്ങയുടെ സർക്കാരിന്റെ അഴിമതിവിരുദ്ധനയം വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനു സർക്കാർ തയ്യാറല്ലെന്ന് വരികിൽ ഉദ്യോഗസ്ഥരോടുള്ള താങ്കളുടെ അഭ്യർത്ഥനകൾ കേവലം വാചകക്കസർത്തു മാത്രമെന്ന് ജനങ്ങൾ കരുതും.

അഴിമതിയാണ് മറ്റൊരു പ്രധാന വിഷയം. അഴിമതി ആഗോള പ്രതിഭാസമാണെന്നും വർഗ്ഗരഹിത സമൂഹം വരാതെ അതില്ലാതാക്കാൻ കഴിയില്ലെന്നും മറ്റുമുള്ള പ്രത്യയ ശാസ്ത്രങ്ങളൊന്നും ഇന്നാരും അംഗീകരിക്കില്ല. ഇതുകൊണ്ട് സർക്കാർ തന്നെ അനാവശ്യമാണെന്ന് വാദിക്കുന്നവരുണ്ട്. സര്‍ക്കാര്‍ വരുമാനത്തിന്റെ സിംഹഭാഗവും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്കാനായി നീക്കിവക്കുന്നു എന്നും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്നും മറ്റുമുള്ള വലതുപക്ഷ എ ഡി ബി വാദങ്ങളെ എതിര്‍ക്കുന്ന ഒരു വ്യക്തി തന്നെയാണ് ഈ ലേഖകനും.  ഈ സംസ്ഥാനത്തിന്റെ വികസനമെന്നാല്‍ കൃഷിയും വ്യവസായവും ആരോഗ്യവും വിദ്യാഭ്യാസവും പൊതുമരാമത്തും കുടിവെള്ളവും പൊതുവിതരണവും പൊതു ഗതാഗതവും വൈദ്യുതിയും നിയമസമാധാനപാലനവും ഒക്കെ  ആണെന്നന്നതിനാല്‍  ആ പ്രവർത്തികള് നിർവഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റും അനാവശ്യ ചിലവാണെന്നു പറയാന്‍ കഴിയില്ല. വികസനത്തിനുള്ള ചിലവായി തന്നെ കാണുന്നു.

എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന പണം  ശരിയായ വിധത്തില്‍, ജനങ്ങൾക്ക് ഗുണകരമായ വിധത്തിൽ  വിനിയോഗിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ് താനും. ഭിക്ഷക്കാരടക്കം ഇന്നാട്ടിലെ എല്ലാ മനുഷ്യരും, നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഇവര്‍ ശമ്പളം പറ്റുന്നത് എന്നതിനാല്‍ അതിന്റെ വിനിയോഗം ശരിയാണോ എന്നറിയാന്‍ എല്ലാ ജനങ്ങള്‍ക്കും അവകാശമുണ്ട്. ഈ പ്രശ്നം ശരിയായി ഉന്നയിക്കാന്‍  നാളിത് വരെ ഭരിച്ച ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ സംഘടനകള്‍ക്ക്  വലിയ തോതില്‍ രാഷ്ട്രീയ സ്വാധീനമുളളതാണിതിനു ഒരു പ്രധാന കാരണമെന്ന് വ്യക്തം. സർക്കാർ ജീവനക്കാരനും സാധാരണ മനുഷ്യരാണ്. അവരുടെ അവകാശങ്ങൾ തീർച്ചയായും സംരക്ഷിക്കപ്പെടണം. അതിനു വേണ്ടി യൂണിയനുകളും ആവശ്യമാണ്. എന്നാൽ ശരിയായി ജോലി ചെയ്യാത്തവരുടെ സംരക്ഷണത്തിനായി ഈ യൂണിയനുകൾ നിലകൊള്ളുന്നു എന്ന തോന്നലാണ് ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇന്നുള്ളത്. അതവരുടെ അനുഭവമാണ്.

തങ്ങളുടെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾ വച്ചു പ്രവർത്തിക്കുമ്പോൾ രാഷ്ട്രീയനേതൃത്വങ്ങൾക്കു അഴിമതി സഹായമായി ഈ സംഘടനകൾ, അതിലെ അംഗങ്ങൾ  പ്രവർത്തിക്കുന്നുമുണ്ടാകും. ഇത്തരം രാഷ്ട്രീയ അഴിമതി കൂട്ടുകെട്ടുകളും തങ്ങളുടെ പ്രവർത്തനം തെറ്റാണെങ്കിൽ തിരുത്താൻ ശേഷിയുള്ള ഭരണാധികാരികൾ ഇല്ലെന്നും എന്തെങ്കിലും നടപടി വന്നാൽ തങ്ങളെ രക്ഷിക്കാൻ സംഘടനാ രാഷ്ട്രീയ നേതൃത്വങ്ങൾ ഉണ്ടാകുമെന്നുമുള്ള ഉറച്ച വിശ്വാസവുമാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് നടന്ന മെത്രാൻ കായൽ തുടങ്ങിയ എല്ലാ അഴിമതികൾക്കും നിരവധി ഉദ്യോഗസ്ഥർ കൂട്ടു നിന്നു എന്നത് ശരി. എന്നാൽ ഈ തട്ടിപ്പുകളെല്ലാം തീരുമാനിച്ചത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. സത്യസന്ധരായ ചില ഉദ്യോഗസ്ഥർ അതിനെതിരെ പ്രതികരിക്കാൻ തയ്യാറായി. എന്നാൽ അവരുടെ ദുരന്താനുഭവങ്ങൾ മറ്റുള്ളവരെ അതിൽ നിന്നും വിലക്കാൻ പര്യാപ്തമായിരുന്നു. അഴിമതി തടയാൻ ഏറ്റവുമധിക ചുമതലപ്പെട്ട വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ വിഭാഗം മേധാവി ആയിരുന്ന ജേക്കബ് തോമസ് ഐ പി  എസിന്റെ  അനുഭവം ഏറെ ചർച്ച ചെയ്യപ്പെട്ടതാണല്ലോ. പാറ്റൂര്, ബാർക്കോഴ തുടങ്ങിയ കേസുകളിൽ അദ്ദേഹം സത്യത്തിന്റെ വെളിച്ചം കാണുന്നു എന്നു മനസിലായ ഉടനേ തന്നെ സർക്കാർ  ഇടപെട്ടു. അദ്ദേഹത്തെ ഒരു തരത്തിലും സർക്കാരിന്റെ അഴിമതി പ്രവർത്തനങ്ങൾക്കു തടസ്സമാകില്ലെന്നുറപ്പുള്ള വകുപ്പിലേക്ക് മാറ്റി. ചുരുക്കത്തിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലെന്നുറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ ശ്രമം പരാജയപ്പെടും.

ഏതു സർക്കാർ അധികാരത്തിൽ വന്നാലും അവർക്കൊക്കെ വൻ അഴിമതി നടത്താൻ  സഹായിക്കുന്ന കുറെ ഉന്നത ഉദ്യോഗസ്ഥരുണ്ട്. റിട്ടയർ ചെയ്താലും വൻ വരുമാന സാധ്യതയുള്ള സ്ഥാനങ്ങളിൽ ഇവരെ പിടിച്ചിരുത്തും. ഭരണമാറ്റം ഇവരെ ബാധിക്കുകയേയില്ല. യു ഡി എഫ് സർക്കാരിന്റെ  കാലത്ത് ഇടതുപക്ഷം അതിശക്തിയായി എതിർത്ത ഒന്നാണ് ആറന്മുള വിമാനത്താവള പദ്ധതി. അതിനു വേണ്ടി മുൻ എൽ ഡി  എഫ് സർക്കാരിൽ ഇരുന്നുകൊണ്ട് 2000 ഏക്കറോളം നെൽവയൽ വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉദ്യോഗസ്ഥൻ പിരിഞ്ഞപ്പോൾ സർക്കാർ ഭൂമി മറിച്ചുവിൽക്കുന്ന സ്ഥാപനത്തിന്റെ ചുമതലയാണ് യു ഡി എഫ് സർക്കാർ ഏൽപ്പിച്ചത്. ഒപ്പം ഒരിക്കലും നടക്കാത്തതും ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിക്കൽ ഭീതിയിലാഴ്ത്തുന്നതുമായ അതിവേഗ റയിൽ കോർപറേഷന്റെ അധിപനുമാക്കി. പ്രതിമാസം കോടികൾ തുല ച്ചുകൊണ്ടേയിരിക്കുന്നു. ഇവരാകും വരും തലമുറക്കും മാതൃകകൾ.

സർക്കാർ നടപടിക്രമങ്ങൾ ഇന്നും ദുരൂഹതകൾ നിറഞ്ഞതാണ്. ഒരു കാര്യം എങ്ങനെ ചെയ്യാതിരിക്കാം എന്ന രീതിയിലാണ് പല നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കുന്നത്. ഉദ്യോഗസ്ഥർ എത്ര ആത്മാർത്ഥമായി പ്രവർത്തിച്ചാൽ പോലും അർഹരായവർക്ക്‌ സേവന ഉറപ്പാക്കാൻ കഴിയാതെ വരുന്നു. ഇക്കാലമത്രയും നാം നടത്തിയ ഭരണപരിഷ്കാരശ്രമങ്ങളെല്ലാം  കാര്യമായ വിജയം കണ്ടില്ല. ഏറെ പ്രതീക്ഷയോടെ നാം കൊണ്ടുവന്ന അധികാരവികേന്ദ്രീകരണത്തിലൂടെ അഴിമതിയാണ് വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന വിമര്‍ശനം തള്ളിക്കളയാൻ കഴിയില്ല. ഇതിലൊക്കെ എന്തുമാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ സർക്കാരിന് കഴിയും എന്നത് വലിയ ചോദ്യമാണ്.

മുഖ്യമന്ത്രിയുടെ ശ്രമങ്ങൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നു. സിവിൽ സർവീസിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരായി എന്നും പ്രവർത്തിക്കുന്ന ആം ആദ്മി പാർട്ടി അങ്ങയുടെ സർക്കാരിൽ നിന്നും നീതി പ്രതീക്ഷിക്കുന്നു. അതിനായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. അല്ലാത്തപക്ഷം അതിനു വേണ്ടി ശക്തമായ പോരാട്ടം നടത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍