UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫൈസല്‍ വധത്തില്‍ അമ്മയുടെ വെളിപ്പെടുത്തല്‍; സംഘപരിവാറിന്റെ ബന്ധം തെളിയുന്നു

Avatar

അഴിമുഖം പ്രതിനിധി

മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ എന്ന അനില്‍ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലാരെന്ന് കൂടുതല്‍ വ്യക്തമാകുന്നു. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസുകാരാണെന്ന ആരോപണവുമായി ഫൈസലിന്റെ അമ്മ മീനാക്ഷി വീണ്ടും രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകനും ഫൈസലിന്റെ സഹോദരി ഭര്‍ത്താവുമായ വിനോദിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് മീനാക്ഷി ഉന്നയിച്ചിരിക്കുന്നത്. മദ്യപാനിയായ വിനോദ് പല തവണ ഫൈസലിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നെന്നും സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന ഫൈസല്‍ നാട്ടിലെത്തിയതു മുതല്‍ നാലു മാസത്തോളമായി അവസരവും കാത്തു കഴിയുകയായിരുന്നെന്നും മീനാക്ഷി പറഞ്ഞു. അതേസമയം സംഘപരിവാര്‍ സംഘടനകള്‍ക്ക് ആള്‍ബലമോ സ്വാധീനമോ ഇല്ലാത്ത കൊടിഞ്ഞിയില്‍ ഇത്തരമൊരു കൃത്യം നിര്‍വഹിച്ചത് പുറത്തു നിന്നെത്തിയവരാണെന്നതിന് വ്യക്തമായ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു മുന്നോടിയായി ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട സംശയത്തിന്റെ നിഴലിലുള്ള പ്രദേശത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കുടുംബത്തിനകത്തു നിന്നുള്ളവര്‍ തന്നെയാണ് കൊലപാതകികള്‍ക്കു ഫൈസലിന്റെ നീക്കങ്ങളെ കുറിച്ച് രഹസ്യ വിവരങ്ങള്‍ നല്‍കിയതെന്ന് കൊലപാതകം നടന്ന ദിവസം അമ്മ മീനാക്ഷി പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. “ഫൈസലിന്റെ മരണത്തോടെയാണ് വധഭീഷണികളുണ്ടായിരുന്നു എന്നും വധിക്കാനായി ഒരു സംഘം വിടാതെ പിന്തുടര്‍ന്നിരുന്നുവെന്നതും പുറത്തുവന്നത്. നാട്ടിലെ സൗഹൃദാന്തരീക്ഷവും നാട്ടുകാരുമായുള്ള ഫൈസലിന്റെ ബന്ധവും കണക്കിലെടുക്കുമ്പോള്‍ തന്റെ മകനു നേര്‍ക്കുള്ള വധഭീഷണി ഗൗരവത്തിലെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മാത്രവുമല്ല വിനോദില്‍ നിന്നുള്ള വധഭീഷണികള്‍ പലപ്പോഴും മദ്യലഹരിയിലുമായിരുന്നു. ഇത്രത്തോളം വലിയൊരു ഭീഷണിയായിരുന്നു അതെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്,” മീനാക്ഷി പറയുന്നു.

മതം മാറിയ ഫൈസലിന്റെ പ്രേരണയില്‍ ഭാര്യയും മക്കളും കൂടി മതം മാറിയാല്‍ വെറുതെ വിടില്ലെന്നായിരുന്നു ഭീഷണി. അമ്മയോടും സഹോദരിമാരോടും നല്ല അടുപ്പത്തില്‍ തന്നെയായിരുന്നു ഫൈസല്‍ കഴിഞ്ഞിരുന്നത്. സഹോദരിമാരുടെ ഏതാവശ്യത്തിനും ഫൈസല്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍ തന്റെ ഭാര്യ, സ്വന്തം സഹോദരനായ ഫൈസലിനെ കാണാന്‍ പോകുന്നതില്‍ വിനോദിന് ശക്തമായ വിരോധമുണ്ടായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിട്ടുണ്ടെന്നും മീനാക്ഷി പറയുന്നു. ഫൈസലിനെ കാണാന്‍ അങ്ങോട്ടു പോകേണ്ട, അവന്റെ തലയറുത്ത് ഇവിടെ കൊണ്ടു വന്നു തരാമെന്നും വീട്ടില്‍ വഴക്കിനിടെ വിനോദ് പറഞ്ഞിരുന്നതായി മീനാക്ഷി ഓര്‍ത്തെടുക്കുന്നു. ഫൈസലിനെ കൊന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും പൊലീസ് അന്വേഷിച്ചാലും എവിടെയുമെത്തില്ലെന്നും ഇദ്ദേഹം ഭീഷണി സ്വരത്തില്‍ പറഞ്ഞതായും അവര്‍ പറയുന്നു.

ഫൈസല്‍ ഭാര്യയേയും മക്കളേയും കൂടി മതം മാറ്റുമോ എന്ന ആശങ്കയാണ് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകളെ ഫൈസലിനെ ഉന്മൂലനം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നണ്. മതംമാറ്റത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് സംഘപരിവാര്‍ സംഘടനകളുടെ സഹായം തേടിയതെന്നാണ് സൂചന. കൊലപാതകം നടത്തിയത് ബൈക്കിലെത്തിയ നാലംഗ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ടു ബൈക്കില്‍ ഇവരെത്തുന്ന ദൃശ്യം സമീപത്തെ ഒരു ബേക്കറിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായക തെളിവായത്. നാലു മാസം മുമ്പ് സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ നാട്ടിലെത്തിയാല്‍ ഉടന്‍ തട്ടിക്കളയാനായിരുന്നു ഇവരുടെ പദ്ധതി.

 

ഫൈസല്‍ മതം മാറിയതറിഞ്ഞ് ഭാര്യയേയും കുട്ടികളേയും തങ്ങള്‍ ഏറ്റെടുത്തു കൊള്ളാമെന്നും അവര്‍ക്കു വീടു വച്ചു നല്‍കാമെന്നും വാഗ്ദാനം ചെയ്തു സംഘപരിവാര്‍ സംഘടനയുടെ ആളുകള്‍ വീട്ടില്‍ വന്നിരുന്നെന്നും മീനാക്ഷി വെളിപ്പെടുത്തുന്നു. എന്നാല്‍ തീരുമാനത്തില്‍ കുടുംബം ഉറച്ചു നിന്നതോടെ അവര്‍ ഈ ശ്രമം ഉപേക്ഷിക്കുകയും ഫൈസലിനെ വകവരുത്താനായി ഇറങ്ങിത്തിരിക്കുകയുമായിരുന്നു. ഏറെ അടുപ്പമുള്ള സഹോദരിമാരെ ചുറ്റിപ്പറ്റിയായിരുന്നു ഫൈസലിന്റെ നീക്കങ്ങള്‍ കൊലയാളി സംഘം നിരീക്ഷിച്ചിരുന്നത്. ഏതാനും മാസം മുമ്പ് വിനോദിന്റെ ഭാര്യ തന്റെ മൂത്ത സഹോദരിയെ എറണാകുളത്തെ ഭര്‍തൃവീട്ടിലേക്കു പോകാനായി ബസ്റ്റോപ്പില്‍ കൊണ്ടുവിടാന്‍ പുലര്‍ച്ചെ സ്‌കൂട്ടറെടുത്തു പോകുന്നതിനിടെ ഒരു ജീപ്പ് അവരെ ഏറെ ദൂരം പിന്തുടര്‍ന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നും മീനാക്ഷി പറയുന്നു. സഹോദരിമാര്‍ക്കൊപ്പം ഫൈസല്‍ ഇല്ലെന്നു മനസ്സിലാക്കി പിന്തിരിഞ്ഞതാവാം അവരെന്നും മീനാക്ഷി സംശയം പ്രകടിപ്പിച്ചു. പ്രദേശത്തെ ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ ജോലി ചെയ്യുന്ന സഹോദരിയോട് ഫൈസലിന് അധികം ആയുസ്സില്ലെന്നും താമസിയാതെ തട്ടിക്കളയുമെന്നും ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരനായ ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍