UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫൈസലിന്റെ കൊലപാതകം; സംശയം ബന്ധുക്കളിലേക്കും; ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സംഘടിച്ച് നാട്ടുകാര്‍

Avatar

അഴിമുഖം പ്രതിനിധി

 

മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമം ശനിയാഴ്ച ഉണര്‍ന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കേട്ടാണ്. ഒരു മതവിഭാഗവും തമ്മില്‍ കലഹിച്ചിട്ടില്ലാത്ത, പരസ്പര സൗഹാര്‍ദത്തിന്റെ ചരിത്രം ഏറെ പറയാനുള്ള കൊടിഞ്ഞിയില്‍ 32 വര്‍ഷം തങ്ങളിലൊരാളായി കളിച്ചും ചിരിച്ചും വളര്‍ന്ന ഒരു യുവാവ് മതപരിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ അതിക്രൂരമായി കൊല്ലപ്പെട്ടെന്ന വാര്‍ത്ത. പുല്ലാണി കൃഷ്ണന്‍ നായരുടേയും മിനാക്ഷിയുടേയും മകന്‍ അനിര്‍ കുമാര്‍ എന്ന ഫൈസലിനേയാണ് ആസൂത്രിതമായി കൊലപ്പെടുത്തിയ നിലയില്‍ ശനിയാഴ്ച പുലര്‍ച്ചെ റോഡരികില്‍ കണ്ടെത്തിയത്. സൗദി അറേബ്യയിലെ റിയാദില്‍ ജോലി ചെയ്യുന്ന ഫൈസല്‍ അവധി കഴിഞ്ഞ് ഞായറാഴ്ച തിരിച്ചു പോകാനിരിക്കെയാണ് ദുരന്തം.

 

ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പായി തന്നെ കാണാന്‍ തിരുവനന്തപുരത്തു നിന്നും എത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടാന്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സ്വന്തമായി ഓടിച്ചിരുന്ന ഓട്ടോറിക്ഷ എടുത്ത് 10 കിലോമീറ്റര്‍ അകലെയുള്ള താനൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് തിരിച്ചത്. പക്ഷെ വീട്ടില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെ വച്ചു തന്നെ പതിയിരുന്ന കൊലപാതകികള്‍ ഓട്ടോ തടഞ്ഞ് ഫൈസലിനെ റോഡിലേക്ക് വലിച്ചിഴച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത പള്ളിയിലേക്ക് പുലര്‍കാല പ്രാര്‍ത്ഥനയ്ക്കു വന്നവരാണ് ആദ്യമായി മൃതദേഹം കണ്ടത്.

 

ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചതാണ് ഈ ദാരുണ കൊലപാതകത്തിനു പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആറു മാസം മുമ്പ് സൗദിയില്‍ വച്ചാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. മതം മാറ്റത്തിനു പിന്നില്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇല്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അടുത്തറിയുന്നവരും പറയുന്നു. മതം മാറി എന്നു വച്ച് ഏതെങ്കിലും മുസ്ലിം സംഘടനയില്‍ നിന്നും ഫൈസലിന് പ്രത്യേക പരിഗണനയൊന്നും ലഭിച്ചിട്ടില്ലെന്നും അതവന്റെ വ്യക്തിപരമായ കാര്യമായാണ് പരിഗണിച്ചതെന്നും അടുത്ത സുഹൃത്തുക്കളിലൊരാളും അയല്‍വാസിയുമായ അബുബക്കര്‍ പി പറഞ്ഞു.

 

 

മതം മാറിയെങ്കിലും കുടുംബവുമായി നല്ല ബന്ധം തന്നെ തുടര്‍ന്നു വന്നിരുന്ന ഫൈസലിനു പക്ഷെ ചില ബന്ധുക്കളില്‍ നിന്ന് ജീവനു ഭീഷണിയുണ്ടായിരുന്നു എന്നു വ്യക്തമായിട്ടുണ്ട്. മകനെ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ തന്നെ ചതിച്ചതാണെന്ന് അമ്മ മീനാക്ഷി പറഞ്ഞു. “കൊടും ചതിയാണ് അവര്‍ ചെയ്തത്. ആരുമായും ഒരു വഴക്കിനും പോകാത്ത അവനെ അവര്‍ വകവരുത്തിയതാണ്. സാധാരണ അസമയങ്ങളില്‍ വീടു വിട്ടു പോകാറില്ല. ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങുന്നത് അറിഞ്ഞ് ആസൂത്രിതമായി കൊലപ്പെടുത്തിയത് തന്നെയാണ്,” മീനാക്ഷി വിതുമ്പലോടെ പറഞ്ഞു.

 

കൊലപാതക വാര്‍ത്ത കേട്ടപ്പോഴാണ്, നാട്ടുകാരില്‍ പലരോടും തനിക്കു ഭീഷണിയുണ്ടെന്ന് പലപ്പോഴായി ഫൈസല്‍ പറഞ്ഞിരുന്ന കാര്യം പുറത്തറിയുന്നത്. ജീവനു ഭീഷണിയുള്ളതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഭീഷണി ഭയക്കേണ്ട ഒരു സാഹചര്യം കൊടിഞ്ഞിയില്‍ ഇല്ലാത്തതിനാല്‍ ആരും അത് ഗൗരവത്തിലെടുത്തില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണത്തില്‍ നിന്നു മനസ്സിലായത്. “മതം മാറിയതിന്റെ പേരില്‍ ചില ബന്ധുക്കളില്‍ നിന്ന് ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞിരുന്നു. ആരും അത് കാര്യമായെടുത്തില്ല,” അയല്‍വാസിയായ ഒരു വീട്ടമ്മ പറഞ്ഞു. “ഏതെങ്കിലും വിഭാഗങ്ങള്‍ തമ്മില്‍ ഏതെങ്കിലും തരത്തില്‍ ഒരു ചേരിതിരിവോ പകയോ ഒന്നുമില്ലാത്ത നാടാണിത്. പരസ്പരം സംശയിക്കേണ്ട, ഭയക്കേണ്ട ഒരു അന്തരീക്ഷം ഇവിടെ ഇല്ല. അതു കൊണ്ട് തന്നെ തനിക്കു ഭീഷണിയുണ്ടെന്ന് അവന്‍ പറഞ്ഞപ്പോള്‍ പലരും അത് ഗൗരവത്തിലെടുത്തില്ല,” ഫൈസലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ പറയുന്നു.

 

“ഇതുവരെ ഞങ്ങളോടൊപ്പം കഴിഞ്ഞു പോന്നിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഒന്നും മതം മാറി എന്നു വച്ച് അവനില്‍ നിന്ന് ഉണ്ടായിട്ടില്ല. ഒരു പാര്‍ട്ടിയിലും സംഘടനയിലും അവനില്ലായിരുന്നു. അമ്മയോടും ഭാര്യയോടും കൂടെയാണ് കഴിഞ്ഞിരുന്നത്,” അദ്ദേഹം പറഞ്ഞു. ഏക മകനായ ഫൈസലാണ് കുടുംബം പോറ്റിയിരുന്നത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. അമിതമദ്യപാനത്തെ ചൊല്ലി അച്ഛന്‍ അനന്തന്‍ നായരുമായി അസ്വാരസ്യമുണ്ടെന്നതൊഴിച്ചാല്‍ മറ്റൊരു കുടുംബ പ്രശ്‌നവും ഫൈസലിനെ അലട്ടിയിരുന്നില്ലെന്നും കൂട്ടുകാര്‍ പറയുന്നു. പുറത്തു നിന്ന്‍ എത്തിയവരാണ് കൊല നടത്തിയിട്ടുള്ളത്. ഇവരുടെ വൈദഗ്ദ്ധ്യം മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് വ്യക്തമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

അഞ്ചു വര്‍ഷമായി സൗദി അറേബ്യയിലെ റിയാദിലെ ഒരു അറബി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഫൈസല്‍. ഗള്‍ഫിലേക്കു തിരിച്ചു പോകാന്‍ താല്‍പര്യമില്ലെന്നും സാമ്പത്തിക ബാധ്യകള്‍ തീര്‍ന്നാല്‍ നാട്ടില്‍ തന്നെ ജോലി ചെയ്ത് കഴിയാനാണു താല്‍പര്യമെന്നും സുഹൃത്തുക്കളോട് ഫൈസല്‍ പറഞ്ഞിരുന്നു. കുടുംബപരമായ സാമ്പത്തിക ബാധ്യതകള്‍ അധികമാര്‍ക്കും അറിയുകയുമില്ലായിരുന്നു. ആറു മാസം മുമ്പാണ് റിയാദില്‍ വച്ച് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന് സൗദിയിലെ സുഹൃത്തും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വദേശിയുമായ റഷീദ് കുന്നുമ്മല്‍ പറയുന്നു. ഇക്കാര്യം അവിടെ വച്ച് ഫൈസല്‍ അറിയിച്ചപ്പോള്‍ അത് വ്യക്തിപരമായ കാര്യമാണെന്നു സൂചിപ്പിച്ചതിനാല്‍ പിന്നീടൊന്നും അതേക്കുറിച്ച് അവന്‍ സംസാരിച്ചിട്ടില്ലെന്നും റഷീദ് പറഞ്ഞു. അവധിക്കെത്തിയ ഇരുവരും നാട്ടില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ ഫൈസലിനെ കാണാതായ വിവരമന്വേഷിച്ച് അമ്മ മീനാക്ഷി ഫോണ്‍ ചെയ്തിരുന്നു. പിന്നീട് സംഭവമറിഞ്ഞ് കൊടിഞ്ഞിയിലെത്തിയതായിരുന്നു റഷീദ്.

 

 

നാലു മാസം മുമ്പ് നാട്ടിലെത്തിയ ഫൈസല്‍ ഭാര്യ പ്രിയയേയും മൂന്നു മക്കളേയും പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയില്‍ കൊണ്ടു പോയി ഒരു മാസത്തെ പ്രാഥമിക ഇസ്ലാം പഠനത്തിന് ചേര്‍ത്തിരുന്നു. പ്രിയ ഇസ്ലാം മതം സ്വീകരിക്കുന്നതിനെ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്ന് അവരുടെ അച്ഛന്‍ കെപി കാര്‍ത്തികേയന്‍ പറഞ്ഞു. “ഞങ്ങള്‍ക്ക് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ താന്‍ സ്വമനസ്സാലെയാണ് മാറുന്നതെന്നും തീരുമാനത്തില്‍ ഇടപെടരുതെന്നും പ്രിയ പറഞ്ഞു. മുതിര്‍ന്നവരാണല്ലോ. പിന്നെ അവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതില്‍ വലിയ കാര്യമില്ലല്ലോ,” കാര്‍ത്തികേയന്‍ പറഞ്ഞു. “ഫൈസല്‍ ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നതറിഞ്ഞ് കാണാനും അവന്റെ ഒരു സുഹൃത്തിന്റെ വീട്ടുകാര്‍ തന്നേല്‍പ്പിച്ച പാഴ്‌സല്‍ നല്‍കാനുമാണ് കൊടിഞ്ഞിയിലെത്തിയത്. വരവ് അവനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. താനൂര്‍ എത്തുന്നതിനു മുമ്പ് തന്നെ അവനെ ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായി പറഞ്ഞു. പുലര്‍ച്ചെ അഞ്ചര മണിക്ക് താനൂരില്‍ ഇറങ്ങി അവനെ വിളിച്ചപ്പോള്‍ ഫോണ്‍ അടിക്കുന്നതല്ലാതെ അറ്റന്റ് ചെയ്യുന്നില്ല. നിരന്തരം ശ്രമിച്ച് ഒടുവില്‍ 8.30-നുള്ള ബസിലാണ് കൊടിഞ്ഞിയിലെത്തിയത്. ബസിലെ യാത്രക്കാരുടെ സംസാരത്തില്‍ നിന്നാണ് സംഭവം അറിയുന്നത്. നാളെ ഗള്‍ഫിലേക്ക് പോകാനിരിക്കുന്നയാളാണ് കൊല്ലപ്പെട്ടത് എന്നു കൂടി കേട്ടതോടെ സംശയം ബലപ്പെട്ടു,” വിതുമ്പലിന്റെ വക്കിലെത്തിയ കാര്‍ത്തികേയന്‍ പറഞ്ഞു നിര്‍ത്തി.

 

സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന നാട്ടില്‍ ഭീതിപരത്തി ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമായാണ് നാട്ടുകാര്‍ സംഭവത്തെ വിലയിരുത്തുന്നത്. കൊലയ്ക്കു പിന്നില്‍ ആരോപണവിധേയമായ സംഘടനയുടെ ഒരു ശക്തി കേന്ദ്രമല്ല കൊടിഞ്ഞി. എല്ലാവരും പരസ്പരം അറിയുന്നവരും ഒന്നിച്ചു കഴിയുന്നവരുമാണ്. എന്നാല്‍ ചെറിയൊരു ശതമാനം ആളുകള്‍ ബാഹ്യശക്തികളുടെ ഇടപെടലിലൂടെ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമം നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് പൗരപ്രമുഖരുടെ വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് സമാധാനന്തരീക്ഷത്തിനു കോട്ടം തട്ടുന്ന തരത്തിലുള്ള ഒരു നീക്കത്തിനും ആരും ശ്രമം നടത്തരുതെന്ന് പൗര പ്രമുഖര്‍ യോഗം ചേര്‍ന്ന് ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. സംഭവം വൈകാരിക മുതലെടുപ്പിലൂടെ വഴിതിരിച്ചുവിടാനുള്ള അയല്‍നാട്ടുകാരായ ചിലരുടെ ശ്രമങ്ങളെ കൊടിഞ്ഞിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് സംഘടിച്ച് പ്രതിരോധിക്കുക കൂടി ചെയ്തത് ആശങ്കകള്‍ക്കിടയിലും പ്രതീക്ഷാവഹമായി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍