ഇന്ത്യന്‍ റെയില്‍വേയില്‍ വികസനം നടക്കാത്തത് കൊണ്ട് മോദിക്ക് ശ്രീലങ്കന്‍ റെയില്‍വേയിലെ ചിത്രം നല്‍കേണ്ടി വന്നുവെന്ന് പ്രതിപക്ഷം
മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസിദ്ധീകരിച്ച പത്രപരസ്യം വിവാദത്തില്‍. ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുന്ന മോദിയുടെ ചിത്രം പരസ്യത്തില്‍ നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ബുധനാഴ്ചയാണ് വിവിധ പത്രമാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചത്.
ശ്രീലങ്കയില്‍ ട്രെയിന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം ഇന്ത്യയിലാണ് എന്ന തരത്തിലാണ് നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥ ചിത്രത്തിലുണ്ടായിരുന്ന ഇന്ത്യയുടെയും ശ്രീലങ്കയുടെയും ദേശീയ പതാകകള്‍ മറച്ചിട്ടുണ്ട്. അതേസമയം ശ്രീലങ്കയിലെ തലൈമന്നാര്‍ റെയില്‍വേസ്റ്റേഷനില്‍ രണ്ട് വര്‍ഷം മുമ്പ് മോദി ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രമാണ് ഇത്. മോദിയുടെ ശ്രീലങ്ക സന്ദര്‍ശന വേളയിലായിരുന്നു ഇത്. യഥാര്‍ത്ഥ ചിത്രത്തില്‍ തലൈമന്നാര്‍ റെയില്‍വേ സ്‌റ്റേഷന്‍ എന്നെഴുതി വച്ചിരിക്കുന്നതും വ്യക്തമായി കാണാനാകും. എന്നാല്‍ പരസ്യത്തില്‍ ഇതും മറച്ചിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന് വേണ്ടി ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റിയാണ് ഭാരതത്തിന്റെ ഭാവി ഉജ്വലം എന്ന പേരില്‍ പരസ്യം തയ്യാറാക്കിയിരിക്കുന്നത്. റെയില്‍വേ ശൃംഖലകളുടെ നിര്‍മ്മാണം അതിവേഗത്തില്‍, ആറ് പുതിയ നഗരങ്ങള്‍ക്ക് മെട്രോ സൗകര്യം എന്നതിനൊപ്പമാണ് ശ്രീലങ്കന്‍ ട്രെയിന് മോദി പച്ചക്കൊടി കാണിക്കുന്ന ചിത്രം നല്‍കിയത്.
ഇന്ത്യന്‍ റെയില്‍വേയില്‍ വികസനം നടക്കാത്തത് കൊണ്ട് മോദിക്ക് ശ്രീലങ്കന്‍ റെയില്‍വേയിലെ ചിത്രം നല്‍കേണ്ടി വന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.