ഫൈസല്‍ വധം: സര്‍വകക്ഷി സമരസമിതിയുടേതായിരുന്നു ദേശീയപാത ഉപരോധം
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നീതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി സമരസമിതി നടത്തിയ ദേശീയപാത ഉപരോധത്തില്‍ പെട്ടുപോയ സംവിധായകന്‍ ഡോ. ബിജു പോലീസിനെതിരെ ആഞ്ഞടിച്ചു. ഉപരോധത്തില്‍ ദേശീയപാതയിലുണ്ടായ ഗതാഗതകുരുക്കില്‍ അകപ്പെട്ട ബിജു സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കും മറ്റ് യാത്രകാര്‍ക്കും നേരിട്ട ബുദ്ധിമുട്ട് വിശദീകരിച്ചിരുന്നു. ആരു പറഞ്ഞിട്ടും ഉപരോധം ഒഴിവാക്കാന്‍ സമരക്കാര്‍ തയ്യാറായില്ലായെന്നും ഒരു മണിക്കൂറോളം അവിടെ കിടന്നതിന് ശേഷമാണ് അവര്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്നും ബിജു അഴിമുഖത്തോട് പറഞ്ഞു.
കൂടാതെ ഉപരോധത്തിന് തൊട്ടുമുമ്പ് അതുവഴി എത്തിയപ്പോള്‍ തങ്ങളോട് വഴിതടയല്‍ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഉപരോധം തുടങ്ങിയതിന് ശേഷം പോലീസിനെ ആ ഭാഗത്തേക്ക് പിന്നെ കണ്ടിട്ടില്ല. പോലീസിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥ തന്നെയാണിതെന്നും ബിജു അഴിമുഖത്തോട് പ്രതികരിച്ചു.
‘കോഴിക്കോട്-കൊച്ചി റോഡില്‍ മലപ്പുറം ജില്ലയില്‍ താഴെ ചേളാരിയില്‍ നാഷണല്‍ ഹൈവേ പെട്ടന്ന് ഒരു കൂട്ടം ആളുകള്‍ ഉപരോധിക്കുന്നു. ഫൈസല്‍ വധവുമായി ബന്ധപ്പെട്ടാണ്. ഒരു വാഹനവും കടന്നു പോകാന്‍ അനുവദിക്കുന്നില്ല. ഉപരോധത്തിന്റെ നടുക്ക് ഒരു കാറില്‍ ഞാനും കെ ബി വേണുവും രാംദാസും അകപ്പെട്ടു കിടക്കുന്നു. ഏകദേശം ഒരു മണിക്കൂറായിട്ടും പോലീസുമില്ല ഒരു അധികാരികളുമില്ല.റോഡ് കയ്യേറിയ സമരക്കാരുടെ ഇടയില്‍ പെട്ട് കിടക്കുകയാണ് ഞങ്ങള്‍…അനേകം ആളുകള്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ വാഹനങ്ങളില്‍ റോഡില്‍ കുടുങ്ങി കിടക്കുന്നു…സാക്ഷര സുന്ദര കേരളം.’ ഇതായിരുന്നു വാട്സപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഡോ. ബിജുവിന്റെ പ്രതികരണം.
ഫൈസല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഗൂഢാലോചനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വകക്ഷി സമരസമിതി ദേശീയപാത ഉപരോധിക്കുന്നത്. സമരത്തില്‍ ഫൈസലിന്റെ മാതാവും മക്കളും പങ്കെടുക്കുന്നുണ്ട്. പി കെ അബ്ദുറബ്ബ് എം എല്‍ എ, ആര്‍ഡിഒ-യുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വകക്ഷി സമരസമിതി ദേശീയ പാത ഉപരോധിച്ചത്.