UPDATES

ഭീകരവാദക്കേസില്‍ കുടുക്കി മുസ്ലീം യുവാക്കളുടെ ജീവിതം തകര്‍ക്കുമ്പോള്‍

വ്യാജ അന്വേഷണം നടത്തുന്ന പൊലീസ് ‘കുറ്റവാളികള്‍’; ഡല്‍ഹി സ്ഫോടനക്കേസില്‍ പോലീസിനെതിരെ തുറന്ന വിമര്‍ശനവുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍

“നിങ്ങള്‍ നിരപരാധിയാണെന്ന് കോടതി കണ്ടെത്തുന്ന ഒരു കുറ്റാരോപണത്തില്‍ പതിനൊന്നു വര്‍ഷം ജയിലില്‍ കിടന്നാല്‍ ആ സംവിധാനത്തോട് നിങ്ങള്‍ക്ക് ബഹുമാനവും ഉണ്ടാകില്ല. 2005-ലെ ഡല്‍ഹി സ്ഫോടനക്കേസില്‍ തടവില്‍ കിടന്ന രണ്ടു പേരുടെ മാനസികാവസ്ഥയാണ് ഞാന്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. പതിനൊന്നു വര്‍ഷം തടവില്‍ കിടന്നതിന് ശേഷം കോടതി അവരെ എല്ലാ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തരാക്കിയിരിക്കുന്നു. നിരപരാധികളെ പതിനൊന്നു വര്‍ഷം തടവിലിടുന്ന എന്തുതരം പൊലീസ് സംവിധാനമാണ്, നീതിന്യായ സംവിധാനമാണ് നമ്മുടേതെന്ന് നാം അമ്പരക്കേണ്ടി വരും.” ഡല്‍ഹി സ്ഫോടനക്കേസിലെ പ്രതികളെ പതിനൊന്നു വര്‍ഷത്തെ വിചാരണതടവിന് ശേഷം കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ പരസ്യമായി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ് സത്യേന്ദ്ര ഗാര്‍ഗ്  എന്ന ഐ‌പി‌എസ് ഉദ്യോഗസ്ഥന്‍.

കാശ്മീരില്‍ നിന്നുള്ള മൊഹമ്മദ് റഫീഖ് ശാ, മൊഹമ്മദ് ഹുസൈന്‍ ഫാസില്‍ എന്നീ രണ്ടു യുവാക്കളെയാണ് ഫെബ്രുവരി 16-നു അവര്‍ക്കെതിരെ ഹാജരാക്കിയ തെളിവുകള്‍ ‘കെട്ടിച്ചമച്ചതും ദുര്‍ബ്ബലവുമാണെന്ന്’ കണ്ടു വെറുതെ വിട്ടത്. 2005-ല്‍ ദീപാവലി തലേന്ന് ഡല്‍ഹിയില്‍ നടന്ന 67 പേര്‍ കൊല്ലപ്പെട്ട സ്ഫോടന കേസിലായിരുന്നു ഇവരെ പ്രതി ചേര്‍ത്തിരുന്നത്.

തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായ സത്യേന്ദ്ര ഗാര്‍ഗ് ഈ അഭിപ്രായം പറഞ്ഞത്. ഇതാദ്യമായാണ് ഗാര്‍ഗിനെപ്പോലുള്ള മുതിര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ യുവാക്കളെ ഭീകരവാദികളാക്കി കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ രംഗത്ത് വരുന്നത്.

ഡല്‍ഹിയില്‍ ഒരു ബസില്‍ ബോംബ് വെച്ചു എന്നു പൊലീസ് ആരോപിക്കുന്ന സമയത്ത് കാശ്മീരില്‍ ഒരു കോളേജില്‍ ക്ലാസിലിരിക്കുകയായിരുന്നു റഫീഖ്. ശ്രീനഗറില്‍ ഒരു കച്ചവടക്കാരനാണ് ഫസീല്‍.

തെറ്റായി പ്രതികളാക്കപ്പെട്ടതു മൂലം രണ്ടു നിരപരാധികളുടെ ജീവിതങ്ങള്‍ തകര്‍ന്നത്തില്‍ ന്യായമായി ചിന്തിക്കുന്ന മറ്റാരെയും പോലെ തനിക്കും ആശങ്കയുണ്ടെന്ന് ഗാര്‍ഗ് പറഞ്ഞു.

“ഇതൊരു ആശങ്കാജനകമായ അവസ്ഥയാണ്. നമ്മുടെ നാട്ടിലെ നീതിന്യായ സംവിധാനത്തിന്റെ പരിതാപകരമായ അവസ്ഥയും, നമ്മുടെ ദേശീയ സുരക്ഷാ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിന്റെ തെളിവുമാണിത്,” ഗാര്‍ഗ് പറയുന്നു.

എങ്ങനെയാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 67 പേരുടെ കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതെന്നും ഗാര്‍ഗ് ചൂണ്ടിക്കാടുന്നു. “കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍മാര്‍ ഇപ്പൊഴും പിടിയിലായിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി?”

മൂന്നാം പ്രതിയായ താരിഖ് അഹ്മദ് ദര്‍ ശിക്ഷിക്കപ്പെട്ടു. പക്ഷേ ലഷ്കര്‍ ഇ- തൊയ്ബ അംഗമായതിനും അവര്‍ക്ക് പിന്തുണ നല്‍കിയതിനുമാണ് അയാളെ ശിക്ഷിച്ചത്. സ്ഫോടനം ആസൂത്രണം ചെയ്തതിനല്ല. ദര്‍ ഇതിനകം 10 വര്‍ഷം വിചാരണക്കാലയളവില്‍ തടവില്‍ കിടന്നു. അയാളുടെ കുറ്റത്തിന് നല്‍കാവുന്ന പരമാവധി ശിക്ഷാ കാലാവധി.

മേധാവികളെ തൃപ്തിപ്പെടുത്താനും മികച്ച സേവനത്തിനുള്ള പുരസ്കാരം വാങ്ങാനുമായി ഭീകരാക്രമണ കേസുകളില്‍ ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ വിഭാഗം തിരക്കിട്ട് ‘പ്രതികളെ പിടിക്കുന്നു’ എന്ന ആരോപണം ആഭ്യന്തര മന്ത്രാലയത്തിലെ പലര്‍ക്കുമുണ്ട്.

“രണ്ടു നിരപരാധികളായ യുവാക്കളെ ഒരു തെളിവുമില്ലാതെ തടവിലിടാന്‍ കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അവരുടെ മേധാവികള്‍ക്കുമെതിരെ സര്ക്കാര്‍ അന്വേഷണം നടത്തണം,” ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡല്‍ഹി പൊലീസ് എങ്ങനെയാണ് 16 മുസ്ലീം യുവാക്കളെ ഭീകരവാദം സംബന്ധിച്ച കള്ളക്കേസുകളില്‍ കുടുക്കിയതെന്നും പിന്നീട് അവരെ കോടതി വെറുതെ വിട്ടതും വിശദമായി കാണിക്കുന്ന ഒരു പഠനം രണ്ടു വര്‍ഷം മുമ്പ് ജാമിയ അധ്യാപക ഐക്യദാര്‍ഢ്യ സംഘം പുറത്തുവിട്ടിരുന്നു.

സുപ്രീം കോടതി 2014-ല്‍ വെറുതെ വിടും മുമ്പേ ഗുജറാത്തില്‍ നിന്നുള്ള 6 മുസ്ലീം ചെറുപ്പക്കാര്‍ 11 വര്‍ഷമാണ് തടവില്‍ നരകിച്ചത്. ഇതില്‍ രണ്ടു പെര്‍ക്ക് 33 പേര്‍ കൊല്ലപ്പെട്ട 2002-ലെ അക്ഷര്‍ധാം ക്ഷേത്ര ആക്രമണത്തില്‍ പ്രതികളാക്കി വധശിക്ഷയായിരുന്നു വിചാരണ കോടതി നല്കിയത്. മലേഗാവിലെ 9 മുസ്ലീങ്ങളുടേതാണ് മറ്റൊരു ഉദാഹരണം. 2006-ലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടു മഹാരാഷ്ട്ര പൊലീസ് പിടികൂടിയ ഇവര്‍ കുറ്റവിമുക്തരാക്കും മുമ്പ് 10 കൊല്ലമാണ് തടവില്‍ കിടന്നത്.

“ഇവരെ പ്രതികളാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. ഒരു വകുപ്പുതല അന്വേഷണം പോലും വരുന്നില്ല,” വിരമിച്ച ഒരു ഐബി ഡയറക്ടര്‍ പറഞ്ഞു.

ഭീകരാക്രമണ കേസില്‍ പ്രതികളാക്കി, പിന്നീട് കോടതി വെറുതെ വിടുന്ന മുസ്ലീം യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. പക്ഷേ അന്നത്തെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ, മുസ്ലീം യുവാക്കള്‍ ഭീകരവാദ കള്ളക്കേസില്‍ പ്രതികളാക്കപ്പെടുന്നില്ല എന്നുറപ്പാക്കണമെന്ന് പറഞ്ഞു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്ത് വിവാദമായതിനെ തുടര്‍ന്ന് ഈ പദ്ധതി മുന്നോട്ടുപോയില്ല.

“ഭീകരവാദ കള്ളക്കേസില്‍ കുടുക്കി ജീവിതം തകര്‍ക്കപ്പെട്ട മുസ്ലീം യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ അന്നാലോചിച്ചിരുന്നു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ നടപടികള്‍ വേണമെന്ന് ഞാനും ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഒന്നും നടന്നില്ല,” അന്നത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ വജാഹത്ത് അബ്ദുല്ല ഇപ്പോള്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍