UPDATES

യാത്ര

ഈ ആളെക്കൊല്ലി താഴ്വരയെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍

Avatar

ടിം ക്രെയിഗ്
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

കീഴടങ്ങാത്ത മനസ്സുമായ് മഞ്ഞു പുതച്ചുറങ്ങുന്ന നംഗ പർവതത്തെ നാട്ടുകാർ അഞ്ചു പതിറ്റാണ്ടിലേറെയായ് “ആളെക്കൊല്ലി മല”യെന്ന ഓമനപ്പേരിട്ടാണ് വിളിച്ചുവരുന്നത്. ലോകത്തിലെ ഉയരമേറിയ പർവതങ്ങളിൽ ഒൻപതാമനായ ഈ പർവതത്തിലേക്കുള്ള ചെങ്കുത്തായ കയറ്റത്തിൽ വെച്ച് നൂറിലധികം പർവതാരോഹാരും ചുമട്ടുകാരും മരണപ്പെട്ടിട്ടുണ്ട്. 

പാക്കിസ്ഥാനി താലിബാൻ ഉയർത്തുന്ന ഭീഷണിയുടെ പ്രതീകമായ് മാറിയ ഈ പർവതത്തിന്റെ പേരിലുള്ള “കൊലയാളി” എന്ന പദം മായ്ച്ചു കളയാനുള്ള തീവ്ര ശ്രമത്തിലാണ് നാട്ടുകാർ. 

കഴിഞ്ഞ ജൂണിലാണ് ഈ പാർവതത്തിന്റെ അടിവാരത്ത് വെച്ച് പന്ത്രണ്ടോളം വരുന്ന ആയുധധാരികളായ പാകിസ്ഥാനി താലിബാനുകാർ വിദേശികളായ പത്ത് പർവതാരോഹകരെ നിഷ്ക്കരുണം കൊലപ്പെടുത്തിയത്. ഇത്തരത്തിൽ അന്താരാഷ്ട്ര പർവതാരോഹാരണ സമൂഹത്തെ ഒന്നടങ്കം നടുക്കിയ സംഭവങ്ങൾ വിരളമാണ്.

ഭീകരപ്രവര്‍ത്തനങ്ങൾ പാക്കിസ്ഥാന് പുതുമയുള്ള കാര്യമൊന്നുമല്ല.ഇസ്ലാമിക തീവ്രവാദികളിൽ നിന്നുള്ള അക്രമത്തിൽ മാത്രം 3,000 ജീവനാണ് കഴിഞ്ഞ വർഷം രാജ്യത്തിന്‌ നഷ്ടമായത്. പക്ഷെ വടക്കന്‍ പർവത നിരകളേയും നംഗ പർബതത്തെയും (Nanga Parbat) രാജ്യത്തിന്റെ അഭിമാനമായ് കരുതിയ പാക്കിസ്ഥാനി പൌരന്മാർക്ക് ഈ ആക്രമണം കനത്ത ആഘാതമായിരുന്നു. 

“ഒരു പാക്കിസ്ഥാനിയെന്ന നിലയിൽ ഞങ്ങളുടെ സെപ്റ്റംബർ 11 ആയാണ് ഞാനീ സംഭവത്തെ കാണുന്നത്. ഇങ്ങനെയൊരു ആക്രമണം സംഭവിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ട് പോലുമില്ല”. 2000ൽ നേപ്പാളിൽ നിന്നും എവറസ്റ്റ് കൊടുമുടി കയറിയ ആദ്യത്തെ പാക്കിസ്ഥാനിയായ നാസിർ സബീർ പറഞ്ഞു. ഇസ്ലാമാബാദ് ആസ്ഥാനമായ ഒരു  ടൂർ കമ്പനി നടത്തുകയാണ് സബീർ. 

സഹിഷ്‌ണുതയുടേയും ആതിഥ്യമര്യാദയുടേയും പേരിൽ പ്രസിദ്ധമായ വടക്കൻ പാക്കിസ്ഥാനിൽ നടന്ന ഈ അക്രമണം രാജ്യത്തിലെ ടൂറിസം വ്യവസായത്തെ നന്നായി ബാധിക്കുക തന്നെ ചെയ്തു. വടക്കൻ വസിരിസ്ഥാനിലെ താലിബാനികളെ ഒതുക്കാൻ പട്ടാളത്തെ നിയോഗിക്കുന്നതിലെ ഒരു കാരണമായി വിദേശ പർവതാരോഹരുടെ കൊലപാതകത്തെ പ്രധാനമന്ത്രി നവാസ് ഷരീഫ് എടുത്തുപറയുകയുണ്ടായി. 

ഭൂമിയിലെ ഏറ്റവും ഉയരമേറിയ 14 പർവതങ്ങളിൽ അഞ്ചും പാകിസ്ഥാനിലാണ്, ഭൂമിയിലെ ഉയരത്തിൽ രണ്ടാമനായ K2 ഉം ഇതിലുൾപ്പെടും.  26,660 അടി ഉയരത്തിലുള്ള നംഗ പർബത് പാക്കിസ്ഥാനിലെ ഉയരമേറിയ പർവതങ്ങളിൽ രണ്ടാമനാണ്. 

ആക്രമണത്തിനു ശേഷം വിദേശ പർവതാരോഹരുടെ എണ്ണത്തിൽ കാര്യമായ മാറ്റം പ്രകടമായിരുന്നു. 

“പാക്കിസ്ഥാൻ പോലൊരു സ്ഥലത്തേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും ഇനിയവർ വർഷങ്ങളെടുക്കും. അവിടേക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ച് ഞാനൊരുപാടാൾക്കാരോട് സംസാരിച്ചപ്പോൾ: അവിടം സുരക്ഷിതമാണോ? എന്ന ചോദ്യവും മറ്റു ചിലരിൽ നിന്ന് ‘ നിനക്കെന്താ വട്ടുണ്ടോ’ എന്ന പ്രതികരണവുമാണ് കിട്ടിയത്.” കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായ് പാകിസ്ഥാനിൽ 11 തവണ പർവതാരോഹണ സാഹസികയാത്രകൾ നടത്തിയ അമേരിക്കൻ ആൽപൈൻ ക്ലബ്ബിന്റെ മുൻ പ്രസിഡന്റായ സ്റ്റീവ് സ്വെൻസണ്‍ പറഞ്ഞു.   

2013 ജൂണ്‍ 22ന് ഡയാമിർ ഫേസ് എന്നറിയപ്പെടുന്ന പർവതത്തിന്റെ പശ്ചിമ ദിക്കിലുള്ള അടിവാരത്തിലുള്ള താവളത്തിലെത്താൻ പാകിസ്ഥാനി താലിബാൻ അക്രമികൾ മൂന്നു ദിവസം കാല്‍നടയായി യാത്ര ചെയ്തിരിക്കണമെന്നാണ് പ്രാദേശിക അധികൃതരും നാട്ടുകാരും പറയുന്നത്. 

“താലിബാൻ! അൽ-ഖൈദ! കീഴടങ്ങുക!” പർവതാരോഹരും ചുമട്ടുകാരും കിടന്നുറങ്ങിയിരുന്ന ക്യാമ്പിലേക്ക് ഇരച്ചു കയറിയ അക്രമികൾ ആക്രോശിച്ചു. 

അവിടെയുണ്ടായിരുന്ന 40 ലധികം തമ്പുകള്‍ കഠാരകൊണ്ട് ചീന്തിമുറിച്ച് വിദേശികളെ തേടി അക്രമികൾ നടന്നു. യുക്രൈൻ(3 പേർ), സ്ലൊവാക്കിയ, ചൈന (2 പേർ വീതം) അമേരിക്ക,നേപ്പാൾ, ലിത്വേനിയ( ഒരാൾ വീതം) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ പുറത്തേക്ക് വലിച്ചിറക്കി കൈ പിറകിൽ കെട്ടി നിലാ വെളിച്ചത്തിൽ വരിവരിയായ് മുട്ട് കുത്തി നിർത്തുകയായിരുന്നു അക്രമികൾ പിന്നെ ചെയ്തത് .

“പെട്ടന്ന് ഞങ്ങളൊരു വെടി ശബ്ദം കേട്ടു, അതിനു ശേഷം യന്ത്രത്തോക്കിൽ നിന്നുള്ളതു പോലുള്ള തുടര്‍ച്ചയായ വെടിയൊച്ചയും. പിന്നെ ആ സംഘത്തിന്റെ നേതാവ് വന്ന് എല്ലാ മൃത ശരീരങ്ങളേയും വീണ്ടും വെടിവെച്ചു”. വിദേശികളുടെ സമീപത്തു തന്നെ ബന്ധനസ്ഥനാക്കി നിർത്തപ്പെട്ട 31 വയസ്സുള്ള പാക്കിസ്ഥാനി പർവതാരോഹകൻ പറഞ്ഞു. സുരക്ഷയെ ഭയന്ന് തന്റെ പേര് പ്രസിദ്ധീകരിക്കാനദ്ദേഹം സമ്മതിച്ചില്ല.

“ഒസാമാ ബിൻ ലാദനെ കൊന്നതിനുള്ള പ്രതികാരം വീട്ടിയ ദിവസമാണിത്” അക്രമികളിലൊരാൾ അട്ടഹസിച്ചു. 

രണ്ടു വർഷം മുന്പ് അമേരിക്ക അൽ-ഖ്വൈദ നേതാവിനെ പാക്കിസ്ഥാനിൽ വെച്ച് കൊന്നതിനുള്ള മറുപടിയായാണ് ഈ അക്രമത്തെ അവർ കണ്ടത്. 

പിക്കാസിന്‍റെ സഹായത്താൽ ചെങ്കുത്തായ മലയിലെ കിടങ്ങിൽ മറഞ്ഞിരിക്കാൻ സാധിച്ചതിനാൽ ഒരു ചൈനീസ് പർവതാരോഹകന് മരണത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചു. ഷിയാ വിഭാഗക്കാരനാണെന്ന കാരണത്താൽ ഒരു പാക്കിസ്ഥാനി പാചകക്കാരനെയും അവർ കൊലപ്പെടുത്തുകയുണ്ടായി. ഈ സംഭവവുമായ് ബന്ധപ്പെട്ട് ആറുപേരെ പാക്കിസ്ഥാനി പോലീസ് അറസ്റ്റു ചെയ്തു, അവർ കുറ്റസമ്മതം നടത്തുകയും ചെയ്തിട്ടുണ്ട്. 

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു മുന്‍പ് ഹിമാലയൻ, കരക്കൊരം, ഹിന്ദു കുഷ് പർവത നിരകൾ സംഗമിക്കുന്ന പാക്കിസ്ഥാനിലെ ഗിൽഗിറ്റ്-ബൽറ്റിസ്ഥാൻ ജില്ലകളിലേക്ക് ഓരോ വർഷവും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ വന്നുകൊണ്ടിരുന്നതായിരുന്നു. 

” ന്യൂയോർക്കും വാഷിംഗ്ടണും ആക്രമിക്കപ്പെട്ട ദിവസം വടക്കൻ പാക്കിസ്ഥാനിൽ മാത്രം 20,000 വിനോദ സഞ്ചാരികളുണ്ടായിരുന്നു, അതിനു ശേഷം ഒരു വർഷത്തിൽ ഈ സംഖ്യയുടെ പകുതി സഞ്ചാരികൾ വന്നാൽ തന്നെ ഭാഗ്യമായ് കരുതുന്ന സ്ഥിതിയിലേക്ക് ഞങ്ങളെത്തി”,പാക്കിസ്ഥാൻ ടൂറിസം ഡവലപ്മെന്‍റ് കോർപ്പറേഷനിലെ മാനേജറായ തയിബ് നിസാർ മിർ പറഞ്ഞു.  

ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങൾ കാണാൻ കച്ചകെട്ടിയിറങ്ങിയ പർവതാരോഹകരും ഭ്രാന്തൻ സഞ്ചാരികളും മാത്രമാണ് പിന്നെ പാക്കിസ്ഥാനിലെത്തിയത്.

1980, 90 കളിൽ വർഷത്തിൽ 150 പർവതാരോഹണ പര്യടനങ്ങൾ നടന്നിരുന്നെകിലും 9/11നു ശേഷമത് 75 ആയി ചുരുങ്ങുകയും, ഈ വർഷത്തിലത് 30 മാത്രമായ് മാറുകയും ചെയ്തു. ഈ വേനൽക്കാലത്ത് പർവതാരോഹകരെയാരേയും പ്രതീക്ഷിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. “സഞ്ചാരികളുടെ എണ്ണത്തിൽ വളരെ പ്രകടമായ കുറവാണ് കണ്ടു തുടങ്ങിയത്”, മിർ പറഞ്ഞു. 

“വർഷത്തിൽ 100 മില്ല്യൻ ഡോളർ വരുമാനം രാജ്യത്തിന്‌ നേടിക്കൊടുത്തുകൊണ്ടിരുന്ന വിനോദ സഞ്ചാര മേഖലയുടെ ശവപ്പെട്ടിയിലുള്ള അവസാനത്തെ ആണിയായിരുന്നു നംഗ പർബത്”, അദ്ദേഹം കൂട്ടിച്ചേർത്തു. 

കൂട്ടക്കൊല ഒറ്റപ്പെട്ട ദുരന്തമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഗിൽഗിറ്റ്-ബൽറ്റിസ്ഥാൻ അധികൃതർ. പ്രദേശം ശാന്തമാണെന്ന കാര്യം സഞ്ചാരികളെ വിശ്വസിപ്പിക്കാൻ ഏതറ്റം വരേയും പോകാൻ അവർ തയ്യാറാണ്. 

കാരക്കോറം ദേശീയ പാതയിലൊരിടത്ത് നങ്ക പർബതത്തിലേക്കുള്ള ചൂണ്ടുപലകയിൽ “നിങ്ങളുടെ ഇടതുവശത്തേക്ക് നോക്കുക: കൊലയാളി മല” എന്നാണുണ്ടായിരുന്നത്. 

പക്ഷെ ആ സ്ഥലത്ത് വിശിഷ്‌ടമായ കല്ലുകൾ വിൽപ്പന നടത്തുന്ന ഖാരിയ അമിൻ പോലീസിന്റെ നിർദേശ പ്രകാരം “കൊലയാളി” എന്ന പദത്തിനു മുകളിൽ ചായം പൂശിയതിനു ശേഷം ഇപ്പോളത് “നിങ്ങളുടെ ഇടതുവശത്തേക്ക് നോക്കുക: മല” എന്നായി മാറി. 

സമീപത്തുള്ള മലകളിൽ നിന്നും ശേഖരിച്ച റൂബി, എമെറാൾഡ്, പോലുള്ള വിലകൂടിയ കല്ലുകൾ വില്പ്പന നടത്തുന്നതിലൂടെ ദിവസം 100 ഡോളർ വരുമാനമുണ്ടാക്കിയിരുന്ന അമീൻ ആഴ്ച്ചയിൽ 100 ഡോളർ കിട്ടിയാൽ ഭാഗ്യമായ് എന്ന് കരുതുന്ന സ്ഥിതിയിലെത്തി നിൽക്കുകയാണ്. 

നംഗ പർബതത്തിന്റേയും റായ്കോട്ട് ഹിമാനിയുടേയും വടക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെയറി മെഡോയിലെ വിനോദ സഞ്ചാര വ്യവസായം പൂർണ്ണമായും തകർന്നിരിക്കയാണ്, സ്ഥലവാസിയായ റാജി റെഹ്മൽ പറഞ്ഞു.  

50 വലിയ കുടുംബങ്ങളുള്ള ഈ ഒറ്റപ്പെട്ട ഗ്രാമത്തിന്റെ സാമ്പത്തിക സ്രോതസ് ടൂറിസമാണ്. ഇവിടെയെത്താൻ യാത്രികര്‍ക്ക് “ഭൂമിയിലെ ഏറ്റവും അപകടകരമായ പാത” യെന്നു നാട്ടുകാർ  വിളിക്കുന്ന പാതയിലൂടെ ഒരു മണിക്കൂർ ജീപ്പിൽ യാത്ര ചെയ്യണം. 8,200 അടി ഉയരത്തിലെത്തിയാൽ പാത അവസാനിക്കുന്നു, പിന്നെ ഗ്രാമത്തിലെത്താന്‍11,154 അടി ദൂരം നടന്നു കയറുക മാത്രമേ നിവൃത്തിയുള്ളൂ. 

50 വയസ്സുള്ള റെഹ്മൽ വിദേശികളുടെ കൂടെ വഴികാട്ടിയായും ചുമട്ടുകാരനായും 13,000 മൈലിലധികം നടന്നിട്ടുണ്ടാവുമെന്നാണ് പറയുന്നത്. ഗ്രാമത്തിനു വേണ്ടി ഒരു വിദ്യാലയം പണിയാനുള്ള പണം ആദ്ദേഹം കണ്ടെത്തുന്നതും തന്റെ വരുമാനത്തിൽ നിന്നാണ്. ഇവിടുത്തെ പുൽ മേടുകൾ ഒരു കെട്ടുകഥയെ ഒർമ്മപ്പെടുത്തിയതിനാൽ ഒരു വിനോദ സഞ്ചാരി നൽകിയ പേരാണ്  ‘ ഫെയറി മെഡോ’ എന്നാണ് ടൂർ ഓപ്പറേറ്റർമാർ പറഞ്ഞത്. 

“പ്രതാപത്തിന്റെ നാളുകളിൽ മരുന്നുമായ് വരുന്ന ഡോക്ടർമാരും, ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കാനായ് കൂടുതൽ കാലം താമസിക്കുന്ന വിദേശികളുമുണ്ടായിരുന്നു ഇവിടം. ഞങ്ങളൊരിക്കലും വിദേശികളേയും മറ്റു വിനോദ സഞ്ചാരികളേയും അപകടപ്പെടുത്തുന്നതിനെക്കുറിച്ച്  ചിന്തിക്കുക പോലുമില്ല” 

പാക്കിസ്ഥാനി പർവതാരോഹകരും വിദേശി സന്ദര്‍ശകരുടെ അസാന്നിദ്ധ്യം തിരിച്ചറിയുന്നുണ്ട്. 

“ഞങ്ങൾക്ക് അഭിമാനിക്കാൻ വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ, വിദേശികൾ വരുന്നതും ഈ പ്രദേശത്തെപ്പറ്റി പുകഴ്ത്തി സംസാരിക്കുന്നതും കേട്ടാൽ തന്നെ മനം നിറയും.” ഫെയറി മെഡോയുടെ സമീപത്ത് പർവതാരൊഹണത്തിലേർപ്പെട്ടിരിക്കുന്ന 41 വയസ്സുള്ള കറാച്ചിക്കാരനായ നശ്റീം ഘോരി പറഞ്ഞു. 

ആപ്രിക്കോട്ട്, ചെറി മരങ്ങൾഎന്നിവ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഹുൻസ താഴ്‌വരയിലെ വിനോദ സഞ്ചാര വ്യവസായത്തിലും കുത്തനെയുള്ള ഇറക്കമാണ് കാണാൻ സാധിക്കുന്നത്. ജെയിംസ്‌ ഹിൽറ്റന്റെ “ലോസ്റ്റ്‌ ഹൊറൈസൻ”എന്ന നോവലിലുള്ള “Shangri-La” എന്ന സാങ്കൽപ്പിക പ്രദേശത്തിന്റെ പ്രചോദനമായ് കണക്കാറുള്ള സ്ഥലങ്ങളിലൊന്നാണിത്. 

“ഇവിടെ നല്ല കാലാവസ്ഥയും സുന്ദരമായ മലകളും നല്ല ജനങ്ങളുമൊക്കെ ഉണ്ടായിട്ടും വിനോദ സഞ്ചാരികൾ വരുന്നില്ല.” വഴികാട്ടിയും താഴവരയിലുള്ള കരീമാബാദ് എന്ന നഗരത്തിൽ ക്യാമ്പിംഗ് സ്റ്റോറും നടത്തുന്ന മുഹമ്മദ്‌ കരീം ആവലാതി പറഞ്ഞു. 

“സന്ദർശകർ വരാതിരിക്കുകയാണെങ്കിൽ ജീവിത മാർഗം കണ്ടെത്താൻ നാട്ടുകാർ ഖനന പ്രവർത്തനങ്ങളിലും മരം വെട്ടിലും ഏർപ്പെടേണ്ടിവരുന്ന അവസ്ഥ വരും. ഗിൽഗിറ്റ്-ബൽറ്റിസ്ഥാനിലെ ജനങ്ങൾ വിദേശികളിൽ നിന്നും ഒരുപാട് പഠിച്ചു, എങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പ്രകൃതിയേയും വിനോദ സഞ്ചാരത്തേയും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാമെന്നും ഞങ്ങൾ പഠിച്ചു.” ഫെയറി മെഡോയിലെ ക്യാമ്പുകളിലൊന്നിന്റെ ഉടമയായ ഗുലാം നബി പറഞ്ഞു.

നംഗ പർബതത്തിനരികിൽ പർവതാരോഹണത്തിനു പോകുന്ന എല്ലാ വിദേശികൾക്കും ഒരു സായുധ നിയമ പാലകന്റെ തുണ നൽകാൻ അധികാരികൾ മുന്നോട്ടു വന്നിരിക്കയാണ്. ഇത്തരത്തിലുള്ള സുരക്ഷാ സൌകര്യങ്ങളും പ്രകൃതിയുടെ വശ്യതയും സഞ്ചാരികളെ വീണ്ടും ഈ പർവത നിരകളിലേക്ക് ആകർഷിക്കുമെന്നാണ് പാക്കിസ്ഥാന്‍കാർ പ്രതീക്ഷിക്കുന്നത്. 

“ഈ പർവതങ്ങൾ ഇവിടെത്തന്നെ കാണും, ഇന്നല്ലെങ്കിൽ നാളെ ഭൂമിയിലെ ഏറ്റവും സുന്ദരമായ ഈ പ്രദേശം കാണാൻ ജനങ്ങൾ തിരിച്ചു വരും” പാക്കിസ്ഥാനീ ടൂർ ഓപ്പറേറ്ററായ ഇഖ്ബാൽ വൽജിയുടെ വാക്കുകളിൽ പ്രതീക്ഷയുടെ മധുരമുണ്ടായിരുന്നു.    

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍