അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കി സമ്മേളനത്തിന് അയയ്ക്കുകയും കോര്‍പ്പറേറ്റുകളായി അഭിനയിപ്പിക്കുകയുമായിരുന്നുവെന്ന ആരോപണവുമായി ഗുജറാത്തി പത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി മന്ത്രിമാരും ബിസിനസ് വമ്പന്‍മാരും പങ്കെടുത്ത വൈബ്രന്റ് ഗുജറാത്ത് സമ്മേളനം വിവാദമാകുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ ബിസിനസ് വമ്പന്മാരായി ഈ ചടങ്ങില്‍ അഭിനയിപ്പിക്കുകയായിരുന്നെന്നാണ് പുതിയ ആരോപണമുയരുന്നത്. ഒരു ഗുജറാത്തി ദിനപ്പത്രമാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്
നിരവധി കമ്പനികളുടെ സിഇഒമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും അവരെല്ലാം നരേന്ദ്ര മോദിയുടെ ചലനാത്മകവും ദീര്‍ഘവീക്ഷണമുള്ളതുമായ ഭരണത്തെ പ്രശംസിക്കുകയും ചെയ്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കി സമ്മേളനത്തിന് അയയ്ക്കുകയും കോര്‍പ്പറേറ്റുകളായി അഭിനയിപ്പിക്കുകയുമായിരുന്നുവെന്നാണ് ഗുജറാത്തി പത്രം ആരോപിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ 450ഓളം അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വേദിയുടെ നടുക്ക് കോട്ട് അണിഞ്ഞാണ് ഇവരെ ഇരുത്തിയത്. ബിസിനസ് മേധാവികള്‍ എന്ന നിലയിലാണ് ഇവരെ പരിചയപ്പെടുത്തിയത്. പ്രൈമറി, മിഡില്‍ സ്‌കൂള്‍ ക്ലാസുകളിലെ അധ്യാപകരാണ് കളക്ടറുടെ ഉത്തരവ് പ്രകാരം കോര്‍പ്പറേറ്റ് ശൈലിയില്‍ വസ്ത്രം ധരിച്ചെത്തിയത്. പരിശീലനത്തിന് ശേഷം ഇവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കിയെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.